വെള്ളിത്തിരയില്‍ നെറികേടിന്റെ മാമാങ്കം : കഠിനാധ്വാനത്തില്‍ പിറന്ന സിനിമയുടെ പിതൃത്വം തട്ടിയെടുക്കുമ്പോള്‍

വെള്ളിത്തിരയില്‍ നെറികേടിന്റെ മാമാങ്കം : കഠിനാധ്വാനത്തില്‍ പിറന്ന സിനിമയുടെ പിതൃത്വം തട്ടിയെടുക്കുമ്പോള്‍

വെള്ളിത്തിരയിലെ നെറികേടിനെ ഇന്ന് ഒരൊറ്റ ടൈറ്റിലില്‍ വിശേഷിപ്പിക്കാം, മാമാങ്കം. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ തയാറാക്കിയ തിരക്കഥയിലൊരു സിനിമ സ്വപ്‌നം കണ്ട സംവിധായകനെ നിഷ്‌കരുണം തകര്‍ത്തെറിഞ്ഞ നെറികേട്. സിനിമയില്‍ ഇതൊക്കെ സാധാരണമെന്ന നിരുപദ്രവകരമെന്നു തോന്നിപ്പിക്കാവുന്ന ന്യായീകരണത്തില്‍ തകര്‍ന്നടിയുന്ന പ്രതീക്ഷകളുണ്ട്, കാലങ്ങളുടെ കഠിനപ്രയത്‌നമുണ്ട്. എങ്കിലും മലയാള സിനിമയും സിനിമയിലെ തിണ്ണമിടുക്കുള്ള തമ്പുരാക്കന്മാരും കാശുള്ളവന്റെ വാദങ്ങള്‍ക്കൊപ്പമേ നില്‍ക്കുവെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു.

ഔട്ട്സ്റ്റാന്‍ഡിങ് സ്‌ക്രിപ്റ്റ് എന്നു മമ്മൂട്ടിയുടെ ഫേസ്ബുക് സാക്ഷ്യപത്രത്തോടെയാണു സംവിധായകക്കുപ്പായത്തിലേക്കു സജീവ് പിള്ള പ്രവേശിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണു തിരക്കഥ തയാറാക്കിയതെന്നും പറഞ്ഞു. പ്രഗത്ഭരുടെ സഹായിയായി സിനിമയില്‍ സേവനം അനുഷ്ഠിച്ച സജീവ് എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സിനിമ അറിയാത്തവനായി മാറി. ആരോപണങ്ങളുടെ പെരുമഴയായി. സജീവിന്റെ ഡെഡിക്കേഷന്‍ എന്നൊക്കെ പ്രശംസിച്ചവര്‍ തന്നെ ഉളുപ്പില്ലാതെ സിനിമ ചെയ്യാനറിയില്ലെന്ന് ആരോപണം തൊടുത്തു. ഫേസ്ബുക് പ്രശംസയുടെ സോ കോള്‍ഡ് വാചകങ്ങള്‍ ആവര്‍ത്തിച്ചവര്‍ നിശബ്ദരായി, ചിലര്‍ മറുകണ്ടം ചാടി. നീതിക്കു വേണ്ടി നിലപാടുകള്‍ എടുക്കുന്നതിനേക്കാള്‍, പരുക്ക് പറ്റാതിരിക്കാന്‍ നിശബ്ദരാവുക എന്ന സേഫ് സോണ്‍ തെരഞ്ഞെടുത്തവരും ധാരാളം. അമ്മയുടെ പത്രസമ്മേളനത്തില്‍ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോള്‍, പാവമൊരു ആനയുടെ പടം വരച്ചു കൊണ്ടു നിശബ്ദം നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന്റെ മറ്റൊരു മെഗാസ്റ്റാര്‍ വേര്‍ഷന്‍. വെള്ളിത്തിരയിലെ പ്രതിവാര പ്രതികരണത്തൊഴിലാളികളും ഇക്കാര്യത്തില്‍ നിശബ്ദരാണ്. ഒഴുകുന്നതു സംവിധായകന്റെ, എഴുത്തുകാരന്റെ അധ്വാനത്തിന്റെ ചോര ആയതിനാല്‍ത്തന്നെ ആര്‍പ്പോ വിളിക്കാനാരുമില്ല.

നടന്‍ ധ്രുവിനെ സിനിമയില്‍ നിന്നു മാറ്റിയെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ വിവാദങ്ങളുടെ മാമാങ്കം പുറംലോകം അറിഞ്ഞു തുടങ്ങിയിരുന്നു. പ്രൊഫഷണല്ലാത്തവര്‍ എന്ന് ആരോപിച്ചു സിനിമയില്‍ നിന്നു പുറത്താക്കിയവരെല്ലാം പ്രൊഫഷണലിസത്തിന്റെ കൊടുമുടി കയറിയെന്നവരെന്നു മുന്നേ തെളിയിച്ചവരാണ് എന്നതാണ് മറ്റൊരു കാര്യം. മലയാളസിനിമയുടെ മുഖദാവിലേക്ക് അനുഗ്രഹിച്ചിറക്കാന്‍ തലതൊട്ടപ്പന്മാര്‍ ഇല്ലാതെ വരുമ്പോള്‍ നേരിടേണ്ട വിപത്തുകളുടെ മറ്റൊരു അധ്യായമാണ് മാമാങ്കം സജീവ് പിള്ളയുടെ ദുരവസ്ഥയിലൂടെ എഴുതിച്ചേര്‍ക്കുന്നത്.

ചില വ്യക്തികളെ, മഹാവ്യക്തിത്വങ്ങളെ കണ്ണടച്ചു വിശ്വസിക്കുമ്പോള്‍ വെള്ളപ്പേപ്പറില്‍ തുല്യം ചാര്‍ത്തി നല്‍കുന്ന കൈയ്യൊപ്പുകള്‍ക്കു പിന്നീട് തിരിഞ്ഞു കൊത്താനുള്ള കരുത്തുണ്ടാകും. മനുഷ്യന്‍ മനുഷ്യനെ വിശ്വസിക്കേണ്ടേ എന്ന കാലഹരണപ്പെട്ട യുക്തിക്ക് മലയാള സിനിമയില്‍ ഇടം കണ്ടെത്താന്‍ കഴിയില്ല. അതാണു ചരിത്രവും വര്‍ത്തമാനവും. അതുകൊണ്ടു തന്നെ മാമാങ്കം എന്ന സിനിമയില്‍ നിന്നു സജീവ് പിള്ള ഒഴിവാക്കപ്പെട്ടേക്കാം. സംവിധായകന്‍ എന്ന സ്ഥാനത്തിനു ശേഷം മറ്റൊരു പേരും എഴുതിച്ചേര്‍ത്തേക്കാം. എങ്കിലും അതൊരു സിനിമയായല്ല, ഒരു പ്രതിഭയുടെ, ഒരു സംവിധായകന്റെ മോഹഭംഗങ്ങളുടെ ആവിഷ്‌കാരമായിരിക്കും. കൊന്നുകളഞ്ഞതിനു ശേഷം, നിങ്ങള്‍ വീണ്ടും ആരോപണങ്ങളുടെ പെരുമഴയത്തു നിര്‍ത്തിയിരിക്കുന്ന സംവിധായകന്റെ ശാപമുണ്ടാകും ആ അഭ്രകാവ്യത്തില്‍, അതുറപ്പിക്കാം.

ആരുടെ ചോരയില്‍ പിറന്ന കുഞ്ഞാണെങ്കിലും പിതാവിന്റെ കോളത്തില്‍ ഉളുപ്പും ലജ്ജയുമില്ലാതെ ഒപ്പിട്ടു കൊടുത്ത് പിതൃത്വം സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നവരുള്ളപ്പോള്‍, ഏതെങ്കിലുമൊരു സംവിധായകന്റെ മുഖ്യകാര്‍മികത്വത്തില്‍ മാമാങ്കം എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. എങ്കിലും സജീവ് പിള്ള എന്ന പേരു മറച്ചു പിടിക്കാനോ, മായ്ച്ചു കളയാനോ കഴിയില്ലെന്നുറപ്പിച്ചു തന്നെ പറയാം. ഇപ്പോള്‍ പടച്ചു വിടുന്ന ആരോപണങ്ങളുടെ വേണുഗാനം എക്കാലവും മുഴങ്ങിനില്‍ക്കുകയുമില്ല. കാലം ഈ നെറികേടിനു പകരംവീട്ടുക തന്നെ ചെയ്യും, കാത്തിരിക്കാം.

Previous ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനൊരുങ്ങി വീണ്ടും ജനറല്‍ മോട്ടോഴ്‌സ്
Next കുട്ടിയെ കൊത്തി; പൂവന്‍കോഴിക്കെതിരേ കേസ്!

You might also like

Success Story

പെണ്‍കരുത്തിന്റെ പവിത്ര പിക്കിള്‍സ്

‘ഇന്ത്യയിലെ പതിനാല് പ്രധാനമന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ.. പതിനഞ്ച് പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ.. മികച്ച സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടോ അതോ ആരോ അവളുടെ സ്വപ്‌നത്തിന് പരിധിയും കാലാവധിയും നിശ്ചയിക്കുന്നത് കൊണ്ടോ’ എന്ന മഞ്ജുവാര്യരുടെ ഡയലോഗിനെ നിറഞ്ഞ കൈയ്യടിയോടെയാണ് നമ്മള്‍ സ്വീകരിച്ചത്. സ്ത്രീ

MOVIES

പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

Vinu V Nair   വിനു വി നായര്‍ ഞങ്ങളേ രക്ഷിക്കൂ… നായകന്റെ നിലവിളി തിയേറ്ററില്‍ മുഴങ്ങിയപ്പോള്‍ പ്രേക്ഷകരും ഒപ്പം നിലവിളിച്ചു… ഞങ്ങളേയും രക്ഷിക്കൂ ഈ നീരാളിപ്പിടുത്തതില്‍ നിന്നും… മഹാനടനായിരുന്നു ഈ മനുഷ്യന്‍. സിനിമ കഴിഞ്ഞാലും തിയേറ്ററില്‍ നിന്നും ഇറങ്ങി പോരാന്‍

Movie News

മലയാളത്തില്‍ നിന്നും ആദ്യമായി ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മമ്മൂക്ക, തമിഴില്‍ നിന്നും നയന്‍സും

വിനോദരംഗത്തുനിന്നും കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിന്നും ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തുനിന്നും ആദ്യമായാണ് ഒരാള്‍ ഈ പട്ടികയില്‍ ഇടം നേടുന്നത്. കോളിവുഡില്‍ നിന്നും നയന്‍താരയും

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply