തയ്യല്‍ അറിയാമെങ്കില്‍ ബാഗ് നിര്‍മാണം വിജയിപ്പിക്കാം

യ്യല്‍ വിദഗ്ദ്ധരായ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ തുടങ്ങി വിജയിപ്പിക്കാവുന്ന സംരംഭമാണ് ക്ലോത്ത് ബാഗ് നിര്‍മാണം. വിവിധ ഡിസൈനിലും വലുപ്പത്തിലും വ്യത്യസ്തവും ആകര്‍ഷകവുമായ മെറ്റീരിയലുകള്‍ ബാഗ് നിര്‍മിക്കുന്നതില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആവശ്യക്കാര്‍ നിങ്ങളിലേക്കെത്തും. പരമാവധി കനം കുറഞ്ഞ തരത്തിലുള്ള ബാഗുകള്‍ നിര്‍മിക്കുന്നതായിരിക്കും ഉത്തമം. കുറഞ്ഞ വിലയ്ക്ക് ബനിയന്‍, പോളിസ്റ്റര്‍ മെറ്റീരിയലുകളിലുള്ള ബാഗുകള്‍ നിര്‍മിക്കുന്നതും ബിസിനസ് വര്‍ദ്ധിപ്പിക്കും. വിവിധ തരം തുണികള്‍ ഉപയോഗിച്ച് മൊബൈല്‍ പൗച്ചുകള്‍ മുതല്‍ ബിഗ് ഷോപ്പറുകള്‍ വരെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കാം.

 

ചെലവ്

ബാഗ് നിര്‍മാണം വീടിനോട് ചേര്‍ന്നും, കെട്ടിടം വാടകയ്‌ക്കെടുത്തും തുടങ്ങാവുന്നതാണ്. മോട്ടോര്‍ ഉള്ള രണ്ട് തയ്യല്‍ മെഷീന്‍ ഉണ്ടെങ്കില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാകും. ഇതിന് ഏകദേശം 45,000 രൂപ മതിയാകും. കട്ടിംഗ് ടേബിള്‍ മറ്റ് തയ്യല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 15000 രൂപ അടക്കം ആകെ നിക്ഷേപം 60,000 രൂപ വരും. രണ്ട് ജീവനക്കാരെ നിര്‍ത്തുകയാണെങ്കില്‍ 1000 രൂപ കൂടിയാകും. തുണികള്‍ മീറ്ററിന് 50 രൂപ നിരക്കില്‍ പത്ത് ദിവസത്തേക്ക് 240 മീറ്ററിന് 1,20,000 രൂപ വരും. സ്റ്റിച്ചിംഗ് മെറ്റീരിയലുകള്‍, പാക്കിംഗ് മെറ്റീരിയലുകള്‍ എന്നിവയ്ക്ക് 8000 രൂപ വരും. ഇത്തരത്തില്‍ രണ്ടര ലക്ഷം രൂപയോളം നിക്ഷേപം ആവശ്യമായിവരും.

വരവ്

പ്രതിദിനം വിവിധ അളവുകളിലുള്ള 80 ബാഗുകള്‍ നിര്‍മ്മിക്കാനാകും. വലിപ്പത്തിന്റെയും മറ്റ് സവിശേഷതകളുടേയും അടിസ്ഥാനത്തില്‍ ഒരു ബാഗിന് 50 രൂപ മുതല്‍ 500 രൂപ വരെ ലഭിക്കും. ഒരു ബാഗിന്റെ ശരാശരി വില 200 രൂപയായി പരിഗണിച്ചാല്‍ 10 ദിവസത്തെ വരുമാനം – 80X 200X10= 160000 രൂപ.

മൂന്നു ശതമാനം മുതല്‍ 5 ശതമാനം വരെ പ്രതിമാസം വില്‍പ്പന ചെലവ് കണക്കാക്കിയാല്‍ ഒരുമാസം 70000 രൂപയോളം അറ്റാദായം ലഭിക്കുന്ന സംരംഭമാണ് ബാഗ് നിര്‍മ്മാണം.

SHARE