ആദിവാസി-ദളിത് മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ട് കനല്‍

പൊതുസമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതും, അകന്നുനില്‍ക്കുന്നതുമായ ആദിവാസി – ദളിത് ഊരുകളിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സാമൂഹ്യ രംഗത്ത് മാറ്റത്തിന് തിരിതെളിക്കുകയാണ് കനല്‍. എന്‍ജിഒ സ്ഥാപനമായ കനലിന്റെ പ്രവര്‍ത്തന വഴികളും ഉന്നമനോദ്ദ്യേശ്യങ്ങളും തികച്ചും വ്യത്യസ്തവും കൈയടി നേടേണ്ടതുമാണ്.

ആദിവാസി – ദളിത് ഊരുകളിലെ ജനങ്ങളുടെ സാമൂഹിക വളര്‍ച്ചയും കുട്ടികളുടെ മാനസിക ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടാണ് കനല്‍ 2016ല്‍ പ്രവര്‍ത്തനമാരഭിക്കുന്നത്. അധികമാരും കടന്നുചെന്നിട്ടില്ലാത്ത, സംസ്ഥാന സര്‍ക്കാരിന്റെ പോലും ശ്രദ്ധ ആവശ്യത്തിനു ലഭിക്കാത്ത പിന്നാക്ക മേഖലകളാണ് കനല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. കണ്ട് പഴകിയ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കഥകള്‍, കളികള്‍, നാടന്‍ കലകള്‍, ചിത്ര രചന, നാടന്‍പാട്ട്, തിയേറ്റര്‍ എന്നിവ മാധ്യമമാക്കിയാണ് കുട്ടികളുമായി കനല്‍ പ്രവര്‍ത്തകര്‍ സംവദിക്കുന്നത്. അതിനാല്‍ത്തന്നെ കുഞ്ഞുമനസിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും അതിലൂടെ പൂര്‍ണ്ണ വിജയം നേടാനും ലക്ഷ്യം സാധ്യമാക്കാനും ഇവര്‍ക്കാകുന്നുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് നിരവധി ബോധവത്കരണ പരിപാടികള്‍ കേരളത്തിലുടനീളം കനല്‍ നടത്തി കഴിഞ്ഞു.

 

വിവധ കാരണങ്ങളാല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ഈ ജനങ്ങള്‍ക്ക് ജീവിതത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു നല്‍കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍തന്നെ നടത്തുന്ന ലൈബ്രറി സംവിധാനം (വായനായിടങ്ങള്‍) കനല്‍ ഒരുക്കിനല്‍കുന്നു. കുട്ടികളില്‍ മികച്ച കമ്യൂണിക്കേഷന്‍ സ്‌കില്‍, ലീഡര്‍ഷിപ്പ് സ്‌കില്‍, പെണ്‍കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസം, ലൈംഗിക വിദ്യാഭ്യാസം, നിയമ പഠനം, മാതാപിതാക്കള്‍ക്കായുള്ള വിവിധ ബോധവത്കരണങ്ങള്‍ തുടങ്ങിയവ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കനല്‍ മാനേജിങ് ട്രസ്റ്റി ആന്‍സണ്‍ പി ഡി അലക്സാണ്ടര്‍ വ്യക്തമാക്കുന്നു. ഏകദേശം ഒന്നര വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇത്തരം ട്രെയിനിങുകള്‍ക്കു ശേഷം സമൂഹത്തിനു കൂടി ഗുണകരമാകുന്ന തരത്തില്‍ അവരെ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പിലേക്കുകൂടി കൈപിടിച്ചുയര്‍ത്തുകയാണ് കനലിന്റെ ലക്ഷ്യം. ഇത് വഴി ഇപ്പോള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ പോകുന്ന മനുഷ്യവിഭവശേഷിയെ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാന്‍ കഴിയും. വിദ്യാഭ്യാസം, പരിസ്ഥിതി – പ്രകൃതിസംരക്ഷണം എന്നീ മേഖലകളില്‍ തൊഴില്‍ പരിശീലനങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കും.

നിലവില്‍ കൊല്ലം ജില്ലയിലെ കാവുങ്കല്‍ എന്ന എസ്. സി. സെറ്റില്‍മെന്റ് ഏരിയയില്‍ പദ്ധതി വിജയകരമായിത്തന്നെ പൂര്‍ണതോതില്‍ നടപ്പാക്കിവരുന്നു. നോബേല്‍ സമ്മാന ജേതാവ് ശ്രീ കൈലാഷ് സത്യാര്‍ഥി നടത്തിയ ഭാരത യാത്രയില്‍ ഇവിടെ നിന്നുള്ള കാവുങ്കലില്‍ നിന്നും വായനായിടത്തിന്റെ പ്രതിനിധിയായി കനല്‍ പങ്കെടുപ്പിച്ച ഗീതു എന്ന പെണ്‍കുട്ടിയെ പ്രത്യേകം ആദരിക്കുകയുണ്ടായി. ഇതുകൂടാതെ പാലക്കാട് അട്ടപ്പാടിയിലെ നക്കുപതി, ജല്ലിപ്പാറ, ദൈവകുണ്ട് എന്നീ ആദിവാസി ഊരുകളിലും വായനായിടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദിവാസി കുട്ടികളുടെ ഭാഷാ പ്രശ്‌നം മുന്‍നിര്‍ത്തി അവരുടെ സ്‌കൂളിലെ കൊഴിഞ്ഞ് പോക്ക് കുറക്കുന്നതിനായി തനത് ഭാഷയില്‍ പുസ്തകങ്ങള്‍ ഇറക്കുന്നതിന്റെ പണിപ്പുരയിലാണ് കനല്‍ ഇപ്പോള്‍. ഇതിന്റെ ആദ്യ പടിയെന്നോണം അവരുടെ ഭാഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി കനല്‍ നിര്‍മ്മിച്ച ‘നമ്മത് നായക’ എന്ന ഡോക്യുമെന്ററി കുട്ടികളുടെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വലിയ പ്രശംസ പിടിച്ചുപറ്റി. കനല്‍ സെക്രടറി ആയ ജിഷ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ പുരവിമല, കൊമ്പ, തെന്മല എന്നീ ആദിവാസി ഊരുകളില്‍ പദ്ധതി ഈ വര്‍ഷം ആരംഭിക്കും.

 

സാമൂഹിക മാറ്റത്തിനു വേണ്ടി സോഷ്യല്‍ എന്റര്‍പണര്‍ഷിപ്പില്‍ മുതല്‍ മുടക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കനല്‍ ഇപ്പോള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്‍സന്‍: 8907608041
ജിഷ: 9495243558

SHARE