ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാം

സെബിന്‍ എസ്. കൊട്ടാരം

നിങ്ങളുടെ മനസ്സിലുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തടസ്സമായി നില്‍ക്കുന്ന പല ഘടകങ്ങളുണ്ട്. അവതിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചാല്‍ വലിയ ലക്ഷ്യങ്ങളും നിങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങും.

പിന്തിരിപ്പിക്കുന്നവ ഏതൊക്കെ

നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് ആലോചിച്ച് കണ്ടെത്തുക. സമയം, പണം, എന്നൊക്കെ പലരും പറയുമെങ്കിലും അല്‍പം കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ അവ എങ്ങനെ മുന്‍ഗണനാ ക്രമത്തില്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ലക്ഷ്യപ്രാപ്തി. ശരിയായ രീതിയില്‍ പണവും സമയവും വിനിയോഗിക്കാന്‍ കഴിയുമ്പോഴാണ് നാം വിജയത്തിലേക്ക് നീങ്ങുന്നത്.

 

എത്ര നാളായി ഇതേ തടസ്സമുണ്ട്

നിങ്ങളെ ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന ചിന്തകളാവാം, ശീലങ്ങളാവാം, പെരുമാറ്റങ്ങളാവാം ഇവ എത്ര നാളായി നിങ്ങളോടൊപ്പമുണ്ട്. ഇവയ്ക്കുത്തരം കിട്ടിയാല്‍ പരിഹാരവും നിങ്ങള്‍ക്ക് പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ സാധിക്കും.

ഉദാ : വിഷാദ ഭാവത്തില്‍ കൂടുതല്‍ സമയവും നിങ്ങള്‍ ആയിരിക്കാന്‍ കാരണം ഒരുപക്ഷേ പുതിയ വീട്ടിലേക്ക് മാറിയതാകാം, പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ, ജോലിസ്ഥലത്തേക്കോ മാറുമ്പോള്‍ നഷ്ടമാവുന്ന സുഹൃദ്ബന്ധങ്ങളാവാം നിങ്ങളെ ഏകാന്തതയിലേക്ക് തള്ളി വിടുന്നത്. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടത് പുതിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടുക. അതിനനുസരിച്ച് നിങ്ങളുടെ ജീവിതത്തിന്റെ പ്ലാന്‍ മാറ്റി വരയ്ക്കുക എന്നതാണ്. ഒപ്പം പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുക. സുഹൃദ്ബന്ധങ്ങളും ബന്ധുജനസമ്പര്‍ക്കവും നിലനിര്‍ത്തുക. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക.

 

 

ഒന്നിനോടും താല്‍പര്യമില്ലാത്ത അവസ്ഥ

എന്തു ചെയ്യണമെന്നറിയില്ല. എവിടെ തുടങ്ങണമെന്നറിയില്ല. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. ഇത്തരം അവസ്ഥകളില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം പകരാത്ത ക്രിയാത്മകമായ ലക്ഷ്യങ്ങള്‍ കണ്ട് അവയ്ക്കായി പ്രവര്‍ത്തിക്കുക.

 

പയ്യെത്തിന്നാല്‍ പനയും തിന്നാം

ലക്ഷ്യത്തിന്റെ വലുപ്പം കണ്ട് പേടിച്ച് നിഷ്‌ക്രിയരാവുന്നവരുണ്ട്. എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ ശേഷവും പത്തുമുപ്പത് പേപ്പറുകള്‍ പാസാകാനുണ്ട്. അവ എങ്ങനെ പാസാകുമെന്നോര്‍ത്ത് ഉത്കണ്ഠയും ടെന്‍ഷനുമായി ഭാവിയെക്കുറിച്ചുള്ള പേടിയുമായി കഴിയുന്നവരാണ്. ഇവിടെ ചെറിയ തറക്കല്ലിടുക, ടൈംടേബിള്‍ സെറ്റ് ചെയ്ത് ഓരോ പേപ്പറായി പഠിക്കുക. പതിയെ വിജയം സ്വന്തമാക്കാം.

നിങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നവയെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നവയും നിയന്ത്രണത്തിനു പുറത്തുള്ളവയുമാണ്. നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നവയെ എങ്ങനെ പോസിറ്റാവായി നയിക്കാമെന്ന് ചിന്തിക്കുക.

ഉദാ: നിങ്ങളുടെ മനോഭാവം, ചിന്തകള്‍, തീരുമാനങ്ങള്‍, പ്രതികരണങ്ങള്‍, ജീവിതശൈലി, ഉറക്കം, ഭക്ഷണരീതി എന്നിവയൊക്കെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും.

മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങളെ വിലയിരുത്തുക

വൈകാരിക പ്രശ്‌നങ്ങള്‍ നമ്മുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ തടസ്സമാവാറുണ്ട്. അതിനാല്‍ മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങളില്‍ അവരുടെ ഭാഗത്തു നിന്നുകൊണ്ടു കൂടി ചിന്തിക്കാന്‍ ശ്രമിക്കുക. ചിലരുടെ മോശമായ പെരുമാറ്റത്തിനു കാരണം തെറ്റിദ്ധാരണയാകാം. അവരുടെ ഉള്ളിലെ അപകര്‍ഷതാബോധമാകാം, അസൂയയാകാം, അവ മനസിലാക്കി തുറന്നു സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വാക്കുകള്‍ അവര്‍ മുഖവിലക്കെടുത്തില്ലെങ്കില്‍ അങ്ങനെയുള്ളവരെ ഉപദേശിക്കാന്‍ ശ്രമിക്കാതിരിക്കുക.

തടസ്സങ്ങളെ അതിജീവിക്കാന്‍

ലക്ഷ്യങ്ങളെ പല ചെറുഘടകങ്ങളായി വിഭജിക്കുക. ഒറ്റച്ചുവടു കൊണ്ട് ആരും എവറസ്റ്റ് കീഴടക്കിയിട്ടില്ല. പല ചുവടുവയ്പുകളിലൂടെയാണ് നാം ലക്ഷ്യം നേടുന്നത്. എത്ര വലിയ ലക്ഷ്യമാണെങ്കിലും അതിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ഓരോന്നായി ചെയ്യുക.

ഉദാ : ഒരു ഐഎഎസ് ഓഫീസറാവുകയാണ് ലക്ഷ്യമെങ്കില്‍ അതിന് വേണ്ട തയ്യാറെടുപ്പുകളോരൊന്നായി സമയബന്ധിതമായി ചെയ്യുക. ഓപ്ഷണല്‍ വിഷയം തിരഞ്ഞെടുക്കല്‍, പരന്ന വായന, ടൈം മാനേജ്‌മെന്റ് എന്നിവയെല്ലാം ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടവയാണ്.

തുറന്ന അനേകം വാതിലുകള്‍

ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവും അനുയോജ്യമായ വഴി തിരഞ്ഞെടുക്കുക, ചിലപ്പോള്‍ ചില വഴികള്‍ അടഞ്ഞാലും മറ്റനേകം വഴികള്‍ നിങ്ങള്‍ക്കായി തുറന്നു കിടപ്പുണ്ടെന്ന് മനസിലാക്കി അവ അന്വേഷിക്കുക. അനുഭവസ്ഥരുമായി സംസാരിക്കുക. ഒരു ജോലിക്കോ, കോഴ്‌സിനോ പുതിയ ബിസിനസിനോ വേണ്ടി ആലോചിക്കുമ്പോള്‍ ആ വഴിയില്‍ മുന്‍പ് സഞ്ചരിച്ച് വിജയിച്ചവരുടെ മാര്‍ഗനിര്‍ദേശം ഉചിതമായിരിക്കും.

വ്യക്തമായ രൂപരേഖ തയാറാക്കുക

എങ്ങനെ ലക്ഷ്യം നേടാം, എത്ര സമയമെടുക്കാം ആ യാത്രയില്‍ എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായേക്കാം. അവയെ എങ്ങനെ അതിജീവിക്കാം. ഏതൊക്കെ സാധ്യതകളുണ്ട്. അവയെ എങ്ങനെ ഇഫക്ടീവായി ഉപയോഗിക്കാം, എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി ആലോചിച്ച് കൃത്യമായ രൂപരേഖ തയാറാക്കുക.

വളര്‍ച്ചയെ നിരീക്ഷിക്കുക
നിങ്ങളുടെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുക

SHARE