നല്ല വാര്‍ത്തകളുടെ പ്രചാരകന്‍

നല്ല വാര്‍ത്തകളുടെ പ്രചാരകന്‍

ന്നും എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ മാത്രം കേള്‍ക്കാനാണ് നാമെല്ലാം ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിലവില്‍ സംഭവിക്കുന്നതോ, നേരെ തിരിച്ചും. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴി ഇന്ന് പ്രചരിക്കുന്നവയില്‍ അധികവും നമ്മുടെ മനസ് പിടയുന്നതും, റേറ്റിംഗ് കൂട്ടുന്ന നെഗറ്റീവ് വാര്‍ത്തകളുമാണ്. ഇതിലെ സത്യവും മിഥ്യയും തിരിച്ചറിയാതെ പലരും ഉഴലുന്ന കാലഘട്ടത്തിലാണ് പ്രമുഖ എന്‍ട്രപ്രണര്‍ഷിപ്പ് കോച്ചും, കോര്‍പ്പറേറ്റ് ട്രെയിനറും, വിന്‍ ഇന്‍ യൂ സ്ഥാപകനുമായ ഷമീം റഫീഖ് നല്ല വാര്‍ത്തകള്‍ ഗുളിക രൂപത്തില്‍ ചിത്ര സഹിതം വാര്‍ത്തയുമെഴുതി വാട്സാപ്പ് വഴി ജനങ്ങളിലേക്കെത്തിക്കുന്നത്. ഈ ലോകത്ത് മോശവും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാത്രമല്ല നല്ലതുമുണ്ടെന്ന് പറയുന്ന ഇദ്ദേഹം അതിരാവിലെ ചിത്ര സഹിതം നല്ല വാര്‍ത്തകള്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 730 ദിവസം തികയുകയാണ്. അതായത് കൃത്യം രണ്ട് വര്‍ഷം. തന്റെ രണ്ട് വര്‍ഷത്തെ നല്ല വാര്‍ത്തകളുടെ സന്ദേശമയക്കലിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ് ഷമീം റഫീഖ്…

 

എങ്ങനെയായിരുന്നു നല്ല വാര്‍ത്തകള്‍ എന്ന ഈ ആശയം ഉദിക്കുന്നത് ?

വളരെ അവിചാരിതമെന്നേ ഇതിനെക്കുറിച്ച് എനിക്ക് പറയാന്‍ പറ്റുകയുള്ളു. രണ്ടര വര്‍ഷം മുന്‍പ് കുവൈറ്റില്‍ ഒരു ട്രെയിനിംഗ് പ്രോഗ്രാം ചെയ്ത് കഴിഞ്ഞ് വേദിക്ക് പുറത്തേക്കിറങ്ങിയപ്പോള്‍ പരിചയപ്പെടാന്‍ വന്ന നിരവധി സംരംഭകരുടെ കൂട്ടത്തില്‍ ഒരു വലിയ സംരംഭകന്‍ എന്റെ അടുത്ത് വന്ന് കുശലം അന്വേഷിക്കുന്നിതിനിടയില്‍ നാട്ടിലെ പൊതുകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. അവിടെയൊക്കെ നന്നായി പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ”അവിടെ എന്ത് നന്നായി പോകുന്നു കേരളത്തിലും ഇന്ത്യയിലും എന്ത് നല്ല വാര്‍ത്തയാണുള്ളത്. എല്ലാം നെഗറ്റീവല്ലേ…വെറുതെയല്ല ഞങ്ങളെപ്പോലുള്ളവര്‍ ഇങ്ങോട്ട് പോന്നത്” എന്ന മറുപടിയാണ് ലഭിച്ചത്.

നല്ല കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും നല്ലകാര്യം ഒന്നെങ്കിലും പറയാന്‍ സാധിക്കുമോയെന്നായി അദ്ദേഹം. തിരിച്ചൊന്നും പറയാന്‍ നിക്കാതെ അദ്ദേഹത്തിന്റെ വിസിറ്റിംഗ് കാര്‍ഡും വാങ്ങി നല്ല വാര്‍ത്തകള്‍ താങ്കള്‍ക്ക് അയച്ചുതരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോന്നു. അന്നൊരു വാശി തോന്നി ഗൂഗിളില്‍ പോസിറ്റീവ് ന്യൂസസ് ഇന്‍ ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്തു. അതില്‍ നിന്ന് ഒരു നല്ല വാര്‍ത്ത എടുത്തു പ്രത്യേക ഫോര്‍മാറ്റില്‍ ചിത്ര സഹിതം വാര്‍ത്തയാക്കി അദ്ദേഹത്തിന് അയച്ചു കൊടുത്തു. ആദ്യ ദിവസങ്ങളിലൊന്നും പ്രതികരണമുണ്ടായില്ല. തുടര്‍ച്ചയായി ഓരോ ദിവസവും ഓരോ വാര്‍ത്ത അയച്ചുകൊണ്ടിരുന്നു. അഞ്ചാം ദിവസം അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. ”നിങ്ങള്‍ എന്നെ അറിയിക്കാനോ ധരിപ്പിക്കാനോ ഇങ്ങനെ നല്ല വാര്‍ത്ത അയക്കണമെന്നില്ല, അന്ന് ഞാന്‍ ഒരു പ്രാസം ഒപ്പിച്ച് പറഞ്ഞതാണ്. നല്ല വാര്‍ത്തകളും സംഭവങ്ങളും കേരളത്തിലും ഇന്ത്യയിലും നടക്കുന്നുണ്ട്”. ഇതൊരു തുടക്കമായിരുന്നു. ആ ഒരു സംഭവത്തോടെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എനിക്ക് നിര്‍ത്താന്‍ തോന്നിയില്ല.

 

പോസിറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അതൊരു തുടക്കമായിരുന്നോ ?

അതെ, ഒരാളെ ഇവിടെ നല്ല വാര്‍ത്തകളും നടക്കുന്നുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് ചെയ്തതെങ്കിലും അതുകൊണ്ട് പോസിറ്റീവ് ന്യൂസ് പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ തയ്യാറായില്ല. അതിന് കാരണമെന്തെന്നാല്‍ പത്രം തുറന്നാലോ, ടിവി വെച്ചാലോ എപ്പോഴും കൊലപാതകം, ബലാല്‍സംഘം, മയക്കുമരുന്ന് വാര്‍ത്തകള്‍ തുടങ്ങി എല്ലാം നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമാണുള്ളത്. എവിടെ നോക്കിയാലും നെഗഗറ്റീവ് വാര്‍ത്തകള്‍. ടിവി ന്യൂസ് ഇപ്പോള്‍ ഞാന്‍ കണ്ടിട്ട് വര്‍ഷങ്ങളായി. നല്ല വാര്‍ത്തകളൊന്നും അതില്‍നിന്ന് കിട്ടുന്നില്ല. അങ്ങനെയാണ് പുസ്തക വായനയിലേക്കും മറ്റും ഞാന്‍ മാറിയത്. അതുകൊണ്ട് എന്നില്‍ ഒരു നല്ല ശീലമുണ്ടായി. നല്ല വാര്‍ത്ത കണ്ടെത്തി കുറച്ചുപേര്‍ക്ക് വാട്‌സാപ്പ് മെസേജ് ആയി അയക്കുക എന്ന നല്ല ശീലം. അതൊരു ഹാബിറ്റ് ആയിമാറിയെന്ന് ചുരുക്കം. കഴിഞ്ഞ രണ്ട് വര്‍ഷമായി അതായത് 730 ദിവസമായി ഒരു നല്ല പോസിറ്റീവ് വാര്‍ത്ത കണ്ടെത്തി അതൊരു ചെറിയ ചിന്തശകലം അടക്കം ഞാന്‍ ചിത്രത്തോടെ അയക്കുന്നു. ഇതുവരെ ട്രെയിന്‍ ചെയ്ത 2.8 ലക്ഷം
പേരോടും ഇതിനെക്കുറിച്ച് സംസാരിച്ചപ്പോഴും അനുകൂല പ്രതികരണമാണുണ്ടായത്. പലര്‍ക്കും ഇത്തരം വാര്‍ത്തകള്‍ ആവശ്യമുണ്ടെന്ന അല്ലെങ്കില്‍ അതുവേണമെന്ന ആവശ്യം എനിക്ക് കൂടുതല്‍ പ്രചോദനമായി.

എങ്ങനെ ഏത് വിധത്തിലാണ് താങ്കള്‍ ഇത് ഷെയര്‍ ചെയ്യുന്നത് ?

എനിക്ക് സ്വന്തമായി ഒരു ബ്രോഡ് കാസ്റ്റിംഗ് ലിസ്റ്റുണ്ട്. അതില്‍ ആഡ് ചെയ്യുന്നവരിലേക്ക് ദിവസേന രാവിലെ വാട്‌സാപ്പ് വഴിയാണ് നല്ല വാര്‍ത്തകള്‍ അയക്കുന്നത്. കാലാകാലങ്ങളിലായി 2500 ഓളം പേര്‍ ഇപ്പോള്‍ എന്റെ ബ്രോഡ്കാസ്റ്റിംഗ് ലിസ്റ്റിലുണ്ട്. രാവിലെ എട്ട് മണിക്കു മുന്‍പ് ഒരു പോസിറ്റീവ് ന്യൂസ് ഒരു ചിന്താശകലവും ചേര്‍ത്ത് അയക്കുക എന്നത് ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ട്രെയിനിംഗിന്റെ ഭാഗമായി പല രാജ്യങ്ങളിലും എനിക്ക് സഞ്ചരിക്കേണ്ടി വരാറുണ്ട്. എങ്കില്‍ത്തന്നെയും ഇതില്‍ ഒരു ദിവസം പോലും മുടക്കം വരുത്താതെ എനിക്ക് ഈ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

 

ഇക്കാലത്തിനിടെ ഉണ്ടായ അനുഭവങ്ങള്‍ ?

ഈ നല്ല വാര്‍ത്തകള്‍ തുടരവെ കൃത്യം 600 ദിവസമായപ്പോള്‍ ഞാന്‍ എല്ലാവര്‍ക്കും ഒരു മെസേജ് അയക്കുകയുണ്ടായി. നിങ്ങളെല്ലാവരും ഞാന്‍ അക്കുന്ന ഈ വാര്‍ത്ത വായിക്കുന്നുണ്ടോ, ഇത് നിങ്ങള്‍ക്ക് ആവശ്യമുണ്ടോ… ഇത് ഞാന്‍ തുടരണോ…എന്നായിരുന്നു ആ മെസേജ്. അവിടെയും എന്നെ അവര്‍ ഞെട്ടിച്ചുകളഞ്ഞു. ഇതൊരിക്കലും നിര്‍ത്തരുത്..ഞങ്ങള്‍ ഇത് വായിക്കുകയും മറ്റ് ഗ്രൂപ്പുകളിലേക്കും ആള്‍ക്കാരിലേക്കും ഷെയര്‍ ചെയ്യുന്നുണ്ടെന്നും പലരും എന്നെ അറിയിച്ചു. അപ്പോഴാണ് എനിക്ക് മനസിലായത്…ഇവര്‍ ഫോര്‍വേര്‍ഡ് ചെയ്ത് ഏകദേശം കുറഞ്ഞത് മൂന്ന് ലക്ഷം പേരിലേക്കെങ്കിലും ഈ നല്ല വാര്‍ത്തകള്‍ എത്തുന്നുണ്ടെന്ന്.

ഒരു ദിവസം അറിയാതെ തലേ ദിവസം അയച്ച മെസേജ് അയച്ചു. ഉടനെ പല ഭാഗത്തു നിന്നും ഫോണ്‍കോള്‍ വരാന്‍ തുടങ്ങി. ഇത് നേരത്തെ അയച്ചതാണ്..പുതിയത് അയക്കണമെന്നും പറഞ്ഞ്..അത് പലരും ഈ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു. ഇതിനിടെ നല്ല നന്മകളും ഉണ്ടായിട്ടുണ്ട്. ഹൈദരാബാദിലുള്ള ചെറിയ സാമൂഹ്യസേവന സംഘടന നടത്തുന്ന പ്രസ്ഥാനമുണ്ട്. നമ്മള്‍ ഉപയോഗിക്കാത്ത എന്ത് സാധനവും അവിടെ കൊണ്ടുപോയി കൊടുക്കാം. അവര്‍ അത് വളരെ വൃത്തിയായി പാക്ക് ചെയ്ത് വെച്ചിട്ടുണ്ടാകും. പാവപ്പെട്ടവര്‍ക്ക് അത് അവിടെ നിന്ന് സൗജന്യമായി ലഭിക്കും. ഈ വാര്‍ത്ത ഞാന്‍ അയച്ചുകഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ഹൈദരാബാദിലുള്ള മലയാളികള്‍ എന്നെവിളിച്ചു. ഇന്‍ഡസ് ടവര്‍ എന്ന സ്ഥാപനത്തിന്റെ അധികൃതര്‍ ഈ വാര്‍ത്ത വായിച്ച് അവിടയെത്തി പല സാധനങ്ങളും ഡൊണേറ്റ് ചെയ്‌തെന്നും ചിത്രങ്ങളെടുക്കുകയുണ്ടായെന്നും എന്നെ അറിയിച്ചു. അതിന്റെ ചിത്രങ്ങളും എനിക്ക് അയച്ചുതന്നു. ചുരുക്കം പറഞ്ഞാല്‍ നമുക്ക് ചുറ്റും നെഗറ്റീവ് മാത്രമല്ല, പോസിറ്റീവ് വാര്‍ത്തകളും ഉണ്ടെന്നും ഇത് നന്മകളുടെ ലോകമാണെന്നും എന്റെ കൊച്ചു സന്ദേശത്തിലൂടെ അറിയിക്കാന്‍ എനിക്കായി. ഭാവിയില്‍ ബ്രോഡ്കാസ്റ്റിംഗ് ലിസ്റ്റ് വഴി നേരിട്ട് അന്‍പതിനായിരം പേരിലേക്കും അതിലൂടെ പത്ത് ലക്ഷം പേരിലേക്കും നല്ല വാര്‍ത്തകള്‍ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം.

 

നല്ല വാര്‍ത്തകള്‍ക്ക് ഇവിടെ ആരും സ്ഥാനം കല്‍പ്പിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ ?

മാധ്യമങ്ങള്‍ റീഡര്‍ഷിപ്പ് കൂട്ടാനും ടിപിആര്‍ കൂട്ടാനും മറ്റുമാണ് നെഗറ്റീവ് വാര്‍ത്തകളും മറ്റും ഇത്രയും പ്രമോട്ട് ചെയ്യുന്നത്. അതിനിടെ നല്ല വാര്‍ത്തകള്‍ കൊടുക്കാറില്ലെന്നല്ല. ഇതിനിടയില്‍ നടന്നുപോകുന്ന നല്ല കാര്യങ്ങളൊന്നും ലോകം അറിയുന്നില്ല. അല്ലെങ്കില്‍ ആരും അത് ഷെയര്‍ ചെയ്യുന്നില്ല. ഇതിനിടയിലെ എന്റെ പ്രതിഷേധമാണ് ഈ നന്മകളുടെ ലോകത്തെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍. ഇതില്‍ ഞാന്‍ സന്തോഷവാനാണ്. നമ്മുടെ നാട്ടില്‍ നല്ല വാര്‍ത്തയുണ്ട്…അത് നല്ല വാര്‍ത്തകളായിത്തന്നെ എല്ലാവരിലേക്കും എത്തട്ടെ….

(ഇന്ത്യയിലും വിദേശ രാജ്യത്തും അറിയപ്പെടുന്ന കോര്‍പ്പറേറ്റ് ട്രെയ്‌നറും, ബിസിനസ് കോച്ചുമാണ് ഷമീം റഫീഖ്. രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് ട്രെയിനിങ്ങും, രണ്ടായിരത്തിലധികം സംരംഭകരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2018ലെ മികച്ച എന്‍ട്രപ്രണര്‍ഷിപ്പ്് കോച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. Web – www.shamimrafeek.com | Facebook – shamimrafeek. ഈ പോസിറ്റീവ് കഥകള്‍ നിങ്ങള്‍ക്കും എല്ലാദിവസവും ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ മൊബൈല്‍ നമ്പര്‍ -8129841457 നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം – പ്‌ളീസ് ആഡ് മി എന്ന് ഒരു മെസ്സേജ് അയക്കുക. )

Previous തയ്യല്‍ ജോലിയും അനുബന്ധ വരുമാന മാര്‍ഗങ്ങളും
Next നൂതന ആശയങ്ങള്‍ വാണിജ്യപരമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം

You might also like

Special Story

പ്ലാവില പോലും കറിയാക്കുന്ന ‘ആന്‍സി മാജിക് ‘

  നാട്ടില്‍ പ്ലാവിനു പെരുമയേറുകയാണ്. ഒരു കാലത്ത് പ്ലാവിന്‍ ചുവടുതോറും പഴുത്തു വീണിരുന്ന ചക്കകള്‍ ഇന്ന് സുവര്‍ണതാരമായിരിക്കുന്നു. ജൈവ ഫലങ്ങളുടെ രാജാവായ ചക്ക ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കുമെന്ന കണ്ടെത്തലാണ് മലയാളികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചക്കയില്‍ നിന്ന് നൂറ്റിയന്‍പതോളം ഭക്ഷ്യവിഭവങ്ങള്‍ നിര്‍മിച്ച്

SPECIAL STORY

സുഗന്ധം വില്‍ക്കാം, ചെറിയ മുതല്‍മുടക്കില്‍

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആഗോള ബ്രാന്‍ഡുകളേക്കാള്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കു പ്രിയമേറി നിന്ന കാലം കഴിഞ്ഞു. ബാന്‍ഡിനേക്കാള്‍ ക്വാളിറ്റി നോക്കുന്ന ഇന്നത്തെ യുവ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ചെറുകിട സംരംഭങ്ങള്‍ക്കു കഴിയുന്നുമുണ്ട്.   സുഗന്ധ വിപണന രംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കുതിച്ചുയരുന്ന വിപണിയാണ് അത്തറിന്റേത്.

NEWS

അന്യം നിന്നു പോകുന്ന നാടന്‍ കൃഷികള്‍

വേനല്‍ക്കാലമാകുന്നതോടെ മലയാളികള്‍ക്ക് ഉത്സവകാലം ആരംഭിക്കുകയാണ്. ആ ഉത്സവകാലത്തിന് മാറ്റുകൂട്ടാന്‍ കുട്ടികള്‍ക്ക് ഒരു പരിധിവരെ ആശ്രയമേകിയിരുന്ന ഒന്നായിരുന്നു കശുമാവ്. കശുവണ്ടി വിറ്റാല്‍ കിട്ടുന്ന അല്‍പം പൈസ പോക്കറ്റ് മണിയായി വീട്ടില്‍ നിന്നു കിട്ടുന്നതുമായി ചേര്‍ത്ത് ഉത്സവം അടിച്ചുപൊളിക്കാന്‍ ധാരാളമായിരുന്നു.   എന്നാല്‍ ഇന്ന്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply