ലോകവിപണിയിലെ ആയുഷ് സ്പര്‍ശം

ലോകവിപണിയിലെ ആയുഷ് സ്പര്‍ശം

ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണമായ കുമളിയില്‍ നിന്നും ആഗോള വിപണിയിലേക്ക് ഡ്രയര്‍ മെഷിനറികള്‍ എത്തിച്ചുകൊണ്ട് ഒരു സംരംഭകന്‍ ശ്രദ്ധ നേടുകയുണ്ടായി; അമരാവതി സ്വദേശി ജോബി ജോസ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ആശയത്തിലൂടെ ലോക രാജ്യങ്ങള്‍ കീഴടക്കിയ ഉല്‍പ്പന്നങ്ങളുമായി ആയുഷ് ഡീ-ഹൈഡ്രേറ്റിങ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലൂടെ ജോബി ജോസ് വിപണിയില്‍ അത്ഭുതം സൃഷ്ടിക്കുകയാണ്.

സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയില്‍ നിന്ന് ലോകവിപണിയിലേക്ക് തന്റെ ഭക്ഷ്യ സംസ്‌കരണ മെഷിനറികള്‍ ഒരു സാധാരണക്കാരന്‍ എത്തിച്ചുവെന്നത് ഒരു ചെറിയ കാര്യമല്ല. ആ സാധാരണക്കാരന്റെ സംരംഭകത്വത്തിലേക്കുള്ള വരവും വളര്‍ച്ചയും ഏതൊരു സംരംഭകനും മാതൃകയാണ്. കാരണം മറ്റൊന്നുമല്ല, ഒരു പ്രാദേശിക മേഖലയില്‍ നിന്ന് തന്റെ ബ്രാന്‍ഡിനെ ലോക വിപണിയിലേക്കെത്തിച്ച ജോബി ജോസ് മറ്റുള്ളവരോട് പറയുകയാണ് നല്ല ആശയവും അതിനൊത്ത ഉല്‍പ്പന്നവും ഉണ്ടെങ്കില്‍ ആര്‍ക്കും വളര്‍ച്ചയുടെ ഏതറ്റവും വരെ പോകാമെന്ന്. ഇന്ന് ജോബി ജോസിന്റെ ആയുഷ് ബ്രാന്‍ഡിലുള്ള ഭക്ഷ്യ സംസ്‌കരണ മെഷിനറികള്‍ ഇന്ത്യയുള്‍പ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ ചുവടുറപ്പിച്ചുകഴിഞ്ഞു.

ഒരു സംരംഭകന്റെ ഉദയം

കാര്‍ഷികാഭിവൃത്തിക്ക് ഏറെ പ്രാധാന്യമുള്ള മലയോര മേഖലയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും ഐടി മേഖലയില്‍ ജോലി നേടണമെന്നായിരുന്നു ജോബി ജോസിന്റെ ആഗ്രഹം. അതിനാല്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റിങ് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഗുജറാത്തില്‍ ജോലിക്കായി എത്തി. എന്നാല്‍ താന്‍ പഠിച്ച മേഖലയില്‍ അല്ല, മറിച്ച് പൈപ്പ്‌ലൈന്‍ മേഖലയിലാണ് ജോബിക്ക് ജോലി ലഭിച്ചത്. പ്രസ്തുത മേഖലയില്‍ രണ്ടര വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ജോബി ജോലി മതിയാക്കി നാട്ടിലേക്ക് വണ്ടികയറി. നാട്ടില്‍ തിരികെയെത്തി എന്തുചെയ്യുമെന്ന ധാരണയൊന്നും അന്ന് ആ ചെറുപ്പക്കാരനുണ്ടായിരുന്നില്ല. എങ്കിലും ഉറച്ച നിലപാടോടെ അദ്ദേഹം നാട്ടിലേക്ക് വണ്ടി കയറി.

സ്വന്തമായൊരു സംരംഭം എന്ന ആശയം അതുവരെ സ്വപ്‌നം കണ്ടിട്ടില്ലാത്ത ജോബിയിലേക്ക് ആ ആഗ്രഹത്തിന്റെ വിത്ത് വിതച്ചത് സുഹൃത്ത് സാബു ആന്റണി മങ്ങാട്ടേല്‍ ആയിരുന്നു. തങ്ങള്‍ കൃഷിചെയ്‌തെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ ദീര്‍ഘ കാലത്തേക്ക് ഉണക്കി സൂക്ഷിക്കാന്‍ ഒരു സംവിധാനം വേണം, അതായിരുന്നു സുഹൃത്തിന്റെ ആവശ്യം. ഗുജറാത്തിലെ ജോലിക്കാലത്ത് ഇതുമായി സാമ്യമുള്ള മെഷിനറികള്‍ പ്രവര്‍ത്തിപ്പിച്ച പരിചയം ജോബിക്കുണ്ട്. എന്നാല്‍ അത് മാതൃകയാക്കാതെ തന്റേതായൊരു ആശയം ആവിഷ്‌കരിക്കണമെന്ന് അദ്ദഹേത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ജോബി തന്റെ ഉള്ളിലെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി ആയുഷ് ഡി-ഹൈഡ്രേറ്റിങ് സൊലൂഷന്‍സിന്റെ ആദ്യ ഉല്‍പ്പന്നം നിര്‍മിച്ചു. ഒരു ഏലയ്ക്ക ഡ്രയറായിരുന്നു അത്. ലോകവിപണിയിലേക്ക് ആയുഷിന്റെ ചുവടുവെയ്പിന് അന്ന് കളമൊരുങ്ങുകയായിരുന്നു.

വാണിജ്യോല്‍പ്പന്ന നിര്‍മ്മാണത്തിലേക്ക്

വ്യാവസായിക മേഖലകളിലെ യന്ത്രവത്കരണം അക്കാലത്ത് സര്‍വ്വ സാധാരണമായിരുന്നെങ്കിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ വ്യാപകമായിരുന്നില്ല. തമിഴ്‌നാട്ടിലെ ചില ചെറുകിട സ്ഥാപനങ്ങള്‍ മാത്രമാണ് അന്ന് ഇത്തരം ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങള്‍ വിപണിയിലെത്തിച്ചിരുന്നത്. ഈ സമയത്തായിരുന്നു ജോബി തന്റെ ഭക്ഷ്യ സംസ്‌കരണ മെഷിനറികളുമായെത്തുന്നത്. നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നെങ്കില്‍ക്കൂടി ജോബിയുടെ ആദ്യ യന്ത്രത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടാനായി. കര്‍ഷകരായ പ്രദേശവാസികള്‍ക്കിടയില്‍ ഡ്രയര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചതോടെ കൂടുതല്‍ ഉല്‍പ്പന്നങ്ങളഉടെ ഓര്‍ഡര്‍ വരുകയും അവ നിര്‍മ്മിച്ചു നല്‍കാനും ജോബിക്കായി. ഗവേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ ഉല്‍പ്പന്നവും മുന്‍പത്തേതിനേക്കാള്‍ മികച്ചതാക്കി വിപണിയിലെത്തിക്കാന്‍ ജോബി ശ്രദ്ധിച്ചിരുന്നു. പുത്തന്‍ ആശയങ്ങള്‍ വിജയിക്കുമ്പോഴെല്ലാം പഴയ മെഷിനറികള്‍ പുത്തന്‍ സാങ്കേതികവിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കാനും ജോബി ശ്രമിച്ചു. ആദ്യ ഘട്ടത്തില്‍ ഏലയ്ക്ക ഡ്രയര്‍ മാത്രം നിര്‍മ്മിച്ചിരുന്നതില്‍ നിന്ന് മാറി പിന്നീട് സുഗന്ധ വ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യമാംസങ്ങള്‍ തുടങ്ങി എല്ലാ വിഭവങ്ങളും ഉണക്കിയെടുക്കുന്ന ഡ്രയറുകള്‍ വിപണിയിലെത്തിക്കാന്‍ ഈ സംരംഭകന് സാധിച്ചു.

കാര്‍ഷിക മേഖലയ്‌ക്കൊരു കൈത്താങ്ങ്

കേരളത്തിന്റെ കാലാവസ്ഥയും കാര്‍ഷിക മേഖലയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കൃഷിചെയ്യുന്ന സമയം, വിളവെടുപ്പ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില നിലവാരം തുടങ്ങി എല്ലാ കാര്യങ്ങളിലും ഈ ബന്ധം നിലനില്‍ക്കുന്നുമുണ്ട്. മഴക്കാലത്ത് വിളവെടുപ്പ് നടത്തുന്ന പല ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കുന്നത് വേനല്‍ക്കാലത്തായിരിക്കും. ഇത് നേരെ തിരിച്ചും സംഭവിക്കാം. ഇത്തരത്തില്‍ പ്രകൃതിയും വിപണിയും തമ്മില്‍ ഒത്തുകളിക്കുമ്പോള്‍ അവിടെ നഷ്ടം സംഭവിക്കുന്നത് കര്‍ഷകര്‍ക്കാണ്. ഇതിന് വലിയൊരു പരിഹാരമാണ് ആയുഷിന്റെ ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങള്‍. ഏതു കാലാവസ്ഥയിലും ഇത്തരം യന്ത്രങ്ങളുടെ സഹായത്തോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉണക്കി, പൊടിച്ച് ദീര്‍ഘ കാലത്തേക്ക് സംഭരിക്കാനാകുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് ഒരു സഹായി കൂടിയാണ് ആയുഷ് ഉല്‍പ്പന്നങ്ങള്‍. ഏത് സമയത്തും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നത്തിന് വിപണിവില ലഭ്യമാക്കാന്‍ ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്കാകുന്നുണ്ടെന്ന് ജോബി ജോസ് പറയുന്നു.

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ദീര്‍ഘ കാലത്തേക്ക് സംഭരിക്കുക മാത്രമല്ല നമ്മുടെ ആവശ്യം; അതിന്റെ തനിമയും ഗുണവും മണവും രുചിയുമെല്ലാം അതുപോലെതന്നെ നിലനില്‍ക്കുകയും വേണം. എങ്കില്‍ മാത്രമേ അവ സംഭരിച്ച് വയ്ക്കുന്നതിന് അര്‍ത്ഥമുള്ളൂ. ഓരോ ഉല്‍പ്പന്നത്തേയും അതിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് കൃത്യമായ പ്രോസസിംഗിലൂടെ കടത്തിവിട്ടാല്‍ മാത്രമേ ഇത് സാധ്യമാകൂ. ഗുണമേന്മയുള്ള യന്ത്രങ്ങളാണ് ഇതിനാവശ്യം, അതുതന്നെയാണ് ആയുഷിന്റെ ഏറ്റവും വലിയ വിജയവും സവിശേഷതയും. ഗുണമേന്മയുടെ കാര്യത്തില്‍ ആഗോള നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ് ആയുഷ്. അതുതന്നെയാണ് ലോക വിപണിയില്‍ ഇടം പിടിക്കാന്‍ സ്ഥാപനത്തെ സഹായിച്ചതും. ഇലക്ട്രിസിറ്റിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയല്ല ആയുഷ് യന്ത്രങ്ങള്‍ എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഡീസല്‍, ഗ്യാസ്, ബയോ ഗ്യാസ് എന്നിവയിലും ഈ ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കാം. വിവിധ കപ്പാസിറ്റിയില്‍ യന്തങ്ങള്‍ ലഭ്യമാണെന്നതും ശ്രദ്ധേയമാണ്.

ഉയര്‍ന്ന ഗുണമേന്മയും പ്രവര്‍ത്തന മികവുമാണ് ആയുഷ് ഡി-ഹൈഡ്രേറ്റിങ് സൊലൂഷന്‍സിന്റെ വിജയത്തിനു പിന്നിലെ രഹസ്യം. ഇന്ത്യ കൂടാതെ സ്‌പെയിന്‍, ഈജിപ്റ്റ്, സുഡാന്‍, സൊമാലിയ, മഡഗാസ്‌കര്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് വിപണിയുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിദേശ വിപണിയില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ശേഷം യന്ത്രങ്ങള്‍ റോഡ്/ കപ്പല്‍ മാര്‍ഗ്ഗം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. സാങ്കേതിക തകരാറുകള്‍ മൂലം കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള പാര്‍ട്‌സും യന്ത്രങ്ങളോടൊപ്പംതന്നെ ലഭ്യമാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് താങ്ങാകുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏത് സമയത്തും വിപണിവില ഉറപ്പിക്കാന്‍ സഹായിക്കുന്ന ആയുഷ് സ്പര്‍ശം ലോകവിപണി അംഗീകരിച്ചു കഴിഞ്ഞു. വരും നാളേക്ക് അത് കൂടുതല്‍ ഉയര്‍ത്തുമെന്നും ജോബി വ്യക്തമാക്കുന്നു.

Spread the love
Previous പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350
Next ഒരേ ദിവസം ആറിലധികം രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി ഒടിയന്‍

You might also like

Success Story

പൊന്നുവിന്റെ പാഷന്‍ ബിസിനസായപ്പോള്‍…

വര്‍ണങ്ങളുടെയും ചിത്രരചനയുടെയും ലോകത്തു നിന്നുകൊണ്ടാണ് പൊന്നു ജോസ് എന്ന വനിത തന്റെ സ്വപ്‌നങ്ങളെ തലോടി തുടങ്ങുന്നത്. ചിത്രരചനയും വര്‍ണങ്ങളും സദാസമയം ഉള്ളിലുള്ള പൊന്നു ഇന്റീരിയര്‍ ഡിസൈനിംഗ് തന്റെ പാഷനാക്കി മാറ്റിയപ്പോള്‍ വിരിഞ്ഞത് ഡി ഡിസൈന്‍ എന്ന ആര്‍ക്കിടെക്ച്ചര്‍, ഇന്റീരിയര്‍ സ്ഥാപനമാണ്. തങ്ങളെ

Spread the love
NEWS

കിറ്റൈക്‌സിന്റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്‌സിന്റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്. കിറ്റെക്‌സ്

Spread the love
SPECIAL STORY

നാഫ്തലീന്‍ ബോള്‍ നിര്‍മാണത്തിലൂടെ വിജയം കൊയ്യാം

ബൈജു നെടുങ്കേരി കേരളത്തിലെ ജനങ്ങള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. അതുകൊണ്ടുതന്നെ ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ക്കു വലിയ ഡിമാന്റാണ് വിപണിയില്‍. ഫിനോയിലും ഹാന്‍ഡ്‌വാഷും ടോയ്‌ലറ്റ് ക്ലീനറുമെല്ലാം വിപണിയില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നു. ഇത്തരത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നമാണ് നാഫ്തലീന്‍ ബോള്‍സ്. ടോയ്‌ലറ്റുകളിലും യൂറിനല്‍ കോംപ്ലക്‌സുകളിലും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply