ആഞ്ഞുകിളയ്ക്കുന്നു ജീവിതത്തിന്റെ മണ്ണില്‍ :  മണ്ണിലേക്ക് വഴിവെട്ടുന്ന ബേബി

ആഞ്ഞുകിളയ്ക്കുന്നു ജീവിതത്തിന്റെ മണ്ണില്‍ : മണ്ണിലേക്ക് വഴിവെട്ടുന്ന ബേബി

വര്‍ഷങ്ങള്‍ക്കു മുമ്പ്. സെമിത്തേരിയില്‍ കുഴി വെട്ടുന്ന അമ്മയെ സഹായിക്കുന്ന പെണ്‍കുട്ടി. പെട്ടെന്നു മണ്‍വെട്ടി, തകിടു പോലെ എന്തിലോ മുട്ടിയ ശബ്ദം. അമ്മ മണ്ണുമാറ്റി നോക്കുമ്പോള്‍, ഇന്റാലിയത്തിന്റെ ശവപ്പെട്ടി. നീ മുകളിലേക്കു കയറിക്കോ, ഇങ്ങോട്ട് നോക്കണ്ട, അമ്മയുടെ ആജ്ഞ. മകള്‍ മുകളിലേക്കു കയറിയെങ്കിലും, കുഴിയിലേക്കു നോക്കാതിരിക്കാനായില്ല. പെട്ടിയുടെ കൊളുത്തുകള്‍ ഓരോന്നായി തുറക്കുകയാണ് അമ്മ. ഒടുവില്‍ അവസാനത്തെ കൊളുത്തും മാറ്റി. പെട്ടി പതുക്കെ തുറന്നു. ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഭയമുണരാന്‍ അതു മതിയായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി.

 

വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു. അന്നു പേടിച്ചോടിയ പെണ്‍കുട്ടിയുടെ കൈയില്‍ പാരമ്പര്യം ഏല്‍പ്പിച്ച മണ്‍വെട്ടി ഇപ്പോഴുമുണ്ട്‌. പഴയ പേടിയില്ല. മൃതദേഹങ്ങളുടെ കാഴ്ച, ഭയം ജനിപ്പിക്കാത്ത വിധത്തില്‍ ശീലമായി മാറിക്കഴിഞ്ഞു. ഇതും ഒരു തൊഴിലാണെന്ന തിരിച്ചറിവില്‍, അന്നത്തെ ആ പെണ്‍കുട്ടി, പാത്രക്കടവില്‍ ബേബി ആന്റണിയെന്ന സ്ത്രീ, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയില്‍ കുഴി വെട്ടുന്ന ജോലി തുടരുന്നു. ശീതീകരിച്ച മുറിയില്‍ സ്ത്രീസംവരണത്തിന്റെ ശതമാനക്കണക്കു കൂട്ടിക്കിഴിക്കുമ്പോള്‍, അറിയണം പുരുഷന്മാര്‍പോലും മൂക്കറ്റം മദ്യപിച്ചു ചെയ്യുന്ന ജോലി, കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷമായി ഇവര്‍ തുടരുകയാണെന്ന്.

 

ബേബിയുടെ അമ്മ കുഞ്ഞമ്മയുടെ ആങ്ങളയായിരുന്നു ആദ്യം കുഴി വെട്ടിയിരുന്നത്. പിന്നീട് കുഞ്ഞമ്മ ഏറ്റെടുത്തു. പതിനേഴാം വയസില്‍ അമ്മയെ സഹായിക്കാന്‍ ബേബിയും പോയിത്തുടങ്ങി. മൂന്നാം ക്ലാസ് വരെ മാത്രമേ ബേബി പഠിച്ചിട്ടുള്ളൂ. അപ്പന്‍ നേരത്തേ മരിച്ചു. ഒടുവില്‍ അമ്മയും പോയപ്പോള്‍, ആരുമില്ലാതായി. അന്വേഷിക്കാന്‍ ആരുമില്ലെന്നായപ്പോള്‍ പേടി മാറുകയായിരുന്നെന്നു ബേബി. സെമിത്തേരിയിലെ അവശിഷ്ടങ്ങള്‍ ഒറ്റയ്ക്കു നീക്കം ചെയ്യാനുള്ള ധൈര്യം അനുഭവത്തിലൂടെ നേടിയെടുത്തു. കുഴി വെട്ടുന്നതൊരു സ്ത്രീയെന്നു കേള്‍ക്കുമ്പോള്‍, ചിലര്‍ക്ക് അത്ഭുതം…ഇതെങ്ങനെ കഴിയുന്നുവെന്ന സംശയം. എന്നാല്‍ തന്റെ ജോലി ഇതാണെന്നു ബേബി മനസാ അംഗീകരിച്ചു കഴിഞ്ഞു.

 

ആദ്യകാലത്തു ഏഴര രൂപയായിരുന്നു കൂലി. പണം നല്‍കുന്നതു പള്ളിയില്‍ നിന്നാണ്. ഭയം ജനിപ്പിക്കുന്ന കാഴ്ചകള്‍ മാത്രമല്ല, പാറ്റ, ഇരുതലമൂരി… കുഴിവെട്ടുന്നതിനിടയില്‍ ഇവയൊക്കെ പുറത്തുവരും. അപ്പോള്‍ കുഴിയില്‍ നിന്നു കുറച്ചു നേരം കയറി പുറത്തുനില്‍ക്കും. കുറച്ചു കഴിഞ്ഞേ ജോലി തുടരൂ. പകല്‍സമയത്തു മാത്രമേ ജോലി ചെയ്യാറുള്ളൂ. രാത്രി വേണ്ടെന്നു പള്ളിയില്‍ നിന്നു നിര്‍ദേശമുണ്ടെന്നു ബേബി പറയുന്നു. ഒരു കുഴി വീണ്ടും കുഴിക്കുന്നതിന് ആദ്യം രണ്ടര വര്‍ഷമായിരുന്നു കാലാവധി. അക്കാലത്തായിരുന്നു പേടിപ്പിക്കുന്ന കാഴ്ചകള്‍ കൂടുതല്‍. ഇപ്പോഴതു നാലു വര്‍ഷമാണ്.

 

പള്ളിപ്പുറം മഞ്ഞുമാത പള്ളിക്കു സമീപത്തു തന്നെയാണു ബേബിയുടെ വീട്. പള്ളി നല്‍കിയ സ്ഥലത്തു തന്നെയാണു വീടുവച്ചിരിക്കുന്നത്. ഈ ജോലി ചെയ്യുമ്പോള്‍ എന്തെങ്കിലും മടിയില്ലേ എന്നു ചോദിച്ചാല്‍… ജീവിക്കാന്‍ വേണ്ടിയല്ലേ എന്നു മറുപടി. ആരും ഇതുവരെ ഞാന്‍ കേള്‍ക്കേ കുഴിവെട്ടി എന്നു വിളിച്ചിട്ടില്ല, ബേബി പറയുന്നു. ബേബി ചേച്ചി എന്നേ വിളിക്കാറുള്ളൂ. എല്ലാക്കാര്യത്തിലും നാട്ടുകാര്‍ സഹകരിച്ചിട്ടേയുള്ളൂ, ചിലപ്പോള്‍ കേള്‍ക്കാതെ അങ്ങനെ വിളിക്കുന്നവരുണ്ടാകും, ബഹുജനം പലവിധം എന്നല്ലേ…? ബേബി ചോദിക്കുന്നു.

 

അവകാശവാദങ്ങളോ, സമത്വവാദചിന്തയോ ആയിരുന്നില്ല, ഈ ജോലി ഏറ്റെടുക്കുമ്പോള്‍ ബേബിക്കു മുന്നിലുണ്ടായിരുന്നത്. ജീവിതമായിരുന്നു.
ജീവിതത്തിന്റെ മണ്ണില്‍ ആഞ്ഞുകിളയ്ക്കുകയാണു ബേബി.

 

Spread the love
Previous ദോശ സിംപിളാക്കാം; ലോണ്‍മാര്‍ക്ക് ദോശ ഓട്ടോമാറ്റിക് മെഷീനിലൂടെ
Next വിപ്ലവകാലത്തെ ശബ്ദം : വീരപുളകങ്ങളുടെ ഗായിക

You might also like

Special Story

തോമസുചേട്ടന്‍; പ്ലാവുകളുടെ കൂട്ടുകാരന്‍

നാടന്‍ പ്ലാവുകളുടെ പെരുമ തേടി പതിറ്റാണ്ടായുള്ള യാത്രയിലാണ് പാലാ, രാമപുരത്തെ കട്ടക്കയം വീട്ടില്‍ തോമസ്. ചക്കാമ്പുഴയിലെ ഇദ്ദേഹത്തിന്റെ തൊടിയിലെ നല്ല പ്ലാവിനങ്ങള്‍ പലതും കാലാന്തരത്തില്‍ നശിച്ചെങ്കിലും അവയുടെ രുചികരമായ ചക്കകളുടെ ഗുണം നിറഞ്ഞ പ്ലാവുകള്‍ കണ്ടെത്തി ഒട്ടുതൈകള്‍ തയ്യാറാക്കി തോട്ടത്തില്‍ നട്ടുവളര്‍ത്തുകയാണ്

Spread the love
SPECIAL STORY

ചക്കയെ മുത്താക്കി ചിപ്പി

നമ്മുടെ തൊടികളില്‍ സീസണ്‍ കാലത്ത് ഉപയോഗിക്കാതെ വരുന്ന ചക്കകളെ പത്തരമാറ്റുള്ള ഭക്ഷ്യ വിഭവങ്ങളാക്കി മാറ്റി പണം കൊയ്യുകയാണ് പത്തനംതിട്ട ഇടപ്പരിയാരത്തെ ചിപ്പി തിലക്. ഇവരുടെ ഇലന്തൂരിലെ ശ്രീവിലാസം ഫുഡ്‌സ് എന്ന ചെറുകിട ഭക്ഷ്യ സംസ്‌കരണ സ്ഥാപനത്തില്‍ നിന്ന് ചക്കി എന്ന പേരില്‍

Spread the love
Special Story

അലങ്കാര മത്സ്യ വിപണി എന്നും ആദായകരം

വീടിന്റെ അകത്തളങ്ങളും മറ്റും അലങ്കരിക്കാനായി അക്വേറിയങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല. ചെറുതും വലുതുമായ ധാരാളം മീനുകളെ അക്വേറിയത്തില്‍ വളര്‍ത്താം. ജോടിക്ക് 10 രൂപ മുതല്‍ ആയിരവും അതില്‍ അധികവും വരെ വില വരുന്ന അലങ്കാര മത്സ്യങ്ങള്‍ ഇന്നു വിപണിയിലുണ്ട്. ഗപ്പി, ഫൈറ്റര്‍,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply