എങ്ങനെ രുചിയേറും ക്യാന്‍ഡി ബിസിനസ് ആരംഭിക്കാം

എങ്ങനെ രുചിയേറും ക്യാന്‍ഡി ബിസിനസ് ആരംഭിക്കാം

കേരളത്തിലെ കാര്‍ഷിക രംഗം നവീന സാങ്കേതിക വിദ്യകളും ആധുനിക കൃഷി അറിവുകളും വിവര സാങ്കേതികവിദ്യാധിഷ്ഠിത മാര്‍ക്കറ്റിങ് സംവിധാനവും ഉള്‍പ്പെടുത്തി നവീകരിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കുള്ള വിലിയിടിവ് നിരവധി പാരമ്പര്യ കര്‍ഷകരെപ്പോലും ഉപജീവനത്തിനായി മറ്റ് മേഖലകള്‍ തേടിപ്പോവാന്‍ പ്രേരിപ്പിക്കുന്നു. ഒരേസമയം വിപണിക്ക് ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നു എന്നതാണ് വിലയിടിവിനു കാരണം.

ഇവിടെയാണ് കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ഗുണമേന്മയും രുചിയും കൂടുതലാണ്. മധ്യകേരളത്തില്‍ പൊതുവേ വ്യാപകമായ പൈനാപ്പിള്‍ കൃഷിയും ഇപ്പോള്‍ വിലയിടിവ് മൂലം പ്രതിസന്ധി നേരിടുകയാണ്. പൈനാപ്പിളില്‍ നിന്നും നിരവധി മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കും. പൈനാപ്പിള്‍ ക്യാന്‍ഡി ഈ വിഭാഗത്തില്‍ വലിയ ഡിമാന്റുള്ള ഉല്‍പ്പന്നമാണ്. കുറഞ്ഞ മുതല്‍മുടക്കും ലളിതമായ പരിശീലനവും നേടിയാല്‍ സാധാരണക്കാര്‍ക്കുപോലും പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മാണം ആരംഭിക്കാം. കുറഞ്ഞ വിലയില്‍ അസംസ്‌കൃത വസ്തുവിന്റെ ലഭ്യതയും ഈ സംരംഭത്തെ സംരംഭ സൗഹൃദമാക്കുന്നു.

പൈനാപ്പിള്‍ ക്യാന്‍ഡിയോടൊപ്പം നെല്ലിക്ക, ഏത്തപ്പഴം, ചക്ക എന്നിവയും ക്യാന്‍ഡി നിര്‍മ്മാണത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനെല്ലാം ഒരു മെഷിനറി തന്നെ ഉപയോഗിച്ചാല്‍ മതിയാവും. കൂടാതെ ഡ്രൈ ഫ്രൂട്ടുകളുടെ നിര്‍മ്മാണത്തിനും ഈ മെഷിനറികള്‍തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരു യൂണിറ്റല്‍ത്തന്നെ നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതുമൂലം ഓരോ സമയത്തും കുറഞ്ഞ വിലയ്ക്ക് കൂടുതലായി ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത് ഈ രംഗത്തെ വലിയ സാധ്യതയാണ്.

പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മാണം

നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന പൈനാപ്പിളില്‍ സാധാരണയായി പഞ്ചസാരയുടെ അളവ് (ബ്രിക്‌സ്) 12 ശതമാനം മുതല്‍ 14 ശതമാനം വരെയാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടോ പെക്ടിന്‍ ആണ് പൈനാപ്പിളിന് ആസ്വാദ്യകരമായ ഘടന നല്‍കുന്നത്. പഴുത്ത് തുടങ്ങുമ്പോള്‍ പ്രോട്ടോ പെക്ടിന് രൂപമാറ്റം സംഭവിക്കുകയും ഘടനയില്‍ മാറ്റം വരുകയും ചെയ്യും. അതിനാല്‍ മൂപ്പെത്തിയതും പഴുക്കുന്നതിന് മുന്‍പുള്ളതുമായ പൈനാപ്പിളാണ് ക്യാന്‍ഡി നിര്‍മ്മാണത്തിന് ഉത്തമം.

പൈനാപ്പിളിന്റെ കണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന വിധത്തില്‍ ചെത്തിയൊരുക്കിയ പൈനാപ്പിള്‍ ചെറിയ ക്യൂബുകളായി മുറിച്ചെടുക്കുന്നു. ഓക്‌സിലേഷന്‍ ഒഴിവാക്കുന്നതിനായി ഇവയെ 2 ശതമാനം വീര്യമുള്ള സിട്രിക് ആസിഡ് ലായനിയില്‍ സൂക്ഷിക്കുന്നു. തുടര്‍ന്ന് 80 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയ വെള്ളത്തില്‍ ഒരു മിനിറ്റ് നേരം ഇവ മുക്കിയിടുന്നു. ബ്ലാഢ്ചിങ് എന്നാണ് ഈ പ്രക്രിയയുടെ പേര്. 50 ശതമാനം ബ്രിക്‌സ് ലെവലുള്ള പഞ്ചസാര ലായനിയില്‍ പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ് ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതത്തില്‍ 4 മണിക്കൂര്‍ മുക്കിവെയ്ക്കണം. ശേഷം ഈ ലായനിയുടെ ബ്രിക്‌സ് ലെവല്‍ പരിശോധിച്ച് വീണ്ടും 55 ശതമാനമാക്കി ഉയര്‍ത്തണം. പഞ്ചസാര ചേര്‍ത്താണ് ബ്രിക്‌സ് ലെവല്‍ ഉയര്‍ത്തുന്നത്. വീണ്ടും പൈനാപ്പിള്‍ ഈ ലായനിയില്‍ 4 മണിക്കൂര്‍ മുക്കിവെയ്ക്കണം. അടുത്ത ഘട്ടത്തില്‍ ബ്രിക് ലെവല്‍ 60 ശതമാനമുള്ള ലായനിയില്‍ 2 മണിക്കൂര്‍ മുക്കിവെയ്ക്കണം. പുറത്തെടുത്ത പൈനാപ്പിള്‍ ക്യൂബുകളുടെ ബ്രിക് ലെവല്‍ 72 ശതമാനമായിരിക്കും. ഈ ക്യൂബുകളെ ശുദ്ധ ജലത്തില്‍ ചെറുതായി കഴുകിയെടുക്കണം. ക്യൂബുകളുടെ പുറമെ ഒട്ടിപ്പിടിച്ചിരിക്കുന്ന പഞ്ചസാര ലായനിയെ നീക്കം ചെയ്യാനാണിത്. ഡ്രൈ ചെയ്യുന്ന സമയത്ത് ക്യൂബുകള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. പൈനാപ്പിള്‍ ക്യൂബുകള്‍ ട്രേകളില്‍ നിരത്തി 50 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നാല് മണിക്കൂര്‍ ഡ്രൈ ചെയ്താല്‍ പൈനാപ്പിള്‍ ക്യാന്‍ഡി ലഭിക്കും. ഈ ക്യാന്‍ഡിയിലെ ഈര്‍പ്പം 10 ശതമാനത്തില്‍ താഴെയായിരിക്കണം. ഈ രീതിയില്‍ തയ്യാറാക്കുന്ന ക്യാന്‍ഡിയില്‍ പഞ്ചസാരയുടെ രുചി കൂടുതലായി അനുഭവപ്പെടും.

 

ക്യാന്‍ഡിക്ക് പൈനാപ്പിള്‍ രുചി കൂടുതലായി ആവശ്യമുള്ളവര്‍ 60 ശതമാനം ബ്രിക്‌സുള്ള പഞ്ചസാര ലായനിയില്‍ പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ് ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതത്തില്‍ പൈനാപ്പിള്‍ ക്യൂബുകള്‍ 10 മണിക്കൂര്‍ മുക്കിവെയ്ക്കണം. അപ്പോള്‍ പൈനാപ്പിളിന്റെ ബ്രിക്‌സ് 28 ശതമാനമായി താഴും. തുടര്‍ന്ന് കഴുകിയെടുക്കുന്ന ക്യൂബുകള്‍ ഡ്രൈ ചെയ്ത് പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മിക്കാം. ഈ ക്യാന്‍ഡികള്‍ക്ക് മധുരം കുറവും പൈനാപ്പിള്‍ രുചി കൂടുതലുമായിരിക്കും.

പോളി പ്രൊപ്പലൈന്‍ കണ്ടെയ്‌നറുകളിലോ മെറ്റലൈസ്ഡ് പോളി കവറുകളിലോ പായ്ക്ക് ചെയ്ത് മാര്‍ക്കറ്റ് ചെയ്യാം. ആറ് മാസം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും.

മാര്‍ക്കറ്റിങ്

പൈനാപ്പിള്‍ ക്യാന്‍ഡി ചെറിയ പായ്ക്കുകളില്‍ നല്‍കിയാല്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാത്തതിനാല്‍ ഈ ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. കൂടാതെ മുസിലി നിര്‍മ്മാണത്തിലും കേക്ക് നിര്‍മ്മാണത്തിനുമെല്ലാം ഇപ്പോള്‍ ക്യാന്‍ഡി അസംസ്‌കൃത വസ്തുവാണ്. വിദേശ വിപണിയേയും ലക്ഷ്യം വയ്ക്കാവുന്നതാണ്.

സാങ്കേതിക വിദ്യ

സാധാരണ കര്‍ഷകര്‍ക്കുപോലും പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാവുന്നതാണ്. പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മാണത്തിനാവശ്യമായ പരിശീലനം പിറവം അഗ്രോ പാര്‍ക്കില്‍ ലഭ്യമാണ്. കൂടാതെ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും പരിശീലനം ലഭിക്കും.

 

ട്രയല്‍ പ്രൊഡക്ഷന്‍

പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മാണം സ്വന്തമായി മെഷിനറികള്‍ സ്ഥാപിച്ച് വ്യവസായികമായി ആരംഭിക്കുന്നതിനുള്ള മുതല്‍മുടക്കുകള്‍ നടത്തുന്നതിനു മുന്‍പ് ട്രയല്‍ പ്രൊഡക്ഷന്‍ നടത്തി സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് സാധ്യതാ പഠനം നടത്തുന്നതിനുള്ള സംവിധാനം അഗ്രോ പാര്‍ക്കില്‍ ലഭ്യമാണ്.

 

മൂലധന നിക്ഷേപം

(പ്രതിദിനം 50 കി.ഗ്രാം പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മിക്കുന്നതിനുള്ളത്)

ഡ്രയര്‍ – 3,00,000.00
പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും – 30,000.00
പായ്ക്കിങ് മെഷീന്‍ – 30,000.000
ആകെ – 3,60,000.00

ചിവല്

(പ്രതിദിനം 30 കിലോഗ്രാം പൈനാപ്പിള്‍ ക്യാന്‍ഡി നിര്‍മ്മിക്കുന്നതിന്)

പൈനാപ്പിള്‍ 400 x 10 – 4000.00
പഞ്ചസാര 80 x 34 – 2720
തൊഴിലാളികളുടെ വേതനം – 7 x 400 – 2800
ഇലക്ട്രിസിറ്റി – 150.00
ഭരണ ചിലവുകള്‍ – 300.00
ആകെ – 11470.00

വരവ്

പൈനാപ്പിള്‍ ക്യാന്‍ഡി 1 കിലോ ഗ്രാം – 800.00
30 ശതമാനം കമ്മീഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത് – 560
30 കിലോഗ്രാം ത 560.00 – 16800.00

ലാഭം

16800-11470 – 5330

സബ്‌സിഡി- ലൈസന്‍സ്

30 ശതമാനം വരെ വ്യാവസായിക സബ്‌സിഡി ലഭിക്കും.
ഭക്ഷ്യ സുരക്ഷാ വിഭാഗം, മൂല്യ വര്‍ധിത നികുതി വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനം എന്നിവയില്‍ നിന്നുള്ള ലൈസന്‍സുകള്‍ നേടിയിരിക്കണം.

Previous കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ യു എസ് ടി ഗ്ലോബല്‍ സൈബര്‍ സുരക്ഷാ അവബോധ പരിപാടി സംഘടിപ്പിച്ചു
Next അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് - 2018, നോമിനേഷനുകൾ ക്ഷണിക്കുന്നു

You might also like

Home Slider

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക വെബ്‌സൈറ്റുമായി കേരള സര്‍ക്കാര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാരിന്റെ പുതിയ വെബ്സൈറ്റ്. ‘കേരളാ റെസ്‌ക്യു’ (http://keralarescue.in.) എന്ന വെബ്‌സൈറ്റ് വഴിയാണ് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍: 1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍. 2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍ . 3. സംഭാവനകള്‍ നല്‍കാന്‍

SPECIAL STORY

ഇളനിര്‍ ചിപ്‌സ്, സീറോ ശതമാനം കൊളസ്‌ട്രോള്‍

ബൈജു നെടുങ്കേരി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഒരുകാലത്ത് നാളികേരത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇടക്കാലത്ത് നാളികേരത്തിന്റെ വിലയിടിവ് കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും നാളികേരത്തിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആദ്യ കാലത്തുണ്ടായ വില വര്‍ധനവ് ഈ മേഖലയ്ക്ക് വളരെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. നാളികേരത്തില്‍ നിന്നും

Business News

ഇനി മുതൽ വാഹനം വാങ്ങണമെങ്കിൽ ദീർഘകാല ഇൻഷുറൻസ് നിർബന്ധം

ദീർഘകാല ഇൻഷുറൻസ് പ്രീമിയം നിർബന്ധമാക്കി വാഹന വിപണി. സെപ്റ്റംബർ ഒന്നാം തിയതി മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. കാറുകൾക്ക് മൂന്നു വർഷവും ബൈക്കുകൾക്ക് അഞ്ചു വർഷവും തേർഡ് പാർട്ടി ഇൻഷുറൻസിർ എടുത്താൽ മാത്രമേ ഇനി വാഹനം നിരത്തിലിറക്കാൻ സാധിക്കുകയുള്ളു. ` നിലവിൽ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply