വിനോദ സഞ്ചാരത്തിന് കരുത്തേകാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്

വിനോദ സഞ്ചാരത്തിന് കരുത്തേകാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്

വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ്  (സിബിഎല്‍)  ഓഗസ്റ്റ് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നതായി ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയോടെ തുടക്കമിടുന്ന സിബിഎല്ലിന്‍റെ ഉദ്ഘാടന ചടങ്ങില്‍  ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
സിബിഎല്ലിന്‍റെ വെബ്സൈറ്റ് (www.championsboatleague.in)  മന്ത്രി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫിയും അനാവരണം ചെയ്തു. ജലോത്സവത്തിന്‍റെ വിഡിയോ, ജേഴ്സി എന്നിവയും അദ്ദേഹം പ്രകാശനം ചെയ്തു. ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജും കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണും ചടങ്ങില്‍ പങ്കെടുത്തു. 
ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ  തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ സിബിഎല്ലിലൂടെ കൂടുതല്‍ മികവുറ്റതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള ടൂറിസം വകുപ്പിന്‍റെ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം  ഊര്‍ജം പകരും.
കേരളത്തിന്‍റെ മഴക്കാലത്തെ ടൂറിസം കാഴ്ചപ്പാടിലൂടെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സിബിഎല്‍ വഴി സാധിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ക്കൂടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് കേരളം ഉയരും.
മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12  വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നു വരെയാണ് മത്സരങ്ങള്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന  കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്‍റ്. ഫ്രാഞ്ചൈസികളാകാന്‍ രാജ്യത്തെ പ്രമുഖ കോര്‍പറേറ്റുകളും വിശിഷ്ട വ്യക്തികളുമെത്തുമെന്നാണ് വിലയിരുത്തല്‍. ഒന്‍പതു ടീമുകളുടെ ഫ്രാഞ്ചൈസിയ്ക്കുള്ള ലേലം ഓഗസ്റ്റ് ഒന്നിന് കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എന്ന franchisee@championsboatleague.in വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്. ലേലം നടക്കുന്ന ഓഗസ്റ്റ് ഒന്നിനുതന്നെ അവിടെവച്ച്   ടീം ഉടമകളെ പ്രഖ്യാപിക്കും.

സ്പോണ്‍സര്‍ഷിപ്പ്, ടിവി ഡിജിറ്റല്‍ പരസ്യങ്ങള്‍ എന്നിവ വഴിയാണ് ഫ്രാഞ്ചൈസികള്‍ക്ക് വരുമാനം ലഭിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ്, വേദി, ടിക്കറ്റ് വരുമാനം, ടിവി, ഡിജിറ്റല്‍ കരാര്‍, മറ്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വരുമാനവും ഇങ്ങനെ പങ്കു വയ്ക്കും. മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക്  25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും  എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും. 

പള്ളാത്തുരുത്തി ബോട്ട് ക്ലബ്; പോലീസ് ബോട്ട് ക്ലബ്; യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം, കൈനകരി; എന്‍സിഡിസി/കുമരകം; വില്ലേജ് ബോട്ട് ക്ലബ്, എടത്വ; കെബിസി/എസ്എഫ്ബിസി കുമരകം; വേമ്പനാട് ബോട്ട് ക്ലബ് കുമരകം; ടൗണ്‍ ബോട്ട് ക്ലബ് കുമരകം; ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ എന്നിവയാണ് സിബിഎല്ലില്‍ മത്സരിക്കുന്ന ഒന്‍പതു ടീമുകള്‍.

ഓഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ആദ്യ മത്സരം. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്‍റ്സ് ബോട്ട് റെയ്സിനൊപ്പം സിബിഎല്‍ സമാപിക്കും. ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങള്‍. പുളിങ്കുന്ന്, ആലപ്പുഴ (ആഗസ്റ്റ് 17), താഴത്തങ്ങാടി, കോട്ടയം (ആഗസ്റ്റ് 24), പിറവം, എറണാകുളം (ഓഗസ്റ്റ് 31), മറൈന്‍ ഡ്രൈവ്, എറണാകുളം (സെപ്റ്റംബര്‍ 7), കോട്ടപ്പുറം, തൃശൂര്‍ (സെപ്റ്റംബര്‍ 21), പൊന്നാനി, മലപ്പുറം (സെപ്റ്റംബര്‍ 28), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 05), കരുവാറ്റ, ആലപ്പുഴ (ഒക്ടോബര്‍ 12), കായംകുളം, ആലപ്പുഴ (ഒക്ടോബര്‍ 19), കല്ലട, കൊല്ലം(ഒക്ടോബര്‍ 26) എന്നിങ്ങനെയാണ് മത്സരങ്ങള്‍. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുക.

എല്ലാ പങ്കാളികള്‍ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കും ബോട്ട് ക്ലബ്ബുകള്‍ക്കും ഉടമസ്ഥര്‍ക്കും തുഴച്ചിലുകാര്‍ക്കും സിബിഎല്ലിലൂടെ നേട്ടമുണ്ടാക്കാനാകും. കേരളത്തിലെ കേള്‍വി കേട്ട ജലാശയങ്ങളില്‍ നടക്കുന്ന വള്ളംകളികളുടെ പ്രേക്ഷകരാകാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്ക് ലഭിക്കും. 
രണ്ടു ലക്ഷ്യങ്ങളോടെയാണ് കേരള ടൂറിസം സിബിഎല്‍ എന്ന അനുപമമായ ഉല്പന്നത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കാനും നാട്ടുകാര്‍ക്ക് നേട്ടമുണ്ടാകാനുമാണിത്.  കേരളത്തിന്‍റെ  സാമൂഹികമായ കാഴ്ചപ്പാടുകള്‍ക്കും വള്ളംകളികള്‍ക്ക് നാട്ടിലുള്ള സ്വാധീനത്തിനും കോട്ടം വരാതെയാണ് കേരള ടൂറിസം ഇത് സംഘടിപ്പിക്കുന്നത്.
ചെളിയില്‍ കളിക്കുന്ന ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്പ്ലാഷ് എന്ന പരിപാടി കേരള ടൂറിസം നടത്തിയിട്ടുണ്ട്.  നിശാഗന്ധി മണ്‍സൂണ്‍ രാഗോത്സവവും ഹൗസ് ബോട്ടുകളുടെ കാല്പനികവല്‍കരണവും ഈ ലക്ഷ്യത്തോടെ ചെയ്തതാണ്. ഇത്തരം പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി വിനോദസഞ്ചാര രംഗത്ത് കാതലായ മാറ്റംവരുത്താന്‍ പോന്നതാണ് സിബിഎല്‍. ഇതിലൂടെ ആഗോള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്‍റെ സ്ഥാനം ഉറപ്പിക്കാനും സാധിക്കും. കേരളത്തിലെ വള്ളംകളിയില്‍ ഏകീകൃത സ്വഭാവം, വാണിജ്യസാധ്യത, മികവ് , ആരാധകരോടുള്ള കൂറ് എന്നിവ കൊണ്ടുവരാനും സിബിഎല്ലിലൂടെ സാധിക്കും.

ക്രിക്കറ്റ് മൈതാനങ്ങളായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 60,000 പേരും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 90,000 പേരുമാണ് കളി കാണുന്നത്.  തത്സമയം കാണുന്ന ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ് വള്ളംകളി. നെഹ്രു ട്രോഫി വള്ളംകളി നാലു ലക്ഷം പേര്‍ നേരിട്ടു കാണുന്നുണ്ട്. ഐപിഎല്‍ പോലെ വലിയ ടിവി സംപ്രേഷണ സാധ്യതയാണ് ഇതിനുള്ളത്. ഈ സാധ്യതയെ വാണിജ്യവത്കരിച്ച് ലോകത്തിനു മുമ്പില്‍ വയ്ക്കാനാണ് ശ്രമം. 
ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി സിബിഎല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്.

Spread the love
Previous കറുപ്പിന്റെ കഥയുമായി ഒരു വിദ്യാലയം
Next സ്പേസ് പാര്‍ക്ക് യാഥാര്‍ഥ്യത്തിലേയ്ക്ക്

You might also like

NEWS

യു എ ഇയിലേക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

യു.എ.ഇയിലെ പ്രശസ്തമായ  ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവൃത്തിപരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്സുമാർക്കാണ്

Spread the love
SPECIAL STORY

ഫാമിലി വെജിറ്റബിള്‍ ബാഗ്

അടുക്കളത്തോട്ടം എന്ന സങ്കല്‍പം പലപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അടുക്കളത്തോട്ടത്തിനു പകരമായി പ്ലാന്‍ ചെയ്യാവുന്ന ഒരു രീതിയാണ് ഫാമിലി വെജിറ്റബിള്‍ ബാഗ്. രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗില്‍ കൃഷി ആരംഭിച്ചാല്‍ കുടുംബത്തിന് പച്ചക്കറിക്കായി മാര്‍ക്കറ്റിനെ ഒരിക്കലും ആശ്രയിക്കേണ്ടി

Spread the love
NEWS

അടവു നയം മാറ്റുമെന്ന് സീതാറാം യച്ചൂരി

തങ്ങളുടെ രാഷ്ട്രീയ അടവുനയം മാറ്റുന്നു എന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ മാറ്റം വരുമെന്ന സൂചനയാണ് യെച്ചൂരി നല്‍കുന്നത്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല നിലവില്‍ ഉള്ളത്. രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply