കൊച്ചിയില്‍ ആദ്യ തീവണ്ടി എത്തിയിട്ട് 117 വര്‍ഷം : അറിയുമോ ആ പഴയ റെയ്ല്‍വേ സ്റ്റേഷന്‍

കൊച്ചിയില്‍ ആദ്യ തീവണ്ടി എത്തിയിട്ട് 117 വര്‍ഷം : അറിയുമോ ആ പഴയ റെയ്ല്‍വേ സ്റ്റേഷന്‍

കാലങ്ങള്‍ക്കു മുമ്പ് കരിപ്പുക ഉയര്‍ന്ന ആകാശത്തെ മറച്ച് മരങ്ങളും അതിനും മീതേ മേഘങ്ങളും. പെയ്‌തൊഴിഞ്ഞ മഴയുടെ ഇടവേളയിലെ യാത്ര, പഴയ പാളത്തിലേക്ക്, ആദ്യ തീവണ്ടിത്താവളത്തിലേക്ക്. നാളെയാരു സ്റ്റോറിയായി പരുവപ്പെടുത്താനായി കുറിച്ചെടുക്കാന്‍ ഒന്നുമില്ല, വാചകത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ക്വട്ടേഷന്‍ മാര്‍ക്കിട്ട് ഒരു പേരെഴുതി ചേര്‍ക്കാന്‍ ആരെയും അവിടെ കാണുകയുമില്ല. കൊച്ചിയിലെ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനിലേക്ക് ആദ്യ പാസഞ്ചര്‍ട്രെയ്ന്‍ പുകയൂതിയെത്തിയിട്ടു ഈ മാസം പതിനാറിനു 117 വര്‍ഷം തികയുന്നു. ആ പാളങ്ങളില്‍ നിന്നും തീവണ്ടിയുടെ ഇരുമ്പുചക്രങ്ങള്‍ അന്യം നിന്നെങ്കിലും, കൊച്ചിയുടെ ഗതാഗതചരിത്രത്തിലെ സ്മരണയായി, സ്മാരകമായി ഇപ്പോഴുമുണ്ട് എറണാകുളം ടെര്‍മിനസ് സ്റ്റേഷന്‍ എന്ന ഓള്‍ഡ് സ്റ്റേഷന്‍. പക്ഷേ, കൊച്ചിയിലേക്കുള്ള ആദ്യപാളത്തിനു മീതേ കാലത്തിന്റെ അതിരില്ലാത്ത പച്ചപ്പ്. കാടു പിടിച്ച അകത്തളങ്ങളും തകര്‍ന്നടിഞ്ഞ നിര്‍മാണങ്ങളും പെയ്തു മുറുകിയ മഴയും പഴയ പ്ലാറ്റ്‌ഫോമിനെ അപ്രാപ്യമാക്കി. പക്ഷേ അപ്പോഴും അങ്ങകലെ കാലത്തിനപ്പുറത്തു നിന്നൊരു തീവണ്ടിശബ്ദം ഇരമ്പിയാര്‍ത്തെത്തുന്നുണ്ടായിരുന്നു. ഓര്‍മയുടെ ആകാശത്തു കറുത്തപുക ഉയര്‍ന്നു.

1902 ജൂലൈ 16.

നൂറുകണക്കിന് ജനങ്ങള്‍ അക്ഷമയോടെ കാത്തു നിന്നു. പ്ലാറ്റ്‌ഫോമിന് അരികില്‍ കൊട്ടാരം എന്ന പേരില്‍ റോയല്‍ മെമ്പേഴ്‌സിനായി നിര്‍മിച്ച വെയ്റ്റിങ് ഷെഡ്ഡില്‍ കൊച്ചി രാജകുടുംബാംഗങ്ങളും. അന്തരീക്ഷത്തില്‍ സ്വാഗതമോതി സംഗീതസംഘങ്ങളുടെ അവതരണങ്ങള്‍. വടക്കുഭാഗത്ത് കാഴ്ചയുടെ അതിര്‍ത്തി ഭേദിക്കുന്നിടത്തേക്കായിരുന്നു എല്ലാ കണ്ണുകളും. ജനങ്ങളുടേയും രാജകുടുംബാംഗങ്ങളുടേയും ആകാംക്ഷയ്ക്കു മീതേ ആശ്ചര്യത്തിന്റെ പുകയുയര്‍ത്തിക്കൊണ്ട് കൊച്ചിയിലേക്കുള്ള ആദ്യതീവണ്ടി പ്രത്യക്ഷപ്പെട്ടു, ഷൊര്‍ണ്ണൂരില്‍ നിന്നാണു വരവ്. കൊച്ചി സ്റ്റേറ്റ് റെയ്ല്‍വേ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള ആവിഎന്‍ജിന്റെ തലയില്‍ ബന്ധിച്ചു വളരെ കുറച്ചു ബോഗികള്‍ മാത്രം. കൊച്ചിയുടെ ഗതാഗതചരിത്രത്തിലെ വഴിത്തിരിവായിരുന്നു പാസഞ്ചര്‍ തീവണ്ടിയുടെ വരവ്. അതിനും ഒരു മാസം മുമ്പ്, ജൂണ്‍ രണ്ടിനു ഗുഡ്‌സ് സര്‍വീസിനായി ഷൊര്‍ണൂര്‍ – കൊച്ചി തീവണ്ടിപ്പാത തുറന്നുകൊടുത്തിരുന്നു.

കൊച്ചിയുടെ തീവണ്ടിച്ചരിത്രത്തിന്റെ തുടക്കം ആദ്യസര്‍വീസിന്റെ ആഡംബരത്തില്‍ ഒടുങ്ങില്ല. പാത സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സ്റ്റേറ്റിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബ്രിട്ടിഷ് ഭരണാധികാരികള്‍. പക്ഷേ, അത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പണമില്ല. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള മനസുമില്ല. എന്തു വില കൊടുത്തും സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചു. നിലവറയ്ക്കുള്ളിലെ നിലയില്ലാത്ത സമ്പാദ്യം വിറ്റിട്ടായാലും ജനങ്ങള്‍ക്കായി തീവണ്ടിപ്പാത നിര്‍മിക്കാന്‍ തന്നെ തീരുമാനിച്ചു കൊച്ചി മഹാരാജാവ്.

ഹിസ് എക്‌സലെന്‍സി രാമവര്‍മ്മയുടെ ഉടമസ്ഥതയിലുള്ളതെല്ലാം വിറ്റു. എന്നിട്ടും പണം തികയാതെ വന്നപ്പോള്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത ആനച്ചമയങ്ങളും രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങളും വിറ്റെന്നു രേഖകള്‍ പറയുന്നു. എന്നാല്‍ പണം ശരിയായപ്പോഴും കടമ്പകള്‍ ഒരുപാടുണ്ടായിരുന്നു. പാത കടന്നു പോകുന്ന അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള ഇരുപത്തൊമ്പതു കിലോമീറ്റര്‍ ഭാഗം തിരുവിതാംകൂര്‍ സ്റ്റേറ്റിന്റെ ഉടമസ്ഥതയിലായിരുന്നു. റെയ്ല്‍വേ ലൈന്‍ സ്ഥാപിക്കുന്നതിനായി ആ സ്ഥലം വിട്ടു നല്‍കാന്‍ തിരുവിതാംകൂറിന് അപേക്ഷ നല്‍കി. അങ്ങനെ മദ്രാസ് റെയ്ല്‍വേ കമ്പനിയുടെ നേതൃത്വത്തില്‍ 1899ല്‍ പാതയുടെ നിര്‍മാണം തുടങ്ങി.

ചരിത്രം വന്നിറങ്ങിയ പ്ലാറ്റ്‌ഫോം

പാത കടന്നു വരുന്ന പ്രദേശത്തു പുഴയുടെ കുറുകെ പാലങ്ങള്‍ നിര്‍മിക്കാനും കാലതാമസമുണ്ടായി. എന്തായാലും എല്ലാ ബുദ്ധിമുട്ടുകളും അതിജീവിച്ച് ആ പാതയിലൂടെ 1902 ജൂണ്‍ രണ്ടിന് ഗുഡ്‌സ് തീവണ്ടിയോടി. ജൂലൈ പതിനാറിനു പാസഞ്ചര്‍ ട്രെയ്‌നും. ഒറ്റട്രാക്കില്‍ നൂറു കിലോമീറ്റര്‍ നീളത്തിലായിരുന്നു ഷൊര്‍ണൂര്‍ – കൊച്ചി പാത. മഹാരാജാവ് യാത്ര ചെയ്യുമ്പോള്‍ മാത്രം ട്രെയ്‌നിനോടു ഘടിപ്പിച്ചിരുന്ന ഒരു പ്രത്യേക സലൂണ്‍ തന്നെ ഉണ്ടായിരുന്നു.

മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടഗോര്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ലോര്‍ഡ് ഇര്‍വിന്‍…..അങ്ങനെ ഒരുപാടു ചരിത്രസാന്നിധ്യങ്ങള്‍ വന്നിറങ്ങിയ പ്ലാറ്റ്‌ഫോം. ചെങ്കല്ല് കൊട്ടി പ്രത്യേകം ഷെയ്പ്പ് ചെയ്താണു റെയ്ല്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. എറണാകുളത്തു പഴയ ഹൈക്കോര്‍ട്ട് കെട്ടിടത്തിനു സമീപം ( റാം മോഹന്‍ പാലസ്) തന്നെ റെയ്ല്‍വേ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കാരണങ്ങള്‍ അനവധിയായിരുന്നു. നഗരത്തിന്റെ ഹൃദയഭാഗം, എറണാകുളം മാര്‍ക്കറ്റിന്റെ സാമീപ്യം, ബോട്ട് ജെട്ടിയും അടുത്തുണ്ടായിരുന്നു. മട്ടാഞ്ചേരി, വൈപ്പിന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കു എത്തിപ്പെടാനും അനുയോജ്യമായ ഇടം.

എന്നാല്‍ ഗതാഗതമാര്‍ഗങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഒരുപാടുണ്ടായി. 1929ല്‍ സൗത്ത് റെയ്ല്‍വേ സ്റ്റേഷന്‍ നിലവില്‍ വന്നു. 1943ല്‍ ആ ട്രാക്ക് ഹാര്‍ബര്‍ ഭാഗത്തേക്കു നീട്ടി. അതോടെ പഴയതിന്റെ പ്രൗഢിയും പ്രാധാന്യവും പതുക്കെ നഷ്ടപ്പെടുകയായിരുന്നു. എങ്കിലും അറുപതുകളുടെ ആദ്യം വരെ എറണാകുളം ടെര്‍മിനസ് സ്റ്റേഷനിലേക്ക് പാസഞ്ചര്‍ തീവണ്ടികള്‍ എത്തിയിരുന്നു. പിന്നീടതു എറണാകുളം റെയ്ല്‍വേ ഗുഡ്‌സ് സ്റ്റേഷനായി. പിന്നീടു സിമന്റ് സ്റ്റോര്‍ ചെയ്യുന്ന കേന്ദ്രമായി. ഇപ്പോള്‍ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനും. അങ്ങനെ കൊച്ചിയുടെ ആദ്യ തീവണ്ടിയാപ്പീസിനെ കാലവും അധികൃതരും കരുണയില്ലാതെ തരം താഴ്ത്തിക്കൊണ്ടിരുന്നു. ഇന്ന് ഇരുപത്തിരണ്ടേക്കര്‍ വരുന്ന റെയ്ല്‍വേ സ്റ്റേഷന്‍ സ്ഥലം, അവഗണന എന്ന വാക്കിന്റെ മാത്രം തണലില്‍….

പാളം തെറ്റിയ പ്രഖ്യാപനങ്ങള്‍

ആണ്ടുതോറുമുള്ള പ്രഖ്യാപനങ്ങളില്‍ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനും ഇടംപിടിക്കാറുണ്ട്. റെയ്ല്‍ മ്യൂസിയമാക്കും, സബര്‍ബന്‍ റെയ്ല്‍ സ്റ്റേഷനാകും, പൈതൃക സ്റ്റേഷനായി നിലനിര്‍ത്തും, ഏറ്റവുമൊടുവില്‍ റെയ്ല്‍വേ മെഡിക്കല്‍ കോളെജ് തുടങ്ങും….അങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്തു തുടങ്ങിയിട്ടു കാലമേറെയായി. ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. എന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും തീരെയില്ല. നിരവധി പക്ഷിവര്‍ഗങ്ങളുള്ള മംഗളവനത്തിനു സമീപത്താണു ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷന്‍. അങ്ങനെയൊരു ചരിത്രമുറങ്ങുന്ന ഇടം ഇവിടെയുണ്ട് എന്നു തോന്നുക പോലുമില്ല. ഒരിക്കല്‍ ഹൈക്കോടതിയുടെ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കായി റെയ്ല്‍വേ സ്റ്റേഷന്റെ സ്ഥലം ഏറ്റെടുക്കാനുള്ള ആലോചനയും ഉണ്ടായിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ആ നീക്കം അവസാനിപ്പിച്ചു.

വീണ്ടുമൊരു ജൂലൈ പതിനാറ്. കൊച്ചിയിലേക്കുള്ള ആദ്യതീവണ്ടിയുടെ ആദ്യയാത്രാസ്മരണകള്‍ക്കു 117 വയസ്. പടര്‍ന്നു കയറിയ കാട്ടുവേരുകളുടെ അടിയിലുറങ്ങുന്ന പാളങ്ങളില്‍ ഇപ്പോഴും ആദ്യതീവണ്ടിയുടെ ഒടുങ്ങാത്ത ഇരമ്പമുണ്ടാകും.

Spread the love
Previous ഇന്ത്യന്‍ വിപണിയില്‍ ഇനി എല്‍ജി എഐ തിങ്ക് ടെലിവിഷനുകളുടെ തരംഗം
Next ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം നേടി പൊലീസ് ട്രോളന്മാര്‍

You might also like

NEWS

ജനുവരി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം

എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി.പി.എസ് വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി) യന്ത്രം ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കി. ജനുവരി ഒന്നുമുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകളും ഇതില്‍ ഉള്‍പ്പെടും. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജി.പി.എസ് ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നത്. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍

Spread the love
NEWS

മെക്‌സിക്കോയില്‍ സുമാനി തിരമാലകള്‍ ആഞ്ഞടിക്കുന്നു

അമേരിക്കന്‍ തീരത്തെ വിറപ്പിച്ച് മെക്‌സിക്കോയില്‍ സുനാമി. ഇന്നു രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 8 രേഖപ്പെടുത്തിയ ചലനത്തില്‍ വന്‍ നാശനഛ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.8 മീറ്റര്‍ ഉയരത്തിലുള്ള വന്‍ തിരകള്‍ മെക്‌സിക്കന്‍ തീരത്ത് വീശിയടിക്കുകയാണ്. അമേരിക്കന്‍

Spread the love
NEWS

സംരംഭകരാകാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ വനിതകള്‍ പ്രയോജനപ്പെടുത്തണം: ഐടി സെക്രട്ടറി

കൊച്ചി: പരിചയസമ്പന്നരായ വനിത പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നു വരണമെന്ന് സംസ്ഥാന ഇല്‌ക്ട്രോണിക്‌സ്-ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply