രുചിപ്പെരുമയുടെ നാല്‍പ്പതു വര്‍ഷം ഗ്രാന്‍ഡ് ഫുഡ് മേക്കേഴ്‌സ്

രുചിപ്പെരുമയുടെ നാല്‍പ്പതു വര്‍ഷം ഗ്രാന്‍ഡ് ഫുഡ് മേക്കേഴ്‌സ്

മൊഹബത്തിന്റെ ആവി പറക്കുകയാണ് അനുഭവങ്ങളുടെ ചൂടുള്ള ആ ബിരിയാണിച്ചെമ്പില്‍. കൊതിപ്പിക്കുന്ന ഗന്ധത്തിനൊപ്പം രുചിയുടെ അടങ്ങാത്ത തേരോട്ടം. അടുപ്പിനരുകില്‍ രുചിയുടേയും കൈപ്പുണ്യത്തിന്റേയും അളവുകള്‍ കൃത്യമാക്കി, ഒരിക്കലും കൈമോശം വരാത്ത പാചകസിദ്ധിയുടെ ദൈവാനുഗ്രഹം മതിയാവോളം നേടിയൊരാളുണ്ട്. പ്രായം പക്വത വരുത്തിയ പാചകപാഠങ്ങള്‍ വരുംതലമുറയിലേക്കു പകരുമ്പോഴും, ഇനിയും പാചകത്തിന്റെ വഴികളില്‍ നിന്നു വേറിട്ടു നടക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാത്ത എഴുപതുകാരന്‍. എറണാകുളം ജില്ലയിലെ പള്ളിക്കരയിലെ ഗ്രാന്‍ഡ് ഫുഡ്‌സിന്റെ താവളത്തിലെത്തുമ്പോള്‍ എതിരേറ്റതു ബിരിയാണിയുടെ ഗന്ധം മാത്രയിരുന്നില്ല. ഗായകരായ ബാബുരാജിന്റേയും മെഹബൂബിന്റേയും കാലം കാത്തുവച്ച ഈരടികള്‍ കൂടിയായിരുന്നു. ഇവിടെ പാട്ടും പാചകവും ഇഴചേര്‍ന്നൊരു ജീവിതത്തിന്റെ രുചിയറിയുകയാണ്. പട്ടു നെയ്യുന്ന ചാരുതയോടെ ഒരു തലമുറയുടെ രുചികളെ നിര്‍ണയിച്ച പാചകജീവിതത്തിന്റെ ജൈത്രയാത്രയുടെ ഏടുകള്‍ തുറക്കുകയാണ്.

ആകസ്മികം ഈ പാചകജീവിതം

ഇത് അബ്ദുള്‍ റഹീം. പള്ളിക്കരയിലെ ഗ്രാന്‍ഡ് ഫുഡ്‌സിന്റെ സാരഥി അബ്ദുള്‍ റഹീം കഴിഞ്ഞ നാല്‍പ്പത്തിനാലു വര്‍ഷമായി ഈ രംഗത്തുണ്ട്. ക്യാറ്ററിങ് എന്ന വിശേഷണം തേടിയെത്തുന്നതിന് എത്രയോ കാലങ്ങള്‍ക്കു മുമ്പു തന്നെ ഈ നാട് റഹീമിന്റെ വിഭവഭങ്ങളുടെ രുചിയറിഞ്ഞിട്ടുണ്ട്. ദൂരദേശത്തു നിന്നു വരെ ഈ രുചിയുടെയും വിഭവങ്ങളുടെയും പെരുമ തേടി ആളുകളെത്തിയിട്ടുണ്ട്. പാചകജീവിതത്തില്‍ മക്കളെ കൂടെച്ചേര്‍ത്തെങ്കിലും ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു റഹീമിന്റെ വിഭവങ്ങളുടെ കൂടെയുള്ള ജീവിതം. എഴുപത്താറിലാണു കൊച്ചിയില്‍ നിന്നു ഭാര്യ റംലയുമൊത്ത് അബ്ദുള്‍ റഹീം പള്ളിക്കരയിലെത്തുന്നത്. അക്കാലത്തു ഈ പ്രദേശത്തുകാരുടെ ഭക്ഷണസംസ്‌കാരം വളരെ ലളിതമായിരുന്നെന്നു അബ്ദുള്‍ റഹീം ഓര്‍മിക്കുന്നു. ആ സമയത്തു റഹ്മാനിയ എന്നൊരു ഹോട്ടലില്‍ ജോലി നോക്കി. എന്നാല്‍ പാചകം അറിയാമെന്ന കാര്യം അധികമാര്‍ക്കും അറിയില്ലായിരുന്നു. വളരെ സൗഹാര്‍ദ്ദപരമായ ശൈലിയായിരുന്നതിനാല്‍ത്തന്നെ ആളുകളുടെ മനസില്‍ അബ്ദുള്‍ റഹീം പെട്ടെന്ന് ഇടംപിടിച്ചു. ഈ ഹോട്ടലില്‍ ജോലിയില്ലാതെ വന്നപ്പോള്‍ ഐലന്‍ഡിലെ വര്‍ക്ക് ഷോപ്പ് ക്യാന്റീനിലും ജോലി ചെയ്തു.

 

പള്ളിക്കരയുടെ പാചകക്കാരന്‍

എഴുപതുകളുടെ അവസാനമാണ് പാചകജീവിതത്തിലേക്ക് തിരിയുന്നത്. അതുമൊരു ട്വിസ്റ്റാണ്. ഒരു കല്യാണനിശ്ചയം. വേറൊരാള്‍ നെയ്‌ച്ചോര്‍ ഉണ്ടാക്കുകയാണ്. എന്നാല്‍ ശരിയാവുന്നില്ല. ആകെയൊരു പ്രശ്‌നമുള്ളതു പോലെ. ഇതു കണ്ടപ്പോള്‍ അബ്ദുള്‍ റഹീം പറഞ്ഞു, അടുത്ത ചെമ്പ് ഞാനുണ്ടാക്കാം. അങ്ങനെ ആദ്യ ചെമ്പില്‍ നെയ്‌ച്ചോറിന്റെ കൈപ്പുണ്യം തളിര്‍ക്കുന്നു. അബ്ദുള്‍ റഹീമെന്ന പള്ളിക്കരയുടെ പാചകക്കാരന്‍ പിറക്കുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല സുന്ദരമായ നെയ്‌ച്ചോറ്. തീര്‍ന്നില്ല തുടര്‍ന്നു കല്യാണത്തിനു ആദ്യമായി മട്ടന്‍ ബിരിയാണിയും തയാറാക്കി അബ്ദുള്‍ റഹീം. ബിരിയാണി എന്നതു അപരിചിതമായിരുന്ന കാലമാണ്. മട്ടന്‍ ബിരിയാണി എന്നു കേട്ടിട്ടു പോലുമില്ല. വളരെ വേഗത്തില്‍ത്തന്നെ ആ മട്ടന്‍ ബിരിയാണി ആളുകള്‍ തിന്നു തീര്‍ത്തു. അബ്ദുള്‍ റഹീമിലെ പാചകക്കാരെ ഒരു ഉള്‍നാടന്‍ ഗ്രാമം അംഗീകരിച്ചു തുടങ്ങി. അങ്ങനെ ഒരു നാടിന്റെ ഭക്ഷണസംസ്‌കാരത്തെ അടിമുടി ഉടച്ചുവാര്‍ത്തു കൊണ്ടുള്ള തുടക്കമായിരുന്നു അത്.

ബിരിയാണിക്കാലം തുടങ്ങുന്നു

എന്നാലും പാചകത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാഹചര്യമായിരുന്നില്ല. ഇടയ്‌ക്കൊക്കെ നല്ല ജീവിതത്തിന്റെ സ്വപ്‌നങ്ങളും പേറി, മറ്റു ജോലികള്‍ ചെയ്യാന്‍ നാടു വിടേണ്ടിയും വന്നു. എന്നാല്‍ കാലം കാത്തുവച്ചതു പള്ളിക്കരയുടെ പാചകക്കാരന്‍ എന്ന വിശേഷണം തന്നെയായിരുന്നു. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോഴാണ് ക്രൈസ്തവ സമൂഹത്തിലുള്ളവര്‍ ആഘോഷങ്ങള്‍ക്കു ബിരിയാണി പാകം ചെയ്തു തുടങ്ങിയത്. വെള്ളച്ചോറിലും മാങ്ങാക്കറിയിലും ഒതുങ്ങിക്കിടന്ന കല്യാണസദ്യയ്ക്കു ബിരിയാണിലേക്കൊരു പ്രമോഷന്‍. ആ ജോലികള്‍ ഏറ്റെടുത്തതോടെ ധാരാളം വര്‍ക്കുകള്‍ ലഭിച്ചു തുടങ്ങി. എങ്കിലും ഏറെക്കാലം സഹായിയൊന്നുമില്ലാതെ ഒറ്റയാള്‍പ്പട്ടാളമായിട്ടായിരുന്നു അബ്ദുള്‍ റഹീമിന്റെ മുന്നേറ്റം.

 


ഗ്രാന്‍ഡ് ഫുഡ്‌സിന്റെ പിറവിയും വളര്‍ച്ചയും

അതൊരു തുടക്കമായിരുന്നു. നിരവധി ആളുകള്‍ക്കു രുചിയോടെ ഭക്ഷണം വിളമ്പിയ സദ്യ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ പലയിടങ്ങളില്‍ നടന്നു. എവിടെയാക്കെ പോയി ജോലി ചെയ്തുവെന്ന് ഓര്‍മ്മയില്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീടാണു മക്കളായ കബീര്‍. പി. ആര്‍, ഷമീര്‍ പി. ആര്‍ എന്നിവര്‍ പിതാവിനൊപ്പം പാചകജോലിയില്‍ ചേരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുക്കറി കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കബീര്‍ രംഗത്തേക്ക് എത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം പുറംനാടുകളില്‍ ജോലി ചെയ്ത ശേഷമാണ് കബീര്‍ ഗ്രാന്‍ഡ് ഫുഡ് മേക്കേഴ്‌സിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഗള്‍ഫ് രാജ്യത്തു ആറു വര്‍ഷത്തെ അനുഭവപരിചയമാണു കബീര്‍ നേടിയത്. പിന്നീട് നാട്ടിലെത്തി പാചകപരിപാടികള്‍ ആരംഭിക്കുമ്പോള്‍ ഈ പരിചയം ഗുണമാവുകയും ചെയ്തു. ഇന്നു ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പാചകം ചെയ്യുന്നവര്‍ വരെ ഗ്രാന്‍ഡ് ഫുഡ്‌സിന്റെ സഹായികളായുണ്ട്. എറണാകുളം ജില്ലയിലെ നിരവധി വലിയ കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇവന്റ്‌സിനുമെല്ലാം രുചികരമായ ഭക്ഷണം വിളമ്പാനുള്ള ചുമതല ഗ്രാന്‍ഡ് ഫുഡ്‌സ് പലവട്ടം ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിതാവു തുടങ്ങിവച്ച പാചകപാരമ്പര്യം തനിമ ചോരാതെ കാത്തുസൂക്ഷിച്ചു പോകുന്നു എന്നതാണു ഗ്രാന്‍ഡ് ഫുഡ് മേക്കേഴ്‌സിന്റെ പ്രത്യേകത. അതോടു കൂടി കൂടുതല്‍ കേന്ദ്രങ്ങളും ആരംഭിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഗ്രാന്‍ഡ് ഫുഡ് മേക്കേഴ്‌സ് എന്ന പേരില്‍ തുടര്‍ന്ന ആ സംരംഭം വളരെ വേഗത്തില്‍ തന്നെ വളര്‍ച്ച കൈവരിച്ചു. പുക്കാട്ടുപടി, പള്ളിക്കര, കരിമുകള്‍, എന്നിവിടങ്ങളില്‍ ഗ്രാന്‍ഡ് ഫുഡ്‌സിന്റെ ടേക്ക് എവേ പാര്‍സല്‍ കൗണ്ടറും ആരംഭിച്ചു. ആലുവ കമ്പനിപ്പടിയിലും കലാഭവന്‍ റഹ്മാനുമായി സഹകരിച്ചൊരു ടേക്ക് എവേ കൗണ്ടറും ആരംഭിച്ചു. ഇതെല്ലാം ജനപ്രീതി നേടി മുന്നേറുകയാണ്.

പാചകരംഗത്തു നിരവധി പേര്‍ നിലയുറപ്പിച്ചെങ്കിലും അബ്ദുള്‍ റഹീം തുടങ്ങിവച്ച പാചകരീതികളേയും ശൈലിയേയും പകരം വയ്ക്കാന്‍ കഴിയില്ല എന്നതാണു പ്രത്യേകത. പുതിയ തലമുറ ഏറ്റെടുത്തെങ്കിലും കൂടുതല്‍ ആളുകള്‍ ഇപ്പോഴും ഈ പഴമയുടെ കൂട്ടുകളും കൈപ്പുണ്യവും തേടിയെത്തുന്നത്. മനുഷ്യന് ഹാനികരമായ ഒരു സാധനവും ഗ്രാന്‍ഡ് ഫുഡ്‌സിന്റെ വിഭവങ്ങളില്ല. തീര്‍ത്തും ആരോഗ്യകരമായ കൂട്ടുകള്‍ ചേര്‍ക്കുന്നതു കൊണ്ടു തന്നെയാണ് യാതൊരു പരസ്യവുമില്ലാതെ ഗ്രാന്‍ഡ് ഫുഡ് പ്രശസ്തിയാര്‍ജ്ജിച്ചത്. ഗ്രാന്‍ഡ് എന്ന പേരു പിറക്കുന്നതിനു പിന്നിലുമൊരു കഥയുണ്ട്. വര്‍ഗീസ് എന്നൊരു സുഹൃത്തിന്റെ വീട്ടില്‍ ബിരിയാണി ഉണ്ടാക്കാന്‍ പോയിരുന്നു. അന്നു മലബാറില്‍ നിന്നൊരാള്‍ ഭക്ഷണം കഴിച്ചശേഷം ആരാണീ ബിരിയാണി ഉണ്ടാക്കിയതെന്നു ചോദിച്ചു. നല്ല ഗ്രാന്‍ഡ് ബിരിയാണിയാണെന്നൊരു കമന്റും പാസാക്കി. ആ അഭിനന്ദനത്തില്‍ നിന്നും സ്വന്തം സംരംഭത്തിന്റെ പേരു പിറന്നു. വയറും മനസും നിറച്ച എത്രയോ പരിപാടികള്‍. വിഭവങ്ങളുടെ വൈവിധ്യം വിളമ്പിയ ആഘോഷങ്ങളില്‍ കഴിഞ്ഞ നാല്‍പ്പത്തിനാലു വര്‍ഷമായി അബ്ദുള്‍ റഹീമും ഗ്രാന്‍ഡ് ഫുഡ് മേക്കേഴ്‌സും നിറഞ്ഞു നില്‍ക്കുകയാണ്. ഇന്നും ഈ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

Spread the love
Previous കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് അവസരങ്ങളുടെ പെരുമഴ : സര്‍ക്കാരിന്റെ പിന്തുണയും
Next നിലവാരമുള്ള നീന്തല്‍ക്കുളങ്ങള്‍ അക്വാഫൈന്‍ പൂള്‍ സൊലൂഷ്യന്‍സിലൂടെ

You might also like

Success Story

ശുദ്ധജലം ഉറപ്പാക്കാം; അക്വാഫ്രഷിലൂടെ…

പ്രൊഫഷണല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും അതില്‍ നിന്ന് മാറി വേറിട്ട പാതയിലൂടെ സഞ്ചരിച്ച വ്യക്തിയാണ് അക്വാഫ്രഷ് ക്യാപിറ്റയുടെ മാനേജിങ്ങ് ഡയറക്ടര്‍ നോബിമോന്‍ എം ജേക്കബ്. ബിരുദ പഠനത്തിന് ശേഷം ഒരു സെയില്‍സ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു നോബി. ഓരോ മാസവും നേടേണ്ട

Spread the love
NEWS

കുന്നോളമുണ്ടല്ലോ കോപ്പിയടിക്കുളിര്‍ : വിട്ടൊഴിയാതെ കവിതാവിവാദം

വിവാദങ്ങളുടേയും ആരോപണങ്ങളുടേയും പെരുമഴ അത്ര പെട്ടെന്നു നനഞ്ഞു തീര്‍ക്കാന്‍ കഴിയാത്തവിധമാണു കാര്യങ്ങളുടെ പോക്ക്. യുവകവി എസ് കലേഷിന്റെ കവിത കോപ്പിയടിച്ചതിന്റെ വിവാദങ്ങള്‍ വിട്ടൊഴിയും മുമ്പേ അധ്യാപിക ദീപ നിശാന്തിനെതിരെ മറ്റൊരു കോപ്പിയടി ആരോപണം കൂടി. ഫേസ്ബുക് ബയോ ആയി പോസ്റ്റ് ചെയ്ത

Spread the love
Success Story

പ്രവേശന പരീക്ഷകളെ അനായാസമാക്കുന്ന മാജിക്

ഒരു സര്‍വേയുടെ ഭാഗമായിട്ടാണ് മലബാര്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിനെക്കുറിച്ച് ഞങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗം അറിയുന്നത്. കേരളത്തിലുടനീളമുള്ള ഒട്ടുമിക്ക കോച്ചിങ് സെന്ററുകളെക്കുറിച്ചും കൃത്യമായി അറിയാവുന്ന ഞങ്ങളെ സംബന്ധിച്ച് മലബാര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ രീതികളും പരിശീലനമുറകളും തികച്ചും വ്യത്യസ്തവും സ്വീകാര്യവുമായി തോന്നി. കേരളത്തിലെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply