ഇന്‍ടു ദി വൈല്‍ഡ്…. കാട് കയറുന്നവരെക്കുറിച്ച്…

നീല്‍ മാധവ്

പറഞ്ഞു പറഞ്ഞു കാടു കയറുന്നതിനു മുമ്പ്, കാടു കയറിയ ഒരു കഥയെക്കുറിച്ചു പറയാം.

ഇന്റര്‍നെറ്റില്‍ സിനിമ ആസ്വാദകരുള്ള കോണുകളില്‍ ഊളിയിടുന്നതിനിടയ്ക്ക് ഒരു ഫോട്ടോ എന്റെ കണ്ണില്‍പ്പെട്ടു. 142 എന്ന് രേഖപ്പെടുത്തിയ ഒരു പഴഞ്ചന്‍ ബസ്സിനു മുകളില്‍ ഒരു സഞ്ചാരി, അയാള്‍ ദൂരെയൊരു കാഴ്ച്ച കണ്ടിരിക്കുന്നു. ഞാന്‍ ഇനിയും കണ്ടിട്ടില്ലാത്ത ഒരു സിനിമയിലെ ഒരു രംഗമായിരിക്കും ഇതെന്ന് വ്യക്തമായി. മൗസ് ക്ലിക്കുകളുടെ തുരുതുരാ മുഴക്കങ്ങള്‍ക്കിടയിലും ആ ഫോട്ടോഗ്രാഫ് എന്റെയുള്ളില്‍ കിടന്നു. മാസങ്ങള്‍ക്കുശേഷം ഒരു സുഹൃത്ത് എന്നോട് ഇന്‍ടു ദി വൈല്‍ഡ് നിര്‍ബന്ധമായും കാണണമെന്ന് പറഞ്ഞപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല, ആ സിനിമയിലേതാണ് ഈ ഫോട്ടോഗ്രാഫ് എന്നത്.

2007ലാണ് ഇന്‍ടു ദി വൈല്‍ഡ് പുറത്തിറങ്ങുന്നത്. സിനിമ തിയേറ്ററില്‍ നിന്ന് ഇറങ്ങി ടൊറന്റില്‍ എത്തിയതോടെ ലക്ഷക്കണക്കിന് പേര്‍ ഈ സിനിമ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് തിരഞ്ഞുപോയപ്പോള്‍ മനസിലായി, ഞാന്‍ കരുതുന്നതിലും അധികം മലയാളികള്‍ ഇന്‍ടു ദി വൈല്‍ഡിനെ സ്നേഹിക്കുന്നുണ്ട്. ഇടയ്ക്ക് സുഹൃത്തുക്കളുടെ വാട്ട്സ്ആപ് ഡിഫോള്‍ട്ട് പിക്ചറായും ഫേസ്ബുക്ക് കവര്‍ ചിത്രമായും ഇന്‍ടു ദി വൈല്‍ഡ് പോസ്റ്ററുകള്‍ കണ്ടു. അതായതു കാടു കയറാനുള്ള മലയാളിയുടെ മോഹം ചില്ലറയല്ലെന്നു ചുരുക്കം.

എന്തുകൊണ്ടാണ് ഈ സിനിമ മലയാളികളെ ആകര്‍ഷിക്കുന്നത് ? കാരണം ഈ സിനിമയുടെ അടിസ്ഥാനം ഒരു രക്ഷപെടലാണ്. മലയാളി ആഗ്രഹിക്കുന്നതും ചില രക്ഷപെടലുകളാണല്ലോ. അതായത് ഒരുതരം ഒളിച്ചോട്ടം. ഒരു സമൂഹത്തിന്റെ, പാരമ്പര്യങ്ങളുടെ ഇടയില്‍ കുടുങ്ങിപ്പോയവരുടെ പലായനമാണ് ഇന്‍ടു ദി വൈല്‍ഡ്. മലയാളികള്‍ക്ക് അത്തരം സ്വപ്നങ്ങള്‍ എന്നും നെഞ്ചേറ്റുന്നവരാണല്ലോ. അവര്‍ക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ലോകം പുല്‍കുന്നതു കാണുമ്പോള്‍ അസൂയയോടെയാണെങ്കിലും അവര്‍ സന്തോഷിക്കും, ഉള്ളില്‍ ചിരിക്കും.

ഇന്‍ടു ദി വൈല്‍ഡിന്റെ നോവെല്‍റ്റി അതിലൊന്നുമല്ല. ഇത് ഒരു കഥയല്ല, മറിച്ച് ഒരു യഥാര്‍ഥ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ്. ക്രിസ്റ്റഫര്‍ മക്കാന്‍ഡലസ് എന്ന സാഹസികന്റെ ജീവിതവും മരണവുമാണ് ഇന്‍ടു ദി വൈല്‍ഡ്. ഇതിലെ അഭ്യാസങ്ങളെല്ലാം അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയതാണ്. 24 വയസ്സുവരെ മാത്രമേ അയാള്‍ ജീവിച്ചുള്ളൂ. അതിനുള്ളില്‍ അയാള്‍ അനശ്വരനായി.

ഹോളിവുഡിലെ എണ്ണം പറഞ്ഞ അഭിനേതാക്കളില്‍ ഒരാളായ ഷോണ്‍ പെന്‍ ആണ് ഇന്‍ടു ദി വൈല്‍ഡിന്റെ സംവിധായകന്‍. 1992 ഏപ്രില്‍ 28ന് ക്രിസ്റ്റഫര്‍ മക്കാന്‍ഡലസിനെ കാണാതായി. ജോര്‍ജിയയിലെ എമോറി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമായിരുന്നു തിരോധാനം. അയാളെ ആരും തട്ടിക്കൊണ്ടുപോയതല്ല, അയാള്‍ ലോകത്തു നിന്ന് സ്വയം മായ്ച്ചുകളഞ്ഞതാണ്. സമൂഹത്തിന്റെ ഭാഗമാണെന്നു തെളിയിക്കുന്ന രേഖകളെല്ലാം നശിപ്പിച്ച്, ഉന്നത പഠനത്തിനുള്ള സാധ്യകളെല്ലാം വേണ്ടെന്നുവച്ച് അയാള്‍ മഞ്ഞുമാത്രം താമസമുള്ള അലാസ്‌കയിലേക്ക് പോയി.

പരസ്പരം പോരടിച്ച അച്ഛനും അമ്മയും, അയാള്‍ ഉള്‍പ്പെട്ട ഹൈ സൊസൈറ്റി, പൊങ്ങച്ചങ്ങള്‍, മധ്യവര്‍ഗത്തിന്റെ അടക്കംപറച്ചിലുകള്‍, ഉത്തരവാദിത്തങ്ങള്‍ അങ്ങനെ അയാളുടെ ദിവസങ്ങള്‍ക്കു ഭാരമായി നിന്ന എല്ലാത്തിനെയും ഉപേക്ഷിച്ച് ഒരു തീര്‍ഥയാത്ര. വഴിയില്‍ അയാള്‍ ഹിപ്പികളെ കണ്ടു, ജീവിതത്തെക്കുറിച്ചു വ്യാധികളില്ലാത്ത മനുഷ്യരെ കണ്ടു, നാടോടികളോട് ബന്ധുത്ത്വം ഉറപ്പിച്ചു, ജാക്ക് ലണ്ടനെയും ഹെന്റി ഡേവിഡ് തൊറോയെയും വായിച്ചു. ജീവിതത്തില്‍ നിന്നുള്ള അവധി സത്യത്തില്‍ മനുഷ്യരോട് അയാളെ അടുപ്പിക്കുകയാണു ചെയ്തത്.

ഒടുവില്‍ അലാസ്‌കയിലെ അനങ്ങാപ്പാറ ബസില്‍ അയാള്‍ ഒറ്റയ്ക്കു താമസിക്കുന്നു. വേട്ടയാടി, വായിച്ച്, പാട്ടുപാടി വന്യതയെ അയാള്‍ ആഘോഷിക്കുകയാണ്. പക്ഷേ, കാലത്തിനോട് അയാള്‍ക്ക് പോരടിക്കാനാകുന്നില്ല. മഞ്ഞുരുകി പച്ചപ്പ് നിറയുമ്പോള്‍ തിരിച്ചുപോകണമെന്ന വ്യഥ അയാളെ വേട്ടയാടുന്നു. ശൈത്യത്തില്‍ കാല്‍നടയായി മുറിച്ചു കടന്ന നദിക്ക് അപ്പോള്‍ ജീവന്‍ വച്ചു. അതിനി അയാള്‍ക്ക് വഴങ്ങില്ല. വിശപ്പും സ്വപ്നങ്ങളും തിരികെപ്പോകണമെന്ന മനുഷ്യ വാസനയും അയാളെ വിറളി പിടിപ്പിക്കുന്നു. ഭക്ഷണമാണെന്നു കരുതി കഴിക്കുന്ന ഇല വിഷമാണെന്ന് തിരിച്ചറിയുമ്പോള്‍ അയാളുടെ കണ്ണില്‍ കണ്ണീരു പൊടിയുന്നുണ്ട്. തിരക്കുകളില്‍ നിന്ന് ഒളിച്ചോടിയത് മരിക്കാനായിരുന്നില്ല ജീവിക്കാനായിരുന്നു എന്ന തിരിച്ചറിവ് ക്രിസ്റ്റഫറിന് ഉണ്ടാകുന്നു. അവസാന സൂര്യപ്രകാശം വന്ന് മുഖത്തടിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.

മക്കാന്‍ഡലസ് മലയാളികള്‍ക്കും ഒരു സ്വപ്നമാണ്. ഒരുപക്ഷേ ലോകത്തിലെ സമാന മനസ്‌കരായ എല്ലാവര്‍ക്കും. ജീവിതത്തെ സ്നേഹിക്കുന്നവര്‍ക്ക് ജീവിതം ഒരു ഭാരമാകുന്നതു സഹിക്കാനാകുമോ… ഏച്ചുകെട്ടലുകള്‍ ഏറെയാകുമ്പോള്‍ തോള്‍ സഞ്ചിയുമായി കാട് കയറിയിരുന്ന പൂര്‍വികരുള്ളവര്‍ക്ക് ഇന്‍ടു ദി വൈല്‍ഡ് പ്രലോഭനമാകുന്നതില്‍ തെറ്റില്ല. പക്ഷേ, കാലം പഴയ വേരുകളെ അറുത്തു കളഞ്ഞു. ഇനി ഇറങ്ങിപ്പോകാന്‍ വഴികളില്ലെന്ന്, അല്ലെങ്കില്‍ ഉള്ളതെല്ലാം അടഞ്ഞ വഴികളാണെന്ന് ബോധ്യമുള്ള ഒരുകാലത്ത് ജീവിക്കുന്നതുകൊണ്ട് മക്കാന്‍ഡലസിന്റെ ചിത്രം ഫേസ്ബുക്കിലും വാട്ട്സാപ്പിലും പ്രൊഫൈലാക്കുകയാണ് നമ്മുടെ ഏക ശരണം.

പിന്നെയൊരു വഴി കൂടിയുണ്ട്, നമ്മളൊരു സാഹസികസാമ്രാജ്യത്തിന്റെ അധിപനാണെന്നു സങ്കല്‍പ്പിക്കുക. ആ സാമ്രാജ്യത്തില്‍ ആഗ്രഹിച്ച രീതിയില്‍ ജീവിക്കുകയാണെന്നുറച്ചു വിശ്വസിക്കുക. പക്ഷേ മുന്‍കരുതലെടുക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക, കാമുകി വിളിച്ചേക്കും, ഫീസ് അടക്കാറായി എന്നു ഭാര്യ ഓര്‍മിപ്പിച്ചേക്കും, നാളെ പണമടച്ചില്ലെങ്കില്‍ വൈദ്യുതി കട്ട് ചെയ്യുമെന്ന ഭീഷണിയുണ്ടായേക്കും. എങ്കിലും ഉറച്ചു വിശ്വസിക്കുക, നമ്മളൊരു അതിസാഹസിക സാമ്രാജ്യത്തിന്റെ അധിപനെന്ന്.

 

Spread the love
Previous സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
Next ദിലീപിനെ പുറത്താക്കിയിട്ടില്ലെന്ന് ഫിയോക്ക്

You might also like

MOVIES

ഭാവന-നവീന്‍ വിവാഹം 22ന്

മലയാളത്തിന്റെ പ്രിയ താരം ഭാവനയും കന്നട നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22, വെള്ളിയാഴ്ച നടക്കും. ലളിതമായി നടത്തപ്പെടുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. Spread the love

Spread the love
MOVIES

പ്രിയദര്‍ശന്‍ ചിത്രം; കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. സിനിമയില്‍ ചരിത്ര പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.  ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും വേഷമിടും.

Spread the love
MOVIES

സിനിമാരംഗത്തുള്ളവര്‍  അവസരങ്ങളില്ലാതാക്കാന്‍ ശ്രമിക്കുന്നതായി ഗോകുല്‍ സുരേഷ്

”ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട് എന്നാണ് ഗോകുല്‍ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അത് ആരാണെന്ന് വ്യക്തമായി അറിയില്ലെന്നും എന്നാല്‍ ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ടെന്നും ഗോകുല്‍ പറഞ്ഞു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply