വലിയ ലക്ഷ്യങ്ങളിലേക്ക് ഉറച്ച ചുവടുവെപ്പുകളോടെ കരുവന്നൂര്‍ ബാങ്ക്

വലിയ ലക്ഷ്യങ്ങളിലേക്ക് ഉറച്ച ചുവടുവെപ്പുകളോടെ കരുവന്നൂര്‍ ബാങ്ക്

നിലവിലുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുമെല്ലാം വ്യത്യസ്തമായി, ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതോടൊപ്പംതന്നെ ഒരു നാടിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനുകൂടി നേതൃത്വം നല്‍കുന്നതിലൂടെയാണ് കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വ്യത്യസ്തമാകുന്നത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ച് നൂറാം വര്‍ഷത്തിലേക്കടുക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ സമസ്ഥ മേഖലകളിലും തങ്ങളുടേതായ കൈയൊപ്പ് രേഖപ്പെടുത്താന്‍ കരുവന്നൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനായി.

പരസ്പര സഹായ
സംഘത്തിലൂടെ തുടക്കം

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനും, 1921നും മുന്‍പുതന്നെ കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പരസ്പര സഹായ സംഘത്തിന് പിന്നീട് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി രൂപമാറ്റം സംഭവിച്ചു. കരുവന്നൂരിലെ പരിസരവാസികളായ ആയിരം പേരില്‍ നിന്നും രണ്ടു രൂപ മുഖവിലയുള്ള ഓഹരികള്‍ സമാഹരിച്ചായിരുന്നു സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം കണ്ടെത്തിയത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാനായതോടെ സഹകരണ സംഘത്തിലേക്ക് നിക്ഷേപങ്ങളും മറ്റുമായി കൂടുതല്‍ ഫണ്ട് എത്തുകയും അത് ബാങ്കിന്റെ രൂപീകരണത്തിലേക്കു വഴിതുറക്കുകയും ചെയ്തു. 1977ലാണ് പരസ്പര സഹായ സംഘത്തിന്റെ നിയമാവലി ഭേദഗതി ചെയ്തുകൊണ്ട് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി രൂപമാറ്റം വരുത്തുന്നത്. അവിടെ നിന്ന് ബാങ്ക് എത്തിപ്പിടിച്ചതും കൈവരിച്ചതുമായ നേട്ടങ്ങള്‍ അനവധിയാണ്. 95 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കിക്കൊണ്ട് കരുവന്നൂരുകാരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ബാങ്കിന് ഇന്ന് 309.9 കോടി രൂപയുടെ നിക്ഷേപവും 393.17 കോടി രൂപയുടെ വായ്പയുമുണ്ട്. കുടിശ്ശിഖയാകട്ടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.

T R SUNILKUMAR

രാജ്യത്തെ മുന്‍നിര ബാങ്കുകളെപ്പോലെ എടിഎം, ആര്‍ടിജിഎസ്, നെഫ്റ്റ് എന്നീ അത്യാധുനിക ബാങ്കിങ് സൗകര്യങ്ങളും കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കിവരുന്നുണ്ടെന്ന് ബാങ്ക് സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ പറയുന്നു. ഇതോടൊപ്പം വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ സൗകര്യവും ബാങ്ക് പ്രദാനം ചെയ്യുന്നുണ്ട്.

കരിവന്നൂര്‍ മെയ്ന്‍ ബ്രാഞ്ച് കൂടാതെ മാപ്രാണം, പൊരത്തിശേ്ശരി, മൂര്‍ക്കനാട്, കുഴിക്കാട്ടുകോണം എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകളും ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും, എടിഎം കൗണ്ടറുകളും ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിന്റെ അംഗ സംഖ്യയാകട്ടെ ഇരുപതിനായിരത്തിന് മുകളിലാണ്. നിക്ഷേപത്തിനേക്കാളധികം തുക വായ്പയായി നല്‍കിയിരിക്കുന്നു എന്നത് കരുവന്നൂര്‍ ബാങ്കിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണെന്ന് പ്രസിഡന്റ് കെ കെ ദിവാകരന്‍ വ്യക്തമാക്കുന്നു. തൃശൂര്‍ ജില്ലയിലെ പൊറിഞ്ഞിശേ്ശരി, മാടായിക്കോണം, ഇരിങ്ങാലക്കുട എന്നീ മൂന്ന് വില്ലേജുകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് ബാങ്ക് മുന്നോട്ടുപോകുന്നത്. ഒരു ശരാശരി സഹകരണ ബാങ്കിനെപ്പോലെ തന്നെ മിതമായ പലിശ നിരക്കില്‍ വിവിധ തരത്തിലുള്ള വായ്പാ പദ്ധതികളും സ്വര്‍ണ പണയ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. കൂടാതെ ആകര്‍ഷകമായ നിക്ഷേപ പദ്ധതികളും ബാങ്ക് നടപ്പിലാക്കിവരുന്നുണ്ട്.

K K DHIVAKARAN

വൈവിധ്യമാര്‍ന്ന ആശയങ്ങളിലൂടെയുള്ള മുന്നേറ്റം

ബാങ്കിങ് സേവനങ്ങള്‍ക്കപ്പുറത്തേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമ്പോഴാണ് അതൊരു സാമൂഹിക സേവന പ്രസ്ഥാനമായി മാറുന്നത്. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കരുവന്നൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കാഴ്ചവയ്ക്കുന്നുണ്ട്.

* സ്വാശ്രയ ഗ്രൂപ്പുകളിലൂടെയും ജൈവ പ്രോത്സാഹന പദ്ധതികളിലൂടെയുമാണ് ബാങ്കിന്റെ മുന്നേറ്റം. കൃഷിയെ ഉപജീവന മാര്‍ഗമാക്കിയിട്ടുള്ള ഒരുകൂട്ടം ജനങ്ങളെ ഒത്തൊരുമിപ്പിച്ചുകൊണ്ട് 174 സ്വയം സഹായ സംഘങ്ങള്‍ ബാങ്കിനു കീഴില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. സ്വാശ്രയ ഗ്രൂപ്പുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും വിപണനം ചെയ്യുകയുമാണ് ഈ സ്വയം സഹായ സംഘങ്ങളുടെ ജോലി.

* സ്വന്തം നാട്ടിലെ കര്‍ഷകരെ കണ്ടില്ലെന്നു നടിക്കാന്‍ ബാങ്കിനാകില്ല. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ബാങ്കിന്റെ വിജയത്തിന് അടിത്തറപാകിയതും. കര്‍ഷകരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നത്. നെല്‍ കര്‍ഷകര്‍ക്കായി പലിശ രഹിത വായ്പ ഉള്‍പ്പെടെയുള്ള വായ്പാ പദ്ധതികളും നടപ്പാക്കിക്കഴിഞ്ഞു. കൂടാതെ കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ ”സ്‌കൂള്‍ കിസാന്‍” എന്ന പദ്ധതിയിലൂടെ സൗജന്യമായി വിത്തും വളവും നല്‍കുന്നുണ്ട്.

* പഠനത്തില്‍ മികവു പുലര്‍ത്തുന്ന 100 വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് അവര്‍ക്ക് സിവില്‍ സര്‍വ്വീസ്, എംബിബിഎസ്, എന്‍ജിനീയറിങ് പോലുള്ള മേഖലകളില്‍ എത്തിപ്പെടുന്നതിനുവേണ്ടി ബാങ്കിന്റെ മേല്‍നോട്ടത്തില്‍ നടത്തിക്കൊണ്ടുപോകുന്ന ട്രെയിനിംഗ് പദ്ധതിയാണ് ‘ഭാവിയിലെ നക്ഷത്രങ്ങള്‍’. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യം വെക്കുന്നത്.

 

ബാങ്കിംഗിതര സേവനങ്ങള്‍

ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി ബാങ്കിംഗിതര പ്രവര്‍ത്തനങ്ങളും കരുവന്നൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയ്തുവരുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് നീതി മെഡിക്കല്‍ സ്റ്റോര്‍, സഹകരണ സൂപ്പര്‍മാര്‍ക്കറ്റ്, ജൈവ പച്ചക്കറി ചന്ത, കാര്‍ഷിക സേവന കേന്ദ്രം, ആംബുലന്‍സ്, ഫ്രീസര്‍ സൗകര്യങ്ങള്‍ എന്നിവ. സര്‍ക്കാരിന്റെ അനുമതിയോടുകൂടിയാണ് പുത്തന്‍തോട്, മാപ്രാണം, പൊരത്തിശേ്ശരി എന്നിവിടങ്ങളിലായി നീതി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഉപഭാക്താക്കള്‍ക്ക് മെഡി കാര്‍ഡ് നല്‍കിയിരിക്കുന്നു. മെഡികാര്‍ഡ് ഉള്ളവര്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു എന്നതും ശ്രദ്ധേയമാണ്. മാപ്രാണം, കരുവന്നൂര്‍, മൂര്‍ക്കനാട് എന്നിവിടങ്ങളിലാണ് സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകളുള്ളത്. 50 വയസിനു മുകളില്‍ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവും ഇവിടെ നല്‍കിവരുന്നു. ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കായി വിവിധ തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നേതൃത്വം വഹിക്കുവാനും അതിലെല്ലാം വിജയിക്കുവാനും ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ ഒരുമ എന്ന പേപ്പര്‍ ബാഗ് യൂണിറ്റ്, റബ്കോയുടെ ഡിവിഷന്‍, ടി. പി. സുബ്ബരാമന്‍ സ്മാരക സാമൂഹ്യ സേവന കേന്ദ്രം എന്നിവയും ബാങ്കിന്റെ സേവന പ്രവര്‍ത്തനങ്ങളെ മികവിലേക്കുയര്‍ത്തുന്നു.

 

ജനകീയ പദ്ധതികള്‍

നിരവധി ജനകീയ പദ്ധതികളും ബാങ്ക് ചെയ്തുവരുന്നുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ വേനല്‍കാലത്തു കുടിവെള്ള വിതരണം നടത്തുന്നതും, ബാങ്ക് പരിധിയില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുമെല്ലാം ഇതില്‍ ചിലത് മാത്രമാണ്. ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം പദ്ധതി പ്രകാരം 9700 വീടുകളിലാണ് ഫലവൃക്ഷം നട്ടുപിടിപ്പിച്ചത്. ഇതിന് ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ കേരളയുടെ അവാര്‍ഡ് ഓഫ് എക്സലന്‍സ് ഇന്‍ അഫോറെസ്റ്റേറ്റ് പുരസ്‌കാരം ബാങ്കിന് ലഭിച്ചു. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍, ബീറ്റ്റൂട്ട് എന്നിവയുടെ തൈകള്‍ വിതരണം, ബാങ്കിന്റെ കീഴിലുള്ള കൃഷിപാഠശാലയിലൂടെ കര്‍ഷകര്‍ക്കായി ക്‌ളാസുകള്‍, തിരുവാതിര ഞാറ്റുവേല ചന്ത, ഇരുപത്തെട്ടുചാല്‍ കാര്‍ഷികോത്സവം, ജൈവപച്ചക്കറി ചന്ത എന്നിവ എല്ലാ വര്‍ഷവും ബാങ്ക് സംഘടിപ്പിച്ചു വരുന്നു. അനെര്‍ട്ട് ആയി സഹകരിച്ച് മാലിന്യ സംസ്‌കരണ പ്‌ളാന്റ് വായ്പാ പദ്ധതി, സൗരോര്‍ജ്ജ റാന്തല്‍ വിതരണം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പലിശരഹിത സൈക്കിള്‍ വായ്പാ പദ്ധതി, വനിതകള്‍ക്കായി കുറഞ്ഞ പിലശ നിരക്കില്‍ സ്‌കൂട്ടര്‍, എല്ലാ വര്‍ഷവും എസ്എസ്എല്‍സി, പ്‌ളസ് ടു എ പ്‌ളസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ്, സേവന കേന്ദ്രത്തിന്റെ കീഴില്‍ എസ്എസ്എല്‍സി, പ്‌ളസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്‌ളാസ്, ജനപ്രതിനിധികള്‍ക്കായി ഏകദിന ശില്‍പ്പശാല എന്നിവയും ബാങ്കിന്റെ ജനകീയ പ്രവര്‍ത്തനങ്ങളാണ്.

 

കാരുണ്യ പ്രവര്‍ത്തനങ്ങള്‍

ജന നന്മ മാത്രമാണ് ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന ലക്ഷ്യം. ജനങ്ങള്‍ക്കു ദോഷകരമാകുന്ന ഒരു പ്രവൃത്തിയും തങ്ങള്‍ ചെയ്യാറില്ല. ബാങ്ക് എന്നതിനേക്കാളുപരിയായി ഇന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സഹായ സഹകരണ സംഘത്തിന്റെ മാതൃകയിലാണെന്ന് സുനില്‍ കുമാര്‍ പറയുന്നു. ഇത്രയും കാലത്തെ ചരിത്രത്തിനിടയില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സ്പര്‍ശ് എന്ന പദ്ധതിക്ക് ആരംഭം കുറിച്ചത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ വരുന്ന കിഡ്നി രോഗികള്‍ക്കും, കാന്‍സര്‍ ബാധിതര്‍ക്കുമായി ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും പ്രതിമാസം 1000 രൂപയുടെ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

 

ഭാവി പദ്ധതികള്‍

കരുവന്നുര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാപ്രാണത്ത് പുരോഗമിച്ചുവരികയാണ്. 15 കോടി രൂപ മുതല്‍ മുടക്കില്‍ ഏഴു നിലകളിലായാണ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം. ഹെഡ് ഓഫീസിനൊപ്പം ബാങ്കിന്റെ ഒരു ബ്രാഞ്ചും ബാങ്കിന്റെ നേതൃത്വത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ്, രണ്ടു ഹോളുകള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിപ്പിക്കും. കൂടാതെ ബാങ്കിന്റെ മുന്‍ പ്രസിഡന്റായിരുന്ന ടി പി സുബ്ബരാമന്റെ പേരിലുള്ള ഡിജിറ്റല്‍ വായനശാലയും ഇവിടെ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക് അധികൃതര്‍.

ഭാവിയില്‍ ആതുര സേവന രംഗത്തും പ്രവര്‍ത്തനങ്ങള്‍ കാഴിചവെയ്ക്കാന്‍ താല്‍പര്യപ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു പാലിയേറ്റീവ് കെയര്‍ സെന്ററും, ഡയാലിസിസ് യൂണിറ്റും ആരംഭിക്കുവാനാണ് പദ്ധതി. ഇതിനാവശ്യമായ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ബാങ്കിന്റെ പുതിയ ആസ്ഥാന മന്ദിരത്തിനടുത്ത് ബാങ്ക് ഭൂമി സ്വന്തമാക്കിക്കഴിഞ്ഞു എന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Spread the love
Previous ഒരു ചെടിയില്‍ നിന്ന് 15 കിലോ തക്കാളി കിട്ടുന്ന 'അര്‍ക്ക രക്ഷക്'
Next ലോണ്‍ട്രി, കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം

You might also like

SPECIAL STORY

കുലുക്കിതക്കത്ത – കട്ട ലോക്കല്‍ സര്‍ബത്ത് കട

നല്ല വെയില്‍ കൂളായി എന്തുണ്ട് കുടിക്കാന്‍ എന്നു ചോദിച്ചാല്‍ സോഡാ നാരങ്ങ വെള്ളം ഉണ്ട്,,,, സംഭാരം ഉണ്ട് …, ജ്യൂസ് ഉണ്ട് എന്നു പറഞ്ഞ് തലകുലക്കുന്ന കോട്ടയം പ്രദീപ് മോഡല്‍ കടക്കാര്‍ നമ്മുടെ പതിവ് കാഴ്ചയാണ്. എന്നാല്‍ പെരുമ്പാവുരിലെ കുലുക്കിതക്കത്തയില്‍ എത്തി

Spread the love
NEWS

ഹോംമെയ്ഡ് ബിസ്‌കറ്റിലൂടെ നേടാം ദിവസവും ആയിരം രൂപ

ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇന്ന് മലയാളികള്‍ രൂപപ്പെടുത്തിവരുന്ന ഒരു സംസ്‌കാരം. ബ്രാന്‍ഡഡ് ഉത്പന്നങ്ങളെക്കാളുപരി മികച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു രീതിയിലേക്ക് ഇന്ന് മലയാളി മാറിക്കഴിഞ്ഞു. ഒരുപാട് ഉത്പന്നങ്ങള്‍ മായം ചേര്‍ത്ത് ലഭിക്കുന്ന ഇക്കാലത്ത് ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണുള്ളത്.   നിത്യേന ആയിരക്കണക്കിന്

Spread the love
SPECIAL STORY

ക്ലോത്ത് ബാഗിലൂടെ നേടാം പ്രതിദിനം 8500 രൂപ

അധികം മുതല്‍മുടക്കില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ഒരു സംരംഭമാണ് തുണി ബാഗുകളുടെ നിര്‍മാണം. ഇതിന്റെ വിപണി ഇപ്പോള്‍ നന്നായി വികസിച്ചു വരുന്നുണ്ട്. തയ്യല്‍ വശമുള്ള വനിതകള്‍ക്കു നന്നായി ശോഭിക്കാനും ഈ രംഗത്തു സാധിക്കും.   വിവിധ ഷോപ്പുകളില്‍ ഈ ബാഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply