ശ്രവണസുന്ദരം, സരളഗ്രാഹ്യം ഈ ഭഗവദ്ഗീത

ശ്രവണസുന്ദരം, സരളഗ്രാഹ്യം ഈ ഭഗവദ്ഗീത

5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏകാദശി ദിവസം കുരുക്ഷേത്ര യുദ്ധ ഭൂമിയിലാണ് ഭഗവദ് ഗീത പിറക്കുന്നത്. 18 അധ്യായങ്ങളിലെ 700 ശ്ലോകങ്ങള്‍ കൃഷ്ണന്‍ അര്‍ജുനന് ചൊല്ലിക്കൊടുത്തു എന്നത് ഐതിഹ്യം. ബന്ധുജനങ്ങളെ എതിര്‍മുഖത്ത് കണ്ട് വില്ലുപേക്ഷിക്കുന്ന അര്‍ജുനനില്‍ തുടങ്ങുന്ന ഭഗവദ് ഗീത, വിശ്വരൂപ ദര്‍ശനം വരെ നീണ്ടു നില്‍ക്കുന്നു. വളരെ സരളമായി ഭഗവാന്‍ അര്‍ജുനന് പറഞ്ഞു കൊടുത്ത 700 ശ്ലോകങ്ങള്‍ ലോകം ഇന്നും ആഴത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. എത്ര കോരിയിട്ടും തീരാത്ത മഹാസാഗരമായി ഇന്നും ഗീതയെന്ന തത്ത്വം ലോകത്തെ നയിക്കുന്നു. ഗീതയുടെ അര്‍ത്ഥതലങ്ങളെ ഒരു ഓഡിയോ രൂപത്തില്‍ അവതരിപ്പിച്ചാല്‍ എത്ര മഹത്തരമായിരിക്കും? ഈ ചിന്തയാണ് വിനോദ് എന്ന അടൂരുകാരനെ ഭഗവദ് ഗീതയുടെ ഓഡിയോ രൂപം പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്. ഒരു സംരംഭകനില്‍ നിന്ന് സാമൂഹിക കാഴ്ചപ്പാടുകളിലേക്കുള്ള വിനോദിന്റെ ചുവടുമാറ്റവും ഈ കഥയിലൂടെ അനാവൃതമാകുന്നു. ഏതൊരു പ്രായക്കാരനും സരളമായി ഹൃദിസ്ഥമാക്കാവുന്ന രൂപത്തില്‍ ഭഗവദ് ഗീതയെ മലയാളീകരിച്ച ഈ അടൂരുകാരന്റെ യാത്രയ്‌ക്കൊപ്പം ചേരുകയാണ് സംരംഭവും.

ത്മജ്ഞാനിയുടെ ഗീതമാണ് ഭഗവദ് ഗീത. ഒരു സാധാരണക്കാരനായ വിനോദ് ആത്മജ്ഞാനത്തിന്റെ വഴികളിലേക്ക് ആകസ്മികമായി എത്തിപ്പെടുകയായിരുന്നു. അടൂരില്‍ പാരമ്പര്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഒരു കുടുംബത്തിലായിരുന്നു വിനോദിന്റെ ജനനം. അച്ഛന്‍ എയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥനും അമ്മ സംസ്‌കൃത അധ്യാപികയും. അമ്മയുടെ സംസ്‌കൃത ജ്ഞാനത്തോട് ആദരവുണ്ടായിരുന്നെങ്കിലും ആ അറിവുകള്‍ മകന് അജ്ഞമായിരുന്നു. വണ്ടിയോടും ചക്രങ്ങളോടുമായിരുന്നു അയാളുടെ പ്രണയം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഓട്ടോമൊബീല്‍ രംഗത്ത് ഡിപേഌമ എടുക്കാനായിരുന്നു വിനോദിന് ആഗ്രഹം. ആ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്തു. പഠനശേഷം ചക്രങ്ങളോടുള്ള പ്രണയം ആ രംഗത്ത് തന്നെ തുടരുവാന്‍ പ്രേരിപ്പിച്ചു. ടാറ്റയുടെയും ബജാജിന്റെയും വാഹന പഌന്റുകള്‍ കാണണമെന്നായി ആഗ്രഹം. പൂനെയിലെ വാഹന ഫാക്ടറികളില്‍ ജീവനക്കാരനായി ഔദ്യോഗിക ജീവിതത്തിന് അരങ്ങേറ്റം കുറിച്ചു. മൂന്നര വര്‍ഷത്തോളം പൂനെയില്‍ പലയിടങ്ങളില്‍ തൊഴിലാളിയായി. പക്ഷെ നാട്ടിലെത്തണമെന്ന വീട്ടുകാരുടെ ആവശ്യം കേരളത്തിലേക്ക് വിനോദിനെ തിരിച്ചെത്തിച്ചു. എന്തെങ്കിലും കച്ചവടം ചെയ്യാമെന്നായി ചിന്ത. ജോലിയെന്ന പതിവ് സമവാക്യത്തെ നിഷേധിച്ചുള്ള ഒരു തുടക്കമായിരുന്നു അവിടുന്ന്. വീടുകളിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന കച്ചവടം തുടങ്ങി. പലചരക്ക് സാധനങ്ങളുമായി വീടുവീടാന്തരം പോകാനുള്ള പരിപാടിയെ കുടുംബത്തിലെ ആരും പിന്താങ്ങിയില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എന്ത് ഓണ്‍ലൈന്‍ കച്ചവടം! എതിര്‍പ്പുകള്‍ രൂക്ഷമായപ്പോള്‍ വീണ്ടും ജോലി ചെയ്യാമെന്ന് വിനോദ് ഉറപ്പിച്ചു. നഷ്ടത്തിലായ ഒരു കമ്പനിയെ ലാഭത്തിലാക്കുക എന്ന ദൗത്യം വിനോദ് ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് ആലപ്പുഴയിലും ഒരു ഓട്ടോമൊബീല്‍ കമ്പനി ലാഭത്തിലാക്കാനുള്ള ചുമതല വന്നു ചേര്‍ന്നു. 25 കോടി വിറ്റുവരവുള്ള കമ്പനിയാക്കി അതിനെയും മാറ്റുവാന്‍ വിനോദിന് സാധിച്ചു. നഷ്ടത്തിലായ കമ്പനികള്‍ ലാഭത്തിലാക്കിയതോടെ വിനോദ് തന്റെ രണ്ടാം ഇന്നിംഗ്‌സിന് തുടക്കം കുറിച്ചു.

കച്ചവടത്തിന്റെ വഴിയെ

പാതി വഴിയില്‍ നിന്നു പോയ ഗ്രോസറി കച്ചവടം പോലെയായിരുന്നില്ല പുതിയ തുടക്കം. ഒരു ഇലക്ട്രോണിക്ക് ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. രണ്ടു കമ്പനികളെ നയിച്ച പരിചയത്തിലായിരുന്നു ഇത്. പക്ഷെ ഇവിടെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വേണ്ടത്ര സ്‌റ്റോക്കില്ലാത്തതും കൂടുതല്‍ ഓഫര്‍ കൊടുക്കുവാന്‍ സാധിക്കാത്തതും വെല്ലുവിളിയായി. പക്ഷെ ഇന്‍സ്റ്റാള്‍മെന്റില്‍ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കി പുതിയ തന്ത്രം പയറ്റുവാന്‍ വിനോദ് തീരുമാനിച്ചു. പതുക്കെ ബിസിനസ് ട്രാക്കിലായി. പിന്നീട് നീണ്ട കാലങ്ങള്‍ക്കൊടുവില്‍ ഫോഴ്‌സിന്റെ കൊല്ലം പത്തനംതിട്ട ഡീലറായി ഓട്ടോമൊബീല്‍ രംഗത്തേക്കും ചുവടുവെച്ചു. പിന്നീട് ടിവിഎസ് ത്രീ വീലറിന്റെ കൊല്ലം ഡീലറായി ഓട്ടോമൊബീല്‍ രംഗത്ത് കരുത്ത് തെളിയിച്ചു.

ആത്മജ്ഞാനത്തിന്റെ വഴിയില്‍

സംരംഭകനാകുക, വിജയിക്കുക എന്ന ആദ്യ കാല തത്വം പതിയെ പിന്നാക്കം പോയി. ആത്മജ്ഞാനവും അതിന്റെ ആനന്ദവും അറിയുക എന്നതായിരുന്നു പിന്നീട് വിനോദിന്റെ ജീവിതാഭിലാഷം. അതിനൊരു നിമിത്തമുണ്ടായി. വിവാഹവും ജോലിയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് മാറിയായിരുന്നു വിനോദിന്റെ താമസം. എന്നാല്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് അനുജന്‍ വീട്ടില്‍ നിന്നിറങ്ങിയതോടെ മാതാവ് വീട്ടില്‍ ഒറ്റയ്ക്കായി. തിരിച്ചു വീണ്ടും തറവാട്ടിലേക്ക് മടക്കം. ഇക്കാലത്താണ് അമ്മ ഭഗവദ്ഗീത വായിക്കുന്നതും അത് പഠിക്കുവാന്‍ കുറച്ച് ആളുകള്‍ ഒത്തുചേരുന്നതും വിനോദ് കാണുന്നത്. എല്ലാം പ്രായമായവര്‍. വിനോദിന്റെ തലയിലും ആത്മജ്ഞാനത്തിന്റെ ആദ്യ ആശയം ഉദിച്ചു. എന്തുകൊണ്ടാകും പ്രായമായവര്‍ ഗീതാപഠനത്തിന് തയ്യാറാകുന്നത്. വിജ്ഞാനത്തിന്റെ ആദ്യ ചോദ്യം മകന്‍ അമ്മയോട് ചോദിച്ചു. ഗീത ആത്മോപദേശമാണ്. പലര്‍ക്കും അത് പഠിക്കണമെന്നുണ്ട്. പക്ഷെ വായിച്ചു മനസിലാക്കുവാനും പഠിക്കുവാനും അവസരമില്ല. സമയം ലഭിക്കുമ്പോള്‍ ആളുകള്‍ പഠിക്കുവാന്‍ തയ്യാറാകുന്നു. സംസ്‌കൃത രൂപത്തിലായതിനാല്‍ ഒരാളുടെ സഹായം ആവശ്യമാണ്. അമ്മയുടെ ഉത്തരം മകന്റെ ജീവിതം മാറ്റുകയായിരുന്നു.

പാറുക്കുട്ടി ടീച്ചറുടെ അടുക്കല്‍

അമ്മയുടെ അടുക്കല്‍ നിന്നാണ് പാറുക്കുട്ടി ടീച്ചറുടെ റഫറന്‍സ് ലഭിക്കുന്നത്. അങ്ങനെ ഭഗവദ് ഗീതയെക്കുറിച്ച് അറിയുവാന്‍ ടീച്ചറുടെ സമക്ഷമെത്തി. ഗീതയുടെ ആഴങ്ങളും അത് പ്രതിപാദിക്കുന്ന വിഷയങ്ങളും മനസിലാക്കിയപ്പോള്‍ വിനോദ് പുതിയൊരു മനുഷ്യനാകുകയായിരുന്നു. പണം നല്‍കുന്ന ആനന്ദത്തെക്കാള്‍ വലുതാണ് ആത്മാനന്ദമെന്ന് വിനോദ് തിരിച്ചറിഞ്ഞു. ഹോസ്റ്റലില്‍ ആത്മസംഘര്‍ഷങ്ങള്‍ ഉണ്ടായ കാലത്ത് മകളും ഗീത വായിക്കുന്നു എന്നറിഞ്ഞതോടെ വിനോദ് തന്റെ വഴി ശരിയാണെന്ന് ഉറപ്പിച്ചു.

ഗീതാ വിവര്‍ത്തനം

തന്നെ ഭഗവാന്‍ ഏല്‍പ്പിച്ച കര്‍ത്തവ്യം എല്ലാവര്‍ക്കും മനസിലാകുന്ന തരത്തില്‍ യഥാര്‍ത്ഥ ഗീത ജനങ്ങളെ കേള്‍പ്പിക്കുക എന്നതാണെന്ന് വിനോദ് തിരിച്ചറിഞ്ഞു. സാധാരക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ഗീതയെ വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു ഭാഗം ഗീതയ്ക്കായി നീക്കി വെച്ചു. രണ്ടു പേരെ കണ്ടെത്തി ഗീത വിവര്‍ത്തനം ചെയ്യാന്‍ ഏല്‍പ്പിച്ചു. എന്നാല്‍ അവര്‍ തയാറാക്കി നല്‍കിയതെല്ലാം പല വ്യാഖ്യാനങ്ങളുടെയും വിവര്‍ത്തനങ്ങളുടെയും കോപ്പി മാത്രമാണെന്ന് വൈകാതെ അദ്ദേഹത്തിന് മനസിലായി. പാറുക്കുട്ടി ടീച്ചറുടെ അടുത്ത് ആശയം അവതരിപ്പിച്ചു. ടീച്ചര്‍ക്ക് 100 വട്ടം സമ്മതം. ഒരു കെടാവിളക്കിന്റെ മുന്‍പില്‍ പ്രാര്‍ത്ഥന നിരതമായ മനസ്‌സുമായി ടീച്ചര്‍ ഗീതാ വിവര്‍ത്തനം ആരംഭിച്ചു. ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കി.

ഓഡിയോ രൂപത്തില്‍

തിരക്കിട്ട ലോകത്ത് വായിച്ചു മനസിലാക്കുവാന്‍ പലരും ശ്രമിക്കുമോ എന്നതായി ചോദ്യം. എന്നാല്‍ ഓഡിയോ രൂപത്തില്‍ ആക്കാമെന്ന് വിനോദ് ഉറപ്പിച്ചു. റിനില്‍ ഗൗതമെന്ന പ്രശസ്ത സംഗീത സംവിധായകനാണ് രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. പ്രിയ ആര്‍ പൈ ശ്ലോകങ്ങള്‍ ഭംഗിയായി പാടുകയും അതിന് സംഭാഷണ രൂപത്തില്‍ വിവര്‍ത്തനവും ഒരുക്കി. കൃഷ്ണനും അര്‍ജുനനും തമ്മിലുള്ള സംഭാഷണമായി മാറി ഗീതാ വിവര്‍ത്തനം. ചെറുതായി തുടങ്ങിയ ഗീത, ഭഗവദ് കടാക്ഷം കൊണ്ട് വലുതായി മാറുകയായിരുന്നു. 18 അധ്യായങ്ങളും 18 രാഗത്തില്‍ ചിട്ടപ്പെടുത്തി. അതിന്റെ ഭാവ ഭംഗി കൈവെടിയാതെ പാടുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തു. നീണ്ട ഒരു വര്‍ഷത്തെ ചിട്ടയായ ശ്രമങ്ങള്‍ക്കൊടുവില്‍ ഭഗവദ് ഗീത ഏത് സാധാരണക്കാരനും മനസിലാകുന്ന തരത്തില്‍ പൂര്‍ണമാക്കി. ഒരു ലക്ഷം രൂപയുടെ ബജറ്റില്‍ ചെയ്തു തീര്‍ക്കാന്‍ ഇറങ്ങിയ ചെറിയ പരിപാടി 20 ലക്ഷം രൂപയുടെ ബൃഹദ് പദ്ധതിയാക്കി മാറ്റി ഭഗവാന്‍.

വീണ്ടുമൊരു കടമ്പ

ഓഡിയോ രൂപത്തിലുള്ള ഗീതയെ ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കുമെന്നായിരുന്നു വിനോദിന്റെ ആശങ്ക. ആയിരത്തോളം സിഡികളും പെന്‍ഡ്രൈവുകളും പ്രിന്റ് ചെയ്തു. ജനങ്ങള്‍ ഭഗവദ് ഗീത കേള്‍ക്കുന്നത് വിനോദ് മനസ്‌സില്‍ കണ്ടു തുടങ്ങി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുലിയന്നൂര്‍ മുരളി തിരുമേനിക്കും പിന്നണി ഗായകന്‍ ഗണേശ് സുന്ദരത്തിനും വിനോദിന്റെ അമ്മ ആദ്യ കോപ്പി നല്‍കി പ്രകാശനം നടത്തി. പിന്നീട് ചലച്ചിത്രതാരം രമേശ് പിഷാരടിക്ക് വിനോദ് ഒരു കോപ്പി നല്‍കുകയുണ്ടായി. പക്ഷെ വീണ്ടുമൊരു പരീക്ഷണമായി കോവിഡെത്തി. ചെയ്തതെല്ലാം പൂര്‍ണമായും വീട്ടിലെ ബോക്‌സില്‍ വെക്കേണ്ട സാഹചര്യം. പക്ഷെ ഓണ്‍ലൈനായി ഇറക്കാമെന്ന വിനോദിന്റെ ആശയം ലോക്ഡൗണിന്റെ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പര്യാപ്തമായിരുന്നു. ഒരു വെബ് ആപഌക്കേഷനായി ഗീത മലയാളത്തില്‍ എത്തുകയാണ്. മതപരമായ ഒരു ഗ്രന്ഥമായിട്ടാണ് പലരും ഇന്നും ഗീതയെ വിലയിരുത്തുന്നത്. പക്ഷെ ഒരു മതഗ്രന്ഥം എന്നതിനുപരി ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഗീതയ്ക്കുണ്ട്. വിനോദിന് ആത്മോപദേശമാണ് ഗീതയെങ്കില്‍ ഗാന്ധിയ്ക്ക് അഹിംസയുടെ പുസ്തകമായിരുന്നു. ഒരു പരിശീലകന് അത് മോട്ടിവേഷന്‍ നല്‍കുന്നു, ഒരു സംരംഭകന് പുതിയ ആശയങ്ങളുടെ പൂന്തോട്ടമാകുന്നു. നന്നുടെ മനസിലുണരുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഗീത. വിനോദിന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം കൂടുകയാണ്. അനേകായിരങ്ങളുടെ പ്രാര്‍ത്ഥനയുടെയും അകമഴിഞ്ഞ ആത്മസമര്‍പ്പണത്തിന്റെയും തിളക്കവുമായി ഗീത മലയാളക്കരയില്‍ വീണ്ടുമൊരു ചരിത്രമാകുമെന്നു തന്നെയാണ് സംരംഭവും വിശ്വസിക്കുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://bhagavadgitaonline.in

Spread the love
Previous 1.7 ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവ് പദ്ധതി വരുന്നു
Next കേരളത്തിന്റെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുമായി മനോദ്

You might also like

SPECIAL STORY

അഴകേകിയും വരുമാനം സ്വന്തമാക്കാം

സ്വന്തമായി ഒരു ബിസിനസ് എന്നത് മിക്ക സ്ത്രീകളുടേയും ഒരു സ്വപ്‌നമാണ്. അങ്ങനെ ആലോചിക്കുമ്പോള്‍തന്നെ ഭൂരിപക്ഷം സ്ത്രീകളുടേയും ചിന്ത ചെന്നെത്തുന്നത് ഒരു ബ്യൂട്ടിപാര്‍ലര്‍ എന്ന ആശയത്തിലാണ്. അഴകേ കുന്നതിലൂടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. ഇതേസമയം ഇത്തരം ഒരു സംരംഭം

Spread the love
Home Slider

പെപ്പെ ബിബിക്യു; കരിയിലൂടെ കരുത്താര്‍ജ്ജിച്ച സംരംഭം

ജീവിതത്തില്‍ തളര്‍ച്ചയും വളര്‍ച്ചയും കണ്ടറിഞ്ഞു വളര്‍ന്നുവന്ന യുവാവ്. തോല്‍വികള്‍ അദ്ദേഹത്തിനു കഠിനാധ്വാനത്തിനുള്ള ഊര്‍ജ്ജമായിരുന്നു. വിജയങ്ങള്‍ പകര്‍ന്നതാകട്ടെ കൂടുതല്‍ മുന്നേറാനുള്ള കരുത്തും. സാഹചര്യങ്ങള്‍മൂലം പല ജോലികള്‍ ചെയ്തുവെങ്കിലും ഒടുവില്‍ സ്വന്തം ബിസിനസിലേക്കു തന്നെ തിരിച്ചെത്തണം എന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവില്‍ കുടുംബരംഭത്തിന്റെ

Spread the love
Home Slider

എഡ്യുക്സ് കരിയര്‍ സൊലൂഷ്യന്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന സ്ഥാപനം

അനുഭവങ്ങളുടെ കരുത്തിലും പ്രചോദനത്തിലും പടുത്തുയര്‍ത്തുന്ന സംരംഭങ്ങളുണ്ട്. ഇത്തരം സംരംഭങ്ങള്‍ക്കു സാമൂഹിക നന്മയെന്ന വലിയ ലക്ഷ്യം കൂടിയുണ്ടാവും. ഒരു പുതിയ തലമുറയെ, സമൂഹത്തിനു നല്ലതു പകരുന്ന ഒരു വലിയ അവബോധത്തെ വാര്‍ത്തെടുക്കുക എന്ന നയമാകും ഇത്തരം സംരംഭങ്ങള്‍ പിന്തുടരുക. അത്തരമൊരു അനുഭവത്തില്‍ നിന്നു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply