ധൈര്യശാലികള്‍ക്കൊപ്പം സൗഭാഗ്യവും വരും

ധൈര്യശാലികള്‍ക്കൊപ്പം സൗഭാഗ്യവും വരും

ജോഷി ജോര്‍ജ്, മൈന്‍ഡ് പവര്‍ ട്രെയിനര്‍

ഒരുകാര്യം നിങ്ങള്‍ അപ്രാപ്യമാണെന്ന് ചിന്തിച്ചുപോയോ, പിന്നെ നിങ്ങള്‍ അക്കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ശ്രമവും നടത്തുകയില്ല. നിങ്ങളിലുണ്ടാകുന്ന അശുഭ ചിന്തകള്‍ അതിന് തടസം നില്‍ക്കുകയും ചെയ്യും.
-റോബിന്‍ ശര്‍മ്മ

ചെറിയ മനുഷ്യരിലാണോ വലിയ മനസ്സുണ്ടാകുന്നത്..? അതേ എന്ന ഉത്തരം പറയുമ്പോള്‍ അത് ഒന്ന് തിരുത്തിപ്പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം വലിയ മനസ്സുള്ള ഏതൊരാളും വലിയ മനുഷ്യനാണെന്നതുതന്നെ. അങ്ങിനെയുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണ് മലാല യൂസഫ്സായി. സ്വന്തം നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കുമായി ഏതൊരാള്‍ പ്രവൃത്തിക്കുന്നുവോ അയാളിലേക്ക് പ്രശസ്തിയും പ്രതാപവും പണവും ഒഴുകിയെത്തുമെന്നൊരു തത്വമുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മലാല. ഈ പെണ്‍കുട്ടിയെ ലോകം ഒരിക്കലും മറക്കില്ല. നന്മ കൊണ്ടും സഹജീവി സ്നേഹം കൊണ്ടും സമ്പന്നയായ മലാഖയാണ് മലാല. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് മലാലക്കു നേരെ താലിബാന്റെ ആക്രമണമുണ്ടായത്. മരണത്തെ അതിജീവിച്ച മലാല പെണ്‍കുട്ടികള്‍ക്കുവേണ്ടി തന്റെ പോരാട്ടം തുടര്‍ന്നു. മലാലയുടെ പോരാട്ടത്തിന്റെ കഥ ലോകമറിഞ്ഞത് ഐ ആം മലാല എന്ന പുസ്തകത്തിലൂടെയാണ്.

ആ പുസ്തകത്തിന്റെ വില്‍പനയിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലഭിച്ച വരുമാനം കൊണ്ട് മലാലയും കുടുംബവും കോടീശ്വരന്മാരുടെ പട്ടികയില്‍ വരെ ഇടം പിടിച്ചു. മലാലയുടെ ആത്മകഥയുടെ പകര്‍പ്പവകാശം സംരക്ഷിക്കാന്‍ സ്ഥാപിച്ച കമ്പനിയുടെ അക്കൗണ്ടില്‍ 2015 ആഗസ്ത് വരെയുള്ള കണക്കു പ്രകാരം 22 ലക്ഷം പൗണ്ടാണുള്ളത്(ഏകദേശം 19 കോടി രൂപ). മലാല, അച്ഛന്‍ സിയാവുദ്ദീന്‍ യൂസഫ്സായി, അമ്മ തോര്‍ പെകായി എന്നിവരാണ് കമ്പനിയുടെ ഓഹരിയുടമകള്‍. സണ്‍ഡേ ടൈംസ് ജീവനക്കാരിയായ ക്രിസ്റ്റീന ലാമ്പും മലാലയും ചേര്‍ന്നാണ് ഞാന്‍ മലാല എന്ന പുസ്തകം തയ്യാറാക്കിയത്. ഇതിന്റെ 18 ലക്ഷത്തിലേറെ കോപ്പികളാണ് ഇതിനോടകം വിറ്റുപോയത്. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2015 ലാണ് മലാലക്ക് നോബല്‍ പുരസ്‌കാരം ലഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രഭാഷണങ്ങള്‍ക്ക് ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന നോബല്‍ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലാണ് മലാലയുടെ സ്ഥാനം. ഒരു പ്രസംഗത്തിന് ഒരു കോടി രൂപയോളം രൂപയാണ് മലാലക്ക് ലഭിക്കുന്നതത്രെ..!

പാകിസ്താന്റെ പ്രസിഡന്റ് പദവി ലഭിച്ചാല്‍ എന്തു ചെയ്യും? സി.എന്‍.എന്‍. ലേഖകന്‍ ഒരിക്കല്‍ മലാലയോട് ചോദിച്ചു. എല്ലാ പെണ്‍കുട്ടികളെയും പഠിക്കാന്‍ അനുവദിക്കണമെന്ന് താലിബാനോട് അഭ്യര്‍ഥിക്കും എന്നതായിരുന്നു മലാലയുടെ മറുപടി. ‘താലിബാന്റെ കൈയില്‍ തോക്കും ബോംബുമുണ്ട്, മലാല പറഞ്ഞത് അവര്‍ അനുസരിച്ചില്ലെങ്കിലോ?’ എന്ന് ലേഖകന്‍ അടുത്ത ചോദ്യം തൊടുത്തു. രണ്ടാമത്തെ ചോദ്യം കേട്ട് പതറിപ്പോയ മലാല പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു, ‘ഞാന്‍ പറഞ്ഞ ”പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം. ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമറിക്കാനാകും. വിദ്യാഭ്യാസമാണ് ഏക പരിഹാരം.”-മലാല യൂസഫ്സായി അത് തെളിയിച്ചിരിക്കുന്നു.

പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം ഹനിച്ച് താലിബാന്‍ ഭീകരര്‍ നടപ്പാക്കിയ കാടന്‍ നിയമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് താലിബാന്‍ തോക്കിന്റെ വെടിയുണ്ടയേല്‍ക്കേണ്ടി വന്നു മലാലയ്ക്ക്. പാക്കിസ്ഥാനിലെ ഏറ്റവും മനോഹര പ്രദേശമായ സ്വാത്തിലാണ് മലാല യൂസഫ് സായി ജനിച്ചത്. കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സിയാവുദ്ദീന്‍ യൂസഫാണ് പിതാവ്. മകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുത്തതും അദ്ദേഹമായിരുന്നു. പിതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മലാല വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകയായത്. സ്വാത് മേഖലയില്‍ പിടിമുറുക്കിയ താലിബാന്‍ ഭീകരവാദികള്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുതെന്നും പുറത്തിറങ്ങി നടക്കരുതെന്നുമൊക്കെയുള്ള വിലക്കുകള്‍ കൊണ്ടുവന്നു. പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ ബോംബിട്ട് തകര്‍ക്കാനും അവിടം താലിബാന്റെ ക്യാമ്പുകളാക്കാനും തുടങ്ങി.

അതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ മലാലയ്ക്കായില്ല. വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അവള്‍ പൊതുവേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി. വലിയ തോതിലുള്ള പിന്തുണയാണ് മലാലയ്ക്ക് ലഭിച്ചത്. താലിബാനെതിരെ പ്രസ്‌ക്ലബ്ബിലടക്കം പൊതുവേദികളില്‍ അവള്‍ ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തത് വലിയ വേദനയാണ് മലാലയില്‍ സൃഷ്ടിച്ചത്. സ്‌കൂളിലേക്ക് പോകുന്ന വഴികളും അവടെ കണ്ടുമുട്ടുന്ന ആളുകളും ക്ലാസ് മുറിയും അധ്യാപകരുമെല്ലാം മലാലയുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. സ്‌കൂള്‍ മുറ്റത്തെ പൂക്കളെയും വൃക്ഷങ്ങളെയും കുറിച്ചുവരെ അവള്‍ക്ക് ചിന്തകളുണ്ടായിരുന്നു. സ്വാത്തിലെ ഓരോ പെണ്‍കുട്ടിയുടെയും ജീവിതത്തെ അതെല്ലാം വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നതും മലാലയിലൂടെ ലോകത്തിനു മനസ്സിലാക്കാനായി. താലിബാന്റെ വിലക്കുകളെ ലംഘിച്ച് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞ ദിനങ്ങളെയും പോകാന്‍ കഴിയാതിരുന്ന ദിനങ്ങളെയും മലാല ഡയറിക്കുറിപ്പുകളാക്കിയിട്ടുണ്ട്. അവളുടെ അസ്വസ്ഥതകളും ചിന്തകളും ആശങ്കകളുമെല്ലാം ചേര്‍ത്തു വച്ചപ്പോഴാണ് ലോകത്തെ ഞെട്ടിക്കുകയും ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുകയും ചെയ്ത പുസ്തകം ജന്മമെടുത്തത്.

‘….ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. താലിബാന്‍ ഭീകരവാദികളും പട്ടാളഹെലികോപ്റ്ററുകളുമായിരുന്നു സ്വപ്നത്തില്‍. സ്വാത്തില്‍ പട്ടാളനടപടി ആരംഭിച്ചതുമുതല്‍ ഇത്തരം സ്വപ്നങ്ങള്‍ പതിവാണ്. സ്‌കൂളില്‍ പോകാന്‍ എനിക്കു പേടിയുണ്ട്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുതെന്ന് താലിബാന്‍ വിലക്കിയിരിക്കുകയാണ്. എല്ലാദിവസവും വൈകുന്നേരത്ത് റേഡിയോയിലൂടെ താലിബാന്‍ കമാണ്ടര്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെതിരെ പ്രസംഗിക്കുന്നുണ്ട്…. ഇന്ന് ക്ലാസ്സിലെ 27 കുട്ടികളില്‍ 11 പേരേ എത്തിയിട്ടുള്ളൂ. താലിബാന്‍ പേടി തന്നെ കാരണം. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ കൊല്ലുമെന്നാണ് ഭീഷണി. പെണ്‍കുട്ടികളെ പഠിപ്പിച്ചാല്‍ സ്‌കൂള്‍ തകര്‍ക്കുമെന്നും ഭീഷണിയുണ്ട്. സ്‌കൂളില്‍ നിന്നും വരുംവഴി ഒരു മനുഷ്യന്‍ ‘നിന്നെ ഞാന്‍ കൊല്ലും’ എന്ന് ആക്രോശിക്കുന്നത് കേട്ട് ഞാന്‍ പേടിച്ചുപോയി. ഞാന്‍ നടത്തത്തിന് വേഗം കൂട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്നു. ആരെയോ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് തീര്‍ച്ച….” മലാലയുടെ ഭയത്തില്‍ പൊതിഞ്ഞ ഡയറിക്കുറിപ്പുകള്‍ നമുക്കുമുന്നില്‍ തുറന്നു വയ്ക്കുന്നത് താലിബാന്റെ ഭീകരമുഖമാണ്. താലിബാന്‍ വായനയ്ക്കും വിദ്യാഭ്യാസത്തിനും സിനിമയ്ക്കും മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തിയത് പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ ഉള്‍പ്പടെയുള്ള പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമെല്ലാം ലോകമറിഞ്ഞു. എന്നാല്‍ വിലക്കുകള്‍ ലംഘിച്ചും അവിടങ്ങളില്‍ കലാ, സാഹിത്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. കാലാകാര•ാരെ തുറുങ്കിലടയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. വിദ്യാഭ്യാസം നേടണമെന്ന വലിയ ആഗ്രഹത്തോടെ ആണ്‍വേഷം കെട്ടി പെണ്‍കുട്ടികള്‍ അഫ്ഗാനിലെ പള്ളിക്കൂടങ്ങളിലെത്തിയ കഥകള്‍ ‘ഒസാമ’ പോലുള്ള ഇറാനിയന്‍ സിനിമകളിലൂടെയും പുറം ലോകം അറിഞ്ഞു.

താലിബാന്‍ നിയന്ത്രണത്തിലെ സ്വാത്തിനെപ്പറ്റി മലാല എഴുതിയ ഡയറിക്കുറിപ്പുകള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ സ്വാത്തിലേക്കും തിരിക്കാന്‍ ഇടയാക്കി. ബിബിസിയുടെ ഉറുദു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് തന്നെ അവളെ പ്രശസ്തയാക്കി. നോട്ട് കൈകൊണ്ടെഴുതി ഒരു റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്‌കാന്‍ ചെയ്ത് ലണ്ടനിലെ ബിബിസി ആസ്ഥാനത്തേക്ക് മെയില്‍ ചെയ്യുകയായിരുന്നു. അവളുടെ എഴുത്ത് താലിബാനെ വളരെക്കൂടുതല്‍ പ്രകോപിതരാക്കി. ഒരിക്കല്‍ അവള്‍ സ്‌കൂള്‍ ബസ്സില്‍ പോകുമ്പോള്‍ ബസ് തടഞ്ഞുനിര്‍ത്തി ഭീകരവാദികള്‍ ആക്രമിച്ചു. ‘നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കില്‍ നിങ്ങളെ എല്ലാവരേയും ഞാന്‍ വെടിവെച്ചുകൊല്ലും..’ ബസ്സിലേക്ക് ചാടിക്കയറിയ അക്രമി ആക്രോശിച്ചത് അങ്ങനെയാണ്. അപ്പോള്‍ അവള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസിനുള്ളിലെ മുഴുവന്‍ കുട്ടികളോടുമയാള്‍ ഇതു തന്നെ ചോദിച്ചു. തോക്കിന്‍ മുനയില്‍ കുട്ടികള്‍ പേടിച്ചു വിറച്ചു. അവസാനമയാള്‍ മലാലയെ കണ്ടെത്തി. കയ്യെത്തും ദൂരത്ത് നിന്നും അയാള്‍ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി. മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയെ ഇംഗ്ലണ്ടിലെത്തിച്ചു. തോളില്‍ നിന്നും ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വെടിയുണ്ട പുറത്തെടുത്തു.

മലാലയ്ക്ക് വെടിയേറ്റതാണ് താലിബാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ലോകം മുഴുവന്‍ മലാലയ്ക്കൊപ്പം നിന്നു. അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. പാക്കിസ്ഥാനിലെയും ലോകരാജ്യങ്ങളിലെയും കുട്ടികള്‍ ഒന്നടങ്കം കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വെളിച്ചവുമായി മലാലയ്ക്കായി തെരുവിലിറങ്ങി. പാക്കിസ്ഥാനിലെ 50 ഇസ്ലാമിക പുരോഹിതര്‍ ചേര്‍ന്ന് മലാലയെ ആക്രമിച്ച താലിബാന്‍ കൊലയാളികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. മലാലയ്ക്ക് വെടിയേറ്റ ദിവസം അമേരിക്കയില്‍ നടന്ന സംഗീത പരിപാടിയില്‍ പാടിയ പാട്ട് അവള്‍ക്ക് സമര്‍പ്പിച്ചാണ് പോപ്പ് ഗായിക മഡോണ പ്രതികരിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി മലാല സംഭവത്തെക്കുറിച്ച് ലേഖനമെഴുതി. പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലോകമെങ്ങുമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തു വന്നു. വിവിധ രാജ്യങ്ങളില്‍ അതിനായി ധനസമാഹരണവു നടന്നു. അന്നത്തെ യുഎസ് പ്രഥമ വനിത ലോറ ബുഷ് ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രത്തില്‍ മലാലയെ ആന്‍ ഫ്രാങ്കുമായി താരതമ്യപ്പെടുത്തി ലേഖനങ്ങളെഴുതി. അവള്‍ ലോകത്തിന്റെ താരമാകുകയായിരുന്നു. കൃതിയായ ‘ഞാന്‍ മലാല’യ്ക്ക് ലോകമെങ്ങും ലഭിച്ച പ്രചാരം മലയാളി വായനക്കാരും നല്‍കി. പുസ്തകം വില്‍ക്കുന്ന കടകള്‍ ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. താലിബാന്റെ വിലക്കുകള്‍ ലംഘിച്ചും പാക്കിസ്ഥാനി വായനക്കാരുടെയും പ്രിയപ്പെട്ട പുസ്തകമായി ‘ഞാന്‍ മലാല’ മാറി. പുസ്തകം വിപണിയിലെത്തുന്നതിനു മുന്നേ തന്നെ 16 കോടി രൂപയ്ക്കാണു ബ്രിട്ടനിലെ വന്‍കിട പ്രസാധകരുമായി മാലാല പകര്‍പ്പവകാശ കരാര്‍ ഒപ്പിട്ടത്. ‘ഞാന്‍ എന്റെ കഥ പറയുകയാണ്. പഠനം നിഷേധിക്കപ്പെടുന്ന ലോകത്തെ 61 ദശലക്ഷം കുട്ടികളുടെത് കൂടിയാണ് ഈ കഥ.’ മലാല പുസ്തകത്തെക്കുറിച്ചു പറഞ്ഞത് അങ്ങനെയാണ്.

‘മലാല ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയാണ്… അവള്‍ക്ക് ഇത്ര കരുത്തുണ്ടാകാന്‍ ഞാനെന്തൊക്കെ ചെയ്തു എന്ന് ചോദിച്ചാല്‍, പറയാന്‍ ഒന്നേയുള്ളൂ. ഞാന്‍ അവളുടെ ചിറകുകള്‍ അരിഞ്ഞില്ല…’ചെറുപ്രായത്തില്‍ത്തന്നെ ധീരമായ നിലപാടുകളിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ കഴിഞ്ഞ മലാലയെക്കുറിച്ച് അച്ഛന്‍ സിയാവുദീന്‍ യൂസഫ്‌സായിയുടെ വാക്കുകളാണിത്. ആണ്‍കോയ്മ ആഴത്തില്‍ നടമാടുന്നൊരു സമൂഹത്തില്‍ സിയാവുദീന്റെ ഒരച്ഛന്റെ വാക്കുകള്‍ക്ക് സവിശേഷമായ അര്‍ഥതലങ്ങളുണ്ട്; തന്റെ അഞ്ചു സഹോദരിമാരില്‍ ഒരാള്‍പോലും സ്‌കൂളില്‍ പോയിട്ടില്ല എന്ന വസ്തുതയോട് മനസ്സ് ചേര്‍ത്തുവയ്ക്കുമ്പോള്‍ പ്രത്യേകിച്ചും. പാകിസ്ഥാന്‍പോലുള്ള മതാധിഷ്ഠിതസമൂഹത്തില്‍ ദരിദ്രസാഹചര്യങ്ങളില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുക എന്നതുതന്നെ അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കലാണെന്ന് വിദ്യാഭ്യാസപ്രവര്‍ത്തകനും കവിയുമായ സിയാവുദീന്‍ യൂസഫ് സായിക്ക് മറ്റാരേക്കാളും നന്നായി അറിയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുംവേണ്ടി പോരാടുന്ന ഇന്നത്തെ മലാലയെ രൂപപ്പെടുത്തിയതില്‍ പുരോഗമനവാദിയായ ആ അച്ഛന്റെ പങ്ക് നിസ്തുലവും മഹത്തരവുമാണെന്ന് ലോകം തിരിച്ചറിയുന്നതും.

മലാല യൂസഫ് സായിക്ക് താലിബാന്‍ ഭീകരരുടെ വെടിയുണ്ടയേല്‍ക്കുമ്പോള്‍ 15 വയസ്സുമാത്രമായിരുന്നു. മറ്റേതൊരു കൗമാരക്കാരിയേയുംപോലെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ മലാലയില്‍ ഉറങ്ങിക്കിടന്നിരുന്ന അഗ്‌നി ആളിക്കത്തിച്ചത് അനിസ്‌ളാമികമെന്ന കാരണത്താല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് താലിബാന്‍ പുറപ്പെടുവിച്ച കല്‍പ്പനയാണ്. ഇസ്‌ളാംമൂല്യങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനം നല്‍കിയും നിരക്ഷരരും അജ്ഞരുമായ ജനസാമാന്യത്തിന്റെ മതവികാരത്തെ ആളിക്കത്തിച്ചും അവര്‍ നടത്തിയ സമാന്തരഭരണത്തിന്റെ ഭീകരതയെ മലാല തുറന്നുകാട്ടി. ആശയപ്രചാരണത്തിലൂടെ തന്റെ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ചു മലാല. അങ്ങനെയാണ് താലിബാന്റെ കണ്ണിലെ കരടായി അവള്‍ മാറിയത്.

ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ലഭിക്കുമ്പോള്‍ മലാലയ്ക്ക് പ്രായം 12. പതിനേഴാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വിദ്യാഭ്യാസത്തിനും മനുഷ്യാവകാശത്തിനും സമാധാനത്തിനുംവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകംതന്നെ മുപ്പതിലേറെ അവാര്‍ഡുകള്‍. ലോകത്തിനാകെ പ്രത്യാശയുടെ പുതുവെളിച്ചം പകരാന്‍ ഇപ്പോള്‍ ഇരുപതുവയസ്സിലെത്തിയ മലാലയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഇതായിപ്പോള്‍ അവളുടെ കഥ വെള്ളിത്തിരയില്‍ എത്തുകേയായി. ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ പ്രചോദനമായിമാറും ആ ചലച്ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല. ‘ഗുല്‍ മകായ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അംജദ് ഖാനാണ്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് റിഷി, അഭിമന്യു സിംഗ്, അജാസ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കൂടാതെ കാശ്മീരിലെ 150 ഓളം പ്രാദേശിക കലാകാരന്‍മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ വര്‍ഷം ജൂണില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം റിനൈസന്‍സ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ആനന്ദ് കുമാറാണ് നിര്‍മ്മിക്കുന്നത്. മലാലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടെലിവിഷന്‍ അഭിനേത്രി റീം ഷെയ്ക്കാണ്. മറ്റൊരു സന്തോഷ വാര്‍ത്തകൂടിയുണ്ട്. പാകിസ്ഥാനിലൂടെ സ്വതന്ത്രയായി നടക്കാന്‍ എന്നും മോഹിച്ചിരുന്ന മലാല ആറു സംവത്സരങ്ങള്‍ക്കുശേഷം വീണ്ടും പാകിസ്ഥാനിലെത്തിയിരിക്കുന്നു. താലിബാന്‍ ഭീകരരുടെ ആക്രമണത്തിനു പിന്നാലെ 2012ലാണ് മലാലയെ വിമാനമാര്‍ഗം ബ്രിട്ടനിലെത്തിച്ചത്. വിമാനത്തില്‍ പറക്കുമ്പോഴും ലണ്ടനില്‍ കാറോടിക്കുമ്പോഴും കറാച്ചിയിലോ, ഇസ്ലാമബാദിലോ ആണെന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നെന്നും അത് യാഥാര്‍ത്ഥ്യമായത്തില്‍ അതിയായ സന്തോഷത്തിലാണ് മലാല ഇപ്പോള്‍.

ധൈര്യശാലികളുടെ കൂടെ സൗഭാഗ്യവും വരുന്നു.
ജറോദ് കിന്റസ്

Spread the love
Previous തട്ടിപ്പ് തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി ഇന്‍ഫോസിസ്
Next 2020ഓടെ പുതിയ ആറ് മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

You might also like

NEWS

നേടാം ലക്ഷങ്ങള്‍ സ്‌ക്രാപ്പിലൂടെ

ലോഹനിര്‍മ്മിതമായ ഉപകരണങ്ങലാണ് നമുക്ക് ചുറ്റും ഏറ്റവും കൂടുതല്‍ നമുക്ക് കാണാന്‍ സാധിക്കുക. അടുക്കള ഉപകരണങ്ങള്‍ മുതല്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വരെ ലോഹനിര്‍മ്മിതമാണ്. എന്നാല്‍ ഈ ലോഹനിര്‍മിതികള്‍ക്കെല്ലാം ഒരു കാലാവധി ഉണ്ട്, അതുകഴിഞ്ഞാല്‍ അവ ഉപയോഗശൂന്യമാവും. അതിന് കാരണം തുരുമ്പെടുക്കുന്നതോ ബലക്കുറവുകൊണ്ടൊക്കെ ആവാം.

Spread the love
Special Story

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ വിപണികള്‍ തുറക്കുന്നു: ഫ്യൂച്ചര്‍ ഗ്രൂപ്പ് കെഎസ് യുഎം-ന്‍റെ പങ്കാളി

 സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയും അവയ്ക്ക് മികച്ച വിപണി ഉറപ്പാക്കലും ലക്ഷ്യമിട്ട്  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ഫ്യൂച്ചര്‍ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു. കോവളം ഹോട്ടല്‍ ലീല റാവീസില്‍ നടന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ

Spread the love
SPECIAL STORY

തിളക്കമാര്‍ന്ന നേട്ടത്തിനുമട ഈ സംരംഭക

ഇന്നത്തെ കാലത്ത് ഡേകെയറുകളുടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. അണുകുടുംബമായി താമസിക്കുന്ന പല മാതാപിതാക്കളും ജോലിക്കുപോകുമ്പോള്‍ തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കുക ഡേകെയറുകളിലാണ്. ഈ സാധ്യത മുന്നില്‍ക്കണ്ടാണ് പ്രിയ കൃഷ്ണന്‍ എന്ന സംരംഭക ഡേകെയര്‍ ആരംഭിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply