നിശബ്ദതാഴ്‌വരയുടെ കാവല്‍ക്കാരന്‍

നിശബ്ദതാഴ്‌വരയുടെ കാവല്‍ക്കാരന്‍

കാട് മ്മളെ ചെലപ്പോ കറക്കും, പക്ഷേ ഒരിക്കലും ചതിക്കില്ല. ”

തൂക്കുപാലത്തിന്റെ ഞരക്കത്തിനും മീതെ മാരിയുടെ വാക്കുകള്‍ക്കു വന്യതയുണ്ടായിരുന്നോ? താഴെ, ആ വാക്കുകള്‍ ശരിവച്ച് പതിവ്രതയായി കുന്തിപ്പുഴ ഒഴുകുന്നു. ഉത്ഭവസ്ഥാനത്തു നിന്നു മനുഷ്യസ്പര്‍ശമില്ലാത്ത ഇരുപത്തിമൂന്നു കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കുന്ന ഈ പുഴ, നിശബ്ദ താഴ്‌വരയുടെ താളം. അതിരറിയാത്ത ആരണ്യകത്തിന്റെ നടുവില്‍ നിന്നു മാരി, പറഞ്ഞു തുടങ്ങിയതു കാടിനെക്കുറിച്ച്. പറയുന്നതെല്ലാം കാടിനെക്കുറിച്ച്. കൈപിടിച്ചു കൊണ്ടു പോകുന്നതു കാടിന്റെ കൈവഴികളിലേക്ക്. അറിയാത്ത കാട്ടറിവുകളിലേക്ക്. ചതിക്കാത്ത കാടിന്റെ നേരുകളിലേക്ക്. സൈലന്റ് വാലിയുടെ കാവല്‍ക്കാരില്‍ ഒരാളായ മാരിയില്‍ നിന്ന് അനുഭവങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.

 

സൈരന്ധ്രിയിലെ ക്യാംപ് ഹൗസില്‍ നിന്നു താഴെ കുന്തിപ്പുഴയുടെ തീരത്തേക്കു നടക്കാം. കൂടെ മാരിയുണ്ട്. സമയം ഉച്ചയ്ക്കു മൂന്നരയോടടുക്കുന്നതേയുള്ളൂ. പക്ഷേ, കാട്ടില്‍ നിഴല്‍ വീണു തുടങ്ങി. കരിയിലകള്‍ മൂടിയ വഴിത്താരകളിലേക്ക് തണുപ്പ് അരിച്ചിറങ്ങുന്നു. രണ്ടു കിലോമീറ്ററോളം കാല്‍നടയായി കാട്ടുവഴിയുടെ ഇറക്കത്തിലേക്ക്. ഒരു ചെറിയ പൂവിന്റെ കഥയാണ് മാരി പറഞ്ഞു തുടങ്ങിയത്. ഔഷധത്തിന്റെ ശക്തി, കാട്ടുചെടികളുടെ കുസൃതി, വഴികളിലെ മൃഗസാന്നിധ്യത്തിന്റെ സാധ്യത… വര്‍ത്തമാനങ്ങള്‍ കാടുകയറിക്കൊണ്ടിരുന്നു.

 

 

കാട്ടിലെ കുഞ്ഞു പൂവുകള്‍ക്കുപോലും കഥയുണ്ട്. മാരിക്ക് കഥയില്ലേ? ആ കഥ ഇങ്ങനെ തുടങ്ങാം. മുഡുഗ ഗോത്രത്തില്‍പ്പെട്ട ലച്ചിയപ്പന്റെയും കുറുമ്പിയുടെയും മകനാണു മാരി. സൈലന്റ് വാലിയുടെ കാടു കാത്തിരുന്ന അച്ഛന്റെ മകന്‍. സൈലന്റ് വാലിയുടെ സംരക്ഷകനായിരുന്നു ലച്ചിയപ്പന്‍. താഴ്‌വരയ്ക്കു നിശബ്ദത മാത്രമല്ല, നിഗൂഢതകളും ഉണ്ടായിരുന്ന കാലത്ത് ഗവേഷകരേയും സഞ്ചാരികളേയും കാട്ടിലേക്കു നയിച്ചത് ലച്ചിയപ്പനായിരുന്നു. ഒപ്പം, നിത്യഹരിത വനത്തിന്റെ സമ്പത്ത് നഷ്ടമാകുന്നില്ലെന്നുറപ്പിച്ചു ലച്ചിയപ്പന്‍. കാടിന്റെ കാവല്‍ക്കാരന്റെ മകനും ആ വഴി പിന്തുടര്‍ന്നു. അച്ഛന്‍ നടന്ന വനവഴികളിലൂടെ മാരിയും നടന്നു. മാസാവസാന ശമ്പളത്തിന്റേയും അവധിയുടെയും കണക്കുകളില്‍ കുടുങ്ങാതെ, വാച്ചറെന്ന ഔദ്യോഗിക വിശേഷണത്തിന്റെ തണലില്‍ ഒതുങ്ങാതെ കാടിനെ കാത്തു സൂക്ഷിക്കുന്നു. കൊടുങ്കാടിന്റെ ഇരുളും വെളിച്ചവും താണ്ടി നടക്കുന്നു.

 

 

 

 

മാരിയറിയാത്ത കാടില്ല

മാരിയറിയാതെ കാടിന് ഒരു രഹസ്യവുമില്ല. കാലങ്ങളുടെ സൗഹൃദം. കാട്ടിലൂടെ നടക്കുകയല്ല മാരി. കാടിനൊപ്പം നടക്കുകയാണ്. പതിനഞ്ചാം വയസില്‍ ഈ നിശബ്ദതയിലേക്കെത്തി. കാട്ടുതീ വരുമ്പോള്‍ ലക്ഷ്മണരേഖ ചമയ്ക്കലായിരുന്നു ആദ്യ ദൗത്യം. ഫയര്‍ലൈന്‍ ഒരുക്കല്‍. പിന്നീടു വാച്ചറായി. ഒരു ദിവസം ഇരുപതു കിലോമീറ്ററിലധികം കാട്ടിലൂടെ നടക്കുമായിരുന്നു. ചിലപ്പോള്‍ കൊടുങ്കാട്ടിലൂടെ ഒറ്റയ്ക്ക്. സൂര്യപ്രകാശമെത്താത്ത പകലുകളും, ഇരുളിന്റെ തീവ്രതയറിയിക്കുന്ന ദൂരങ്ങളും പിന്നിടും. റിസര്‍ച്ചിനെത്തുന്നവര്‍ ആശ്രയിക്കുന്നതും മാരിയെ. കാരണം, മാരി കാടിനെ അറിയുന്നു, മാരിയെ കാട് അറിയുന്നു.

 

 

മാരിയുടെ വാക്കുകളില്‍ വന്യാനുഭവങ്ങള്‍ കാടുകയറി. രണ്ടു മൂന്നു കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു സഞ്ചാരം. സംഘത്തില്‍ ഏഴു പേര്‍. കൊടുങ്കാടിന്റെ പേരറിയാ തിരുവുകളില്‍ എവിടെയോ എത്തിയപ്പോള്‍ ഒരു കൊമ്പന്‍. എല്ലാവരും ഓടി. മാരി ഒരു മരച്ചുവട്ടില്‍, ശ്വാസമടക്കിപ്പിടിച്ച് കുത്തിയിരുന്നു. മരത്തിനപ്പുറത്തു വന്ന് കൊമ്പന്‍ മനുഷ്യന്റെ മണം പിടിച്ചു.

 

 

കുറച്ചുദൂരത്തു നിന്നു മറ്റൊരാള്‍, ആനയുടെ ചെയ്തികള്‍ മാരിയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. കുറേനേരം കഴിഞ്ഞു. കൊമ്പന്‍ പിന്മാറിയെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു. ആനച്ചാലിലൂടെ മാരിയും സംഘവും നീങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയിക്കാണും. ഒരു വളവില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു ആ കൊമ്പന്‍. അന്നു കൊമ്പന്‍ മാരിയെ കൊക്കയില്‍ ചാടിച്ചു…

 

 

പൂച്ചിപ്പാറ വനമേഖല. മാരിയുടെ പതിവുസഞ്ചാരം. കുറച്ചുദൂരം ചെന്നപ്പോള്‍ മുന്നില്‍ ചെന്നായയും രണ്ടു കുഞ്ഞുങ്ങളും. കീ കീ എന്നു കരഞ്ഞു കളിക്കുന്ന ഭംഗിയുള്ള കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ മാരിക്കു കൗതുകം, വാത്സല്യം. ഒന്നു കൊഞ്ചിക്കാമെന്നു കരുതി മാരി ഒരു കുഞ്ഞിനെ കൈയിലെടുത്തു തലോടി. അമ്മച്ചെന്നായ അലറിക്കൊണ്ട് ഓടി വന്നു. കുഞ്ഞിനെ താഴെവച്ച് മാരി ഓടി. ഒരു മരത്തില്‍ കയറി. ചെന്നായ വിടുന്ന മട്ടില്ല. മാരിയെ താഴെയിറക്കാനായി ചെന്നായയുടെ ശ്രമം. ഒടുവില്‍, കൂക്കിവിളിച്ചും അലറിക്കരഞ്ഞും ചെന്നായയെ ഓടിച്ചു. എങ്കിലും മാരി പറയും, സൈലന്റ് വാലിയിലെ മൃഗങ്ങളെ വന്യമൃഗങ്ങള്‍ എന്നു വിളിക്കരുത്. ഇങ്ങോട്ട് അറ്റാക്ക് ചെയ്തിട്ടില്ല. കരടി, കടുവ, പുള്ളിപ്പുലി, പാമ്പുകള്‍…. അങ്ങനെ മൃഗങ്ങളേറെ മാരിയുടെ മുന്നില്‍ വന്നിട്ടുണ്ട്. കുന്തിപ്പുഴയിലേക്കു നടക്കുന്നതിനിടെ, ഭയത്തിന്റെ വിത്തു പാകി മാരി ഈറ്റക്കാടുകള്‍ ചൂണ്ടിപ്പറഞ്ഞു, രാജവെമ്പാലകളുടെ കേന്ദ്രമാണിത്. കാട്ടു പാതയില്‍ ഒരു മിഠായിക്കടലാസിന്റെ, പ്ലാസ്റ്റിക്കിന്റെ കഷണം പോലും പാടില്ലെന്നു വാശിപിടിക്കുന്നു മാരി.

 

 

Spread the love
Previous കടബാധ്യത: കഫേ കോഫി ഡേ ബാംഗ്ലൂര്‍ ടെക് പാര്‍ക്ക് വിറ്റു
Next ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം; വകുപ്പുകള്‍ കാറുകള്‍ വാങ്ങണമെന്ന് കേന്ദ്രം

You might also like

Uncategorized

ഒരു അഡാറ് “ദുരന്തം” : അഥവാ കണ്ണടിച്ചു പോയ കണ്ണിറുക്കല്‍

തിയറ്ററിലും അതു തന്നെ സംഭവിച്ചു. ചെറിയൊരു വ്യത്യാസം ഉണ്ടെന്നു മാത്രം. പ്രിയാ വാര്യര്‍ പുരികം ഉയര്‍ത്തിയാണ് ഒരു അഡാറ് ലൗ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍, സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്‍ പ്രേക്ഷകര്‍ വല്ലാതെ പുരികം ചുളിക്കുന്നുണ്ടെന്നു മാത്രം. പുട്ടിനു പീര നിറയ്ക്കുന്ന പോലെ

Spread the love
Entrepreneurship

വാളന്‍പുളി ഒരു മധുരമുള്ള വ്യവസായം

വലിയ മുതല്‍മുടക്കോ, യന്ത്രങ്ങളോ, സാങ്കേതിക വിദ്യകളോ, ജോലിക്കാരോ ഇല്ലാതെ ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച് വിജയിപ്പിക്കാവുന്ന ഒന്നാണ് വാളന്‍പുളി സംസ്‌കരിച്ച് വില്‍ക്കല്‍. ഇക്കാരണത്താല്‍ വാളന്‍പുളി ജീവിതത്തെ മധുരമാക്കുന്ന ഒരു വ്യവസായമാര്‍ഗമാണ്. ഇരുപതിനായിരം രൂപ മുതല്‍മുടക്ക് മാത്രമേ ഈ വ്യവസായം തുടങ്ങാന്‍ ആവശ്യമായി വരുന്നുള്ളു.

Spread the love
Special Story

വരയുടെ വിസ്മയപാഠങ്ങള്‍ പകര്‍ന്ന് വനിതാ സംരംഭക

പഠനത്തിനൊപ്പം കലയുടെ പാഠങ്ങള്‍ കൂടി സ്വായത്തമാക്കുമ്പോഴേ സംസ്‌കാരസമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ഥ കലാപഠനത്തിന്റെ പാതകളിലൂടെ സഞ്ചരിക്കുന്ന കുരുന്നുകള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ കൂടിയാണ്. ഇത്തരത്തില്‍ കുരുന്നുകളെ ശാസ്ത്രീയമായി ചിത്രരചനയുടെ ലോകത്തേക്ക് എത്തിക്കുന്ന പ്രസ്ഥാനമാണ് ഗ്ലോബല്‍ ആര്‍ട്ട്. കൊച്ചിയില്‍ ഗ്ലോബല്‍ ആര്‍ട്ടിന്റെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply