അഭ്രപാളിയിലെ പ്രണയത്തിന്റെ ആമ്പല്‍പ്പൂവ് : ഓള് റിവ്യൂ

അഭ്രപാളിയിലെ പ്രണയത്തിന്റെ ആമ്പല്‍പ്പൂവ് : ഓള് റിവ്യൂ

അനൂപ് കെ. മോഹന്‍

വിശ്വാസങ്ങള്‍ കുടിയിരിക്കുന്ന തുരുത്തില്‍ നിന്നും ജീവിതത്തിനു നിറം പകരാന്‍ മോഹിക്കുന്ന ചിത്രകാരനാണു വാസു. ഒരിക്കല്‍, ഓളാണ് അവന്റെ ജീവിതചിത്രങ്ങള്‍ക്കു നിറം പകരുന്നത്. പിന്നെയങ്ങോട്ട് അവന്റെ ചിത്രങ്ങളുടെ ജീവന്‍ തന്നെ മായ എന്ന ഓളായി മാറുന്നു. വിഭ്രമാത്മകതയുടെ തുരുത്തുകളില്‍ നിന്നും, വിജയമെന്നു തോന്നിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ജീവിതാവസ്ഥകളിലേക്ക് അവന്‍ ഓളിലൂടെ വളരുന്നു. ഓളിലൂടെ അവന്‍ അവനിലെ കലാകാരനു പൂര്‍ണ്ണത തേടുന്നു. എന്നാല്‍ അവള്‍ പകരം പ്രതീക്ഷിക്കുന്ന പരിശുദ്ധ പ്രണയം, മഹാനഗരത്തിന്റെ ഉന്മാദമുനമ്പുകളില്‍ അവന്‍ കൈമോശം വരുത്തുകയാണ്. ഒടുവില്‍ ഓളും, ഓള് സമ്മാനിച്ച ജീവസുറ്റ ചിത്രങ്ങളും അന്യം നിന്നു പോകുന്നു. അവന്റെ സൃഷ്ടികള്‍ ജീവനറ്റു പോകുന്നു. ജീവിതവും ഫാന്റസിയും നാടും നഗരവുമൊക്കെ ഒത്തുചേരുന്ന ഓള് എന്ന സിനിമ വ്യത്യസ്തമാകുന്നതിവിടെയാണ്. ചില തുരുത്തുകളില്‍ നിന്നും ജീവിതത്തിന്റെ വലിയാകാശങ്ങളിലേക്കു വളര്‍ന്ന്, ഒടുവില്‍ ആ തുരുത്തിനോളം ചെറുതായി ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടേണ്ടി വരുന്ന കഥാപാത്രത്തെയാണ് ഓള് അഭ്രപാളിയില്‍ വിരിയിക്കുന്നത്. അതുകൊണ്ടു തന്നെ പൂര്‍ണ്ണമായും ഫാന്റസി എന്ന ഒറ്റവിശേഷണത്തിന്റെ കുടക്കീഴില്‍ ഓള് എന്ന സിനിമയെ തളയ്ക്കാനാവില്ല. അതൊരു ജീവിതം കൂടിയാണ്, നാമറിയാത്ത ജീവിതം.

ജീവിതത്തിന്റെ ഒറ്റപ്പെട്ട തുരുത്തുകളില്‍ നിന്നും പ്രതീക്ഷയുടെ പല്ലക്കിലേറുന്നവര്‍. അവര്‍ക്കു പ്രചോദനമായി മാറുന്നതു വിശ്വാസങ്ങളാവാം. അന്യര്‍ക്കു അന്ധവിശ്വാസമെന്നു തോന്നുന്ന ജീവിതാവസ്ഥകളുമാവാം. അത്തരമൊരു അവസ്ഥയിലൂടെയാണ് ഓളില്‍ ചിത്രകാരനായ വാസു കടന്നു പോകുന്നത്. അതിഭാവുകത്വത്തിലേക്കു വഴുതി പോകാവുന്ന സന്ദര്‍ഭങ്ങളിലും കൈയടക്കത്തോടെ, നല്ല നടനെന്ന വിശേഷണത്തെ ഓള് എന്ന സിനിമയിലും ഷെയ്ന്‍ അരക്കിട്ടുറപ്പിക്കുന്നു. ക്രൂരമായി ബലാത്സംഗം ചെയ്ത് കായലില്‍ കെട്ടിത്താഴ്ത്തപ്പെട്ട നാടോടി പെണ്‍കുട്ടിയില്‍ നിന്നും, മായ എന്ന മായിക കഥാപാത്രത്തിലേക്ക് എസ്തര്‍ വളരെ എളുപ്പം ചേക്കേറിയിരിക്കുന്നു. കായലിന്റെ അഗാധആഴങ്ങളില്‍ മരണത്തിനും ജീവിതത്തിനുമിടയിലുള്ള വരമ്പില്‍ നിന്നവള്‍ പരിശുദ്ധ പ്രണയത്തിന്റെ ആമ്പല്‍പ്പൂക്കള്‍ വിരിയിക്കുന്നു. ദൃശ്യത്തിലെ ജോര്‍ജജ്കുട്ടിയുടെ ഇളയമകളില്‍ നിന്നും ഇരുത്തം വന്ന നടിയിലേക്കാണ് ഓളിലൂടെ എസ്തറിന്റെ സഞ്ചാരം.

 

കേരളത്തിലെ ഒരു തുരുത്തും മുംബൈ മഹാനഗരവുമാണു ഓള് എന്ന സിനിമയുടെ ആഖ്യാന പശ്ചാത്തലം. നഗരവും തുരുത്തുമൊക്കെ അതിമനോഹരമായി ഫ്രെയ്മില്‍ പകര്‍ത്തിയിരിക്കുന്നു അന്തരിച്ച ഛായാഗ്രാഹകന്‍ എം. ജെ. രാധാകൃഷ്ണന്‍. കായലിന്റെ സൗന്ദര്യവും മുംബൈ നഗരത്തിന്റെ പാരുഷ്യങ്ങളും മനസില്‍ തങ്ങിനില്‍ക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ഓളിലൂടെ എം. ജെ. രാധാകൃഷ്ണനു ലഭിച്ചിരുന്നു.

 

കണ്ടു ശീലിച്ചതില്‍ നിന്നും വ്യത്യസ്തമായൊരു പ്രണയകഥ പറയുന്നതില്‍ സംവിധായകന്‍ ഷാജി എന്‍. കരുണും വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പൂര്‍വകാല അഭ്രാവിഷ്‌കാരങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ഈ സൃഷ്ടിക്കു കരുത്തു പകരുന്നതു എഴുത്തുകാരന്‍ ടി. ഡി. രാമകൃഷ്ണന്റെ രചനയും. ഒപ്പം ഐസക് തോമസ് കൊടുക്കാപ്പള്ളിയുടെ സംഗീതവും ഓരോ രംഗങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നുണ്ട്.

 

ഗപ്പി മുതല്‍ അമ്പിളി വരെ നല്ല സിനിമകള്‍ മലയാളിക്കു സമ്മാനിച്ച നിര്‍മ്മാതാവ് എ. വി. അനൂപ് ഇക്കുറിയും പതിവ് തെറ്റിക്കുന്നില്ല. ഓളും അവിസ്മരണീയമായ ഒരു ചലച്ചിത്രാനുഭവമാണ്. ഷെയ്ന്‍ നിഗം, എസ്തര്‍ എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നുണ്ട്. വാസുവിന്റെ പെങ്ങള്‍ വേഷത്തില്‍ കനി കുസൃതിയും ഗംഭീരമായ പ്രകടനം കാഴ്ച്ചവച്ചു. ഇന്ദ്രന്‍സ്, പി. ശ്രീകുമാര്‍, കാഞ്ചന, മായാ മേനോന്‍, രാധിക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

 

 

Spread the love
Previous കാര്‍ഡിയാക് അറസ്റ്റ്:  അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
Next യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: 30 വരെ അപേക്ഷിക്കാം

You might also like

MOVIES

രജനി ചിത്രം 2.0, പ്രദര്‍ശനം ആശങ്കയില്‍

ലോകമെമ്പാടും നാളെ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം 2.0നെതിരെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്ത്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സിഒഎഐ നിര്‍മ്മാതക്കള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും

Spread the love
Home Slider

ഹെലന്‍; മരവിപ്പിന്റെ അതിജീവനം

അഭ്രപാളിയില്‍ അതിജീവനത്തിന്റെ കഥകള്‍ ധാരാളമുണ്ടായിട്ടുണ്ട്. ഹോളിവുഡിലും മറ്റു ഭാഷകളിലുമാണ് ഇത്തരം സിനിമകള്‍ കൂടുതല്‍ പിറവിയെടുത്തിട്ടുള്ളത്. മലയാളത്തില്‍ വളരെ അപൂര്‍വമാണ്. ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതനൊരുക്കിയ മാളൂട്ടി എന്ന ചിത്രം മാത്രമാണിതിനൊരു അപവാദം. പ്രത്യേക സാഹചര്യത്തില്‍പ്പെട്ടുപോകുന്നതും അവിടെ നിന്ന് അതിജീവിക്കുന്നതുമായ സിനിമകള്‍ കാഴ്ച്ചക്കാരനെ

Spread the love
MOVIES

ആന്റണി വര്‍ഗീസിന്റെ ‘അജഗജാന്തരം’ ഒരുക്കത്തില്‍

ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘അജഗജാന്തരം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആന്റണി വര്‍ഗീസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രി’ എന്ന സിനിമക്ക് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. കിച്ചു ടെല്ലസും വിനീത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply