സ്‌നേഹം തുന്നിയ പോപ്പീസ്‌

സ്‌നേഹം തുന്നിയ പോപ്പീസ്‌

ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കുഞ്ഞുവാവകളുടെ നിഷ്‌കളങ്കമായ ചിരിയാണ്. ഒരു പൂവ് വിരിയുന്ന നൈര്‍മല്യം ആ ചിരിയില്‍ കാണാം. സ്നേഹമെല്ലാം പങ്കിട്ടെടുക്കാന്‍ ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണവും പരിചരണവും കരുതലും നല്‍കാനാണ് എല്ലാവരുടെയും ശ്രമം. വര്‍ണക്കുഞ്ഞുടുപ്പുകളിട്ട് പൂമ്പാറ്റകളെപ്പോലെ അവര്‍ പാറി നടക്കുമ്പോള്‍ അച്ഛനമ്മമാരുടെ മനവും നിറയും. കുഞ്ഞിളം ചര്‍മത്തിലൊട്ടിക്കിടക്കുന്ന ഉടുപ്പുകള്‍ക്കും തങ്ങളുടെ സ്നേഹസംരക്ഷണമുണ്ടാകണമെന്ന മാതാപിതാക്കളുടെ വാത്സല്യ ചിന്തയോട് ഉത്തരവാദിത്വത്തോടെ ചേര്‍ന്നു നിന്ന് വളര്‍ന്ന കൈരളിയുടെ സ്വന്തം ബ്രാന്‍ഡാണ് പോപ്പീസ്. പത്രപ്രവര്‍ത്തകനായി തുടങ്ങി സംരംഭകനായി വളര്‍ന്ന ഷാജു തോമസിന്റെ സ്വപ്നസാക്ഷാത്കാരം. നിലമ്പൂരിലും തിരുപ്പൂരിലുമായി  വേരുറപ്പിച്ച് വളര്‍ന്ന പോപ്പീസിന്റെ വിജയകഥ വായിക്കാം…

 

കുട്ടികള്‍ക്ക് മാത്രമായി ഒരു ബ്രാന്‍ഡ്! പോപ്പീസ് ആരംഭിക്കുമ്പോള്‍ ഷാജു തോമസെന്ന സംരംഭകന്റെ സ്വപ്നം ഇത്രമാത്രമായിരുന്നു. എന്നാല്‍ ലോകത്ത് സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരേയൊരു കോര്‍പ്പറേറ്റ് ബ്രാന്‍ഡ് എന്നതാണ് ഇന്ന് പോപ്പീസിന്റെ പ്രത്യേകത. കോവിഡ് കാലഘട്ടത്തില്‍ ആ സൗമ്യതയും സ്നേഹവും മലയാളം ആവോളം ആസ്വദിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ചു വീഴുന്ന ഓരോ കുട്ടിക്കും പുത്തനുടുപ്പ് സൗജന്യമായി നല്‍കുകയും ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്ത വലിയ സ്നേഹം.

 

പത്രപ്രവര്‍ത്തകന്‍

കാനന ഭംഗി കൊണ്ട് സമ്പന്നമായ നിലമ്പൂരായിരുന്നു ഷാജുവിന്റെ ജനനം. റബ്ബര്‍ ബിസിനസില്‍ ശ്രദ്ധയൂന്നിയ കുടുംബത്തില്‍ ജനിച്ചതു കൊണ്ടു തന്നെ കുടുംബ ബിസിനസിന്റെ ഭാഗമാകുമെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. എന്നാല്‍ ജേണലിസത്തില്‍ ബിരുദം കരസ്ഥമാക്കിയ ഷാജു ഒരു ജീവനക്കാരന്റെ വേഷമണിഞ്ഞു. മലയാള മനോരമയിലെ പത്രപ്രവര്‍ത്തകനായി. ഒരു സംരംഭകനാകുമെന്നും കുടുംബ ബിസിനസില്‍ ചേക്കേറി അതിന്റെ നിറങ്ങള്‍ക്ക് കരുത്തു പകരുമെന്നുമുള്ള വിശ്വാസത്തിന് പരിക്കേല്‍പ്പിച്ച് ആദ്യ തീരുമാനം. എന്നാല്‍ പാഷനുള്ള പത്രപ്രവര്‍ത്തകന് എന്ത് സംരംഭം! പേനയിലെ കറുത്ത മഷി കൊണ്ട് നിരവധി ജീവിതങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെന്നതായിരുന്നു ഷാജുവിന്റെ പക്ഷം. റിപ്പോര്‍ട്ടിംഗും മാധ്യമ പ്രവര്‍ത്തനവുമായി രണ്ടു വര്‍ഷങ്ങള്‍ മനോരമയുടെ അകത്തളങ്ങളില്‍ ഷാജു തന്റെ ജീവിതം കരുപ്പിടിപ്പിച്ചു. എന്തിനും ഏതിനും കൃത്യമായ സിസ്റ്റമുള്ള മനോരമ എന്ന ബ്രാന്‍ഡില്‍ നിന്ന് പഠിക്കുവാന്‍ സാധിക്കുന്നതെല്ലാം അദ്ദേഹം ഇക്കാലയളവില്‍ പഠിച്ചെടുത്തു.

 

തിരുപ്പൂരില്‍ നിന്ന് നിലമ്പൂരിലേക്ക്

യാത്രകള്‍ ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഷാജു ആകസ്മികമായാണ് തിരുപ്പൂരില്‍ എത്തുന്നത്. വസ്ത്ര വിപണിയുടെ ഈറ്റില്ലമായ തിരുപ്പൂരില്‍ എത്തിയപ്പോള്‍ ഷാജു ചില സത്യങ്ങള്‍ തിരിച്ചറിഞ്ഞു. രണ്ടു തരം വസ്ത്രങ്ങളുടെ ലോകമാണ് തിരുപ്പൂര്‍. ഒന്ന് കയറ്റി അയക്കാനുള്ളത്, മറ്റേത് തദ്ദേശീയര്‍ക്കുള്ളത്. കുട്ടികളുടെ ഉടുപ്പ് കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്ന് ഷാജുവിന് മനസിലാകുന്നത്. തീരെ ചെറിയ കുഞ്ഞുങ്ങളുടെ ഉടുപ്പുകള്‍ക്ക് ഒരു ഗുണമേന്മയും ഇല്ല. ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ഹാര്‍ഡ് ഡൈകളുടെ കോമ്പിനേഷനില്‍ ഉണ്ടാക്കിയെടുക്കുന്ന കുഞ്ഞുടുപ്പുകള്‍. ചെറിയ അലര്‍ജി മുതല്‍ കാന്‍സറിന് വരെ കാരണമായേക്കാവുന്ന ഗുരുതരമായ നിലവാരമില്ലായ്മ. നല്ല ഉല്‍പ്പന്നങ്ങളെല്ലാം കയറ്റിയയച്ച് അവശേഷിക്കുന്ന നിലവാരം കുറഞ്ഞ ഉടുപ്പുകളാണ് കേരളത്തിലെത്തുന്നത്. ഷാജുവെന്ന നാട്ടിന്‍പുറത്തുകാരന്‍ മാറി ചിന്തിക്കാനാരംഭിച്ചത് ഇവിടം മുതലാണ്. ചെരുപ്പ് മുതല്‍ തൊപ്പി വരെ എല്ലാത്തിനും ബ്രാന്‍ഡുകളുണ്ട്. എന്തുകൊണ്ടാകും കുട്ടികള്‍ക്ക് മാത്രം സ്വന്തമായി ബ്രാന്‍ഡില്ലാത്തത്? കുട്ടികള്‍ക്ക് വേണ്ടി ഗുണനിലവാരമുള്ള ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുമെന്ന് ഷാജു അരയും തലയും മുറുക്കി. ജോലി വിട്ട് ബിസിനസ് ചെയ്യുക എന്നതാണല്ലോ വീട്ടുകാരുടെ താല്‍പ്പര്യം. നേരെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു; താന്‍ കുട്ടികള്‍ക്കായി ഉടുപ്പുണ്ടാക്കുവാന്‍ പോകുകയാണ്! ഉള്ള കച്ചവടം ചെയ്താല്‍ പോരെ, തുണിക്കച്ചവടം അത്ര നല്ലതല്ല, തുടങ്ങി ഉപദേശങ്ങളുടെ നീണ്ട നിരയാണ് പിന്നാലെ വന്നത്. പക്ഷേ പിന്നോട്ടില്ലെന്ന് ഷാജു ഉറപ്പിച്ചു. അച്ഛന്റെ മൗനം അവസരമായി കണ്ട് തന്റെ ലക്ഷ്യത്തിന് വേണ്ടി യാത്ര തിരിച്ചു.

 

ഉടുപ്പ് വേണ്ട, കറിപൗഡര്‍ മതി

ആശയത്തോട് വീട്ടുകാര്‍ ഗുഡ് ബൈ പറഞ്ഞതിനാല്‍ മൂലധനം കണ്ടെത്തുക എന്നതായിരുന്നു ഷാജുവിന്റെ  മുന്നിലുള്ള വെല്ലുവിളി. ഇതിനായി ബാങ്കുകളില്‍ കയറിയിറങ്ങുവാന്‍ തുടങ്ങി. ഒടുവില്‍ ഒരു ദേശസാല്‍കൃത ബാങ്കിന്റെ  മാനേജര്‍ ഷാജുവിനെ ഉപദേശിച്ചു. കുഞ്ഞുടുപ്പ് മാറ്റി കറി പൗഡര്‍ ബിസിനസ് തുടങ്ങുക. നാട്ടില്‍ മുഴുവന്‍ കറിപൗഡര്‍ ബിസിനസ് വേരുറപ്പിക്കുന്ന കാലമായിരുന്നു അത്. അതാകുമ്പോള്‍ ലോണ്‍ തരാം. ഒരിക്കലും ഉല്‍പ്പന്നത്തിന് ആവശ്യക്കാര്‍ ഇല്ലാതെയാകില്ല. കുഞ്ഞുടുപ്പുകള്‍ക്ക് ഒരു ബ്രാന്‍ഡ് പ്രായോഗികമല്ല. പക്ഷെ ഷാജു തന്റെ ആശയം വിട്ടു കളയാന്‍ തയാറല്ലായിരുന്നു. ബാങ്ക് മാനേജര്‍മാരെ വീണ്ടും കാണുവാന്‍ തുടങ്ങി. നിരവധി തവണ ബാങ്കില്‍ കയറിയിറങ്ങിയതോടെ 10 ലക്ഷം രൂപയുടെ പ്രോജക്ടിന് ഒരു ലക്ഷം രൂപ വായ്പ ലഭിച്ചു. മകന്റെ തീവ്രമായ ആഗ്രഹത്തെ സാമ്പത്തികമായി സഹായിക്കുവാന്‍ ഈ ഘട്ടത്തില്‍ അച്ഛനും കൂട്ടു നിന്നു. 2005 ല്‍ ചെറിയ മൂലധനത്തില്‍ 20 പേരുമായി ഷാജു തന്റെ സ്വപ്ന സംരംഭത്തിന് തുടക്കമിട്ടു.

 

പോപ്പീസ് ജനിക്കുന്നു

എന്ത് പേരിടുമെന്നതായിരുന്നു ആദ്യ വെല്ലുവിളി. ഒരു പൂവ് മൊട്ടിട്ട് പൂത്ത് നില്‍ക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. പൂക്കളുടെ പേരില്‍ ഒരു കൊച്ച് ബ്രാന്‍ഡ് എന്ന ആശയം അങ്ങനെയാണ് മനസില്‍ കയറിപ്പറ്റിയത്.  പക്ഷേ പത്രപ്രവര്‍ത്തകനായിരുന്ന കാലഘട്ടത്തില്‍ തന്നെ ട്രേഡ് മാര്‍ക്ക് ആവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നതിനാല്‍ തന്നെ പൂക്കളോടുള്ള മോഹം വസ്ത്രത്തിന്റെ ഡിസൈനില്‍ മാത്രം ഒതുക്കേണ്ടി വന്നു. പകരമൊരു പേരെന്ന ചിന്തയില്‍ നിന്നാണ് പോപ്പീസ് എന്ന ബ്രാന്‍ഡ് നെയിം പിറക്കുന്നത്. കുഞ്ഞുടുപ്പുകളുടെ ആ വലിയ ലോകത്തിന് കാലം കാത്തു വെച്ച പേരെന്ന് പറയുന്നതാകും ഉചിതം. ഷാജുവെന്ന ഒറ്റയാള്‍ പോരാളിയുടെ തറിയില്‍ ഊടും പാവും തെറ്റാതെ പോപ്പീസ് എന്ന ബ്രാന്‍ഡ് അങ്ങനെ നെയ്തു തുടങ്ങി.

 

ഗുണമേന്മ വിപണി തേടിയപ്പോള്‍

കുഞ്ഞുടുപ്പുകള്‍ തിരുപ്പൂരില്‍ നിന്ന് അതുവരെ ലഭ്യമായിരുന്നത് ആറു രൂപ നിരക്കിലായിരുന്നു. മാത്രമല്ല അത് വിപണിയില്‍ വിറ്റിരുന്ന പരമാവധി വില 60 രൂപയും. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നു പോപ്പീസിന്റെ സ്റ്റാഫ് എന്നതിനാല്‍ സ്റ്റിച്ചിംഗ് ചെറിയ പ്രശ്നമായി വന്നു. അതിനാല്‍ തിരുപ്പൂരിനെ തന്നെ സ്റ്റിച്ചിംഗിനും മറ്റും ആശ്രയിക്കേണ്ടി വന്നു. ഉയര്‍ന്ന ക്വാളിറ്റി, ചെറിയ ക്വാണ്ടിറ്റി എന്ന തത്വത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചപ്പോള്‍  ചെലവ് കുതിച്ചുയുര്‍ന്നു. ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചപ്പോള്‍ വില 140 രൂപ. എങ്ങനെ വില്‍ക്കുമെന്നായിരുന്നു ആദ്യ ചോദ്യം. പക്ഷെ തന്റെ ഉല്‍പ്പന്നത്തില്‍ ഷാജുവിന് വലിയ വിശ്വാസമുണ്ടായിരുന്നു. ആദ്യം കമ്പനിയിലെ ജീവനക്കാര്‍ തന്നെയായിരുന്നു കടകളില്‍ വില്‍ക്കുവാന്‍ ചെന്നത്. എന്നാല്‍ സ്വീകരണം വളരെ മോശം. ഇത് വേണ്ടേവേണ്ട എന്നതായിരുന്നു കടക്കാരുടെ തുടക്കത്തിലെ നിലപാട്. പിന്നീട് ഷാജു നേരിട്ട് കടകളില്‍ എത്തി. ഉല്‍പ്പന്നത്തിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ച് കടക്കാരെ ബോധവല്‍ക്കരിച്ചു. വിറ്റു പോയാല്‍ മാത്രം പണം എന്ന നിലയില്‍ പോപ്പീസ് കുഞ്ഞുടുപ്പുകള്‍ കടകളില്‍ ഏല്‍പ്പിച്ചു. വിറ്റു പോകില്ലെന്ന് എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ വിപണിയില്‍ വലിയൊരു അത്ഭുതം നടന്നു. ഗുണമേന്മ വിലക്കുറവിനെ തോല്‍പ്പിച്ചു കളഞ്ഞു. ഒരിക്കല്‍ വാങ്ങിയ ഉപഭോക്താക്കള്‍ പോപ്പീസിനെ തേടി വീണ്ടും വന്നു. പതുക്കെ പതുക്കെ വിപണിയില്‍ വേരുറപ്പിക്കുവാന്‍ തുടങ്ങി ഷാജുവും കൂട്ടരും.

 

വളര്‍ച്ചയുടെ പുതിയ അദ്ധ്യായം

ഇന്ന് കുട്ടികളുടെ ഉടുപ്പുകളില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് പോപ്പീസ്. 20 ല്‍ നിന്ന് 2500 ജീവനക്കാരിലേക്ക് ഈ നിലമ്പൂര്‍ക്കാരന്റെ സ്ഥാപനം വളര്‍ന്നിരിക്കുന്നു. 150 കോടിയിലധികം വില്‍പ്പന നടക്കുന്ന പോപ്പീസ് ബ്രാന്‍ഡ് ഇന്ന് കുഞ്ഞുടുപ്പുകളുടെ ലോകത്തെ രാജാവാണ്. 30 രാജ്യങ്ങളിലും ഇന്ത്യയൊട്ടാകെയും കമ്പനി സാന്നിധ്യം അറിയിക്കുന്നു. നന്മയുള്ള ഒരു ലക്ഷ്യമുണ്ടെങ്കില്‍ നമ്മള്‍ വളരുമെന്നാണ് ഷാജുവിന്റെ പക്ഷം. ലോകം മുഴുവന്‍ ബ്രാന്‍ഡ് വളര്‍ത്തുക എന്നതല്ല ഇന്നും അദ്ദേഹത്തിന്റെ വിഷന്‍. പോപ്പീസിന്റെ സ്നേഹം ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ എന്നും പോപ്പീസിന്റെ ആപ്ത വാക്യം സ്നേഹം പോലെ സൗമ്യം എന്നതാണ്. 15,000 കടകളില്‍ നിന്ന് ഈ സ്നേഹം വളര്‍ന്ന് ലോകം മുഴുവന്‍ അധികം വൈകാതെ എത്തുമെന്നാണ് ഷാജുവിന്റെ വിശ്വാസം.

 

കരുതലിന്റെ പോപ്പീസ് മുഖം

കോവിഡ് കാലം പോപ്പീസിനെ സംബന്ധിച്ച് കരുതലിന്റെ നാളുകളായിരുന്നു. ജീവനക്കാരെ സ്നേഹിക്കുന്ന ബ്രാന്‍ഡാണ് പോപ്പീസ്. സൗജന്യ ഭക്ഷണം, സൗജന്യ താമസം തുടങ്ങി എല്ലാവിധ ആനുകൂല്യങ്ങളും മുന്‍പ് തന്നെ നല്‍കി വരുന്ന ബ്രാന്‍ഡ്. 400 ജീവനക്കാര്‍ ഒഴികെ എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന തൊഴിലാളികളായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ അന്യ സംസ്ഥാനത്തു നിന്നു വന്ന ജീവനക്കാര്‍ എല്ലായിടത്തും പ്രശ്നങ്ങളിലായപ്പോഴും കുഴപ്പങ്ങളുണ്ടാക്കിയപ്പോഴും പോപ്പീസിലെ ജീവനക്കാര്‍ ഹാപ്പിയായിരുന്നു. കേരളം വിട്ടു പോയ ജീവനക്കാരാവട്ടെ ഇങ്ങോട്ട് തിരിച്ചുവരാന്‍ നോക്കുകയാണ്. അതുപോലെ നവജാത ശിശുക്കള്‍ക്ക് ഉടുപ്പുകള്‍ക്ക് ക്ഷാമം നേരിടുന്നു എന്ന ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചപ്പോള്‍ എല്ലാവര്‍ക്കും അത് സൗജന്യമായി നല്‍കാമെന്നായിരുന്നു പോപ്പീസിന്റെ വാഗ്ദാനം. 35000 ജോടി ഉടുപ്പുകള്‍ സര്‍ക്കാരിന് സൗജന്യമായി നല്‍കി. അതോടൊപ്പം മാസ്‌ക് നിര്‍മാണവും ആരംഭിച്ചു. പോലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി മാസ്‌കുകള്‍ നല്‍കി. ഇപ്പോള്‍ മാസ്‌കുകളുടെ വില്‍പ്പനയും കമ്പനി ആരംഭിച്ചിട്ടുണ്ട്. വലിയ ബുക്കിംഗാണ് പോപ്പീസ് മാസ്‌കിന്.

 

ഷാജു തോമസ് കുടുംബത്തിനൊപ്പം

ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകള്‍

പോപ്പീസിന്റെ വളര്‍ച്ചയില്‍ എന്നും നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളത് റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളാണ്. അവര്‍ക്കായി വൈവിധ്യമാര്‍ന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ പോപ്പീസ് ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ 100 പോപ്പീസ് ഡയറക്ട് ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കുക എന്നതും പുതിയ ലക്ഷ്യമാണ്. അഞ്ച് പുതിയ ഔട്ട്ലെറ്റുകള്‍ നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തരം ഔട്ട്ലെറ്റുകള്‍ ആരംഭിക്കുമ്പോള്‍ വസ്ത്രങ്ങള്‍ക്ക് പുറമെ കുട്ടികള്‍ക്കാവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങളും ആവശ്യമായി വരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് കുട്ടികളുടെ ഡയപ്പര്‍, ടോയ്ലെറ്ററീസ് തുടങ്ങിയവയുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡയപ്പര്‍ മാനുഫാക്ചറിംഗ് യൂണിറ്റാണിത്. ഇ-കൊമേഴ്സ് രംഗത്തും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പോപ്പീസ് എന്ന വെളിച്ചം ഇങ്ങനെ പരക്കുകയാണ്. സ്നേഹത്തിന്റെയും നന്മയുടെയും കഥ പറയുന്ന ഈ ബ്രാന്‍ഡ് ഏഴു കടലിനുമപ്പുറമെത്തുമെന്ന് ഉറപ്പ്.

Spread the love
Previous ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടംനേടി നാല് ഇന്ത്യക്കാർ
Next വാഹനവിപണിയെ രക്ഷിക്കാൻ ജി.എസ്.ടി നിരക്കിൽ ഇളവ് നൽകാനൊരുങ്ങി കേന്ദ്രം

You might also like

Home Slider

ആദ്യം ഡോക്ടര്‍, ഇപ്പോള്‍ സംരംഭകന്‍ ഇതൊരു വ്യത്യസ്ത വിജയഗാഥ

മാറ്റങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവനാണു സംരംഭകന്‍. ആ മാറ്റങ്ങളോടു പ്രതികരിക്കുകയും, അവയെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യും. സമാനമാണ് ബീറ്റ ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. സേവ്യര്‍ സി. മൂലയിലിന്റെ സംരംഭകജീവിതവും. ഒരു ഡോക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ച സേവ്യര്‍ സംരംഭത്തിന്റെ

Spread the love
SPECIAL STORY

പ്രകൃതിക്കു വേണ്ടി ഒരിടം

കൊച്ചിയുടെ നഗരത്തിരക്കുകളില്‍ നിന്നും മാറി കലൂരിനടുത്ത് അയ്യപ്പന്‍കാവിലെ ഷമീല്‍ റഷീദ് എന്ന ആര്‍ക്കിടെക്ടിന്റെ വീട് ചെന്നവസാനിക്കുന്നത് അര്‍ബന്‍ ലിവിങ് ഐഡിയാസ് എന്ന ഇന്‍ഡോര്‍ പോട്‌സും, പ്ലാന്റ്‌സും വില്‍ക്കുന്ന ഷോപ്പിലേക്കാണ്. വീടിനോട് ചേര്‍ന്ന് തന്നെ പ്രകൃതിക്കു വേണ്ടി ഷമീല്‍ ഒരിടം കണ്ടെത്തിയപ്പോള്‍ മുറ്റത്തു

Spread the love
covid - 19

ആയുര്‍വേദം പ്രതിരോധമാണ്

ഡോക്ടര്‍ മിനി വര്‍മ്മ, വര്‍മ്മ ആയുര്‍വേദിക്സ് വൈദ്യരത്നം ഔഷധശാലയുടെ ഡീലർഷിപ്പോടെ തൃപ്പൂണിത്തുറ ചക്കംകുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ആയുർവേദ ക്ലിനിക്കാണ് വർമ ആയുർവേദിക്സ്. നാലുവർഷം മുൻപാണ് ക്ലിനിക് ആരംഭിക്കുന്നത്. ഓ.പി കൺസൾട്ടേഷനോടൊപ്പം രോഗികൾക്ക് ആവശ്യമായ ചികിത്സ ക്രമങ്ങൾ ആയ അഭ്യംഗം, കിഴി,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply