വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ വേണം : ഫാ മാത്യൂ വട്ടത്തറ

വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ വേണം : ഫാ മാത്യൂ വട്ടത്തറ

നിരന്തരം നവീകരിക്കപ്പെടേണ്ടതാണു വിദ്യാഭ്യാസം. മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസരീതി, വരുംകാല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതാതു കാലത്തെ ആവശ്യങ്ങളെ സാധ്യമാക്കുന്ന തരത്തില്‍ തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കണമെങ്കില്‍ വിദ്യാഭ്യാസരീതിയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അതിനാദ്യം വേണ്ടതു ഗുണപരമായ മാറ്റങ്ങളെ തുറന്ന മനസോടെ സ്വീകരിക്കാനുള്ള സന്നദ്ധതയാണ്. ഇതു നടപ്പാക്കേണ്ടതിന്റെ ഇച്ഛാശക്തി പ്രകടമാക്കേണ്ടതു അധികാരിതലം മുതല്‍ വിദ്യാഭ്യാസത്തിന്റെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നവര്‍ വരെയുളളവരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഈ മാറ്റങ്ങള്‍ ഉണ്ടാവണം. എങ്കില്‍ മാത്രമേ വരുംകാലത്തിനു പ്രയോജനപ്പെടുന്ന തലമുറയുടെ വിത്തു പാകാന്‍ സാധിക്കുകയുള്ളൂ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തു വ്യക്തമായ സാന്നിധ്യം അറിയിച്ച സ്ഥാപനമാണ് എറണാകുളം ജില്ലയിലെ കാക്കാനാട്ടെ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി. പുതിയ കാലത്തിന്റെ വിദ്യാഭ്യാസത്തെ തലമുറകളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ഡയറക്റ്റര്‍ ഫാദര്‍ മാത്യൂ വട്ടത്തറ കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചും, മാറ്റങ്ങളെക്കുറിച്ചും, കാഴ്ച്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുന്നു.

 

ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം

വിദ്യാഭ്യാസരംഗത്ത് അനിവാര്യമായ നേതൃത്വഗുണവും മാര്‍ഗനിര്‍ദ്ദേശവും കേരളത്തില്‍ ലഭിക്കുന്നില്ലെന്നു തന്നെ പറയാം. അതിനു പല കാരണങ്ങളുണ്ട്. വിദ്യാഭ്യാസമേഖലയില്‍ രാഷ്ട്രീയ സ്വാധീനവും, നിലവാരത്തകര്‍ച്ചയുമൊക്കെ സംഭവിക്കുന്നുണ്ട്. അതുപോലെ തന്നെ വിദ്യാഭ്യാസരംഗത്തെ നൂതന മുന്നേറ്റങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ പ്രാവര്‍ത്തികമാക്കാനോ ഇനിയും സാധിച്ചിട്ടില്ല. അതിനുള്ള ബോധപൂര്‍വമായ പരിശ്രമം ഉണ്ടായിട്ടില്ല എന്നതാണു സത്യം. ഒരു മാറ്റം വരണം എന്ന ബോധ്യം ഉണ്ടായാലേ അതു സാധ്യമാകുകയുള്ളൂ.

 

സേവനമനോഭാവം വേണം

സ്വാശ്രയമേഖല കാരണമാണു വിദ്യാഭ്യാസ മേഖല മോശമായതെന്ന ധാരണ തെറ്റാണ്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടു മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ സാധിക്കുന്നില്ല. ഗവണ്‍മെന്റും എയ്ഡഡ് കോളേജുകളും ഭംഗിയായി നടക്കുന്നുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ മേഖലയില്‍ വരേണ്ട ആവശ്യം തന്നെ ഉണ്ടാവുന്നില്ല. ഗവണ്‍മെന്റിനു ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണു വിദ്യാഭ്യാസരംഗത്തു സ്വാശ്രയ മേഖല ചെയ്തത്. അതായതു ഗവണ്‍മെന്റ് ചെയ്യേണ്ട ജോലിയാണു സ്വാശ്രയമേഖല ഏറ്റെടുത്ത് നടപ്പാക്കിയത്. ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രം വിദ്യാഭ്യാസം നല്‍കുന്നതിനോടു യോജിപ്പില്ല. നമ്മുടെ സമൂഹത്തിന്റെ പരിതസ്ഥിതിയില്‍ സ്വാശ്രയ മേഖല ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്, ഒരു സേവനം എന്ന നിലയില്‍ കൂടിയാണ്. വിദ്യാഭ്യാസം നല്‍കുമ്പോള്‍ സേവനമനോഭാവം ഉണ്ടായേ തീരൂ. ഇല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം തന്നെ മാറിപ്പോകും.

 

തൊഴില്‍സാധ്യതകള്‍ ഉണ്ടാവണം

ജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള അവസരങ്ങള്‍ തൊഴില്‍രംഗത്തില്ല. അതുകൊണ്ടാണ് പലരും പഠിച്ച മേഖലയില്‍ നിന്നും മാറി ജോലി ചെയ്യേണ്ടി വരുന്നത്. ഈ പ്രശ്‌നം മുന്നില്‍ കണ്ടുകൊണ്ട് തൊഴില്‍സാധ്യത സൃഷ്ടിക്കപ്പെടണം. ഏതു മേഖലയില്‍ പഠിക്കുന്നോ ആ മേഖലയില്‍ തന്നെ ജോലി കിട്ടുക എന്നതാണ് അഭികാമ്യം. പക്ഷേ പല സാഹചര്യങ്ങള്‍കൊണ്ടും അതു സാധ്യമാകുന്നില്ല. തൊഴില്‍സാധ്യതകള്‍ ഉണ്ടാവുന്നതിനൊപ്പം, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള മനോഭാവം വളര്‍ന്നു വരികയും വേണം.

 

നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‍കണം

രാജഗിരിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. അതിനു കഴിയുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്യും. അധ്യാപകരെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ മെറിറ്റ് മാത്രമാണു നോക്കാറുള്ളത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നല്ല വിദ്യാഭ്യാസം ഉണ്ടാവണം എന്നതാണ് ആഗ്രഹം.

 

മൂല്യച്യുതി വിദ്യാര്‍ത്ഥികളില്‍ മാത്രമല്ല

മൂല്യച്യുതി എന്നതു വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്‌നമല്ല, സമൂഹത്തിലും സംഭവിക്കുന്നുണ്ട്. മുതിര്‍ന്ന തലമുറയില്‍ വേണ്ടത്ര മൂല്യബോധമുണ്ടെങ്കിലേ യുവജനങ്ങളുടെ ഇടയിലും അതുണ്ടാവൂ. യുവജനങ്ങളെ മാത്രം പഴി പറഞ്ഞിട്ടു കാര്യമില്ല. സമൂഹത്തില്‍ അത്തരത്തിലുള്ള രീതികളാണ് പ്രബലമായിരിക്കുന്നത്. മൂല്യബോധം ചെറിയ തലമുറയ്ക്കു കൈമാറണമെങ്കില്‍ മുതിര്‍ന്നവര്‍ മാതൃകയായാല്‍ മാത്രമേ സാധ്യമാകുകയുള്ളൂ. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അക്കാര്യത്തില്‍ നമുക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ധാര്‍മ്മികത ഓരോരുത്തര്‍ക്കും സ്വയം ഉണ്ടാവേണ്ടതാണ്. അതു സംബന്ധിച്ചുള്ള ബോധവത്കരണം നല്‍കാനേ മറ്റുള്ളവര്‍ക്കു സാധിക്കുകയുള്ളൂ, അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല.

 

സംരംഭകരാകാനുള്ള സാഹചര്യം

രാജഗിരിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം പ്ലെയ്‌സ്‌മെന്റിനും സഹായിക്കുന്നുണ്ട്. അതിനൊപ്പം തന്നെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വഴികളും തെളിച്ചു കൊടുക്കുന്നു. അത്തരത്തില്‍ സംരംഭകരാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇഷ്ടപ്പെടുന്ന രംഗത്തു വൈദഗ്ധ്യം പ്രാപിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. ഇപ്പോള്‍ കുറെ വിദ്യാര്‍ഥികളൊക്കെ ബിടെക്ക് കഴിഞ്ഞതിനു ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നുണ്ട്. നല്ലൊരു മാറ്റമാണ്. കാരണം, തൊഴില്‍ അന്വേഷിച്ചു നടക്കുന്നതിനേക്കാള്‍ നല്ലത് പത്തു പേര്‍ക്കു തൊഴില്‍ നല്‍കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണല്ലോ.

 

സിലബസ് പരിഷ്‌കരിക്കപ്പെടണം

സിലബസുകള്‍ പരിഷ്‌കരിക്കേണ്ടതു വളരെ അത്യാവശ്യമാണ്. മാറിവരുന്ന കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ സിലബസില്‍ ഉണ്ടാവണം. എന്‍ജിനിയറിങ് മേഖലയിലൊക്കെ ഒരുപാടു മാറ്റങ്ങള്‍ വന്നിട്ടുണ്ട്, പുതിയ ടോപ്പിക്കുകള്‍ ധാരാളമുണ്ടായി. ഇതെല്ലാം ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങള്‍ സിലബസിലും ഉണ്ടാവണം. വരുകാലത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വൈദഗ്ധ്യം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കാന്‍ ഇതു സഹായകമാകും.

 

അര്‍പ്പണബോധമുളള അധ്യാപകര്‍ ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ സ്വപ്‌നം കാണുന്ന രീതിയില്‍ വിദ്യാഭ്യാസരംഗം വളര്‍ച്ച പ്രാപിക്കുകയുള്ളൂ എന്നു ഫാദര്‍ മാത്യു വട്ടത്തറ ഉറപ്പിച്ചു പറയുന്നു. സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലായാലും രാഷ്ട്രീയ അവസ്ഥകളിലായാലും മാറ്റങ്ങള്‍ ഉണ്ടാവണം. ജനങ്ങള്‍ക്കു നന്മയുണ്ടാകണം എന്നൊരു ബോധ്യത്തോടെ പെരുമാറിയാല്‍ മാത്രമേ സ്വപ്‌നം കാണുന്ന വളര്‍ച്ച പ്രാപിക്കുയുള്ളൂ, പലപ്പോഴും ഇക്കാര്യത്തില്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഭരണതലത്തിലും നേതൃത്വതലത്തിലും കാഴ്ച്ചപ്പാടുകളില്‍ വ്യത്യാസം വന്നേ മതിയാകൂ. എങ്കില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.

 

Spread the love
Previous ഇത് തെലുങ്കിലെ പെപ്പെ : അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് ട്രെയിലര്‍ കാണാം
Next മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 14 ശതമാനം വര്‍ധിച്ച് 2103 കോടി രൂപയിലെത്തി

You might also like

Success Story

എ.വി അനൂപ്; നിര്‍മ്മാതാവും നടനുമായ വ്യവസായി

സിനിമയില്‍ ഏറ്റവും നല്ല നിര്‍മ്മാതാവെന്ന ഖ്യാതി നേടിയ എ.വി അനൂപിനെ എല്ലാവരുമറിയും. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും ഗപ്പിയും ഗോദയുമടക്കം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അനൂപിന്റെ കയ്യൊപ്പുണ്ട്. എന്നാല്‍ ചലച്ചിത്ര നിര്‍മ്മാതാവ് എന്നതിലുപരി ഇന്ത്യയിലെ പ്രമുഖ വ്യവസായിയാണ് അനൂപ്. ഏറെ പ്രചാരത്തിലുള്ള മെഡിമിക്‌സ് സോപ്പടക്കം

Spread the love
Special Story

സ്‌കൂള്‍ വിപണി: ശ്രദ്ധിക്കേണ്ടതെല്ലാം

അങ്ങനെ കാത്തരിപ്പിന് വിരാമമിട്ട് ഒരു സ്‌കൂള്‍ കാലം കൂടി വന്നെത്തി. സ്‌കൂള്‍ വിപണി എല്ലാം ഇപ്പോള്‍ തന്നെ ഉഷാറായി കഴിഞ്ഞു. ശരിക്കും വ്യപാരികള്‍ക്ക് സ്‌കൂള്‍ വിപണി ഒരു ചാകരയാണ്. എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഈ സമയത്ത് വിറ്റുപോകും. പിന്നത്തേക്ക് വാങ്ങാന്‍ മാറ്റിവെയ്ക്കാതെ സ്‌കൂള്‍

Spread the love
SPECIAL STORY

മോഷണ ആരോപണം: വിശദീകരണവുമായി ദീപ നിശാന്ത്

കഴിഞ്ഞദിവസം ഉയര്‍ന്ന മോഷണ ആരോപണത്തില്‍ വിശദീകരണവുമായി ദീപ നിശാന്ത്. ഫേസ്ബുക് ബയോ ആയി പോസ്റ്റ് ചെയ്തിരുന്ന വരികള്‍ ആദ്യമായി കേട്ടതു കൃഷ്ണകുമാരി ടീച്ചറില്‍ നിന്നാണെന്നു ദീപ വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട വരികള്‍ ബയോ ആയി ഇടാറുണ്ടെന്നും, പലപ്പോഴും രചയിതാവിന്റെ പേരു ഓര്‍ത്തോളണം എന്നു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply