ആള്‍ക്കൂട്ടത്തില്‍ തനിയേ : ഓര്‍മയുണ്ടോ ഈ നടനെ

ആള്‍ക്കൂട്ടത്തില്‍ തനിയേ : ഓര്‍മയുണ്ടോ ഈ നടനെ

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നിന്നവരുടെ കഥ മാത്രമേ പാണന്മാര്‍ പാടി നടക്കാറുള്ളൂ. അഭ്രപാളിയുടെ ഓരങ്ങളില്‍ ഒതുങ്ങിപ്പോകുന്നവര്‍ അനേകം പേരുണ്ട്. അഭിനയിച്ച സിനിമകളുടെ എണ്ണം അനവധി ഉണ്ടാകുമ്പോഴും, അധികമാരും തിരിച്ചറിയാതെ പോകുന്നവര്‍. സിനിമയുടെ ആള്‍ക്കൂട്ടങ്ങളിലോ ആഘോഷക്കൂട്ടങ്ങളിലോ പേരു രേഖപ്പെടുത്താന്‍ കഴിയാതെ കലാജീവിതം കഴിഞ്ഞുപോകുന്നവര്‍. അത്തരത്തിലൊരു അഭിനേതാവാണ് രാജന്‍ പാടൂര്‍. നിരവധി സിനിമകളില്‍ കണ്ടിട്ടുണ്ടാവുമെങ്കിലും ഒരു പക്ഷേ അദ്ദേഹത്തിന്റെ പേരു പോലും പലരും ഓര്‍ക്കുന്നുണ്ടാവില്ല.

 

ഐശ്വര്യത്തിന്റെ സൈറണ്‍ മുഴക്കിയ പശുവിനെ കറക്കാനെത്തിയ കറവക്കാരനെ ഓര്‍മയില്ലേ. ടൂറിസ്റ്റ് ബസിന്റെ ഫ്രണ്ട് ഗ്ലാസ് പോലത്തെ വലിയ കൂളിങ് ഗ്ലാസും ഇടിവെട്ട് ടീഷര്‍ട്ടും ധരിച്ചെത്തിയ, നാടോടിക്കാറ്റിലെ മോഡേണ്‍ കറവക്കാരന്‍. ഞാന്‍ ഈവ്‌നിങ്ങില്‍ വരാമെന്നു സ്‌റ്റൈലില്‍ മൊഴിഞ്ഞു മടങ്ങിയയാള്‍. പിന്നെ ആവനാഴിയിലെ കള്ളന്‍ കുട്ടന്‍, ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ വണ്ടിക്കാരന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ ബോംബ് വില്‍പ്പനക്കാരന്‍…. അങ്ങനെ ആ മുഖം ഭാവം നല്‍കിയ കഥാപാത്രങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ പതിവുമുഖങ്ങളില്‍ പരിചിതനെങ്കിലും അപരിചിതനായി പേരില്ലാത്ത കഥാപാത്രങ്ങളെ പേറുന്ന നടന്‍. മലയാളത്തിന്റെ അഭ്രപാളിയില്‍ വര്‍ഷങ്ങളായി ഇദ്ദേഹമുണ്ട്. സിനിമയുടെ ഓരങ്ങളിലേക്ക് ഒതുങ്ങിയ അഭിനേതാവ്. കറവക്കാരന്‍, കള്ളന്‍ കുട്ടന്‍, ബോംബ് വില്‍പ്പനക്കാരന്‍, പിന്നെ അസംഖ്യം ആള്‍ക്കൂട്ടസാന്നിധ്യങ്ങളും. ആ വ്യത്യസ്ത മുഖത്തിന്റെ അനുഭവങ്ങളിലേക്കൊരു ക്ലോസ് ഷോട്ട്.

 

അഭിനയമോഹവുമായി ഒളിച്ചോടിയെത്തിയാല്‍ ഉടന്‍ ആ ആഗ്രഹം നിറവേറ്റുന്ന സ്ഥലമായി മദ്രാസ് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന ധാരണ ഒരുപാടു പേരെ കീഴടക്കിയ സമയം. അമ്പതുകളുടെ അവസാനമോ, അറുപതുകളുടേ ആദ്യമോ. സാഹസികതയുടെ കാലത്തിനു കൃത്യമായ രേഖപ്പെടുത്തലുകളില്ല. പക്ഷേ, കോഴിക്കോട് നിന്നു മദ്രാസിലേക്ക് ഒളിച്ചോടിപ്പോയി രാജന്‍. സിനിമാനോട്ടിസിലും പാട്ടുപുസ്തകത്തിലും നസീറിന്റേയും സത്യന്റേയും ഫോട്ടൊകള്‍ വെട്ടിയൊട്ടിക്കുന്ന ശീലത്തിന്റെ അടുത്തപടിയായിരുന്നു ഒളിച്ചോട്ടം. പതുക്കെ അഭിനയം ജ്വരമായി. ജ്വരത്തിന്റെ തീവ്രതയില്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പിന്നെ പട്ടിണി, പൈപ്പ് വെള്ളം കുടിക്കല്‍, പ്രശസ്ത സിനിമാക്കാരുടെ അവഗണന, കഷ്ടപ്പാട്… പതിവായി സംഭവിക്കുന്നതൊന്നും ഉണ്ടായില്ല. എങ്ങും എത്താനാകാതെ കറങ്ങി നടക്കുന്നതിനിടെ വീടിനടുത്തുള്ള ഒരാള്‍ കണ്ടു. ടിക്കറ്റ് ബുക്ക് ചെയ്ത്, തിരികെ അയച്ചു. മദ്രാസ് കഥ അവിടെ അവസാനിക്കുന്നു. പക്ഷേ, അഭിനയത്തിന്റെ കഥ തുടര്‍ന്നു.

 

പിന്നീട് സ്‌കൂള്‍ നാടകങ്ങളില്‍ സജീവമാകുകയായിരുന്നു രാജന്‍. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ ഭാരത് കലാവേദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിരവധി നാടകങ്ങള്‍. അങ്ങനെ നാടകം മനസില്‍ വേരുറയ്ക്കുന്ന സമയത്തു തന്നെ വേദിയില്‍ ഒരു സഹയാത്രികനെത്തി. കുതിരവട്ടം പപ്പു. അദ്ദേഹം എഴുതിയ നാടകമായിരുന്നു പൂളയില്‍ നിന്നു സിനിമയിലേക്ക്. അരമണിക്കൂര്‍ നാടകം, പലയിടത്തും പേരു മാറ്റി കളിച്ചു. പിന്നെ രാജനൊരു നാടകമെഴുതി, തട്ടാന്‍ കൃഷ്ണന്‍. അതും ലാഫ് ബോബ് എന്ന പേരിലൊക്കെ കളിച്ചു. ഹിറ്റായിരുന്നു രണ്ടു നാടകങ്ങളും.

 

കാര്‍ണിവല്‍ ഗ്രൗണ്ടുകളായിരുന്നു പിന്നീട് അഭിനയക്കളരി. ഡാന്‍സ്, മാജിക്, സ്‌കില്‍ ഗെയിമുകള്‍… ഏറ്റവുമൊടുവില്‍ നാടകം. നാല്‍പ്പത്തഞ്ചു മുതല്‍ അറുപതു ദിവസം വരെ നീണ്ടു നില്‍ക്കും കാര്‍ണിവലുകള്‍. ഒരു ദിവസം ഒരു നാടകം. അങ്ങനെ ചില പ്പോള്‍ തൊണ്ണൂറു ദിവസം വരെ നീണ്ടാല്‍, തൊണ്ണൂറു കഥകള്‍ അരങ്ങേറും. കുതിരവട്ടം പപ്പുവൊക്കെയായിരുന്നു കൂട്ടുകാര്‍. ഉരുളയ്ക്കുപ്പേരി പോലെ പറയണം. കഥയ്ക്കനുസരിച്ചു ഡയലോഗ് വീഴണം. ഇത്തരത്തില്‍ വിജയകരമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാടകം അവതരിപ്പിച്ചു. കാര്‍ണിവല്‍ കളിയില്‍ ശരിക്കും രാജനിലെ നടന്‍ പ്രശസ്തനാവുകയായിരുന്നു. കോഴിക്കോട്ടെ കലാകാരന്മാരൊക്കെ അറിഞ്ഞു തുടങ്ങി. സുരാസുവിന്റെ മ്യുസിക്കല്‍ തിയെറ്റേഴ്‌സ്, നെല്ലിക്കോട് ഭാസ്‌ക്കരന്റെ ചിത്ര തിയെറ്റേഴ്‌സ്, അക്ഷര തിയെറ്റേഴ്‌സ് തുടങ്ങിയ നാടകസമിതികളിലും രാജന്‍ പാടൂര്‍ സഹകരിച്ചിരുന്നു.

 

ബാലന്‍. കെ. നായരാണ് സിനിമയിലേക്കു വിളിച്ചത്. നാടകം വഴിയുള്ള പരിചയമുണ്ടായിരുന്നു അദ്ദേഹവുമായി. വിന്‍സന്റ് മാഷിന്റെ വയനാടന്‍ തമ്പാന്‍. കമല്‍ ഹാസന്‍ നായകന്‍. 1978ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമലിന്റെ വേലക്കാരനായിട്ടായിരുന്നു വേഷം. ആദ്യ ഷോട്ട് ഒരു മരത്തില്‍ കയറുന്നതും… തൃശൂരിലും മദ്രാസ് എവിഎമ്മിലുമായിരുന്നു ഷൂട്ടിങ്. രാജന്‍ പാടൂരിന്റെ അഭിനയജീവിതത്തിന്റെ മറ്റൊരു ടേണിങ് പോയ്ന്റ്. പിന്നെ നിരവധി സിനിമകള്‍, ചെറുതും ചിലപ്പോള്‍ ശ്രദ്ധേയവുമായ വേഷങ്ങള്‍. ഹരിഹരന്‍ സംവിധാനം ചെയ്ത അടിമക്കച്ചവടം, ശരപഞ്ജരം……

.

നാടകത്തില്‍ ആക്ഷന്‍ കോമഡിയായിരുന്നു കൂടുതല്‍ ചെയ്തിരുന്നത്. രാജന്റെ നാടക അഭിനയം തിരക്കഥാകൃത്ത് ടി. ദാമോദരന്‍ കണ്ടിട്ടുണ്ടായിരുന്നു.അദ്ദേഹമാണു ഐ. വി ശശിയോട് രാജനെ സജസ്റ്റ് ചെയ്തത്. ആവനാഴിയിലെ കള്ളന്‍ കുട്ടന്‍ എന്ന കഥാപാത്രത്തെ ഏല്‍പ്പിച്ചു. രാജന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി കള്ളന്‍ കുട്ടന്‍ മാറുകയും ചെയ്തു. അവിടുന്നങ്ങോട്ട് ഐ. വി ശശിയുടെ മിക്ക പടത്തിലും അവസരം ലഭിച്ചു തുടങ്ങി. ആവനാഴിയുടെ തുടര്‍ഭാഗങ്ങള്‍ ഇറങ്ങിയപ്പോഴും രാജന്‍ സാന്നിധ്യം അറിയിച്ചു. കമല്‍ സംവിധാനം ചെയ്ത ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയിലെ കുതിരവണ്ടിക്കാരനും ശ്രദ്ധിക്കപ്പെട്ടു. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലും രാജന്‍ സ്ഥിരം സാന്നിധ്യമായി. ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആയിരുന്നു തുടക്കം.

 

നല്ല റോളാണെന്നു പറഞ്ഞു വിളിച്ച ഒരു സിനിമയില്‍ ആള്‍ക്കൂട്ടത്തിലെ കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാടോടിക്കാറ്റിലേക്കു വിളിച്ചത്. അവിടെ ചോദിച്ചിട്ടു നാടോടിക്കാറ്റിന്റെ ഷൂട്ടിങ് നടക്കുന്ന കോഴിക്കോട്ടേക്കു പോന്നു. ഒരു വ്യത്യസ്ത കറവക്കാരനായിരുന്നു അത്. അബ്കാരിയിലും കറവക്കാരന്റെ വേഷമായിരുന്നു. ഇതുവരെ നൂറ്റമ്പതില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു രാജന്‍ പാടൂര്‍. ചിലപ്പോള്‍ ഒരു റോളുണ്ടന്നു പറഞ്ഞിട്ട്, ഒന്നും ഇല്ലാതായ അവസ്ഥയുമുണ്ട്. അങ്ങനെ കാര്യമായ വിഷമമൊന്നുമില്ല, ഇതൊക്കെ ഈ ഫീല്‍ഡിന്റെ ഭാഗമാണെന്ന സത്യം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു ഇദ്ദേഹം.

 

ആവനാഴി, 1921, മിഥ്യ, ഇന്‍സ്‌പെക്റ്റര്‍ ബല്‍റാം, ഭൂതക്കണ്ണാടി…. ഒരുപാടു ചിത്രങ്ങള്‍ മമ്മൂട്ടിക്കൊപ്പം ചെയ്തു. ഒരുപാടു സഹായവും ചെയ്തിട്ടുണ്ട് അദ്ദേഹം. ആവനാഴിയിലെ കള്ളന്‍ കുട്ടന്‍ നന്നായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയിലെ കഥാപാത്രം രാജനു കിട്ടാനുള്ള കാരണവും മമ്മൂട്ടിക്ക തന്നെ. എപ്പോഴും സ്‌നേഹമുണ്ട് അദ്ദേഹത്തിന്, അതു പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളും നിരവധി.

 

ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഹോട്ടലില്‍ റൂമില്ല. ഏതോ ഫുട്‌ബോള്‍ മാച്ച് നടക്കുന്നതിനാല്‍ ആ പ്രദേശത്തു ഹോട്ടല്‍ മുറി കിട്ടാനില്ല. വെയ്റ്റ് ചെയ്യൂ.. ഇപ്പൊ ചില മുറികള്‍ ഒഴിയുമെന്നു പറഞ്ഞു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. കോണിപ്പടിയില്‍ പെട്ടിയൊക്കെവച്ചു കാത്തു നില്‍ക്കുമ്പോഴാണ് മമ്മൂട്ടിയുടെ വരവ്. എന്താ ഇവിടെ നില്‍ക്കുന്നതെന്നു മമ്മൂട്ടിയുടെ ചോദ്യം. മുറി ഒഴിവില്ലാത്ത കാര്യങ്ങളൊക്കെ രാജന്‍ പറഞ്ഞു. മമ്മൂട്ടി ഉടനെ പ്രൊഡക്ഷനിലെ ആളിനെ വിളിച്ചു. ഒരു ആര്‍ട്ടിസ്റ്റാടോ അത്, അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം എന്നൊക്കെയായി മമ്മൂക്ക.

 

Spread the love
Previous ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം 
Next ഫാസ്റ്റ് പാസഞ്ചറുകളുടെ ക്രമീകരണം കാര്യക്ഷമതയിലേക്ക്,  പരിഹരിച്ചത് 320 ലേറെ പരാതികൾ

You might also like

MOVIES

ആരാരോ ആര്‍ദ്രമായി.. : ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം റിലീസ് ചെയ്തു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആരാരോ ആര്‍ദ്രമായി എന്നു തുടങ്ങുന്ന ഗാനമാണു റിലീസ് ചെയ്തത്. പ്രണവും പുതുമുഖം സയയുമാണു ഗാനരംഗത്തിലുള്ളത്. ബി. കെ. ഹരിനാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം

Spread the love
Home Slider

പ്രളയം സിനിമയാകുന്നു ; കൊല്ലവർഷം 1193

കേരളം തകർത്തെറിഞ്ഞ പ്രളയം സിനിമയാകുന്നു. നവാഗതനായ അമൽ നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അമൽ തന്നെയാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവോണ ദിവസം അണിയറ പ്രവർത്തകർ പുറത്ത്

Spread the love
MOVIES

പാര്‍വ്വതി രതീഷ് വിവാഹിതയായി

നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് വിവാഹിതയായി. ദുബായില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സുഗീത് സംവിധാനെ ചെയ്ത മധുര നാരങ്ങ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply