സിനിമകളിലെ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥി സാറാമ്മയെ മറക്കുവതെങ്ങനെ: ആ പാട്ട് കേള്‍ക്കാം

സിനിമകളിലെ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥി സാറാമ്മയെ മറക്കുവതെങ്ങനെ: ആ പാട്ട് കേള്‍ക്കാം

കണ്ടാലഴകുള്ള സാറാമ്മ

കല്യാണം കഴിയാത്ത സാറാമ്മ

നാട്ടുകാരുടെ സാറാമ്മ

നമ്മുടെ നല്ലൊരു സാറാമ്മ

സാറാമ്മ സാറാമ്മ

നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ.

കുരുവിപ്പെട്ടി നമ്മുടെ പെട്ടി

കടുവാപ്പെട്ടിക്കോട്ടില്ല ”

 

കുരുവിപ്പെട്ടി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാറാമ്മയുടെ പ്രചാരണത്തിനുള്ള പാട്ടിലെ ചില വരികള്‍. സുന്ദരിയും സുശീലയുമാണു സാറാമ്മ. കല്യാണം കഴിഞ്ഞിട്ടില്ല എന്ന അധികയോഗ്യതയും. ഹാര്‍മോണിയത്തിന്റെ ഒന്നരക്കട്ടയുടെ അകമ്പടിയില്‍ ആ പാട്ട്, ഭാവങ്ങളോടെ ഈണത്തില്‍ പാടി. ചപ്ലാംകട്ടയുടെ താളവും. എതിര്‍സ്ഥാനാര്‍ഥി ജോണിക്കുട്ടി. സുമുഖന്‍ സുന്ദരന്‍. ചിഹ്നം കടുവാപ്പെട്ടി. ജോണിക്കുട്ടിയുടെ പ്രചാരണത്തിന്റെ ഗാനരചയിതാവും ഒരാള്‍ തന്നെ. പാട്ടിനെന്തു പാര്‍ട്ടി, ഒട്ടും മടിച്ചില്ല ജോണിക്കുട്ടിക്കു വേണ്ടിയും പാടി.

 

കടുവാപ്പെട്ടി നമ്മുടെ പെട്ടി

കുരുവിപ്പെട്ടിക്കോട്ടില്ല

കണ്ടാലഴകുള്ള ജോണിക്കുട്ടി

കല്യാണം കഴിയാത്ത ജോണിക്കുട്ടി

നാട്ടുകാരുടെ ജോണിക്കുട്ടി

ജോണിക്കുട്ടി ജോണിക്കുട്ടി

നമ്മുടെ സ്ഥാനാര്‍ഥി ജോണിക്കുട്ടി..”

 

രാജ്യം വീണ്ടുമൊരു വോട്ട് കുത്ത് പെരുന്നാളിനു പന്തലൊരുക്കുമ്പോള്‍, ഓര്‍ക്കാതെ വയ്യ അറുപതുകളില്‍ അഭ്രപാളിയില്‍ വിരിഞ്ഞ ഈ പാട്ടുകള്‍. പ്രണയവും തെരഞ്ഞെടുപ്പും പശ്ചാത്തലമായ സിനിമ, കെ. എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത്, 1966ല്‍ പുറത്തിറങ്ങിയ സ്ഥാനാര്‍ഥി സാറാമ്മ. പ്രേംനസീറും ഷീലയും എതിര്‍സ്ഥാനാര്‍ഥികളായ പ്രണയിതാക്കളായി മത്സരിച്ച ചിത്രം. അടൂര്‍ ഭാസിയുടെ ഭാവങ്ങളിലും, പാട്ടിലെ ശബ്ദത്തിലും മലയാളി മതിമറന്നു ചിരിച്ച ചിത്രം. കഥാപാത്രത്തിനനുസരിച്ച് ഫ്‌ളക്‌സിബിള്‍ ആകുന്ന അടൂര്‍ ഭാസി എന്ന പ്രതിഭാ ധനനായ നടന്റെ മറ്റൊരു മികച്ച പ്രകടനം. സിനിമാ പശ്ചാത്തലം പഞ്ചായത്ത് തെരഞ്ഞെടുപ്പാണെങ്കില്‍ക്കൂടി, അന്നത്തെ രാഷ്ട്രീയക്കാഴ്ചയുടെ ആവിഷ്‌കാരമായിരുന്നു സ്ഥാനാര്‍ഥി സാറാമ്മ എന്ന സിനിമയും, ചിത്രത്തിലെ ഗാനങ്ങളും.

 

പാട്ടിലെ പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ ഒരുപാടുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പാണെങ്കിലും ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ കഥാപാത്രം പാട്ടിലൂടെ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനത്തിന്റെ അതിരുകള്‍ വിശാലം. കേവലമൊരു വാര്‍ഡിന്റെ വിസ്തൃതിയില്‍ നിന്നു നേടിയെടുക്കാന്‍ കഴിയാത്ത വിധം വാഗ്ദാനങ്ങളുടെ പെരുമഴ. ഇന്നത്തെ പോലെ ലക്ഷ്യം വയ്ക്കുന്നതു ബഹുഭൂരിപക്ഷമെന്ന് അവകാശപ്പെടുന്ന സാധാരണക്കാരനേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും ….തെരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍ അരിയുടെ കുന്നുകള്‍ നാടാകേ, നികുതി വകുപ്പ് പിരിച്ചു വിടും, വനം പതിച്ചു കൊടുക്കും, കൃഷിക്കാര്‍ക്കു കൃഷിഭൂമി, എന്‍ജിഒ മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാലു നാലിരട്ടി…. ഇതൊക്കെ പോരാഞ്ഞിട്ടു, തോട്ടിന്‍ കരയില്‍ വിമാനമിറങ്ങാന്‍ താവളം ഉണ്ടാക്കുമെന്നൊരു വാഗ്ദാനം കൂടിയുണ്ട്, സാറാമ്മയുടെ ഗാനപ്രകടനപ്പത്രികയില്‍.

 

സ്ഥാനാര്‍ഥി സാറാമ്മ മലയാളക്കരയുടെ അഭ്രപാളിയിലെത്തിയിട്ട് അമ്പത്തിമൂന്നു വര്‍ഷം കഴിയുന്നു. അന്ന് ആ ചിത്രം പറഞ്ഞ രീതികള്‍ക്കു കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പ്രചാരണരീതിയില്‍ സാങ്കേതികതയുടെ പുതിയ സങ്കേതങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍, അടിസ്ഥാന പ്രചാരണായുധങ്ങളും രീതികളും പഴയതു പോലെ തന്നെ നിലകൊള്ളുന്നു. വാഗ്ദാനങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

 

വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്കു എല്‍പിആര്‍ വര്‍മ്മയുടെ സംഗീതം. ചിത്രത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്പാട്ടുകള്‍ ആലപിച്ചത് അടൂര്‍ ഭാസി തന്നെ. സിനിമയുടെ പതിവു വഴികളില്‍ നിന്നു വ്യതിചലിച്ച് ഒരു ആക്ഷേപഹാസ്യം ഒരുക്കുകയായിരുന്നു കെ. എസ്. സേതുമാധവന്‍. മുട്ടത്തു വര്‍ക്കിയുടെ പഞ്ചായത്ത് വിളക്ക് എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സ്ഥാനാര്‍ഥി സാറാമ്മ നിര്‍മിച്ചതു ജയ്മാരുതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി. ഇ. വാസുദേവന്‍. ഒരു പക്ഷേ സേതുമാധവന്റെ സിനിമാജീവിതത്തിലെ ഒരു വ്യത്യസ്ത ചിത്രം തന്നെയായിരുന്നു സ്ഥാനാര്‍ഥി സാറാമ്മ.

 

നല്ല രസമുണ്ട് ആ സിനിമ, സ്ഥാനാര്‍ഥി സാറാമയുടെ ഓര്‍മകളെക്കുറിച്ചു ചോദിക്കുമ്പോള്‍ സംവിധായകന്‍ സേതുമാധവന്റെ ആദ്യപ്രതികരണം. അക്കാലത്തെ വ്യത്യസ്തമായ ഒരു ചിത്രമൊരുക്കുമ്പോള്‍, പ്രത്യേകിച്ചു അടൂര്‍ ഭാസി പാടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍, ആ വരികളിലെ ഹാസ്യം പകര്‍ത്തുമ്പോള്‍ രസം ഉണ്ടാകാതെ തരമില്ലല്ലോ. രണ്ടു പാര്‍ട്ടിക്ക് ഒരാള്‍ത്തന്നെ ക്യാച്ച് വേഡുകളും മുദ്രാവാക്യങ്ങളും പാട്ടുകളുമൊക്കെ എഴുതുന്ന രീതി അന്നു തന്നെ ഉണ്ടായിരുന്നെന്നു സേതുമാധവന്‍ പറയുന്നു. ആ ഒരു ക്യാരക്റ്ററായിരുന്നു ഭാസി ഭംഗിയായി അവതരിപ്പിച്ചത്. കേരളത്തിലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പാണു ചിത്രീകരിച്ചതെങ്കിലും, സിനിമ അന്നു മദിരാശിയുടെ മണ്ണില്‍ത്തന്നെയായിരുന്നു. കോടമ്പാക്കത്തും പരിസരങ്ങളിലുമൊക്കെയായിരുന്നു സ്ഥാനാര്‍ഥി സാറാമ്മയുടെ ലൊക്കേഷന്‍. ആ ആക്ഷേപ ഹാസ്യചിത്രം കേരളത്തില്‍ നന്നായി ഓടുകയും ചെയ്തു.

 

സ്ഥാനാര്‍ഥി സാറാമ്മയ്ക്കു ശേഷം പിന്നെയിങ്ങോട്ട് സിനിമയിലും ജീവിതത്തിലും സാറാമ്മയും ജോണിക്കുട്ടിയും തെരഞ്ഞെടുപ്പുമൊക്കെ ഒരുപാടുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിഷയമായ ധാരാളം സിനിമകള്‍. ഒരു കുടുംബത്തിന്റെ കണ്ണില്‍ നിന്നുകൊണ്ടു തെരഞ്ഞെടുപ്പിനെ ആവിഷ്‌കരിച്ച രാഷ്ട്രീയചിത്രം, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ നയം വ്യക്തമാക്കുന്നു, തെരഞ്ഞെടുപ്പ് കാല താത്ക്കാലിക സ്‌നേഹത്തിന്റെ രംഗങ്ങള്‍ വിരിയിച്ച് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഭൂമിയിലെ രാജാക്കന്മാര്‍, കലാലയതെരഞ്ഞെടുപ്പും പ്രണയവും ജീവിതവും വിഷയമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്…. അങ്ങനെ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത സിനിമകള്‍.

 

കുരുവിയും കടുവയുമൊക്കെ പെട്ടികളൊഴിഞ്ഞു. ഇലക്ട്രോണിക് യന്ത്രത്തിന്റെ ചതുരത്തിലേക്കു ചേക്കേറി. എങ്കിലും കാലങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലത്ത് കൗതുകമുണര്‍ത്തി അടൂര്‍ ഭാസിയുടെ ആ പ്രചാരണപ്പാട്ട് ഇലക്ഷനോര്‍മകളില്‍ നിറയട്ടെ. വയലാറിന്റെ രചനയില്‍ എല്‍പിആര്‍ വര്‍മ്മ ഈണം നല്‍കി അടൂര്‍ ഭാസി ആലപിച്ച ആ പാട്ട് കേള്‍ക്കാം.

Spread the love
Previous പോപ്‌കോണ്‍ നിര്‍മ്മാണത്തിലൂടെ വരുമാനം നേടാം
Next വിഷുവിനെ വരവേൽക്കാനൊരുങ്ങി ഹാന്റക്‌സ്

You might also like

MOVIES

കമല്‍ഹാസന്‍ സിപിഎമ്മുമായി കൈകോര്‍ക്കുന്നു

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് മനസു തുറന്നിട്ടില്ലെങ്കിലും വര്‍ഗ്ഗീയ വിരുദ്ധ പ്രചാരണത്തില്‍ കമല്‍ഹാസന്‍ സിപിഎമ്മുമായി യോജിച്ചുനില്‍ക്കും. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ നിലകൊള്ളുമെന്ന് കമല്‍ഹാസന്‍ പരസ്യമായി പ്രഖ്യാപിച്ചുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. സെപ്റ്റംബര്‍ 16 ന് കോഴിക്കോടു നടക്കുന്ന ന്യൂന

Spread the love
MOVIES

ഉന്മാദിയുടെ മരണം നാളെ പ്രദര്‍ശിപ്പിക്കും : രാത്രി 7ന് മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഹാര്‍ബറില്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഉന്മാദിയുടെ മരണം എന്ന ചിത്രം നാളെ പ്രദര്‍ശിപ്പിക്കും. മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഹാര്‍ബറില്‍ രാത്രി ഏഴു മണിക്കാണ് പ്രദര്‍ശനം. പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സെക്‌സി ദുര്‍ഗയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉന്മാദിയുടെ മരണം.

Spread the love
MOVIES

രണ്ടാമൂഴം പ്രതിസന്ധിയില്‍: എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് സംവിധായകനെ തടഞ്ഞു

കോഴിക്കോട്: മോഹന്‍ലാല്‍ നായകനാക്കിയുള്ള ബ്രഹ്മാണ്ടചിത്രമായ രണ്ടാമൂഴം പ്രതിസന്ധിയിലേക്ക്. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ള എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനെ കോടതി തടഞ്ഞു. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ട സാഹചര്യത്തിലാണ് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply