കീഴടങ്ങുന്നവർക്ക് സംരംഭക അവസരങ്ങൾ ; തീവ്രവാദത്തിൽനിന്ന് യുവാക്കളെ അകറ്റാൻ പദ്ധതി

കീഴടങ്ങുന്നവർക്ക് സംരംഭക അവസരങ്ങൾ ; തീവ്രവാദത്തിൽനിന്ന് യുവാക്കളെ അകറ്റാൻ പദ്ധതി

കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ.
സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച പുനരധിവാസപദ്ധതിക്ക് അനുമതി നൽകി സർക്കാർ ഉത്തരവായിരുന്നു. മാവോയിസ്റ്റ് തീവ്രവാദികളുടെ അക്രമത്തിന് തടയിടുകയും തീവ്രവാദത്താൽ വഴിതെറ്റിക്കപ്പെട്ട യുവാക്കളെ അതിൽനിന്നും അകറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കീഴടങ്ങിയവർ അതിനുശേഷം മൂന്നു മുതൽ അഞ്ചുവർഷംവരെ കർശനനിരീക്ഷണത്തിനു വിധേയമായിരിക്കും.

 

സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ്, ഓഫീസർ ഇൻ ചാർജിൽ കുറയാത്ത ഉദ്യോഗസ്ഥരുടെയോ സെൻട്രൽ ആംഡ് ഫോഴ്സിൽ അസിസ്റ്റൻഡ് കമാൻഡന്റിൽ കുറയാത്ത ഉദ്യോഗസ്ഥന്റെയോ അല്ലെങ്കിൽ സംസ്ഥാന ആഭ്യന്തരവകുപ്പ് നാമനിർദേശം ചെയ്യുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ മുന്നിലാണ് കീഴടങ്ങേണ്ടത്. കീഴടങ്ങുന്ന കേഡറിന്റെ സുരക്ഷ ഉടനടി ഉറപ്പാക്കി അദ്ദേഹത്തെ താത്കാലിക ക്യാമ്പിലേക്കു മാറ്റണം.

 

കീഴടങ്ങുന്ന തീവ്രവാദികളുടെ പാർട്ടിയിലെ പദവിയും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും പരിഗണിച്ച് കാറ്റഗറി-1, 2-എ, 2-ബി എന്നിങ്ങനെ കീഴടങ്ങുന്നവരെ തരംതിരിക്കും.
കീഴടങ്ങുന്നവർ പദ്ധതിപ്രകാരമുള്ള സഹായത്തിന് അർഹരാകണമെങ്കിൽ അവർ പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയിലെ പ്രവർത്തകരുടെ/അംഗങ്ങളുടെ/ ബന്ധമുള്ളവരുടെ യഥാർഥപേരുകളും വ്യക്തിത്വവും സംഘടനയുടെ ആയുധ, ധനസ്രോതസ്സുകൾ, സന്ദേശവാഹകർ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തണം. താൻ ഉൾപ്പെട്ട മുഴുവൻ കുറ്റകൃത്യങ്ങളുടേയും വിശദാംശങ്ങളും ആസൂത്രകരുടേയും പങ്കാളികളുടേയും പേരുകളും അപഹരിച്ച വെടിക്കോപ്പുകളുടേയും മറ്റും വിശദാംശങ്ങളും വെളിപ്പെടുത്തണം. സ്വേച്ഛയാലുള്ള കീഴടങ്ങൽ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പൊതുപ്രഖ്യാപനം നടത്തണം.

 

തീവ്രവാദികളുടെ കീഴടങ്ങലും പുനരധിവാസവും പരിശോധിക്കാനും നിരീക്ഷിക്കാനും ജില്ലാതലത്തിൽ സറണ്ടർ ആൻഡ് റീഹാബിലിറ്റേഷൻ ഓഫീസറും സ്‌ക്രീനിങ് കമ്മിറ്റിയും റീഹാബിലിറ്റേഷൻ കമ്മിറ്റിയും ഉണ്ടാകും. കീഴടങ്ങുന്നവരുടെ പുനരധിവാസ പാക്കേജ് തീരുമാനിക്കുന്നത് റീഹാബിലിറ്റേഷൻ കമ്മിറ്റിയായിരിക്കും. ജില്ലാ പോലീസ് മേധാവിയായിരിക്കും രണ്ടു സമിതികളുടെയും നോഡൽ ഓഫീസർ. കീഴടങ്ങൽ അംഗീകരിക്കുന്നത് സംബന്ധിച്ച് 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. പുനരധിവാസ പാക്കേജിന് രണ്ടുമാസത്തിനുള്ളിലും അനുമതി നൽകണം.

 

കീഴടങ്ങുന്നത് വനിതാ മാവോയിസ്റ്റാണെങ്കിൽ ഡിസ്ട്രിക്റ്റ് ഓഫീസറിൽ കുറയാത്ത വനിതാ ഓഫീസറെ കമ്മിറ്റി ചെയർമാൻ നിയമിക്കണം. തീവ്രവാദിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, പ്രായം, വിദ്യാഭ്യാസയോഗ്യത, അയാളുടെ കാര്യത്തിൽ പുനരധിവാസ പാക്കേജിന്റെ പ്രായോഗികത എന്നിവ പുനരധിവാസ പാക്കേജിനു പരിഗണിക്കണം.
ഒന്നാം ഗണത്തിൽ പെടുന്ന തീവ്രവാദിക്കു കീഴടങ്ങിയശേഷം അഞ്ചുലക്ഷം രൂപ നൽകും. അതിൽ 2,50,000 അടിയന്തരാവശ്യങ്ങൾക്കു നൽകും. ബാക്കി തുക അയാളുടേയും ജില്ലാ നോഡൽ ഓഫീസറുടേയും പേരിൽ സ്ഥിരനിക്ഷേപമാക്കും. ഈ തുകയിൽ 1,25,000 രൂപ ഒരു വർഷത്തിനുശേഷവും ബാക്കി തുക മൂന്ന് വർഷത്തിനുശേഷവും കീഴടങ്ങിയ ആളുടെ പെരുമാറ്റത്തിനു വിധേയമായി നൽകും. രണ്ടും മൂന്നും കാറ്റഗറികളിൽപെടുന്നവർക്ക് ഇതേ മാതൃകയിൽ മൂന്നു ലക്ഷം രൂപ വീതം നൽകും.

 

അടിയറവ് വയ്ക്കുന്ന ആയുധങ്ങൾ/വെടിക്കോപ്പുകൾക്ക് ശേഷി അനുസരിച്ച് ഒന്നിന് 35,000 രൂപ വരെ നൽകും. കീഴടങ്ങുന്ന കേഡറിന്റെയും നോഡൽ ഓഫീസറുടെയും പേരിൽ നിക്ഷേപിക്കുന്ന ഈ തുകയും സ്വഭാവം പരിഗണിച്ച് മൂന്നുവർഷത്തിനുശേഷമാണ് നൽകുക. സംസ്ഥാന സർക്കാരിന്റെ ഭവന നയമനുസരിച്ച് വീട്, ഔദ്യോഗികപഠനത്തിനുള്ള പ്രായം പിന്നിട്ടയാളാണെങ്കിൽ പഠനം തുടരുന്നതിന് 15,000 രൂപ. ജീവിച്ചിരിക്കുന്ന പങ്കാളിയില്ലെങ്കിൽ വിവാഹസഹായമായി 25,000 രൂപ, അഭിരുചിക്ക് അനുസൃതമായ തൊഴിൽ പഠിക്കുന്നതിന് പരിശീലനം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ഒന്നാം കാറ്റഗറിയിൽ പെടുന്നയാൾക്ക് 10,000 രൂപയും രണ്ടാം വിഭാഗത്തിൽ പെടുന്നവർക്ക് 4,000 രൂപയും മൂന്നാം വിഭാഗത്തിന് 3,000 രൂപയും പരമാവധി മൂന്നു വർഷംവരെ സ്റ്റെപ്പൻഡും ലഭിക്കും.

 

കീഴടങ്ങിയവർക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങളുടെ കേസുകൾ കോടതികളിൽ തുടരും. നിസ്സാരകേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് പരിഗണിക്കാം. കീഴടങ്ങിയവർക്കെതിരെയുള്ള കേസുകൾ വേഗത്തിലാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കും. കേസുകൾ പിൻവലിക്കണമോയെന്ന് അവർ ഉൾപ്പെട്ട കേസുകളുടെ സ്വഭാവം വിലയിരുത്തി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി ശുപാർശ ചെയ്യും. സംസ്ഥാന പോലീസ് മേധാവി, നിയമ സെക്രട്ടറി, ഇന്റലിജൻസ് മേധാവി, പോലീസ് സൂപ്രണ്ട് (ആഭ്യന്തര സുരക്ഷ), ഐ.ജി (ആഭ്യന്തര സുരക്ഷ) എന്നിവരാണ് മറ്റു അംഗങ്ങൾ.

 

കേഡർമാരുടെ തന്ത്രപരവും ആസൂത്രിതവുമായ കീഴടങ്ങൽ ഒഴിവാക്കുന്നതിന് രണ്ട് ആദരണീയവ്യക്തിത്വങ്ങളാൽ (സാമൂഹികപ്രവർത്തകരോ സാഹിത്യപ്രതിഭകളോ പ്രതികൂല പശ്ചാത്തലമില്ലാത്ത മറ്റു ആദരണീയ വ്യക്തിത്വങ്ങളോ) കീഴടങ്ങുന്നവരുടെ വിശ്വസനീയത ഉറപ്പു വരുത്തണമെന്നും പദ്ധതി വ്യക്തമാക്കുന്നു.

Spread the love
Previous ഇവരാണ് ബറോസിലെ താരങ്ങള്‍ : മോഹന്‍ലാല്‍ പറയുന്നു
Next തേയില ഒരു കിലോ 50,000 രൂപ; 'മനോഹരി' ഞെട്ടിക്കും

You might also like

NEWS

കെ-ഫോണ്‍ : അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നുവെന്നു മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ- ഫോണിന്റെ അടിസ്ഥാന പദ്ധതികള്‍ പൂര്‍ത്തിയാകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കെ- ഫോണ്‍ പദ്ധതി എന്താണെന്നുള്ള സംശയങ്ങളും മുഖ്യമന്ത്രി കുറിപ്പിലൂടെ ദുരീകരിക്കുന്നുണ്ട്.   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :-   സംസ്ഥാനത്തിന്റെ

Spread the love
Special Story

നിപ വൈറസ് : അറിയേണ്ടതെല്ലാം

* ഭയപ്പെടേണ്ട, ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ. ശൈലജ ടീച്ചർ കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടന്ന് ചികിത്സ തേടണം. അതുപോലെ ആശുപത്രികൾക്കും രോഗ പര്യവേക്ഷണത്തിനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ നിർദേശങ്ങൾ

Spread the love
MOVIES

ഹരം തീര്‍ത്ത് മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ ട്രെയ് ലര്‍

ആന്റി സെര്‍കിയുടെ മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ പുത്തന്‍ ട്രെയ് ലര്‍ പുറത്തിറങ്ങി. കാട്ടില്‍ വളരുന്ന മൗഗ്ലി തന്റെ സ്വതം തിരിച്ചറിയുന്നതും, മനുഷ്യരിലേക്ക് മടങ്ങുന്നതുമായാണ് ട്രെയ് ലറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുറമേ കാണുന്ന സംഘട്ടനങ്ങള്‍ക്കപ്പുറത്തേക്ക് മൗഗ്ലിയിലുണ്ടാകുന്ന ചില ആന്തരിക സംഘട്ടനങ്ങള്‍ ട്രെയ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply