ചുരം കയറിയെത്തുന്ന ടൂറിസം സാധ്യതകള്‍

ചുരം കയറിയെത്തുന്ന ടൂറിസം സാധ്യതകള്‍

രഞ്ജിനി പ്രവീണ്‍

വയല്‍നാടെന്ന പൂര്‍വ്വനാമത്തിന്റെ സ്മരണ പേറുന്ന വയലുകള്‍ ഏറെക്കുറെ അന്യം നിന്നു കഴിഞ്ഞു. എങ്കിലും വയനാടിന്റെ ഭൂമിക ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനു കാതോര്‍ക്കുകയാണ്. കാര്‍ഷികസ്മൃതിയുടെ പോയ്മറഞ്ഞ നാളുകള്‍ തിരികെ പിടിക്കുക മാത്രമല്ല. തിരികെ പിടിക്കേണ്ടതു പുതിയ കാലത്തിന്റെ സാധ്യതകള്‍ കൂടിയായി മാറുന്നു. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ ഇന്നും വയനാടിനു ചെറുതല്ലാത്ത സ്ഥാനമുണ്ട്. മലയും പച്ചപ്പും കാടുമൊക്കെ നിറഞ്ഞ ഒരു ഭൂപ്രദേശത്തില്‍ വിനോദസഞ്ചാരത്തില്‍ സമഗ്രവികസനത്തിന്റെ സാധ്യത വീണ്ടും തെളിയുകയാണ്. വിനോദസഞ്ചാര സാധ്യതകളിലേക്കൊരു ദേശീയ ശ്രദ്ധ കൂടി ചുരം കയറിയെത്തുന്നുണ്ട്.  ലകേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ വിനോദസഞ്ചാര സ്ഥലങ്ങളില്‍ വയനാടിനും വലിയൊരു സ്ഥാനംഭിക്കുന്ന കാലം അതിവിദൂരമല്ലെന്നു സൂചിപ്പിക്കുന്ന രാഷ്ട്രീയ അവസ്ഥകളിലൂടെയാണു കാലം കടന്നു പോകുന്നത്. അത്തരമൊരു സാഹചര്യത്തിലാണു വയനാടിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ചു ബിഗ്‌സ്‌റ്റോറി ചര്‍ച്ച ചെയ്യുന്നത്.

വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി ലോകസഭയിലേക്കു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഈ നാടു കൂടിയാണു ദേശീയ ശ്രദ്ധയിലേക്കു വരുന്നത്. ചുരത്തിനപ്പുറം സാധ്യതകളുടെ ഈ നാട്ടിന്‍പുറം വീണ്ടും പ്രതീക്ഷകളുടെ പല്ലക്കിലേറുന്നു. കാഴ്ച്ചകളുടെ സംഗമഭൂമിയ്ക്കു ശ്രദ്ധ ലഭിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ എപ്രകാരം വികസിക്കണം, പ്രകൃതിക്കു ദോഷമില്ലാത്തവിധത്തില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകണം എന്നൊക്കെ ചര്‍ച്ച സജീവമാകുന്നുണ്ട്. ആ ചര്‍ച്ചകളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതു വിനോദസഞ്ചാര സാധ്യതകള്‍ തന്നെയാണ്.

അല്‍പ്പമൊന്നു ശ്രദ്ധ വച്ചാല്‍ മൂന്നാറിനെ പോലെ, കുമരകത്തെ പോലെ വിനോദസഞ്ചാര വികസനത്തിന്റെ വെള്ളിവെളിച്ചം എളുപ്പത്തില്‍ കടന്നു ചെല്ലുന്ന ഇടം തന്നെയാണ് വയനാട്. ആ നാടിന്റെ ഭൂപ്രകൃതിയും വിനോദസഞ്ചാര ഇടങ്ങളും കാലാവസ്ഥയുമൊക്കെ ഈ സാധ്യതയെ വളരെയേറെ പിന്താങ്ങുന്നുണ്ട്. ഇതിനൊടൊപ്പം തന്നെ അധികൃതരുടെ ശ്രദ്ധ കൂടി ചുരം കയറിയെത്തണം എന്നു മാത്രം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം, യാത്രാമാര്‍ഗ്ഗങ്ങള്‍ എളുപ്പമാക്കണം, യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കണം….ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ വയനാട്ടില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയിലും വയനാടിന്റെ ടൂറിസം സാധ്യതകള്‍ അനവധിയാണ്.

 

കൃത്യമായൊരു ടൂറിസം മാപ്പ് രൂപീകരിക്കുക എന്നതു വയനാടിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് അത്യാവശ്യമാണ്. വയനാട്ടിലെ പ്രധാന ഇടങ്ങളെ കോര്‍ത്തിണക്കിയൊരു ടൂറിസം സര്‍ക്യൂട്ട് തന്നെ രൂപീകരിക്കണം. ചരിത്രവും വിശ്വാസവുമൊക്കെ ഇഴചേരുന്ന നിരവധിയിടങ്ങളുളളതുകൊണ്ടു തന്നെ അവയെല്ലാം കൂട്ടിയിണക്കിയുള്ള സഞ്ചാരഭൂപടം ഉണ്ടാവേണ്ടതുണ്ട്. എടക്കല്‍ ഗുഹ, കാന്തന്‍പാറ വെള്ളച്ചാട്ടം
കാരാപ്പുഴ അണക്കെട്ട്, കുറുവാദ്വീപ്, ചെമ്പ്ര കൊടുമുടി, തിരുനെല്ലിക്ഷേത്രം, പഴശ്ശിരാജ സ്മാരകം, പക്ഷിപാതാളം, പൂക്കോട് തടാകം, ബത്തേരി ജൈനക്ഷേത്രം ബാണാസുര സാഗര്‍ അണക്കെട്ട്, മുത്തങ്ങ, വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, തോല്‍പ്പെട്ടി വന്യ ജീവി സങ്കേതം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കേന്ദ്രങ്ങള്‍ വയനാട്ടിലെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ രാമായണകഥകളുറങ്ങുന്ന ക്ഷേത്രങ്ങളുടെ സാന്നിധ്യവും വയനാട്ടില്‍ പില്‍ഗ്രിം ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. പുല്‍പ്പള്ളിയിലെ ലവ കുശ ക്ഷേത്രവും പരിസരങ്ങളും രാമായണകഥകളുടെ ശീലുകള്‍ ഉള്ളിലൊളിപ്പിച്ചവയാണ്. രാമനാല്‍ പരിത്യജിക്കപ്പെട്ട സീതയുടെ ജീവിതമാണ് ഇവിടുത്തെ നാട്ടുമൊഴികളിലും ഐതിഹ്യങ്ങളിലും നിറയുന്നത്. തിരുനെല്ലി – ലവ കുശ ക്ഷേത്രം എന്നിവയെ ചേര്‍ത്തിണക്കിയുള്ള ടൂറിസ്യം സര്‍ക്യൂട്ട് ഏറെ സാധ്യതയുള്ളതാണ്.

എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പലതും തുറന്നു പ്രവര്‍ത്തിക്കാത്ത അവസ്ഥയാണിപ്പോള്‍. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന വിധത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നതു തന്നെയാണ് നാട്ടുകാരുടെ ആവശ്യം.

ഒരു കാലത്തു ലോകത്തിലെ മികച്ച താമസസൗകര്യത്തിനുള്ള ഒമ്പതാം റാങ്ക് ലഭിച്ചിരുന്നു വയനാടിന്. ഇന്ന് സൗകര്യങ്ങളുടെ അഭാവമുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ പറുദീസ എന്ന വിശേഷണത്തിലേക്കുള്ള ദൂരം അത്ര അകലയൊന്നുമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ അധികാരികള്‍ ശ്രദ്ധിച്ചാല്‍ ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണെന്നു സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്ന കാലം അതിവിദൂരമല്ല, അസാധ്യവുമല്ല.

വേണ്ടതു പരിസ്ഥിതിസൗഹൃര്‍ദ്ദ വികസനം

പ്രദീപ് മൂര്‍ത്തി
ഡയറക്ടര്‍
മഡ്ഡി ബൂട്ട്സ് വെക്കേഷന്‍സ്

 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ ഈ വയനാടിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞു. എന്നാല്‍ പണം ചിലവഴിച്ച് ഒരു സ്ഥലത്തേക്ക് ആളുകള്‍ വരണമെന്നുണ്ടെങ്കില്‍ ആ സ്ഥലത്തിന് ഒരു സവിശേഷഗുണം ഉണ്ടായിരിക്കണം. വയനാട്ടിലെത്തുന്നവര്‍ക്ക് സന്തോഷത്തോടെ സുലഭമായി ആസ്വദിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, നല്ല റോഡ്, വഴികള്‍ക്ക് കൃത്യമായി ഇന്‍സ്ട്രക്ഷന്‍സ്, നിലവാരം പുലര്‍ത്തുന്ന റിസോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം വേണം. ആളുകളെ ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം ഓരോ സ്ഥലങ്ങളും.

ടൂറിസത്തിലൂടെ ആദിവാസികളുടെ ജീവിതരീതി, ആചാരങ്ങള്‍, ചരിത്രം തുടങ്ങിയവ പ്രദര്‍ശിപ്പിക്കാനും അവരുടെ കരകൗശല വസ്തുക്കള്‍ വിറ്റഴിക്കാനുമുള്ള അവസരങ്ങള്‍ കൂടിയാണ് ലഭിക്കുക. സാമ്പത്തികനേട്ടങ്ങള്‍ക്കപ്പുറത്ത് ഒരടുപ്പം കൂടിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. വയനാടിന്റെ ടൂറിസം വികസനത്തിന് സര്‍ക്കാരിന്റെ പിന്തുണ വര്‍ദ്ധിക്കുകയാണെങ്കില്‍ സ്വദേശീയ തലത്തില്‍ നിന്നും മാറി അന്തര്‍ദേശീയ തലത്തിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. ടൂറിസം മേഖലയില്‍ വയനാടിന് വേണ്ടത് പരിസ്ഥിതി – സൗഹാര്‍ദ്ദമായ വികസനമാണ്.

അടച്ചിട്ട ടൂറിസ്റ്റ് സ്‌പോട്ടുകള്‍ തുറക്കണം

ആനന്ദ് ബി
സെക്രട്ടറി ഡിടിപിസി, വയനാട്

അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്തു കുമരകത്തു വന്നു താമസിച്ചിരുന്നു. അതോടെയാണു കുമരകം എന്ന സ്ഥലം പെട്ടെന്നു പ്രശസ്തമായത്.
ഇതിന് സമാനമായ അവസ്ഥയാണ് വയനാടിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയുടെ വരവോടെ സംഭവിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള ആളുകള്‍ വയനാടിനെ അറിയാനും അന്വേഷിക്കാനും കാരണമായി. ടൂറിസത്തിനാണ് ഇത് ഏറ്റവും കൂടുതല്‍ മുതല്‍ക്കൂട്ടാകുന്നത്. നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രമോഷനെക്കാളും റീച്ച് ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ വയനാട്ടിലെ കുറുവ, മീന്‍മുട്ടി, ചെമ്പ്ര തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ടുകള്‍ അടച്ചിട്ടിരിക്കുകയാണ്. വയനാടിനെ സംബന്ധിച്ച് വലിയൊരു നഷ്ടം അതുകൊണ്ട് ഉണ്ടാകുന്നില്ല. കാരണം ഇതിനെ മറികടക്കാന്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് വേറെയുമുണ്ട്. ഉദാഹരണത്തിന്‍ സൂചിപ്പാറ വെള്ളച്ചാട്ടം അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ കാന്തന്‍പ്പാറ വെള്ളച്ചാട്ടം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപോലെ അടച്ചിട്ടിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ബദലായി മറ്റ് സ്ഥലങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ടൂറിസ്റ്റ് സ്പോട്ടുകള്‍ അടച്ചിട്ടിരിക്കുകയാണെന്നു മാത്രമാണ് ആളുകള്‍ക്ക് പൊതുവെ ലഭിക്കുന്ന വിവരം.

വയനാടിനെ സംബന്ധിച്ചിടത്തോളം കണക്റ്റിവിറ്റി ഒരു പ്രശ്നമേയല്ല. 70 കിലോമീറ്റര്‍ ചുറ്റളവില്‍ മൈസൂര്‍ എയര്‍പോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കോഴിക്കോട് എയര്‍പോര്‍ട്ട് എന്നീ 3 എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. നല്ല കണക്റ്റിവിറ്റിയുള്ള റോഡുകളാണുളളത്.
വയനാടിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഉല്‍പ്പന്നമെന്നു പറയുന്നത് ഇവിടത്തെ കാലാവസ്ഥ, കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍ തുടങ്ങിയവയാണ്. ഇതൊന്നും കേടുവരാത്ത രീതിയിലുള്ള വികസനമാണ് വയനാട്ടിലെ ടൂറിസം മേഖലയില്‍ ഉണ്ടാകേണ്ടത്.

അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം

ബിജു തോമസ്
ഹരിതഗിരി റിസോര്‍ട്ട്

രാഹുല്‍ ഗാന്ധിയുടെ വരവ് വയനാടിനു ഗുണകരമായ മാറ്റമാണ് നല്‍കുക. വയനാടിക്കുറിച്ചും അതിന്റെ ചുറ്റുപാടുകളെക്കുറിച്ചും കൂടുതല്‍ വിശദീകരിക്കാതെ തന്നെ ആളുകളിലേക്ക് എത്താന്‍ ഇതു സഹായിച്ചു. ബിസിനസ്പരമായി വളരെ വേഗത്തില്‍ മുന്നോട്ട് പോകാനിതിലൂടെ സാധിക്കും. ഊട്ടി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് വയനാട്. നിരവധി വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന ഡസ്റ്റിനേഷന്‍ പൊയിന്റെന്ന നിലയില്‍ അന്തര്‍ദേശീയ തലത്തിലേക്ക് വയനാടിന്റെ ടൂറിസ്റ്റ് മേഖലയെ കൊണ്ടു വരാന്‍ കഴിയും. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വരുന്ന വിനോദസഞ്ചാരികള്‍ മറ്റ് സ്ഥലങ്ങളിലേതു പോലൊരു സൗകര്യമാണ് ഇവിടെയും പ്രതീക്ഷിക്കുന്നത്. അത് ഉറപ്പു നല്‍കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ കൂടുതല്‍ പേര്‍ വയനാട്ടിലേക്ക് ആകര്‍ഷിക്കപ്പെടുകയുള്ളു.

എന്നാല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഏറെ പിറകിലാണ് വയനാട്. എയര്‍പോര്‍ട്ട്, ട്രെയിന്‍ സൗകര്യങ്ങള്‍ വയനാട് ജില്ലയില്‍ ഇല്ല. കണ്ണൂര്‍, കോഴിക്കോട് എയര്‍പോര്‍ട്ടുകളെ ആശ്രയിക്കാമെങ്കിലും റോഡ് ഗതാഗതമാര്‍ഗ്ഗം പരിതാപകരമാണ്. നിലവില്‍ നഞ്ചംകോഡ് വരെ റെയില്‍വേയുണ്ട്. അത് നിലമ്പൂര്‍ വരെയാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുണം. എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്പിറ്റല്‍, മികച്ച റോഡുകള്‍ എന്നിവയോട് കൂടി വയനാടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു കൊണ്ടുവരണം. എന്നാല്‍ പ്രകൃതിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. വൈല്‍ഡ് ലൈഫിന്റെ നിയമങ്ങളും ചട്ടങ്ങളും ലിബറലാക്കണം. വൈല്‍ഡ് ലൈഫ് കണ്ടുകൊണ്ടുള്ള യാത്രകളുണ്ടാകണം. പഠനങ്ങള്‍ നടത്തിയതിന് ശേഷമായിരിക്കണം ഏത് പ്രവര്‍ത്തികളും ഇവിടെ നടപ്പാക്കാന്‍. വയനാട് പോലെ മനോഹരമായൊരു സ്ഥലം വിനോദസഞ്ചാരത്തിന്റെ പേരില്‍ നശിപ്പിക്കുന്നില്ല എന്നും അധികൃതര്‍ ഉറപ്പാക്കണം.

തിരസ്‌ക്കരിക്കരുത് തിരുനെല്ലിയെ

ടി. സുകുമാരന്‍ നായര്‍
ഫോര്‍മര്‍ മാനേജിംഗ് ഡയറക്ടര്‍
ബാംബു കോര്‍പ്പറേഷന്‍
ഓണര്‍, കൂമന്‍കൊല്ലി ഹെറിറ്റേജ്

വയനാട് കേരളത്തിലെ പ്രധാനപ്പെട്ടൊരു ടൂറിസിറ്റ് സ്ഥലമാണെന്നിരിക്കെ വൈത്തിരി വരൈ മാത്രമേ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ വരുന്നുള്ളു. ശേഷം വരുന്ന തിരുനെല്ലി ടൂറിസിറ്റ് കേന്ദ്രമെന്ന രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ മറ്റ് ടൂറിസം സ്ഥലങ്ങളേക്കാള്‍ മനോഹരമാണ് തിരുനെല്ലി. 22 കിലോമീറ്റര്‍ കാടും പിന്നീട് ആദിവാസി ജീവിതവുമാണ് തിരുനെല്ലി കാണിച്ചു തരുന്നത്. ആദിവാസികള്‍, അവരുടെ കലകള്‍, പുഴ, ബ്രഹ്മഗിരിയുടെ താഴ്വര ഈതെല്ലാമുണ്ടെങ്കിലും ഇവിടെ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ല. പില്‍ഗ്രം ടൂറിസ്റ്റ് സെന്റര്‍ എന്ന നിലയില്‍ തിരുനെല്ലിക്കു സാധ്യതകള്‍ ധാരാളമാണ്. ബലിതര്‍പ്പണത്തിനായി രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തിയതോടെ ദേശീയ ശ്രദ്ധയും ലഭിച്ചു.

തിരുനെല്ലിയില്‍ വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടെ എണ്ണം വളരെക്കുറവാണ്. റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അമ്പലവയലും വൈത്തിരിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ തിരുനെല്ലി തിരസ്‌ക്കരിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ 90 ശതമാനവും ആദിവാസികളാണുള്ളത്. ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റെസ്പോണ്‍സിബിള്‍ ടൂറിസമാണ് വരേണ്ടത്. എങ്കില്‍ ആദിവാസികളുടെ കലകള്‍, പാചകരീതികള്‍, ഭാഷ എന്നിവയെയെല്ലാം കൂടി പിന്തുണക്കപ്പെടും. ടൂറിസത്തിനായി എത്തുന്ന നിരവധി വിദേശികള്‍ക്ക് ഇത് ഇഷ്ടമാകാറുണ്ട്.

പ്രധാനപ്പെട്ട 4 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതെല്ലാം തുറന്ന് പ്രവര്‍ത്തിക്കണം. കോണ്‍ക്രീറ്റ് നിര്‍മ്മിതികളുടെയും കൂറ്റന്‍ ബംഗ്ലാവുകകളുടെയും നിര്‍മ്മിതികള്‍ ഇവിടെ അനുവദിക്കരുത്. തദ്ദേശീയമായ നിര്‍മ്മാണരീതികളുണ്ടിവിടെ. മുള, മണ്ണ്, പുല്ല് എന്നിവ ഉപയോഗിച്ചുള്ള നിര്‍മ്മിതികളാണ് വേണ്ടത്. വയനാടിന്റെ പച്ചപ്പും വൈവിധ്യവും നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വരേണ്ടത്.

സര്‍ക്കാരിന്റെ പിന്തുണ അത്യാവശ്യം

സുനില്‍ കുമാര്‍ എം
മാനേജിംങ് ഡയറക്ടര്‍
ടെറൈസ് റിസോര്‍ട്ട്

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ആഗമനം അന്തര്‍ദേശീയ തലത്തിലേക്കാണ് വയനാടിനെക്കൊണ്ടെത്തിച്ചിരിക്കുന്നത്. റെയില്‍വേ, എയര്‍പോര്‍ട്ട് സൗകര്യങ്ങള്‍ വയനാട്ടില്‍ ഇല്ല എന്നിരിക്കെത്തന്നെ വയനാടിന്റെ ടൂറിസം സാധ്യതകള്‍ വലുതാണ്. ടൂറിസം ഒരു വ്യവസായ മേഖലയാണെന്നുള്ള തിരിച്ചറിവ് ഉള്ള പരിഷ്‌കൃത മനോഭാവമുള്ളവരാണ് ഇവിടെയുള്ളത്. കുമരകം, തേക്കടി, കോവളം, മൂന്നാര്‍ എന്നീ സ്ഥലങ്ങളിലെല്ലാം ടൂറിസരംഗം വികസിച്ചത് സര്‍ക്കാര്‍ പിന്തുണയുള്ളതുകൊണ്ടാണ.് അവിടെയെല്ലാം കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരസ്യപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വയനാട്ടില്‍ ഇത് കുറവാണ്. ഒരിക്കല്‍ വന്നവര്‍ പിന്നെയും ഇവിടെ വരണമെന്നുണ്ടെങ്കില്‍ കൂടുതല്‍ ആക്റ്റിവിറ്റീസ് വേണം. ആ രീതിയിലേക്ക് ഇവിടത്തെ ടൂറിസത്തെ വികസിപ്പിച്ചെടുക്കണം.

നിലവില്‍ വയനാട്ടിലെ കുറുവ, മീന്‍മുട്ടി, ചെമ്പ്ര തുടങ്ങി നാലോളം ടൂറിസ്റ്റ് സ്പോട്ടുകള്‍ അടച്ചിട്ടിരിക്കുകയാണ്. സാങ്കേതിക കാരണങ്ങളാല്‍ ഹൈക്കോടതി റിട്ട് പുറപ്പെടുവിച്ചിട്ടുണ്ടിവിടെ. കുറുവ, മീന്‍മുട്ടി, ചെമ്പ്ര തുടങ്ങിയ സ്ഥലങ്ങള്‍ അടച്ചതിനാല്‍ വളരെക്കുറച്ച് സ്ഥലം മാത്രമാണ് വിനോദ സഞ്ചാരത്തിനായുള്ളു. അതിനാല്‍ എല്ലാ സ്ഥലങ്ങളിലും സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. മിക്കതും ഡേ ക്ലൈന്‍സുകളാണ്. 4-5 ദിവസത്തേക്ക് വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്ക് ആനന്ദകരമായ രീതിയിലേക്ക് സൗകര്യങ്ങള്‍ ഉണ്ടാവണം. അതിന് ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ ആവശ്യമാണ്.

പ്രധാനമായും ഫോറസ്റ്റ്, ഇറിഗേഷന്‍, ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റുകളാണു ടൂറിസവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവ. എന്നാല്‍ ഒരിക്കലും സംയോജിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നില്ല. ടൂറിസത്തിന് ഏറ്റവും പിന്തുണ തരേണ്ട ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് എപ്പോഴും എതിര്‍നിലപാടുകളാണ് കൈക്കൊള്ളുന്നത്. ഇവര്‍ പിന്തുണച്ചാല്‍ ടൂറിസത്തിലൂടെ വരുമാനം ഉണ്ടാകുന്നത് സര്‍ക്കാരിനാണ്.

വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ടാവണം
ഷൈലേഷ് സിപി
സെക്രട്ടറി
ഡബ്ലു ടി ഒ ( വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ )

 

ടൂറിസം മാര്‍ക്കറ്റിങ്ങിന് ഏറെ ഉപകാരപ്പെടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വയനാടിലേക്കുള്ള രംഗപ്രവേശം. മുന്‍പ് വയനാട് എവിടെയാണെന്ന് ആളുകള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ടൂറിസ്റ്റ് കേന്ദ്രമെന്ന രീതിയില്‍ ദേശീയ മാധ്യമങ്ങളും അന്തര്‍ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടുകൂടി വയനാട് കൂടുതല്‍ സുപരിചിതമായിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് ഇത് ഉപകാരപ്പെടുന്നുവെങ്കിലും കുറഞ്ഞ കാലഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയില്ല. കേരളത്തില്‍ ടൂറിസത്തിനായി എത്തുന്നവര്‍ ഒരു വിനോദ കേന്ദ്രമായി വയനാടിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഡിടിപിസി, ഡബ്ലു ടി ഒ തുടങ്ങിയവയെല്ലാം കൃത്യമായി വയനാടിന്റെ ടൂറിസം മേഖലയെ പിന്തുണക്കുന്നുണ്ട്. അതിനാല്‍ തന്നെ നിലവില്‍ കേരളത്തിലെ പ്രധാനപ്പെട്ടൊരു വിനോദ സഞ്ചാരകേന്ദ്രമാണ് വയനാട്. സഞ്ചാരികള്‍ക്ക് യാത്ര വിനോദകരമാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. എക്കോ- ടൂറിസത്തിലെ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിട്ടിട്ടുണ്ട്. എന്നാല്‍ വൈവിധ്യത്തെ നിലനിര്‍ത്തിക്കൊണ്ടുള്ള വളര്‍ച്ചയും വികാസവുമാണ് ഇവിടുത്തെ ഓരോ സംരംഭവും ആഗ്രഹിക്കുന്നത്. ഈ വൈവിധ്യമില്ലാതെ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വയനാടിന് പ്രസക്തിയില്ല.

ഒന്നോ രണ്ടോ ദിവസത്തേക്ക് വന്നു പോകുന്ന വിനോദ സഞ്ചാരികളുടെ ഇടമാണിപ്പോള്‍ വയനാട്. രാത്രി യാത്രാനിരോധനം ടൂറിസത്തെ ബാധിച്ചിട്ടുണ്ട്. ഇതിലെല്ലാം മാറ്റം വന്നാല്‍ വയനാടിനെ കാത്തിരിക്കുന്നത് വലിയ ടൂറിസം സാധ്യതകളാണ്.

വയനാട്ടിലേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിക്കണം

കെ. രവീന്ദ്രന്‍
എക്‌സിക്യുട്ടീവ് മെമ്പര്‍
ഡബ്ലു ടി ഒ ( വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ )

രാഹുല്‍ ഗാന്ധിയുടെ വരവ് പ്രമാണിച്ച് വയനാടിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞു എന്നത് വാസ്തവമാണ്. എന്നാല്‍ ടൂറിസം നിലനില്‍ക്കുന്നതിന് അതുകൊണ്ടു മാത്രം സാധിക്കില്ല. അതിനായി ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ജില്ലാതല അധികാരികളും സംസ്ഥാന പ്രാദേശിക ബോര്‍ഡുമാണിത് ചെയ്യേണ്ടത്.

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുകയും കൂടുതല്‍ വിനോദ കേന്ദ്രങ്ങള്‍ ഉണ്ടാവുകയുമാണ് വേണ്ടത്. വയനാട്ടിലേക്കുള്ള കണക്റ്റിവിറ്റി ഒരു സുപ്രധാന പ്രശ്നമാണ്. എയര്‍ കണക്ഷന്‍, റെയില്‍വേ തുടങ്ങിയവ ചിരകാലമായി വയനാട്ടിലെ ജനങ്ങള്‍ ആവിശ്യപ്പെട്ടുകൊണ്ടിരിക്കുന്നവയാണ്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഒരു തുടക്കമെന്ന നിലയില്‍ ചെയ്യേണ്ടത്.

കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനും വില്‍ക്കാനും ഏറെ സാധ്യതയുള്ള സ്ഥലമാണ് വയനാട്. പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാകുന്നില്ല. ഇതിനെല്ലാം വിപണി കണ്ടെത്തിക്കൊടുക്കാനായി ടൂറിസം മേഖലയുടെ പിന്തുണ ഉണ്ട്. റെസ്പോണ്‍സിബിള്‍ ടൂറിസത്തിനെയാണ് ഡബ്ലു ടി ഒ പിന്തുണക്കുന്നത്.

Spread the love
Previous കേക്ക് നിര്‍മാണത്തിലൂടെ പണമുണ്ടാക്കാം
Next വാര്‍ത്തകളുടേയും സംരംഭകഗാഥകളുടേയും ലോകം : സ്മാര്‍ട് സംരംഭത്തിലൂടെ

You might also like

Business News

രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്

ചരിത്രത്തിൽ ആദ്യമായി ഇന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 71 ൽ എത്തി.  ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 70. 82 ആയിരുന്നു ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം.  എന്നാൽ ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോൾ

Spread the love
NEWS

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുത്തിട്ടുണ്ടോ : തെരഞ്ഞെടുപ്പ് ചരിത്രം ചര്‍ച്ചയാക്കി ടെക്കികള്‍

വിവിപാറ്റ് മെഷിനും തിരഞ്ഞെടുപ്പ് പ്രക്രിയയും പരിചയപ്പെടുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവിധ തലത്തിലുള്ള ചര്‍ച്ചാവേദിയായി. വിവിധ തരത്തിലുള്ള സംശയങ്ങളും അഭിപ്രായങ്ങളുമായി ടെക്കികള്‍ എഴുന്നേറ്റപ്പോള്‍ ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍

Spread the love
SPECIAL STORY

പരുന്തുംപാറയിലെ കാഴ്ചകള്‍…

നീല്‍ മാധവ് പരുന്തുംപാറയിലെ കാഴ്ചകള്‍ കുമളിയില്‍ നിന്ന് ഒരു മണിക്കൂര്‍ ദൂരത്തിലാണ് പരുന്തുംപാറ വ്യൂ പോയിന്റ്. പീരുമേടിന് തൊട്ടടുത്താണ് പരുന്തുംപാറ. പീരുമേടിന്റെ കവാടമായ വാഗമണിലെ പ്രകൃതിയാണ് പരുന്തുംപാറയില്‍. തൊട്ടുകിടക്കുന്ന മൊട്ടക്കുന്നുകള്‍ ആണ് പരുന്തുംപാറയിലെ കാഴ്ച്ച. വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാല്‍ ദൂരെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply