കൊളുക്കുമലയിലെ കുറിഞ്ഞിവസന്തം

കൊളുക്കുമലയിലെ കുറിഞ്ഞിവസന്തം

പ്രത്യേകിച്ച് വലിയ പദ്ധതികള്‍ ഒന്നുമില്ലാതെയാണ് ഈ ഒരു മൂന്നാര്‍ യാത്രയ്ക്ക് കളമൊരുങ്ങിയത്. അതിരാവിലെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അഖില്‍ ഒരു യാത്രപോയാലോ എന്നു ചോദിച്ചതോടെയാണ് മൂന്നാറിന്റെ കുളിരിലേക്ക് ഞങ്ങളെ എത്തിച്ചത്. ഈ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ അഞ്ച് പേരാണ്. ഞാനും അഖിലും ഞങ്ങളുടെ കുടുംബവും. നീലക്കുറിഞ്ഞി പൂത്തുലഞ്ഞകാലമായതിനാല്‍ കാഴ്ചകള്‍ക്ക് നീലിമയേറുമെന്നുറപ്പുണ്ടായിരുന്നു.വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നീലക്കുറിഞ്ഞി തേടി മൂന്നാറി കുളിരിലേക്ക് കയറി.
രാവിലെ 8.30നു തന്നെ യാത്ര പുറപ്പെട്ടു. വൈകുന്നേരം തിരിച്ചെത്താമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ യാത്ര പാതിയെത്തിയപ്പോള്‍ തന്നെ ഒന്നുറപ്പായി, ഇന്നു തിരിച്ചു പോരാന്‍ സാധിക്കില്ല. അടിമാലി എത്തും മുന്‍പേ ഇന്നൊരു യാത്ര സാധ്യമല്ലെന്നു ഭാര്യ വാളുവെച്ച് ഉറക്കെ പ്രഖ്യാപിച്ചു. ഇനി ധൃതിയില്ലെന്ന തിരിച്ചറിവോടെ യാത്രയുടെ താളത്തിനു വേഗത കുറഞ്ഞു. ഭക്ഷണവും പ്രകൃതിയെയുമെല്ലാം അറിഞ്ഞ് മെല്ലെ മാരുതി സ്വിഫ്റ്റ് മല മടക്കുകള്‍ കയറി തുടങ്ങി. കോടയും മഴയും മാറി മാറി യാത്രയ്ക്ക് പുതിയ മാനങ്ങള്‍ കാട്ടിത്തന്നു കൊണ്ടിരുന്നു. പ്രളയം താണ്ഡവമാടിയ കാലത്തിന് ശേഷം പഴയ ഭംഗി മൂന്നാറിന് നഷ്ടപ്പെട്ടോ എന്നു യാത്രയില്‍ പലയിടങ്ങളിലും സംശയം തോന്നി. യാത്രയിലുടനീളം അങ്ങിങ്ങായി റോഡുകള്‍ ഭാഗികമായി തകര്‍ന്നിരിക്കുന്നു. ഒരു വശം മാത്രം യാത്രയ്ക്കായി തുറന്ന് കൊടുത്ത് മറുവശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. കുടുങ്ങിയും കുരുങ്ങിയും ഒടുവില്‍ വൈകുന്നേരം 6 മണിയോട് കൂടി ദേവികുളം യാത്ര നിവാസില്‍ അടുത്തുടുത്ത രണ്ടു റൂമുകളിലായി ഞങ്ങള്‍ ചേക്കേറി. യാത്രയുടെ ക്ഷീണവും തണുപ്പിന്റെ ആധിക്യവുമെല്ലാം ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും വേഗത വര്‍ദ്ധിപ്പിച്ചു.

നീലക്കുറിഞ്ഞിയും തേടി കൊളുക്കുമലയിലേക്ക്

നീലക്കുറുഞ്ഞി പുത്തു തുടങ്ങുന്നതയൂള്ളു. കൊളുക്കുമലയിലുള്ള കുറുഞ്ഞി മലയിലാണത്രെ നീല വസന്തം. എന്നാല്‍ യാത്ര അങ്ങോട്ടാക്കാം എന്നതായി തീരുമാനം. ചിന്നക്കനാലും സൂര്യനെല്ലിയും പിന്നിട്ട് കൊളുക്കുമല ലക്ഷ്യമാക്കി യാത്ര തുടങ്ങി. പൂപ്പാറ എത്തിയപ്പോള്‍ ഒന്നുറപ്പായി. വഴി തെറ്റിയിരിക്കുന്നു. പതിനഞ്ച് കിലോമീറ്റര്‍ മുന്നിലേക്ക് പോയിരിക്കുന്നു. വീണ്ടു തിരിച്ചു പോകണം. യൂടേണ്‍ എടുത്ത് വീണ്ടും സൂര്യനെല്ലി. കൊളുക്കുമലയ്ക്കുള്ള വഴി ചോദിക്കുവാന്‍ എത്തിയത് കൊളുക്കുമലയ്ക്ക് കൊണ്ടു പോകുന്ന ഡ്രൈവറുടെ അടുത്തു തന്നെ. അവിടുത്തെ ഡ്രൈവേഴ്‌സ് യൂണിയന്റെ ഭാരവാഹി. മണികാര്‍ത്തിക്ക് എന്ന ഡ്രൈവറെ അന്നാട്ടുക്കാര്‍ക്ക് നല്ല പരിചയമാണ്. മണിയുടെ അച്ഛന്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ തോട്ടം തൊഴിലാളിയായി തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയതാണ്. ഇന്ന് കൊളുക്കുമല പ്ലാന്റേഷനിലേക്ക് അംഗീകൃത ലൈസന്‍സുള്ള 80 പേരില്‍ ഒരാളും അന്നാട്ടുകാരനുമാണ് മണി. 2000 രൂപയാണ് മലകയറാനുള്ള ചെലവ്. ഡിടിഡിസിയുടെ ഓഫീസിലാണ് തുക അടയ്‌ക്കേണ്ടത്. 

കിടിലന്‍ ഓഫ് റോഡ്

സമുദ്ര നിരപ്പില്‍ നിന്ന് 7130 അടി ഉയരത്തിലാണ് കൊളുക്കുമലയുടെ സ്ഥാനം. പണ്ടെങ്ങോ ടാറിട്ടതാണെന്ന് അവകാശപ്പെടുന്ന റോഡ് മാത്രമാണ് സഞ്ചാരമാര്‍ഗം. തേയില തോട്ടങ്ങളുടെ ഇടയിലൂടെ തികച്ചും അവിസ്മരണീയമായ യാത്രയാണ് ഈ റോഡ് സമ്മാനിക്കുന്നത്. ജീപ്പ് മാത്രം കയറിപ്പോകുവാന്‍ സാധിക്കുന്ന വഴി പ്രളയത്തോടെ ജീപ്പ് പോലും പോകുമോ എന്ന സംശയിക്കുന്ന അവസ്ഥയിലായി. ദുര്‍ഘടം എന്ന് തോന്നിയെങ്കിലും കുടുങ്ങിയും കുലുങ്ങിയുമുള്ള ഓഫ് റോഡ് യാത്ര അതീവ ഹൃദ്യമായിരുന്നു. ആഷിഖ് അബുവും റിമയും, ദുല്‍ഖര്‍ സല്‍മാനുമെല്ലാം മലകയറി മുകളിലെത്തിയ കഥ യാത്രയിലുടനീളം മണി പറഞ്ഞു കൊണ്ടേയിരുന്നു. അധനികൃതമായി കൊരങ്ങിണിയിലും മീശപ്പുലിമലയിലും കയറിയവരുടെ കഥയും കൊളുക്കമലയിലേക്ക് കയറിയവരുടെ കഥയും മണി പറഞ്ഞു. ആരെയും ഇനി കൊളുക്കുമലയിലേക്ക് കയറ്റേണ്ട എന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം. പിന്നീട് അതിശക്തമായി ഡ്രൈവര്‍മാരടക്കം സമരം ചെയ്തു. ഇപ്പോള്‍ പഴയപോലെയല്ല ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ ആളെ അകത്തു കയറ്റുവാന്‍ പറ്റു. ഇപ്പോള്‍ നിയമവും വ്യവസ്ഥയുമൊക്കെയായി. ഇനിയൊരു അപകടം ആവര്‍ത്തിക്കരുതെന്നാണ് എല്ലാവരുടെയും ആഗ്രഹം. മീശപ്പുലിമല ട്രെക്കിംഗ് കൊളുക്കുമലയിലൂടെ ഇനി സാധ്യമല്ല. സംസാരം പൂര്‍ണമാകും മുന്‍പ് ഞങ്ങള്‍ കൊളുക്കുമലയുടെ വ്യൂ പോയിന്റില്‍ എത്തി. 7130 അടി ഉയരത്തിലാണ് ഞങ്ങളെന്ന് ബോര്‍ഡില്‍ എഴുതി വെച്ചിട്ടുണ്ട്. തിപടി മലയുടെയും മീശപ്പുലിമലയുടെയും ഉയരം എഴുതിയിരിക്കുന്നതില്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി. ഒരുഭാഗത്ത് പര്‍വതനിരകളും പച്ചപുതച്ച താഴ്‌വാരങ്ങളും നിറഞ്ഞ കേരളം. മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്‌നാടിന്റെ തേനി ജില്ല. വ്യൂ പോയിന്റിലെ കാഴ്ച വളരെ വലുതാണ്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള തേയില

വീണ്ടു ആളൊന്നിന് നൂറു രൂപ വീതം തമിഴ്‌നാട് സര്‍ക്കാരിന് നല്‍കി കുറുഞ്ഞി മലയിലേക്ക് കയറി. മലയുടെ അടിവാരത്ത് വാഹനം നിര്‍ത്തി മലമുകളിലേക്ക് നടന്നു കയറണം. കുത്തനെയുള്ള കയറ്റവും അതിശക്തമായ തണുപ്പും. നീലക്കുറിഞ്ഞി പൂത്തത് ഭാഗികമായി കാണുവാന്‍ മാത്രമേ സാധിക്കു എന്നു മനസി പറഞ്ഞു. കോടയും ഇടയ്ക്കിടെ ചാറിപ്പെയ്യുന്ന മഴയും ശക്തമാണ്. അരമണിക്കൂറിലേറെ നേരം കാത്തിരുന്നു. കുറിഞ്ഞി മലയില്‍ മൊട്ടിട്ട നീലവസന്തം കാണുവാന്‍. മഴ പെയ്യുന്നത് നീലക്കുറുഞ്ഞിയുടെ ആയുസ് കുറയ്ക്കും എന്ന് ഗൈഡ് പറയുന്നുണ്ടായിരുന്നു. അഖിലിന്റെ ക്യാമറ ജീവിതത്തിലെ വളരെ വിരളമായി സംഭവിക്കുന്ന ഈ നല്ല നിമിഷങ്ങളെ ഒന്നുവിടാതെ ഒപ്പിയെടുത്തു കൊണ്ടേയിരുന്നു. ഇവിടെനിന്നും ബാക്കി യാത്ര ഇനി തേയില ഫാക്ടിറിയിലേക്കാണ്. രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ടീ ഫാക്ടറിയില്‍ എത്താം. 1935ല്‍ സായിപ്പന്‍മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്. കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഫാക്ടറി കാലത്തേയും പ്രകൃതിയുടെ പ്രതികൂല അവസ്ഥകളെയുമെല്ലാം വെല്ലുവിളിയോടെ ഇന്നും അതിജീവിക്കുന്നു. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയിന്റും ഉണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വളരുന്ന തേയില (worlds highest grown tea) എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്‍ക്കാന്‍ വെച്ചിട്ടുണ്ട്. കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്നുണ്ടെങ്കിലും ഇവിടത്തെ ചായകുടിച്ച ആരും അതിലൊരു പാക്കറ്റ് വാങ്ങാതെ മലയിറങ്ങാറില്ല.

മൂന്നു പായ്ക്കറ്റ് തേയിലയും വാങ്ങി മണികാര്‍ത്തികനൊപ്പം മലയിറങ്ങി. ഒരു ജന്‍മത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും പ്രാരാബ്ദവുമെല്ലാം മുഖത്ത് ചുളിവ് വീഴ്ത്തിയ നിരവധി സ്ത്രീകള്‍ കരിവാളിച്ച മുഖവുമായി കൊളുന്തു നുള്ളുന്നുണ്ടായിരുന്നു. ഇടിഞ്ഞു വീഴാറായ അവരുടെ ലായങ്ങളിലും അറിയാതെ കണ്ണുടക്കും. മണി പറയുമ്പോലെ എല്ലാവരും പാവങ്ങളാണ് സാര്‍, ഇങ്ങനെ ജീവിക്കുന്നു, തമിഴരും മലയാളികളും വിട്ടൊഴിഞ്ഞ തോട്ടമേഖലയിലേക്ക് ആടുജീവിതം നയിക്കുവാന്‍ എത്തുന്ന പുതുതലമുറ ഹിന്ദിക്കാരെ കണ്ടപ്പോള്‍ ലായങ്ങളിലെ പ്രാരാബ്ദങ്ങളും കഷ്ടപ്പാടുകളും ഇനി ഒഴിയില്ല എന്നതുറപ്പായി. പടിഞ്ഞാറെ തലയ്ക്കല്‍ സൂര്യന്‍ മറഞ്ഞു തുടങ്ങിയിരിക്കുന്നു. കൊളു എന്നാല്‍ തമിഴില്‍ തണുപ്പെന്നാണ് അര്‍ത്ഥം. മനസ്സിലേക്കും ശരീരത്തിലേക്കും അരിങ്ങിച്ചിറങ്ങിയ തണുപ്പിനെ പിന്നിലാക്കി തിരിച്ചിറങ്ങുകയാണ്. ഇനിയുമൊരിക്കല്‍ കാണാമെന്ന പ്രതീക്ഷയോടെ കുറിഞ്ഞിപ്പൂക്കളും ഞങ്ങളെ നോക്കി തലയാട്ടുന്നുണ്ടായിരുന്നോ?

Spread the love
Previous ശബ്ദവിസ്മയം തീര്‍ക്കാന്‍ ട്രൂവിഷന്‍ 5.1 സ്പീക്കറുകള്‍ വിപണിയില്‍
Next ചാര്‍ജിലിട്ട ഫോണില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചു; യുവാവിന് ദാരുണമരണം

You might also like

LIFE STYLE

വരുന്നു പ്രാടായുടെ പ്ലാസ്റ്റിക് നിര്‍മ്മിത ആഡംബര ബാഗുകള്‍

പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറുമ്പോഴും പരിസ്ഥിതിക്ക് എന്നും വലിയ വെല്ലുവിളിയാണത് ഉണ്ടാക്കുന്നത്. ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്നാണ് ഓസ്ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. കരയിലും കടലിലുമായി നാം ഉപേക്ഷിക്കുന്ന

Spread the love
SPECIAL STORY

ആപ്പിള്‍ സൈഡര്‍ വിനഗര്‍; ആരോഗ്യത്തിനും സൗന്ദര്യത്തിനും

ആപ്പിള്‍ ജ്യൂസില്‍ നിന്നും ഉണ്ടാക്കുന്ന വിനാഗിരിയാണ് എസിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആപ്പിള്‍ സിഡെര്‍ വിനഗര്‍. കേരള വിപണിയില്‍ ഇന്ന് സുലഭമായി ലഭിക്കുന്ന ഈ ഉല്‍പ്പന്നത്തിന് ആരോഗ്യകരമായ പല ഗുണങ്ങളുമുണ്ട്, ഇവയെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. ഗുണങ്ങള്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണിത്.

Spread the love
LIFE STYLE

നല്ല ഉറക്കം കിട്ടാന്‍ കിടക്കാന്‍ നേരം ഈ ജ്യൂസ് കുടിക്കുക

നല്ല ഉറക്കം നല്‍കാന്‍ കഴിയുന്ന പഴമാണ് ചെറി. ഉറക്ക തടസം ഉള്ള ഏതൊരാളും രാത്രിയില്‍ അല്‍പ്പം ചെറി ജ്യൂസ് കഴിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാം. ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന ഘടകം. ബ്രിട്ടനിലെ നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റി Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply