കേരളത്തിന്റെ ഉദയനക്ഷത്രം

കേരളത്തിന്റെ ഉദയനക്ഷത്രം

നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന ഗ്രാമത്തില്‍ നിന്ന് മണികണ്ഠന്‍ എന്നൊരു 16 വയസ്‌സുകാരന്‍ പയ്യന്‍ ജോലി തേടി വീടുവിട്ടിറങ്ങി. പഠിപ്പും, അറിവും, ലോക പരിചയവും ഇല്ലാത്ത ആ സാധാരണക്കാരന്‍ പയ്യന്‍ ഓടിയാല്‍ എവിടെവരെ എത്താനാണ്. എന്നാല്‍ പലരുടെയും മുന്‍ധാരണകളെ തെറ്റിച്ച് 16 വയസ്‌സുകാരന്‍ ഒന്നാമനായി ഫിനിഷ് ചെയ്തു. മികച്ച ബീച്ച് ഹോട്ടലിനുള്ള അന്തര്‍ദ്ദേശീയ പുരസ്‌കാരം കഴിഞ്ഞ ഏഴ് വര്‍ഷമായി സ്വന്തമാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉടമ, തെന്നിന്ത്യയിലെ മുന്‍ സൂപ്പര്‍ നായികയുടെ ഭര്‍ത്താവ്, രണ്ട് തെന്നിന്ത്യന്‍ നായികമാരുടെ പിതാവ്, പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ശശി തരൂരിനെ വരെ അമ്പരിപ്പിച്ച വ്യവസായി. ഈ നേട്ടങ്ങളും പദവികളുമെല്ലാം സ്വന്തമാക്കിയെടുത്ത് മറുനാട്ടുകാരുടെ മണികണ്ഠന്‍ ഇവിടെ അറിയപ്പെടുന്നത് എസ്എസ്എല്‍സി ബുക്കിലെ ഔദ്യോഗിക നാമമമായ രാജശേഖരന്‍ നായര്‍ എന്ന പേരിലാണ്. ഉദയ സമുദ്ര എന്ന തന്റെ ബ്രാന്‍ഡിലൂടെ കേരളത്തിന്റെ ഹോസ്പിറ്റാലിറ്റി രംഗത്ത് വിപ്‌ളവം തീര്‍ക്കുകയാണ് രാജശേഖരന്‍ നായര്‍. കോവളം തീരത്തെ രാജശേഖരന്‍ എന്ന ഉദയസൂര്യന്റെ വിജയകഥ അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും പ്രതീകം കൂടിയാണ്.

ചെങ്കടലിലെ ഒരു സാധാരണ കുടുംബത്തില്‍     

ശ്രീധരന്‍ നായരുടേയും രുക്മിണിയമ്മയുടേയും എട്ടുമക്കളില്‍ രണ്ടാമനായാണ് മണികണ്ഠന്‍ എന്ന രാജശേഖരന്റെ ജനനം. പതിവ് ഭാഗ്യന്വേഷികളെ പോലെ തൊഴില്‍ തേടിയാണ് രാജശേഖരനും ജീവിതം ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തിന് അപ്പുറം തനിയെ യാത്ര ചെയ്യാത്ത മണികണ്ഠന്‍ തൊഴില്‍ തേടി തൃശ്‌നാപിള്ളിയില്‍ എത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഒരു പഴക്കടയില്‍ സഹായിയായി ജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് ഒരു പഴക്കട തന്നെ സ്വന്തമായി തുടങ്ങി. മുന്‍ മുതലാളിയേക്കാള്‍ വ്യത്യസ്തമായിഉപഭോക്താവിന്റെ സംതൃപ്തി മനസിലാക്കി നല്ല രീതിയില്‍ കച്ചവടം പുരോഗമിച്ചതോടെ തമിഴ് മക്കള്‍ എന്ന വാദമുയര്‍ത്തി അയാള്‍ രാജശേഖരനെ അവിടെ നിന്ന് ഓടിച്ചകറ്റി. കട നഷ്ടപ്പെട്ടതില്‍ സങ്കടം ഉണ്ടായെങ്കിലും തന്നില്‍ ഒരു കച്ചവടക്കാരനുണ്ടെന്ന് തിരിച്ചറിഞ്ഞ അയാള്‍ ബോംബൈയ്ക്ക് വണ്ടി കയറി. താനെയില്‍ വണ്ടിയിറങ്ങുമ്പോള്‍ കൈമുതലായി അവശേഷിച്ചത് മനോധൈര്യം മാത്രമായിരുന്നു. പഠിപ്പില്ല, ഭാഷയറിയില്ല, ബന്ധുക്കളും പരിചയക്കാരുമില്ല. ആരുടെയെങ്കിലും വിലാസമോ പേരോ കൈവശമില്ല.. ഇനിയെന്തെന്ന ചോദ്യം അയാള്‍ക്ക് മുന്നിലും വന്നു. തൊട്ടടുത്ത കടയില്‍ കയറി ചായ കുടിക്കാം എന്ന തീരുമാനം വീണ്ടുമൊരു വഴിത്തിരിവില്‍ എത്തി. മലയാളം മാത്രം അറിയുന്ന പയ്യന്‍ തന്റെ കാര്യങ്ങള്‍ ചായക്കടകാരനോട് പറഞ്ഞു. മലയാളി അല്ലെങ്കിലും മലയാളം അറിയുന്ന കടക്കാരന്‍ കേരള സമാജത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടി. കിട്ടിയ കച്ചിത്തുരുമ്പില്‍ തൂങ്ങിക്കിടക്കുവാന്‍ രാജശേഖരന്‍ ഉറപ്പിച്ചു. വയറു നിറയെ ഭക്ഷണം, കിടക്കാനൊരിടം അതു മാത്രമായിരുന്നു രാജശേഖരന്റെ ആഗ്രഹം.

വഴിമാറിയ ജീവിതം 

ആഗ്രഹിച്ചതു പോലെ അധികം വൈകാതെ രാജശേഖന് ജോലി ലഭിച്ചു. നാനാചന്ദ് അഗര്‍വാളിന്റെ രാജേഷ് റിഫ്രഷ്‌മെന്റ് എന്ന ഹോട്ടലിലെ ജീവനക്കാരന്റെ വേഷം ആ യുവാവ് ഭംഗിയാക്കി. 16 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്ന ജോലി, സൗമ്യമായ പെരുമാറ്റം, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം അഗര്‍വാള്‍ രാജശേഖരനെ മാനേജറായി നിയമിച്ചു. ബിസിനസ് വളര്‍ന്നതോടെ വീണ്ടുമൊരു ഹോട്ടല്‍ ആരംഭിക്കുകയും ചെയ്തു. രാജശേഖരന്റെ പ്രവര്‍ത്തന മികവില്‍ ആ രണ്ടു ഹോട്ടലുകള്‍ വന്‍ വിജയമാകുകയും ചെയ്തു. രാജശേഖരന്റെ മിടുക്ക് കണ്ട് ബിസിനസില്‍ പങ്കാളിയാക്കാമെന്നായിരുന്നു അഗര്‍വാളിന്റെ വാഗ്ദ്ധാനം. പക്ഷെ മക്കളും കുടുംബക്കാരും എതിര്‍ത്തോടെ അഗര്‍വാളിന് വാക്കു പാലിക്കാന്‍ സാധിക്കാതെ വന്നു. ഇതിനകം തന്നെ ഹോട്ടല്‍ രംഗത്തിന്റെ സാധ്യതകളും അവസരങ്ങളും മനസിലാക്കിയ രാജശേഖരന്‍ സ്വന്തമായി ഒരു ഹോട്ടല്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. അഗര്‍വാളും സഹായിക്കാമെന്നുറച്ചതോടെ ഹോട്ടല്‍ രംഗത്ത് പയറ്റാമെന്ന് രാജശേഖരന്‍ ഉറപ്പിച്ചു.

തലവര മാറ്റിയ ചിന്ത   

‘കഫെ ഡാര്‍പന്‍’ എന്ന ഹോട്ടല്‍ ലീസിനെടുത്ത് ഈ തിരുവനന്തപുരത്തുകാരന്‍ തന്റെ പ്രവര്‍ത്തനം തുടങ്ങി. ‘അല്‍ ഫയര്‍ഡ്’,’കനോന്‍’ റെസ്റ്റോറന്റ് ശൃംഖലകളും പതുക്കെ ഏറ്റെടുത്തു. ഉള്ളിലുണ്ടായിരുന്ന കച്ചവട മികവും സമര്‍പ്പണവും ചേര്‍ന്നതോടെ സംരംഭം വിജയമായി. മുംബൈയിലെ ഹോട്ടല്‍ മേഖലയില്‍ മണി എന്ന നാമം വളരെ പെട്ടെന്ന് പ്രശസ്തമായി. രാഷ്ടീയ നേതാക്കള്‍, സിനിമാതാരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരൊക്കെ മണിയുടെ സൗഹൃദ സദസ്‌സിലെ അംഗങ്ങളായി. തെന്നിന്ത്യന്‍ സിനിമാ നായിക രാധയെ വിവാഹം കഴിച്ചു. ബിസിനസ് വിവിധ മേഖലകളിലേക്ക് വളര്‍ന്നു. മഹാരാഷ്ര്ട മുഖ്യമന്ത്രിയായിരുന്ന നാരായണറാണെ ഭാര്യ നീലം റാണെയുടെ പേരില്‍ നടത്തിയിരുന്ന പ്രശസ്തമായ നീലം റെസ്റ്റോറന്റ് രാജശേഖരന്‍ ഏറ്റെടുത്തു. പിന്നീടുള്ള നാളുകളില്‍ ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായ ലോകത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന നാമമായി മണി മാറി.

കേരള തീരത്തെ ഉദയ സമുദ്ര     

മുംബൈ നഗരത്തിലെ മണിയെ കേരളം സ്വീകരിച്ചത് ഉദയ സമുദ്രയുടെ രാജശേഖരന്‍ നായര്‍ എന്ന പേരിലാണ്. നീണ്ട 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് രാജശേഖരന്‍ നായര്‍ മുംബൈയില്‍ നിന്ന് കേരളത്തില്‍ വ്യവസായം തുടങ്ങുന്നത്. കേരളം എന്ന വികാരമായിരുന്നു ഉദയ സമുദ്രയുടെ തുടക്കത്തിന് കാരണം. മകന്‍ ജോലി തേടിപ്പോയ രണ്ടു വര്‍ഷവും ഓണം ആഘോഷിച്ചിരുന്നില്ല എന്ന അമ്മയുടെ വാക്കുകള്‍ രാജശേഖരന്റെ ഹൃദയത്തില്‍ തൊട്ടിരുന്നു. എന്തു തിരക്കുണ്ടെങ്കിലും ഓണം നാളുകളില്‍ കേരളത്തില്‍ എത്തുന്ന പതിവ് മുടക്കാതിരിക്കുവാനും അമ്മയുടെ വാക്കുകള്‍ കാരണമായി. ഒരിക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ഒരു കൈയ്യില്‍ മുലകുടിക്കുന്ന കുട്ടിയും മറു കൈ കൊണ്ട് പാറ പൊട്ടിക്കുകയും ചെയ്യുന്ന യുവതിയുടെ ചിത്രം കൂടെയുണ്ടായിരുന്ന വിദേശി പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. വളരെ മനോഹരമായ ചിത്രം, പക്ഷെ രാജശേഖരന്‍ ചിന്തിച്ചത് അവരുടെ ദാരിദ്ര്യത്തെക്കുറിച്ചും തൊഴില്‍ ഇല്ലായ്മയെക്കുറിച്ചുമായിരുന്നു. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ജനിക്കുവാനും ഈ ചിത്രം പ്രചോദനമായി. നല്ല തൊഴില്‍ നാട്ടുകാര്‍ക്ക് നല്‍കണം എന്ന ലക്ഷ്യമായിരുന്നു പിന്നീട്. ഈ ചിത്രം എടുത്ത കോവളത്തെ വെള്ളാറില്‍ ഉദയ സമുദ്ര ഹോട്ടല്‍ ആരംഭിക്കുന്നതിന് ആ ചിത്രം കൂടി കാരണമായി എന്നു പറയാം. ഭാര്യ രാധയുടെ യഥാര്‍ത്ഥ പേര് ഉദയ ചന്ദ്രികയെന്നായിരുന്നു. സമുദ്ര തീരത്തെ റിസോര്‍ട്ടിന് ഉദയ സമുദ്രയെന്ന പേര് വന്നത് അങ്ങനെയാണ്.

അറിയാം ബ്രാന്‍ഡ് യു ഡി എസ്   

ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി രംഗത്ത് രണ്ടു ദശകത്തിലധികം പാരമ്പര്യവും പ്രശസ്തിയുമുള്ള, 1995ല്‍ സ്ഥാപിതമായ ആര്‍ ആര്‍ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലുള്ള സ്ഥാപനമാണ് ഉദയ് സമുദ്ര ലെഷര്‍ ബീച്ച് ഹോട്ടല്‍ ആന്‍ഡ് സ്പാ. 1997ലാണ് ഉദയ് സമുദ്രയുടെ ആദ്യ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 35 മുറികളുള്ള ഒരു ഹോട്ടലായിരുന്നു തുടക്കം. പിന്നീട് ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപനം വളരുകയും കേരളത്തിലെ ഏറ്റവും വലിയ ഹോട്ടലുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഇന്ന് 227 ലക്ഷ്വറി മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോര്‍ട്ട്, പഞ്ചനക്ഷത്ര പദവിയുള്ള സംസ്ഥാനത്തെ ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ്. മൂന്ന് സ്വിമ്മിങ് പൂളുകള്‍, ഏഴ് ബാന്‍ക്വെറ്റ് ഹാളുകള്‍, ആയുര്‍വേദ ആന്‍ഡ് യോഗ സെന്റര്‍, ഓഷ്യന്‍ സ്പാ, ബ്യൂട്ടി സ്റ്റുഡിയോ, ഹെല്‍ത്ത് ക്‌ളബ്ബ്, ഡെന്റല്‍ ക്‌ളിനിക് എന്നിങ്ങനെ അതി വിശാലമായ സേവന സൗകര്യങ്ങളാണ് ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ ഏക ഫോര്‍ സ്റ്റാര്‍ ബുട്ടീക് എയര്‍പോര്‍ട് ഹോട്ടലായ ഉദയ് സ്യൂട്ട്സും യുഡിഎസ് ബ്രാന്‍ഡിന് സ്വന്തം. ഇവകൂടാതെ എയര്‍ലൈന്‍സുകളില്‍ ഭക്ഷണമെത്തിക്കുന്ന ബിസിനസ് ഉദയ് സ്‌കൈ കിച്ചന്‍ കാറ്ററേഴ്സ് എന്ന പേരില്‍ ചെയ്തു വരുന്നു. ആലപ്പുഴയില്‍ ഒരു ബാക്ക് വാട്ടര്‍ റിസോര്‍ട്ട്, 190 മുറികളും 2500 സീറ്റിങ് കപ്പാസിറ്റിയുമുള്ളൊരു ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, വാഗമണില്‍ ആയുര്‍വേദ ഹില്‍ റിസോര്‍ട്ട് എന്നിവ ഗ്രൂപ്പിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളാണ്. മുംബൈയിലുള്ള റെസ്റ്റോറന്റ് ശൃംഖലകള്‍ തുടരുമെങ്കിലും നിക്ഷേപങ്ങളെല്ലാം കേരളത്തില്‍ മതിയെന്ന തീരുമാനത്തിലാണ് രാജശേഖരന്‍ നായര്‍. 17 വര്‍ഷം മുന്‍പ് തിരുവനന്തപുരം നഗരസഭ ‘ഗ്രീന്‍ സിറ്റി ക്ളീന്‍ സിറ്റി’ പദ്ധതിയുമായി സഹകരിക്കുകയും അന്ന് ഏറ്റെടുത്ത കാര്യങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കുകയും ചെയ്യുന്നു. വെള്ളയമ്പലത്തെ അയ്യങ്കാളി പാര്‍ക്ക്, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനു മുന്നിലെ പൊന്നറ ശ്രീധര്‍ പാര്‍ക്ക്, തിരുവനന്തപുരം വിമാനത്താവള പരിസരം, ദേശീയ പാതയിലെ വിവിധ ജംഗ്ഷനുകള്‍ എന്നിവയുടെ സംരക്ഷണ ചുമതല ഇന്നും ഉദയ സമുദ്ര ഗ്രൂപ്പിനാണ്.

കലാമിന്റെ സ്വപ്‌നത്തിനൊപ്പം   

ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത് വിദ്യാഭ്യാസമാണെന്നാണ് രാജശേഖരന്‍ നായരുടെ വിശ്വാസം. ഒരിക്കല്‍ നാട്ടില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ചെങ്കലില്‍ താന്‍ പഠിച്ച സ്‌കൂളിന് മുന്നില്‍ ഒരാള്‍ക്കൂട്ടം. കാര്യം തിരക്കിയപ്പോള്‍ സ്‌കൂള്‍ പൂട്ടാനൊരുങ്ങുകയാണ്. ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടക്കുവാന്‍ സാധിച്ചില്ല എന്നതാണ് കാരണം. രക്ഷകര്‍ത്താക്കളുടെ സങ്കടം കണ്ട രാജശേഖരന്‍ ബാങ്കുമായി സംസാരിച്ചു. മറ്റൊരു സ്‌കൂളുമായി ഒത്തുചേര്‍ന്ന് ഇത് പൂട്ടുകയെന്നതാണ് ബാങ്കിന്റെ ലക്ഷ്യം. 35 ലക്ഷം രൂപ ബാങ്കിലടച്ച് സ്‌കൂളിനെ കടത്തില്‍ നിന്ന് മോചിപ്പിക്കാമെങ്കിലും മുന്നോട്ടു കൊണ്ടുപോകാനില്ല എന്നതായിരുന്നു പഴയ മാനേജ്‌മെന്റ് നിലപാട്. വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കുട്ടികളെ അയക്കുവാന്‍ രക്ഷക്കര്‍ത്താക്കള്‍ പലരും തയ്യാറാകില്ല എന്നതായിരുന്നു കാരണം. രാജശേഖരന്‍ നായര്‍ വിദ്യാലയം ഏറ്റെടുത്തു. 400 കുട്ടികളില്‍ നിന്ന് 1400 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി അതിനെ വളര്‍ത്തിയെടുത്തു. ഇന്ന് കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന മോഡല്‍ വിദ്യാലയമാണ് സായി കൃഷ്ണ പബ്‌ളിക്ക് സ്‌കൂള്‍. ഉദയ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലിലാണ് ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം.

മോദിയെയും തരൂരിനെയും വിസ്മയിപ്പിച്ച നേതാവ്     

ഇന്ത്യന്‍ രാഷ്ര്ടീയത്തില്‍ എല്ലാവരുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിത്വമാണ് രാജശേഖരന്‍ നായരുടേത്. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ഗവര്‍ണറുമായിരുന്ന റാം നായിക്കാണ് അടുത്തറിയുന്ന ആദ്യ രാഷ്ര്ടീയ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരെ നല്ല ബന്ധം പുലര്‍ത്തുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഗുജറാത്തില്‍ നിക്ഷേപിക്കുവാന്‍ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ജ•-നാട്ടില്‍ നിക്ഷേപം നടത്തുക എന്നതാണ് താല്‍പ്പര്യമെന്നും, ഗുജറാത്തില്‍ നിരവധി വ്യവസായികള്‍ നിക്ഷേപിക്കുവാന്‍ ഉണ്ടല്ലോ എന്ന മറുപടിയും മോദിയില്‍ മതിപ്പ് ഉളവാക്കി. മസ്‌ക്കറ്റ് ഹോട്ടലിലെ ആ മീറ്റിംഗിന് ശേഷം പിന്നീട് മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കായും തിരുവനന്തപുരത്ത് എത്തിയപ്പോഴെല്ലാം കാണുവാനും രാജശേഖരന്‍ നായര്‍ക്ക് സാധിച്ചു. സായികൃഷ്ണ പബ്‌ളിക് സ്‌കൂളിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താന്‍ എത്തിയിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലാണോ എന്ന സംശയം ശശി തരൂരിനുണ്ടായത്. സ്‌കൂളിലെ അത്യാധുനിക സൗകര്യങ്ങള്‍ കണ്ട് തരൂരും അത്ഭുതപ്പെട്ടുപോയി. എല്ലാവരുമായും എപ്പോഴും മികച്ച വ്യക്തിബന്ധം കാത്തുസൂക്ഷിച്ചുകൊണ്ടാണ് രാജശേഖരന്‍ നായര്‍ മുന്നോട്ടുപോകുന്നത്.

താര കുടുംബം       

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റിഇരുപതോളം സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ നായിക രാധയെ 1991ല്‍ വിവാഹം ചെയ്തതോടെയാണ് രാജശേഖരന്‍ നായര്‍ സിനിമാ മേഖലയുമായി ബന്ധം നേടിയത്. പ്രമുഖ നടി അംബികയുടെ സഹോദരിയാണ് രാധ. ചിരഞ്ജീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍, ഭാരതിരാജ, കാര്‍ത്തിക്, മോഹന്‍ലാല്‍, ഭരത് ഗോപി, നസീര്‍, നാഗാര്‍ജ്ജുന, വിഷ്ണുവര്‍ദ്ധന്‍, വെങ്കടേഷ്, മോഹന്‍ ബാബു തുടങ്ങി പ്രമുഖ നായകര്‍ക്കൊപ്പം രാധ അഭിനയിച്ചിട്ടുണ്ട്.
രാജശേഖരന്‍ രാധ ദമ്പതികളുടെ പെണ്‍മക്കളായ കാര്‍ത്തികയും തുളസിയും അമ്മയുടെ പാത പിന്‍തുടര്‍ന്ന് ചലച്ചിത്ര ലോകത്തെത്തി. തെലുങ്കിലായിരുന്നു കാര്‍ത്തികയുടെ അരങ്ങേറ്റം. ജോഷ് എന്ന തെലുങ്കു സിനിമയില്‍ നാഗചൈതന്യയുടെ നായികയായിട്ടായിരുന്നു തുടക്കം. മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ മലയാള ചിത്രങ്ങളിലും തമിഴ്, കന്നട സിനിമകളിലും കാര്‍ത്തിക നായികയായി. മണിരത്നത്തിന്റെ കടല്‍ എന്ന തമിഴ് സിനിമയിലൂടെയാണ് തുളസി നായര്‍ അഭിനയ ജീവിതം തുടങ്ങിയത്. മകന്‍ വിഘ്‌നേഷ് ലണ്ടനില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുന്നു.

സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍       

തന്റെ തട്ടകം ഹോട്ടല്‍ വ്യവസായമാണെങ്കിലും കേരളത്തില്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാല്‍ സജീവമാണദ്ദേഹം. നാട്ടിലെ ക്ഷേത്രങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയ്ക്ക് ഉദാരമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. ആര്‍ ആര്‍ ഹോളിഡേ ഹോംസ് എന്ന മാതൃകമ്പനിയുടെ വിവിധ യൂണിറ്റുകളിലായി ആയിരത്തിലധികം പേര്‍ ജോലി ചെയ്യുന്നു. ആയിരക്കണക്കിന് വിനോദ സഞ്ചാരികളും ഭക്തരും ദിവസേന സന്ദര്‍ശിക്കുന്ന ശംഖുമുഖം ക്ഷേത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നതിന് ഏതാണ്ട് ഒരു കോടിയിലധികം രൂപ ചെലവാക്കി അലങ്കാര ഗോപുരവും ചിത്രമതിലും നിര്‍മിച്ച് സമര്‍പ്പിക്കുകയുണ്ടായി. ശംഖമുഖത്തിന്റെ സൗന്ദര്യം വര്‍ദ്ധിക്കുന്ന ഈ നിര്‍മാണ പ്രവര്‍ത്തി നൂറു കണക്കിന് ആള്‍ക്കാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

എല്ലാ വര്‍ഷവും തിരുവനന്തപുരത്ത് നടക്കുന്ന ഗണേശോത്സവത്തിന്റെ സംഘാടക സമിതിയിലെ നേത്യ സ്ഥാനത്ത് നിന്നു കൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കി വരുന്നു. ഉദയ സമുദ്രയുടെ ബാനറില്‍ കടല്‍ മാലിന്യ നിക്ഷേപങ്ങള്‍ക്കെതിരെ ബോധവത്ക്കരണ പാരിപാടി, ബീച്ച് ശുചീകരണം, പ്‌ളാസ്റ്റിക്കിനെതിരിരെയുള്ള ബോധവത്ക്കരണ പരിപാടി, സ്‌കൂളുകളില്‍ ഹരിത കേരളമെന്ന ആശയം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.
പ്രവര്‍ത്തന മികവിന് ഉദയ സമുദ്ര ഹോട്ടല്‍ ഗ്രൂപ്പ് കേരള സംസ്ഥാന ഗവര്‍ണമെന്റ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ്‌സ് സംഘടനകള്‍ എന്നിവയുടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നാട് നന്നായാല്‍ ആള്‍ക്കാരും നന്നാവുമെന്ന് വിശ്വസിക്കുന്ന രാജശേഖരന്‍ നായര്‍ അര്‍പ്പണ ബോധത്തിന്റെയും ആദര്‍ശ ശുദ്ധിയുടെയും ആസൂത്രണ മികവിന്റെയും ആള്‍രൂപമാണ്.

Previous മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി വളര്‍ന്ന റെസിടെക്
Next റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റുകളിൽ നിന്നും അരലക്ഷം വരുമാനം

You might also like

SPECIAL STORY

ലക്ഷങ്ങള്‍ നേടിത്തരുന്ന കരിങ്കോഴി കൃഷി

കേരളത്തില്‍ കോഴി വില്‍പന എന്നും മികച്ച വരുമാനം നേടിത്തരുന്ന ഒന്നാണ്. നാടന്‍ കോഴിയും ബ്രോയ്‌ലര്‍ കോഴിയുമാണ് പ്രധാനമായി നമ്മുടെ നാട്ടില്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്നത്. ഇത് രണ്ടും ലാഭകരമായ ബിസിനസ് ആണെങ്കിലും ഇതിന്റെ രണ്ടിരട്ടിയോളം ലാഭം നേടിത്തരുന്ന വ്യവസായമാണ് കരിങ്കോഴി കൃഷി.

NEWS

വിനാഗിരി ഉത്പാദിപ്പിക്കാം വീട്ടില്‍ത്തന്നെ

ഇന്ന് ആഹാരത്തിന്റെ പല ചേരുവകളില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട് വിനാഗിരി. കമ്പോളത്തില്‍ നിന്നും ലഭിക്കുന്ന വിനാഗിരിയുടെ സംശുദ്ധത പലപ്പോഴും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ദൈനംദിന പാചകങ്ങള്‍ക്ക് വീട്ടില്‍ ഉപയോഗിക്കുന്ന തേങ്ങയുടെ വെള്ളത്തില്‍ നിന്നും വളരെ എളുപ്പം

SPECIAL STORY

ഒട്ടി പിടിക്കുന്ന പരസ്യങ്ങള്‍!

ജുനൈദ് മുഹമ്മദ് അപരാഹ്നത്തിന്റെ അനന്ത പഥങ്ങളില്‍ ആകാശ നീലിമയില്‍ അവന്‍ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളര്‍ന്ന് രക്തം കുടിച്ചു ദുര്യോധനന്‍… ‘ഒ.പി ഒളഷ’-യുടെ ഈ ഉത്തരാധുനിക കവിത കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. മനുഷ്യന്‍മാര്‍ക്ക് മനസ്സിലാകാത്ത എന്തോ ആണ് ഉല്‍കൃഷ്ടകല

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply