ഉദ്യോഗ് ആധാര്‍ അറിയേണ്ടതെല്ലാം…

ടി എസ് ചന്ദ്രന്‍

വ്യവസായ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ഉദ്യോഗ് ആധാര്‍’ എന്ന പുതിയ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ/ ചെറുകിട/ ഇടത്തരം സംരംഭങ്ങള്‍ ഇനിമുതല്‍ ഉദ്യോഗ് ആധാര്‍ പദ്ധതി പ്രകാരം വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. എംഎസ്എംഇ ഡി ആക്ട് 2006 അനുസരിച്ച് മെമ്മോറാണ്ടം ഫയല്‍ ചെയ്ത് അതിന്റെ അംഗീകാരം നേടുക എന്നതായിരുന്നു രീതി. എസ്എസ്‌ഐ രജിസ്‌ട്രേഷന് തുല്യമായി ഈ രസീതിനെ കണക്കാക്കിയിരുന്നു. 2006 ഒക്ടോബര്‍ രണ്ട് മുതലാണ് ഈ രീതി നിലവില്‍ വന്നത്. എന്നാല്‍ പ്രസ്തുത ആക്ടില്‍ ഭോദഗതികള്‍ വരുത്തിക്കൊണ്ട് 2015 സെപ്തംബര്‍ 21ന് കേന്ദ്രസര്‍ക്കാര്‍ അസാധാരണ ഗസറ്റായി വിജ്ഞാപനം ഇറക്കി. വ്യവസായ സംരംഭകര്‍ അവരുടെ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിവേണം ഉദ്യോഗ് ആധാറിന് അപേക്ഷിക്കുവാന്‍ എന്നതാണ് മുഖ്യ സവിശേഷത.

 

 

ഉദ്യോഗ് ആധാറിന്റെ പ്രത്യേകതകള്‍

* തികച്ചും സൗജന്യമായി ഉദ്യോഗ് ആധാര്‍ പ്രകാരമുള്ള മെമ്മോറാണ്ടം ഫയല്‍ ചെയ്യാവുന്നതാണ്.

* കേന്ദ്ര സൂക്ഷ്മ/ ചെറുകിട/ ഇടത്തരം (എംഎസ്എംഇ) മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ആധാര്‍ പോര്‍ട്ടല്‍ http://udyogaadhar.gov.in എന്ന സൈറ്റില്‍ക്കൂടി അപേക്ഷിക്കാം.

* ലളിതമായ ഒരു ഫോറം (മെമ്മോറാണ്ടം) പൂരിപ്പിച്ച് സ്വയം സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. 14 ഇനങ്ങൡലായി വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്, അത് നല്‍കണം.

* ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഉദ്യോഗ് ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് അംഗീകരിച്ചുകൊണ്ടുള്ള കൈപ്പറ്റി രസീത് അയച്ചുകൊടുക്കുന്നു.

* ഈ രസീത് സ്വയം രൂപപ്പെടുത്തുന്നതാകയാല്‍ പ്രത്യേക ഒപ്പ്, സീല്‍ എന്നിവ ആവശ്യമില്ല.

* ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്.

* ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രയാസം നേരിടുന്ന സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രത്തെ (ഡിഐസി) സമീപിച്ച് വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കാവുന്നതും അംഗീകാരം നേടാവുന്നതുമാണ്.

* അപേക്ഷയില്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങളില്‍ വിശദീകരണമോ അധിക രേഖകളോ ആവശ്യമെങ്കില്‍ അവ വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ഡിഐസിക്ക് അധികാരം ഉണ്ടായിരിക്കും.

* 2006 ഒക്ടോബര്‍ രണ്ടിന് മുമ്പ് SSI രജിസ്‌ട്രേഷന്‍ എന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അത്തരം രജിസ്‌ട്രേഷന്‍ നേടിയവര്‍ ഉദ്യോഗ് ആധാറിലേക്ക് വരണമെന്ന ആവശ്യമില്ല. അതുപോലെ ഇഎം പാര്‍ട്ട്-1, പാര്‍ട്ട്-2 എന്നിവ നേടിയവരും പുതിയ പദ്ധതിയിലേക്ക് അപേക്ഷിക്കണമെന്നില്ല. എന്നാല്‍ ഉദ്യോഗ് ആധാര്‍ പ്രകാരം അംഗീകാരം നേടണമെന്ന് ആഗ്രഹിക്കുന്ന വ്യവസായികള്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.

* വ്യക്തിഗത (Proprietory) മല്ലാത്ത സംരംഭങ്ങള്‍ക്ക്, മാനേജിങ് പാര്‍ട്‌നര്‍ക്കോ, ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തികള്‍ക്കോ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മെമ്മോറാണ്ടം ഫയല്‍ ചെയ്യാവുന്നതാണ്.

* ഒരേ ആധാര്‍ നമ്പറില്‍ എത്ര സംരംഭങ്ങള്‍ക്ക് വേണമെങ്കിലും ഉദ്യോഗ് ആധാര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

* സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് അപേക്ഷയില്‍ നല്‍കേണ്ടത്. അതിനെ സാധൂകരിക്കുന്ന രേഖകള്‍ സാധാരണ അപേക്ഷകര്‍ ഹാജരാക്കേണ്ടതില്ല.

* ഉദ്യോഗ് ആധാര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍, മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട്, ഐഎഫ്എസ് സികോഡ് എന്നിവ നിര്‍ബന്ധമായും കൈവശം ഉണ്ടാകണം. ഇത് ഇല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

 

14 ഇനം വിവരങ്ങള്‍ നല്‍കണം

ഉദ്യോഗ് ആധാര്‍ പ്രാകാരം വ്യവസായ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 14 ഇനം വിവരങ്ങള്‍ നല്‍കണം.

1. 12 അക്ക ആധാര്‍ നമ്പറാണ് ഏറ്റവും പ്രാധാനപ്പെട്ടത്.

2. സ്ഥാപന ഉടമയുടെ പേര്, ആധാര്‍ കാര്‍ഡില്‍ പറയുന്ന അതേ പേരുതന്നെ വേണം നല്‍കാന്‍. കൂട്ടിച്ചേര്‍ക്കലുകളോ കുറയ്ക്കലുകളോ ഓമനപ്പേരുകളോ ഒന്നും അംഗീകരിക്കില്ല.

3. പട്ടികജാതി/ വര്‍ഗ്ഗം/ മറ്റ് പിന്നോക്കക്കാര്‍ തുടങ്ങിയവര്‍ സോഷ്യല്‍ കാറ്റഗറി രേഖപ്പെടുത്തണം.

4. സ്ഥാപനത്തിന്റെ നിയമപരമായി അംഗീകരിച്ചിരിക്കുന്ന പേര് വേണം നല്‍കാന്‍. ഒന്നില്‍ കൂടുതല്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് എന്റര്‍പ്രൈസ്- 1, എന്റര്‍പ്രൈസ്-2, എന്നിങ്ങനെ പ്രത്യേകം രജിസ്‌ട്രേഷനുകള്‍ നല്‍കും.

5. ഉടമകള്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ ഒരാളുടെ പേരിലുള്ള ആധാര്‍ നമ്പര്‍ ഉപയോഗിച്ചുമാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. നിയമപരമായി ചുമതലയുള്ള വ്യക്തിയാണ് ഇങ്ങനെ ചെയ്യേണ്ടത്.

6. പോസ്റ്റല്‍ വിലാസത്തില്‍ സംസ്ഥാനം, ജില്ലാ പിന്‍കോഡ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

7. തുടങ്ങിയ സ്ഥാപനങ്ങള്‍, പുറകിലോട്ടുള്ള തീയതി രേഖപ്പെടുത്തിക്കൊണ്ടുമാത്രമേ രജിസറ്റര്‍ ചെയ്യാന്‍ കഴിയൂ. (തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനം ഉദ്യോഗ് ആധാറില്‍ ഇപ്പോഴില്ല.)

8. പഴയ രജിസ്‌ട്രേഷന്‍ വിവരങ്ങളും നല്‍കണം. ഉള്ളവര്‍ മാത്രം പ്രസ്തുത വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. 2006നു മുന്‍പായി എസ്എസ്‌ഐ രജിസ്‌ട്രേഷന്‍ നേടിയവരും അതിനു ശേഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന ആക്ട് അനുസരിച്ച് പാര്‍ട്ട് -1, പാര്‍ട്ട്-2 എന്നിവ എടുത്തിട്ടുള്ളവരും പ്രസ്തുത വിവരങ്ങള്‍ നല്‍കിവേണം രജിസ്റ്റര്‍ ചെയ്യുവാന്‍.

9. ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് മറ്റൊരു പ്രധാന ആവശ്യം. അക്കൗണ്ട് നമ്പറും, ഐഎഫ്എസ്‌സി കോഡുമാണ് നല്‍കേണ്ടത്.

10. നിര്‍മ്മാണ സ്ഥാപനമാണോ, സേവന സ്ഥാപനമാണോ എന്ന് രേഖപ്പെടുത്തണം. (രണ്ടും ചെയ്യുന്ന സ്ഥാപനമാണെങ്കില്‍ കുടുതല്‍ വരുമാനം വരുന്നത് ഏതില്‍ നിന്നാണോ അത് രേഖപ്പെടുത്തണം.)

11. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ക്ലാസിഫിക്കേഷന്‍ -2008 (എന്‍ഐസി കോഡ്) ചേര്‍ക്കണം. സ്ഥാപനത്തിന്റെ മുഖ്യ ബിസിനസ് എന്താണോ അതനുസരിച്ചുള്ള കോഡാണ് നല്‍കേണ്ടത്. അത് ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം വഴിതന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

12. സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവും കൂലിയും നല്‍കുന്നതും നേരിട്ട് ജോലി ചെയ്യുന്നവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം.

13. ഭൂമി, കെട്ടിടം, മലിനീകരണ നിയന്ത്രണം, സുരക്ഷിതത്വ പരിപാടികള്‍ തുടങ്ങിയവയുടെ വിലയോ നിക്ഷേപ വിവരങ്ങളോ ഇവിടെ ആവശ്യമില്ല. പ്ലാന്റിലും മെഷിനറികളിലും വന്നിട്ടുള്ള മൊത്ത നിക്ഷേപത്തിന്റെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. അപേക്ഷിക്കുന്ന തീയതിവരെ സ്ഥാപനത്തില്‍ വന്നിട്ടുള്ള മൊത്തം മെഷിനറികളുടെ മൊത്തം നിക്ഷേപമാണ് കാണിക്കേണ്ടത്.

14. ഒന്നില്‍ കൂടുതല്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവസാന ചോദ്യത്തിന് ഉത്തരം എഴുതേണ്ടതുള്ളൂ. കേരളത്തില്‍ അങ്ങനെ ഇല്ലാത്തതിനാല്‍ ഇത് ബാധകമാകുന്നില്ല.

13 വരെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കേരളത്തിലെ സംരംഭകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുകയും ഉദ്യോഗ് ആധാര്‍ അനുവദിച്ച് നല്‍കുകയും ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായാണ് കുടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ബന്ധപ്പെടേണ്ടത്. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐഡിയില്‍ നിന്നും രസീത് ( രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്.

 

സംരംഭ ഘടനയ്ക്ക് മാറ്റം വരുത്തിയിട്ടില്ല

2006ലെ എംഎസ്എംഇ ഡി ആക്ട് അനുസരിച്ചുള്ള സംരംഭ ഘടനയില്‍ യാതൊരു മാറ്റവും ഇവിടെ വരുത്തിയിട്ടില്ല. മൈക്രോ, സ്‌മോള്‍, മീഡിയം എന്ന രീതിയില്‍ കാണുന്നത് സ്ഥാപനത്തിന്റെ പ്ലാന്റ്/ മെഷിനറികള്‍എന്നിവയുടെ നിക്ഷേപത്തെ കണക്കാക്കിയാണ്. അവയുടെ നിലവിലുള്ള നിര്‍വചനം ഇങ്ങനെയാണ്.

ഉല്‍പ്പാദന മേഖല         യന്ത്ര സാമഗ്രികളുടെ നിക്ഷേപം
ഘടന
സൂക്ഷ്മ സംരംഭം      – 25 ലക്ഷത്തിന് താഴെ
ചെറുകിട സംരംഭം – 25 ലക്ഷത്തിനും 500 ലക്ഷത്തിനും ഇടയില്‍
ഇടത്തരം സംരംഭം – 500 ലക്ഷം മുതല്‍ 1000 ലക്ഷം രൂപ വരെ

സേവന മേഖല           ഉപകരണങ്ങളിലെ നിക്ഷേപം
ഘടന
സൂക്ഷ്മ സംരംഭം         – 10 ലക്ഷത്തിന് താഴെ
ചെറുകിട സംരംഭം    -10 ലക്ഷം മുതല്‍ 200 ലക്ഷം വരെ
ഇടത്തരം സംരംഭം     -200 ലക്ഷം മുതല്‍ 500 ലക്ഷം വരെ

ഇവയ്ക്ക് മുകളില്‍ നിക്ഷേപം വരുന്ന സംരംഭങ്ങളെ വന്‍കിട വ്യവസായങ്ങള്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ശേഖരിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്തരത്തില്‍ ഒരു രീതി ഇതാദ്യമാണ്. സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇതുവരെ. ഇനി അതിന്റെ ആവശ്യം വരില്ല. ഒരു വ്യവസായ സ്ഥാപനം ഇന്ത്യയില്‍ എവിടേയും രജിസ്റ്റര്‍ ചെയ്താല്‍ അതേ നിമിഷംതന്നെ അതിന്റെ വിവരങ്ങള്‍ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് ലഭിക്കുന്നു. കൂടുതല്‍ വ്യവസായ പ്രോത്സാഹന പദ്ധതികള്‍ കൊണ്ടുവരുന്നതിനും മെച്ചപ്പെട്ട വ്യവസായ നയം രൂപപ്പെടുത്തുന്നതിനും ഈ സംവിധാനം ഗുണം ചെയ്യും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Spread the love
Previous മുന്തിരി കൃഷിയിലൂടെ പണം നേടാം
Next ഹോംമെയ്ഡ് ചോക്ലേറ്റ് മധുരം കിനിയുന്ന ബിസിനസ്

You might also like

SPECIAL STORY

കറുത്ത പൊന്ന് ഉതിര്‍ത്തെടുത്ത്…

വിപണിയിലെ പൊന്‍താരമാണ് സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ കുരുമുളക്. കര്‍ഷകന് കൂടുതല്‍ വില കിട്ടുന്ന വിളകളിലൊന്നായി കിരുമുളക് മാറിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും കുരുമുളക് കര്‍ഷകനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി കുരുമുളക് തിരിയില്‍ നിന്നും മണിമുളക് ഉതിര്‍ത്തെടുക്കുക എന്നതാണ്. തൊഴിലാളികളെ കിട്ടാനില്ലാത്ത ഇക്കാലത്ത് മെതിയെന്ത്രം

Spread the love
SPECIAL STORY

ഇടിച്ചക്ക അച്ചാര്‍ ഒരു ‘ഇടിവെട്ട്’ സംരംഭം

അച്ചാര്‍ ബിസിനസ് രംഗം ഒരു മികച്ച വരുമാനം നേടിത്തരുന്ന ഒന്നായി മാറിയിട്ടുണ്ട്. അതില്‍ മികച്ച രീതിയില്‍ ചെയ്ത് വിജയിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഇടിവെട്ട് സംരംഭമാണ് ഇടിച്ചക്ക അച്ചാര്‍ നിര്‍മാണം. ചക്ക വലുതാകാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള പരുവമാണ് ഇടിച്ചക്ക. രാസവള പ്രയോഗമോ, കീടനാശിനകളുടെ

Spread the love
SPECIAL STORY

ഇ കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ‘ഇ ടെയിലര്‍ മാര്‍ക്കറ്റ്’

ദിനംപ്രതി വളര്‍ച്ച നേടുന്ന മേഖലയാണ് ഇ കൊമേഴ്‌സ് രംഗം. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മറ്റ് കമ്പ്യൂട്ടര്‍-മൊബൈല്‍ ശൃംഖലകള്‍ ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന സംവിധാനമായ ഇ കൊമേഴ്‌സ് ഒരു തരത്തില്‍ നമ്മുടെ ഷോപ്പിംഗ് രീതികള്‍ തന്നെ മാറ്റിമറിച്ചുവെന്ന് പറയാം. വീട്ടിലോ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply