‘നീര’ വീണ്ടുമെത്തും മന്ത്രി – വി. എസ് . സുനില്‍കുമാര്‍

വളരെയേറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നീരയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ലോകോത്തര നിലവാരത്തില്‍ നീര റീലോഞ്ച് ചെയ്യും. കാര്‍ഷികരംഗം അടക്കമുള്ള മേഖലകളില്‍ ഉന്നതനിലവാരം ഉറപ്പുവരുത്തി ജലാശയങ്ങളടക്കം ശുചീകരിച്ച് കേരളത്തെ യൂറോപ്യന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറയുന്നു. കൃഷിഭൂമി കൃഷിക്കായി മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന ശക്തമായ സന്ദേശമാണ് ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷി ഇറക്കുന്നതിലൂടെ സര്‍ക്കാര്‍ നല്‍കിയത്. കാര്‍ഷികരംഗത്ത് കുടുംബശ്രീയുടെ സേവനം വിനിയോഗിക്കും. ജനങ്ങള്‍ സ്വപ്‌നം കാണുന്നതുപോലെ അഴിമതിരഹിതമായ ഭരണമായിരിക്കും ഇടതുമുന്നണിയുടേത്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ സംസാരിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അഴിമതിയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ ശബ്ദമായിരുന്നു താങ്കള്‍. ഇപ്പോള്‍ മന്ത്രിയെന്ന നിലയില്‍ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ അഴിമതി ആരോപണങ്ങളില്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?

വകുപ്പിന് കീഴില്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തു. ഹോര്‍ട്ടികോര്‍പ്പ് എംഡിയെ മാറ്റി. ആ കേസില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരുകയാണ്. കേരഫെഡില്‍ നടന്ന അഴിമതിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായി. ആ കേസും വിജിലന്‍സിന്റെ അന്വേഷണപരിധിയിലാണ്. സീഡ് അതോറിറ്റിയില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ തന്നെ ബന്ധപ്പെട്ട എം.ഡിയെ സസ്‌പെന്‍ഡ് ചെയ്തു. ആ കേസും വിജിലന്‍സിന് കൈമാറി. ഇത്തരത്തില്‍ കൃഷി വകുപ്പിലെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാണ്. സാധാരണയായി കൃഷി വകുപ്പ് ഒരു അഴിമതി വകുപ്പ് അല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ പൊതുവായ സ്വഭാവം കൃഷി വകുപ്പിലേയ്ക്ക് കൂടി വ്യാപിച്ചതാണ്. മറ്റു വകുപ്പുകളെ അപേക്ഷിച്ച് അഴിമതിയുടെ പ്രവണതകള്‍ വളരെ കുറഞ്ഞതും ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥരുമുള്ള വകുപ്പാണ് കൃഷി വകുപ്പ്. ഈ വകുപ്പില്‍ നടന്ന പല അഴിമതികളും നടത്തിയിട്ടുള്ളത് ഉദ്യോഗസ്ഥരല്ല, മറിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ അവരോധിക്കപ്പെട്ട മറ്റ് അധികാരകേന്ദ്രങ്ങളാണ്. വകുപ്പിനെ ശക്തിപ്പെടുത്താനും കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

അടുത്ത അധ്യായനവര്‍ഷം മുതല്‍ കൃഷിയെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. അതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ?

അതിനാവശ്യമായ രീതിയില്‍ സിലബസിലും കരിക്കുലത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതിന് കൃഷിവകുപ്പ് സമ്പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.

വളരെയേറെ പ്രതീക്ഷകളുമായി എത്തിയ നീര ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. നീരയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടോ?

നീരയുടെ സാധ്യതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നാളികേര വികസന ബോര്‍ഡും അന്നത്തെ സര്‍ക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നീരയുടെ താഴോട്ടുപോക്കിന് കാരണം. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് തുറന്ന സമീപനമാണ്. വളരെയധികം കൊട്ടിഘോഷിച്ച് കൊണ്ടുവന്നെങ്കിലും നീരയുടെ ലോഞ്ചിങ് പോലും നടത്താന്‍ അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അത് വേണ്ടവിധം വിപണിയിലിറക്കിയാല്‍ വന്‍വിജയമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലോകത്തില്‍ ഏറ്റവുമധികം ഔഷധമൂല്യമുള്ള ഹെല്‍ത്ത് ഡ്രിങ്ക് ആണ് നീര. അതിന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അതിനെ ലോകോത്തര നിലവാരത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. എന്നാല്‍ തെങ്ങില്‍ കയറി നീര ചെത്താനുള്ള തൊഴിലാളികളുടെ ദൗര്‍ലഭ്യമാണ് ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാനുള്ള തീരുമാനം സമൂഹത്തില്‍ പരക്കെ പ്രശംസിക്കപ്പെട്ടു. പൊതു ഉടമസ്ഥതയിലുള്ള കൂടുതല്‍ തരിശുനിലങ്ങള്‍ ഇതുപോലെ കൃഷിയിടങ്ങളായി പുന:സൃഷ്ടിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ടോ?

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ഹെക്ടര്‍ സ്ഥലം തരിശു കിടക്കുകയാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം നിലവിലുള്ള കൃഷി ശക്തമാക്കാനും ശേഷിക്കുന്ന കൃഷിയിടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇക്കൊല്ലം ആറായിരം ഏക്കര്‍ സ്ഥലത്ത് ഞങ്ങള്‍ കൃഷിയിറക്കി. അതിലുള്‍പ്പെട്ടതാണ് ആറന്മുളയും മെത്രാന്‍കായലും. വികസനമെന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ വ്യാപകമായി നെല്‍വയലുകള്‍ അടക്കമുള്ള കൃഷിയിടങ്ങള്‍ നികത്തി. അതിന് പിന്നില്‍ വലിയ ഭൂമാഫിയകളുടെ സ്വാധീനം ഉണ്ടായിരുന്നു. അതില്‍ നിന്നും വിപരീതമായി കൃഷിഭൂമി കൃഷിയ്ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന ശക്തമായ സന്ദേശമാണ് ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷി ഇറക്കുന്നതിലൂടെ സര്‍ക്കാര്‍ സമൂഹത്തിന് നല്‍കിയത്.

കുട്ടനാട് പാക്കേജ് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. കുട്ടനാടിനായി പകരം പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടോ?

കുട്ടനാട് പാക്കേജ് സമ്പൂര്‍ണ പരാജയമായിരുന്നു. അത് വേണ്ടവിധം നടപ്പിലാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. 2012ല്‍ അതിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി ഫണ്ടുകളൊന്നും അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു. അതിനാല്‍ മറ്റൊരു പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് എളുപ്പമല്ല. എന്നാല്‍ എന്ത് ബുദ്ധിമുട്ട് സഹിച്ചുകൊണ്ടായാലും കുട്ടനാടിനെ തിരിച്ചു കൊണ്ടു വരേണ്ടത് സര്‍ക്കാരിന്റെ ദൗത്യമാണ്.

കുടുംബശ്രീ പോലുള്ള സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം കാര്‍ഷികരംഗത്ത് കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ?

കഴിഞ്ഞ വര്‍ഷം മുതല്‍ അവരുടെ സേവനങ്ങളും കാര്യക്ഷമമായി വിനിയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ കുടുംബശ്രീ യൂണിറ്റും കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലത്തെങ്കിലും കൃഷി ചെയ്യും. ഈ ഓണക്കാലത്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ അവര്‍ നന്നായി കാര്‍ഷികരംഗത്തേയ്ക്ക് കടന്നുവരുന്നുണ്ട്. ഹരിതകേരളം എന്ന പദ്ധതിയില്‍ കൃഷിക്കാരോടൊപ്പം കാര്‍ഷികരംഗത്ത് നില്‍ക്കുന്ന വനിതകൂട്ടായ്മകളെ കൂടി ഭാഗഭാക്കാക്കും.

മൂന്ന് വര്‍ഷം കൊണ്ട് എല്ലാ ജില്ലകളിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് താങ്കള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പതിനാല് അഗ്രോപാര്‍ക്കുകളുടെ ആവശ്യം കേരളത്തിലുണ്ടോ?

തീര്‍ച്ചയായും. നിലവില്‍ കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ പത്ത് ശതമാനം മാത്രമാണ് മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്‍പ്പാദനത്തിനായി നീക്കി വയ്ക്കുന്നുള്ളു. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സുസ്ഥിരവികസനമുണ്ടാകാത്തതിന് പ്രധാനകാരണവും അതുതന്നെയാണ്. ഉല്‍പ്പാദനം വര്‍ദ്ധിച്ചതുകൊണ്ട് മാത്രം കൃഷിക്കാര്‍ക്കു ലാഭമുണ്ടാകില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണമെങ്കില്‍ അത് കാര്‍ഷിക ഉല്‍പ്പന്നമായി മാത്രം വിപണിയിലെത്തിയാല്‍ പോരാ. ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുമ്പോള്‍ മാത്രമാണ് കൃഷിക്കാര്‍ക്ക് അതിന്റെ യഥാര്‍ത്ഥ മെച്ചം ലഭിക്കുകയുള്ളു. ആ നിലയില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിച്ച് കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടണ്ടതുണ്ട്. പച്ചക്കറികള്‍ മാത്രമല്ല നാളികേരം, പഴവര്‍ഗ്ഗങ്ങള്‍, നെല്ല്, കൂണ്‍കൃഷി പോലുള്ള പല കാര്‍ഷിക മേഖലകളെ അടിസ്ഥാനമാക്കിയുള്ള വ്യവസായസംരംഭങ്ങള്‍ ആരംഭിക്കേണ്ടത് കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സമയബന്ധിതമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് സംസ്‌കരിച്ച് ഓരോരോ മൂല്യവര്‍ദ്ധിതവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് അതത് ജില്ലകളില്‍ ഇത്തരം സംരംഭങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ ചെറുപ്പക്കാരായ സംരംഭകര്‍ കടന്നുവരുകയുള്ളു. കാര്‍ഷികമേഖല പൊതുവായി ശക്തിപ്പെടും, കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടും, ഒരു ഉപജീവനമാര്‍ഗമെന്ന നിലയില്‍ കൃഷിക്ക് വളരാന്‍ സാധിക്കും. അതിന് വേണ്ടിയാണ് പതിനാല് ജില്ലകളിലും അഗ്രോ പാര്‍ക്ക് ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

അടുത്ത അഞ്ചു വര്‍ഷത്തെ കര്‍മ്മപദ്ധതി?

ഇപ്പോള്‍ നടപ്പിലാക്കുന്ന ഹരിതകേരളമെന്ന പദ്ധതി വിജയിച്ചു കഴിഞ്ഞാല്‍ കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിലും മാലിന്യപ്രശ്‌നങ്ങളിലും കുടിവെള്ള പ്രശ്‌നത്തിനുമെല്ലാം പരിഹാരം കാണാന്‍ കഴിയും. ശ്വസിക്കാന്‍ ശുദ്ധമായ വായുവും കുടിക്കാന്‍ ശുദ്ധജലവും ഉറപ്പുവരുത്താ
നാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ മികച്ച നിലവാരത്തില്‍ ഒരുക്കുന്നതിനൊപ്പം ജൈവകൃഷിയിലൂടെ വിഷമില്ലാത്ത ആഹാരവും ജനങ്ങളിലേയ്ക്ക് എത്തിക്കും. നമ്മുടെ നാടും നഗരവും വൃത്തിയുള്ളതാക്കും. അത്തരത്തില്‍ കേരളത്തെ യൂറോപ്യന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. ഇവിടുത്തെ ജലാശയങ്ങള്‍ ശുചീകരിക്കും. മാലിന്യങ്ങളെ സംസ്‌കരിച്ച് ജൈവവളമാക്കി ഉപയോഗിക്കും. ഇത്തരം സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിനാവശ്യമായ പദ്ധതികളാണ് ഞങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം മറ്റ് വികസന പദ്ധതികളും നമ്മുടെ നാട്ടിലേയ്ക്ക് കൊണ്ടു വരും. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രധാന സംഭാവന പ്രകൃതിയെ തിരിച്ചുപിടിച്ചു, കൃഷിയെ തിരിച്ചുപിടിച്ചു, നമ്മുടെ സംസ്‌കാരത്തെ പുന:സ്ഥാപിച്ചു എന്നതൊക്കെ ആയിരിക്കും. മാത്രമല്ല തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പുകൊടുത്തത് പോലെ തികച്ചും അഴിമതി രഹിതമായ ഭരണമായിരിക്കും ഇടതുമുന്നണിയുടേത്.

Previous മെട്രോ ഉദ്ഘാടനം; കൊച്ചിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
Next ടേബിളില്‍ വരന്റെയും വധുവിന്റെയും തല; വിവാഹത്തിനെത്തിയവര്‍ ഞെട്ടി

You might also like

NEWS

വീട്ടിലിരുന്നാലും മാസവരുമാനം 60000

ഇന്ന് തൊഴിലന്വേഷകര്‍ ആത്യന്തികമായി ആവശ്യപ്പെടുന്നത് അധികം മെയ്യനങ്ങാത്ത ജോലിയാണ്. ആരുടെയും ആജ്ഞകള്‍ അനുസരിക്കാതെ മാസവരുമാനം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിശ്ചയിക്കാവുന്ന ഒരു ജോലിയാണ് ഡേറ്റ എന്‍ട്രി. അധികം മുതല്‍മുടക്ക് വേണ്ട എന്നുള്ളതാണ് ഡേറ്റ എന്‍ട്രിയെ പ്രിയങ്കരമാക്കുന്നത്. ഒരു കംപ്യൂട്ടറോ ലാപ്‌ടോപ്പോ ഇന്റര്‍നെറ്റ് കണക്ഷനോടെ

NEWS

ലാഭം കൊയ്യാം വാനിലയിലൂടെ

നാണ്യവിളകളുടെ കാര്യത്തില്‍ കേരളം എന്നും മുന്‍പന്തിയിലാണ്. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ കാലുകുത്തുന്നതിനു മുന്‍പും പിന്‍പും. സുഗന്ധമുള്ള നാണ്യവിളകള്‍ കേരളീയരുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും എല്ലാം സപ്പോര്‍ട്ട് ചെയ്യുന്ന കൃഷി സമ്പ്രദായത്തെ പരമാവധി ഉപയോഗപ്പെടുത്തി ഇവിടെ കൃഷി ചെയ്യാന്‍ പറ്റുന്ന

Entrepreneurship

സതിയുടെ സ്വന്തം അലോകി

ആരോഗ്യ പരിപാലനത്തിനെന്നപോലെതന്നെ സൗന്ദര്യ സംരക്ഷണത്തിനും ഇന്ന് മലയാളികള്‍ ഏറെ പ്രാധാന്യം നല്‍കിത്തുടങ്ങിയിരിക്കുന്നു. അതിനാല്‍ത്തന്നെ കോസ്മെറ്റിക്സ് ഷോപ്പുകളുടെയും ബ്യൂട്ടി ക്‌ളിനിക്കുകളുടേയും ബ്യൂട്ടി പാര്‍ലറുകളുടേയുമെല്ലാം എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ചെറു സംരംഭകര്‍ മുതല്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വരെ ഈ രംഗത്ത് ഇന്ന് മത്സരിക്കുന്നുണ്ട്.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply