സാധ്യതകളുടെ പുത്തന്‍ ഇടങ്ങള്‍;  വ്ളോഗ്, വിനോദം, വരുമാനം

സാധ്യതകളുടെ പുത്തന്‍ ഇടങ്ങള്‍; വ്ളോഗ്, വിനോദം, വരുമാനം

രഞ്ജിനി പ്രവീണ്‍

സോഷ്യല്‍ മീഡിയക്ക് അനന്തസാധ്യതകളുണ്ട്. നിരവധി പേരാണ് ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണകരമായ രീതിയില്‍  സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഇന്നത്തെ തലമുറ സാമൂഹികമായ ഇടപെടലുകള്‍ക്കും നേരമ്പോക്കുകള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എഴുത്തുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാമാണ് അതിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വെറും ഇടപെടല്‍ മാത്രമല്ല അവര്‍ നടത്തുന്നത്. സാമ്പത്തികമായി നേട്ടമുണ്ടാക്കാനുള്ള വഴികളെ ഉപയോഗപ്പടുത്തുകകൂടി ചെയ്യുന്നുണ്ട്. വ്ളോഗ് അത്തരത്തില്‍ ഒരു ഇടമാണ്. വ്ളോഗ് ചെയ്യുന്നവരും കാണുന്നവരും നിരവധിയാണ്. അതുകൊണ്ട് തന്നെ വരുമാനത്തിനുള്ള സാധ്യതകളും കൂടുതലാണ്.

 


വെബ് ടെലിവിഷന്‍ രൂപത്തിലുള്ള ഹ്രസ്വ വീഡിയോ പോസ്റ്റിങ്ങൊണ് വ്ളോഗ് എന്നറിയപ്പെടുന്നത്. ഇന്റര്‍നെറ്റിലൂടെ ആഗോളതലത്തില്‍ ബന്ധപ്പെടാനും വിവിധ വിഷയങ്ങള്‍ ആളുകളിലെത്തിക്കാനും വ്ളോഗിലൂടെ സാധിക്കും. കാര്യക്ഷമമായി വിനിയോഗിക്കുന്നവര്‍ക്ക് ഒരേസമയം പൊതുജനശ്രദ്ധ നേടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയും. ഒരു വ്യക്തി തന്റെ അനുഭവങ്ങളും തോന്നലുകളും വീഡിയോയിലൂടെ രേഖപ്പെടുത്തുക എന്ന ആശയമാണിത്. വീഡിയോ ലോഗിന്റെ ചുരുക്കമാണ് ‘വ്ളോഗ്’.

 

‘വ്ളോഗ്’ കൈ എത്തും ദൂരത്ത്

ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് ക്യാമറക്കും കാഴ്ചക്കാര്‍ക്കും മുന്‍പില്‍ പ്രത്യക്ഷപ്പെടുകയെന്നത് കുറച്ച് കാലം മുന്‍പ് വരെ അപ്രാപ്യമായ വിഷയമായിരുന്നു. ഒരു വെബ് ക്യാമറയുണ്ടെങ്കില്‍ ആര്‍ക്കും ‘വ്ളോഗ്’ ചെയ്യാം. വീഡിയോകള്‍ കൊണ്ടു കാര്യം പറയുന്ന വ്ളോഗിങിന് മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുണ്ട്. വീട്ടിലിരുന്നുപോലും ചെയ്യാവുന്ന വീഡിയോകളിലൂടെ താരങ്ങളായവര്‍ നിരവധിയാണ്. ഉപകാരപ്പെടുന്ന ഒരുപാട് വിവരങ്ങളുടെ സ്രോതസ്സാണിന്നിത്.

 

ഉള്ളടക്കവും അവതരണവും

വ്ളോഗേഴ്‌സിന്റെ ക്രിയാത്മകമായ വീഡിയോകളും പുതുമയുള്ള ഉള്ളടക്കവുമാണ് കേരളത്തില്‍ ജനങ്ങള്‍ കാത്തിരുന്നു കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുളള വ്ളോഗുകളുടെ ആരംഭത്തിന് കാരണം. മൗലികമായ (ഒറിജിനല്‍) ഉള്ളടക്കമാണ് എപ്പോഴും ആളുകള്‍ ഇഷ്ടപ്പെടുക. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഗൗരവത്തോടെയും ആക്ഷേപഹാസ്യത്തിലുമെല്ലാമാണ് പൊതുവെ വ്ളോഗ് ചെയ്യുന്നത്. സര്‍ഗ്ഗാത്മകമായതും പരീക്ഷണാടിസ്ഥാനത്തിലുള്ളതുമായ നിരവധി വീഡിയോകളുടെ ഗോദയാണിന്ന് വ്ളോഗ്. വിനോദത്തിനൊപ്പം വിജ്ഞാനമാണ് ഓരോ വീഡിയോകളുടെയും പ്രത്യേകത. യാത്ര, മോട്ടിവേഷന്‍, പാചകം, ആരോഗ്യം, സൗന്ദര്യസംരക്ഷണം, ടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ യൂട്യൂബ് വ്ളോഗുകള്‍ക്ക് നിരവധി കാഴ്ച്ചക്കാരുമുണ്ട്.

 


പ്രവര്‍ത്തനം

കൃത്യമായ ഇടവേളകളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തും കാഴ്ചക്കാര്‍ക്ക് മടുപ്പുണ്ടാകാത്ത തരത്തില്‍ ദൈര്‍ഘ്യവും അവതരണവും ക്രമീകരിച്ചും തികച്ചും ആധികാരികമായ രീതിയിലാണ് വ്ളോഗുകളുടെ പ്രവര്‍ത്തനം. ചെലവ് കുറവാണ് എന്നതാണ് വ്ളോഗിങ്ങിന്റെ ആദ്യഗുണം. മൊബൈല്‍ ക്യാമറയുണ്ടെങ്കില്‍ ആര്‍ക്കും വീഡിയോ എടുക്കാം. മൊബൈലില്‍ തന്നെ എഡിറ്റ് ചെയ്യാം. ഇന്റര്‍നെറ്റ് ഉപയോഗിച്ച് അപ്‌ലോഡും ചെയ്യാം. ആളുകള്‍ക്ക് മടുക്കാത്ത ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകളാണ് വേണ്ടത്. ആശയവും താല്‍പ്പര്യവും ഉള്ള വ്ളോഗര്‍മാരെ സോഷ്യല്‍ മീഡിയ – യൂട്യൂബ് കസള്‍്ട്ടന്റുമാര്‍ സഹായിക്കുന്ന രീതിയിന്നുണ്ട്. മള്‍ട്ടിമീഡിയ വിജ്ഞാനം വ്ളോഗറുടെ ശക്തിയാണ്. വീഡിയോ ഷൂട്ടിങ്, എഡിറ്റിങ്, ഇന്റര്‍നെറ്റ് പരിചയം എന്നിവ കാര്യങ്ങള്‍ എളുപ്പമാക്കും. ആ കുറവ് നികത്താനാണ് യൂട്യൂബ് കണ്‍സള്‍ട്ടന്റിന്റെ സഹായം തേടുന്നത്.

വ്ളോഗിലൂടെ വരുമാനം

2005-ല്‍ യൂട്യൂബ് വ്ളോഗിങ് ആരംഭിച്ചതിലൂടെ ആര്‍ക്കും യൂട്യൂബ് വ്ളോഗിലൂടെ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമെന്നായി. ടിവിയേക്കാളും കൂടുതല്‍ കാഴ്ചക്കാരുള്ളത് യൂട്യൂബ് നെറ്റ് വര്‍ക്കിനാണ്. ഒരു ബില്യണ്‍ മണിക്കൂറുകളോളമാണ് ദിവസവും ആളുകള്‍ യൂട്യൂബ് വ്ളോഗുകള്‍ കാണുന്നത്. ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് വീഡിയോ സാധ്യതകള്‍ വര്‍ധിക്കുകയാണ്. ഇത് വരുമാനത്തിലും കാര്യമായ മാറ്റം കൊണ്ടുവരുമെന്നാണ് സൂചനകള്‍.

ഉള്ളടക്കം, അവതരണം, തൊഴില്‍പരമായ കൃത്യനിഷ്ഠ എന്നിവ വിജയകരമായിട്ടാണെങ്കില്‍ വരുമാനവും ഉറപ്പാണ്. കാഴ്ചക്കാര്‍ കൂടുന്നതിനനുസരിച്ച് വരുമാനവും കൂട്ടാം. മിക്ക വ്ളോഗേഴ്സും മുഴുവന്‍ സമയവും വ്ളോഗിന് വേണ്ടി സമയം ചിലവഴിക്കുന്നവരല്ല. എന്നിട്ടുപോലും സാധാരണ ഒരു കമ്പനിയില്‍ നിന്നു ലഭിക്കുന്ന മാസശമ്പളത്തിന്റെ രണ്ട് ഇരട്ടിയാണ് അവരുടെ കുറഞ്ഞ വരുമാനം. വ്ളോഗിനെ മാത്രം വരുമാനമാര്‍ഗമായി ആശ്രയിക്കാതെ ബിസിനസിന്റെ ഭാഗമായി വ്ളോഗ് ചെയ്യുന്നവരുമുണ്ട്. കൂടുതല്‍ ആളുകളിലേക്ക് അവരുടെ സംരംഭത്തെ എത്തിക്കുകയെന്നതിനും ഒപ്പം ഒരു വരുമാനം ലഭിക്കുന്ന മറ്റൊരു മാര്‍ഗം എന്ന നിലയിലുമാണ് ഇതിനെ കാണുന്നത്. നല്ല രീതിയില്‍ തമാശ വീഡിയോകള്‍ ചെയ്യുന്നവര്‍ പോലും വ്ളോഗിന്റെ നേട്ടം അറിഞ്ഞവരാണ്. കാണാനും കേള്‍ക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നിര്‍മിക്കുന്നതിലൂടെ കാഴ്ചക്കാരെ വര്‍ദ്ധിപ്പിക്കാനും അതിലൂടെ പരസ്യങ്ങള്‍ മുഖാന്തരം നല്ലൊരു വരുമാനമുണ്ടാക്കാനും കഴിയും.

 

ആത്മാര്‍ത്ഥമായുള്ള സമീപനം വേണം
സുജിത്ത് ഭക്തന്‍
ടെക്ക് ട്രാവല്‍ ഈറ്റ്

2008ല്‍ ബാംഗ്ലൂരില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണു ബ്ലോഗിങ്ങിലേക്ക് ആദ്യമായി വരുന്നത്. ആനവണ്ടി ബ്ലോഗിലായിരുന്നു തുടക്കം. പിന്നീടതൊരു റവന്യൂ ജനറേറ്റിങ് സോഴ്‌സാക്കി മാറ്റുകയായിരുന്നു. അതില്‍ നിന്നും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകള്‍ മനസിലാക്കി.

സ്ലോ ആന്‍ഡ് സ്റ്റഡി എന്ന ആശയത്തിലൂന്നിയായിരുന്നു എക്കാലത്തേയും പ്രവര്‍ത്തനം. പതുക്കെയുള്ള വളര്‍ച്ചയാണു ഭാവിയിലേക്കും നല്ലത്. ആനവണ്ടി ബ്ലോഗ് തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞാണ് അതില്‍ നിന്നൊരു വരുമാനം എന്ന രീതിയിലേക്ക് എത്തിയത്. വെബ്‌സൈറ്റ് തുടങ്ങുക, ആര്‍ട്ടിക്കിള്‍സ് എഴുതുക, വിസിറ്റേഴ്‌സിനെ എത്തിക്കുക എന്നതൊക്കെയാണ് ആദ്യത്തെ വെല്ലുവിളി. ക്രമേണ അതിന്റെ ബാലപാഠങ്ങള്‍ പഠിച്ചു.

വിഡിയോ ബ്ലോഗിങ്ങിലും ഇഷ്ടം പോലെ സാധ്യതകളുണ്ട്. വിഡിയോ കാണാന്‍ ആളുകള്‍ എത്തുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയാണ് ആദ്യം കണ്ടത്. പിന്നീട് പതുക്കെ വളര്‍ന്നു. ഇപ്പോള്‍ യുട്യൂബില്‍ മൂന്നര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ഫേസ്ബുക്കിലും അത്രയും തന്നെ ഫോളോവേഴ്‌സ് ആയിക്കഴിഞ്ഞു. ഇപ്പോള്‍ പ്രതിമാസം ഏകദേശം രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ വരുമാനം ലഭിക്കുന്നുണ്ട്.

ആളുകള്‍ക്ക് എന്താണോ വേണ്ടത് അത്തരത്തിലുള്ള കാര്യങ്ങള്‍ വേണം ലഭ്യമാക്കാന്‍. അല്ലാതെ നമുക്കിഷ്ടമുള്ളത് ആളുകളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ജനങ്ങളുടെ പള്‍സ് മനസിലാക്കുക, അവരുടെ ഫീഡ് ബാക്ക് എടുക്കുക എന്നതൊക്കെ പ്രധാനപ്പെട്ടതാണ്.

വ്‌ളോഗിങ് കണ്ടു ശീലമുണ്ടായിരുന്നില്ല പലര്‍ക്കും. അത്തരമൊരു ഇടത്തിലേക്ക് വ്‌ളോഗുമായി ചെന്നപ്പോള്‍ കുറച്ചധികം വെല്ലുവിളി ഉണ്ടായി. പിന്നീട് ആളുകള്‍ മനസിലാക്കുകയും ആ ശൈലി ഇഷ്ടപ്പെടുകയും ചെയ്തു. ട്രാവല്‍, ടെക്‌നോളജി, ഫുഡ്, ലൈഫ് സ്റ്റൈല്‍ മേഖലകളിലാണു കൂടുതല്‍ വ്‌ളോഗുകള്‍ ചെയ്യാറുള്ളത്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാറില്ല. കാരണം ഫോളോവേഴ്‌സില്‍ പലതരത്തിലുള്ള രാഷ്ട്രീയ മത ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവരുണ്ടാകും. സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു കൊണ്ടു മാത്രം വ്‌ളോഗിങ്ങിലേക്ക് ഇറങ്ങിത്തിരിക്കരുത്. ഒരു പാഷന്‍ വേണം. ഏതു ജോലിക്കും അതു വേണം. എങ്കിലേ ആത്മാര്‍ത്ഥമായി ചെയ്യാന്‍ സാധിക്കുകയുള്ളൂ.

 


യാത്രകളോടുള്ള മോഹത്തില്‍ പിറന്ന വ്‌ളോഗ്

എബിന്‍ ജോസ്
ജോണ്ട് മങ്കി

യാത്രകളോടുള്ള ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നാണ് വ്ളോഗ് എന്ന ആശയമുണ്ടാകുന്നത്. നിരവധി ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. അക്കാലത്ത് ക്യാമറയൊന്നും കയ്യില്‍ ഉണ്ടായിരുന്നില്ല. യാത്രാനുഭവങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു. പിന്നീട് ഫോട്ടോകളും ചെറിയ വീഡിയോകളും ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഓരോ യാത്രയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് എങ്ങനെ പറഞ്ഞുകൊടുക്കും എന്ന ചിന്തയില്‍ നിന്നാണ് വ്ളോഗ് ആരംഭിക്കുന്നത്. ജോണ്ട് മങ്കി എന്ന വ്ളോഗ് യാത്രകളെയും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളെയും കുറിച്ചുള്ളതാണ്.

എപ്പോഴും കാഴ്ചക്കാരുടെ താല്‍പ്പര്യത്തിനനുസൃതമായി വ്ളോഗ് ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. തുടക്കത്തില്‍ ക്യാമറ ഉപയോഗിക്കാനും എഡിറ്റ് ചെയ്യാനും അറിയില്ലായിരുന്നു. പിന്നീട് പഠിച്ചെടുത്തു. ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ സാധാരണമായ രീതിയിലാണ് ഓരോ വീഡിയോയിലും അവതരിപ്പിച്ചത്.

ജോണ്ട് മങ്കി ആരംഭിക്കുന്ന സമയത്ത് വരുമാനമുണ്ടാക്കാമെന്ന ആശയം ഉണ്ടായിരുന്നില്ല. വ്ളോഗ് മാത്രം വരുമാനമാര്‍ഗമായി കാണുന്നവര്‍ ചുരുക്കമാണ്. മിക്കവരും അവരുടെ സംരംഭത്തെ മെച്ചപ്പെടുത്താനായാണ് വ്ളോഗ് ഉപയോഗിക്കുന്നത്. മാസത്തില്‍ ഒരാഴ്ചയാണ് ഞാന്‍ വ്ളോഗിന് വേണ്ടി ചിലവഴിക്കുന്നത്. മറ്റ് ദിവസങ്ങളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, നോവല്‍ എഴുത്ത് എന്നിവയാണ് ചെയ്യുന്നത്. എന്നാല്‍ ആ ഒരു ഒരാഴ്ചയിലെ വ്ളോഗിലൂടെ 200 മുതല്‍ 300 ഡോളര്‍ വരെ വരുമാനമുണ്ട്. വിദേശ രാജ്യങ്ങളില്‍ പോയി വ്ളോഗ് ചെയ്യുമ്പോള്‍ ചിലവും കൂടുതലാണ്. കൂടാതെ വ്ളോഗിലൂടെ നിരവധി അവസരങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനും നോവല്‍ എഴുത്തിനും ലഭിക്കുന്നുണ്ട്. വരുമാനത്തോടൊപ്പം യാത്ര നല്‍കുന്ന അനുഭവങ്ങള്‍, സൗഹൃദങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം വലിയ നേട്ടങ്ങളാണ്.

 

രാജ്യങ്ങളിലൂടെ, രുചിക്കൂട്ടുകള്‍ തേടി

ഹാരീസ് അമീറലി
റോയല്‍ സ്‌കൈ ഹോളിഡെയ്സ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ തേടി വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഹാരീസ് അമീറലി റോയല്‍ സ്‌കൈ ഹോളിഡെയ്സ് എന്ന വ്ളോഗ്. റോയല്‍ സ്‌കൈ ഹോളിഡെയ്സ് ഒരു ട്രാവല്‍ ഏജന്‍സിയാണ്. ട്രാവല്‍ ഏജന്‍സിയുടെ മേല്‍വിലാസത്തിലാണ് ഇന്ന് ഈ വ്ളോഗ് അറിയപ്പെടുന്നത്. മലേഷ്യ, സിംഗപ്പൂര്‍, കംബോഡിയ തുടങ്ങിയിടത്തേക്കെല്ലാം റോയല്‍ സ്‌കൈ ഹോളിഡെയ്സിന് പാക്കേജുകളുണ്ട്. ഇവിടേക്ക് യാത്രക്കൊരുങ്ങുന്നതിന് മുന്‍പ് ഗുണഭോക്താക്കള്‍ക്ക് യാത്രയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കണമെന്ന ആശയമാണ് വ്ളോഗിലെത്തിപ്പെട്ടത്.

2018-ലാണ് ഹാരീസ് അമീറലി വ്ളോഗ് ആരംഭിക്കുന്നത്. ഇന്ന് 117,455 -ളം പേര്‍ ഈ വ്ളോഗിന് വരിക്കാരായിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വീഡിയോ ചെയ്യുകയെന്ന ആശയത്തില്‍ തുടങ്ങിയ വ്ളോഗ് വിജയകരമായാണ് മുന്നോട്ട് പോകുന്നത്. വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ കഴിയുന്നുണ്ട്. പലപ്പോഴും കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിക്കാതെ യാത്ര പുറപ്പെട്ടവര്‍ പ്രയാസപ്പെടുന്നത് കാണാറുണ്ട്. ഇതിന് ഒരു മാറ്റം വരണമെന്ന് ആഗ്രഹിച്ചുകൂടിയാണ് വ്ളോഗ് ചെയ്യുന്നത്. ഓരോ തവണയും കൂടുതല്‍ നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. നന്നായി അവതരിപ്പിക്കുക മാത്രമല്ല മികച്ച സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കാറുമുണ്ട്.

തുടക്കം തൊട്ടെ നല്ല പിന്തുണയാണ് ലഭിക്കുന്നത്. യൂട്യൂബ് കണക്കനുസരിച്ച് 22 രാജ്യങ്ങളിലുള്ളവര്‍ ഹാരീസ് അമീറലി റോയല്‍ സ്‌കൈ ഹോളിഡെയ്സ് കാണുന്നുണ്ട്. അതുകൊണ്ട് തന്നെ മാസം 400-500 ഡോളര്‍ വരുമാനമാണുള്ളത്. ഒപ്പം റോയല്‍ സ്‌കൈ ഹോളിഡെയ്സിലേക്ക് കൂടുതല്‍ ബിസിനസ് കൊണ്ടുവരാനും ഈ വ്ളോഗിലൂടെ സാധിക്കുന്നുണ്ട്.

വ്‌ളോഗിലും ഒരുമിച്ച്

മിഥുന്‍ വി ശങ്കര്‍ & വസുന്ധര

യാത്രകള്‍ ഒരുപാടിഷ്ടമാണ്. നിരവധി യാത്രകള്‍ ചെയ്തിട്ടുമുണ്ട്. ആ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പറഞ്ഞുകൊടുക്കണമെന്ന ഉദ്ദേശത്തോടെയാണ് വ്ളോഗ് ആരംഭിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് വ്ളോഗ് ചെയ്യാറുളളത്. രണ്ടുപേരും വ്യത്യസ്ത മേഖലയിലാണ് ജോലി ചെയ്യുന്നത്. എങ്കിലും ഒരോ മാസവും വ്ളോഗ് ചെയ്യുന്നതിന് സമയം കണ്ടെത്താറുണ്ട്. ഒരു വര്‍ഷം മുന്‍പാണ് വ്ളോഗ് തുടങ്ങുന്നത്. തുടക്കത്തില്‍ വളരെക്കുറച്ച് പേര്‍ മാത്രമാണ് വ്ളോഗ് കണ്ടതെങ്കില്‍, ഇന്ന് ഈ വ്ളോഗിന് കാഴ്ചക്കാര്‍ ഒരുപാടാണ്. കൂടുതല്‍ ചിലവ് വരുന്ന യാത്രകള്‍ ഒഴിവാക്കിയുള്ള വ്ളോഗുകളാണ് പൊതുവേ ചെയ്യുന്നത്. എങ്കിലും 300-400 ഡോളര്‍ വരുമാനം ഓരോ മാസവും ലഭിക്കുന്നുണ്ട്.

Spread the love
Previous വാവെയുടെ ഞെട്ടിപ്പിക്കുന്ന ക്യാമറയുമായി പി30 പ്രോയും പി30യും
Next പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാമന്‍ ഇഡ്ഢലിയെന്ന് ഊബര്‍ ഈറ്റ്സ്

You might also like

Business News

ജെറ്റ് എയര്‍വേയ്‌സ് ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു

  ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വ്യോമഗതാഗത ഗ്രൂപ്പായ ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങാന്‍ ഒരുങ്ങുന്നു. കടക്കെണിയിലായ ജെറ്റ് എയര്‍വേയ്‌സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് ടാറ്റയുടെ പദ്ധതി. യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സിനുള്ള ഓഹരിയായ 24 ശതമാനമടക്കം

Spread the love
Entrepreneurship

ഇന്റീരിയര്‍, കിച്ചന്‍ രംഗത്തെ മാര്‍ഗദര്‍ശിയായി വേമാന്‍സ്

ഇന്റീരിയര്‍ ഡിസൈനിംഗിലെ വ്യത്യസ്ത നാമം, കിച്ചണ്‍ സ്റ്റീല്‍ എക്വിപ്പ്മെന്റ് രംഗത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന വിജയം; ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേമാന്‍സ് ഇന്റീരിയര്‍ സൊലുഷന്‍ എന്ന കമ്പനിയുടെ ആറു വര്‍ഷത്തെ ചരിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കണ്ണൂരില്‍ ജീവിതം ആരംഭിച്ച പ്രവീണും ഭാര്യ ദിവ്യയും

Spread the love
Special Story

ഫേസ്ബുക്കില്‍ നിന്നു സമ്പാദ്യം

ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ സമയം കളയാന്‍ മാത്രമല്ല ഫേസ്ബുക്കില്‍ നിന്നു പൈസയുണ്ടാക്കാനും സാധിക്കും. ഫേസ്ബുക്ക് പരസ്യത്തില്‍ നിന്നാണ് വരുമാനം. ഒഴിഞ്ഞിരിക്കുന്ന സമയത്ത് നിങ്ങള്‍ നല്ലൊരു വിഷയം തിരഞ്ഞെടുത്ത് അതിനു ഏറ്റവും അനുയോജ്യമായൊരു പേരില്‍ ഫേസ്ബുക്കില്‍ ഒരു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply