കേരളീയ കലകളിലെ പെണ്മ

കേരളീയ കലകളിലെ പെണ്മ

ഡോ. ശ്രീകല എം നായര്‍

വൈവിധ്യ സമ്പന്നമായ കലകളുടെ കേദാരമായതിനാലാവാം ‘കേളിയാടും കലകള്‍ക്കെല്ലാം കേരളമെന്നൊരു വീടു’ണ്ടായത്. കലകളെ നെഞ്ചേറ്റുന്ന, അവയെ ആചാരവും ജീവനോപാധിയും സമരായുധവുമായി മാറ്റിയ ജനതയാണ് മലയാളികള്‍. യഥാര്‍ത്ഥത്തില്‍ കേരളീയ തനതുകലകളില്‍ പെണ്ണിന്റെ ഇടം എവിടെയാണ്? ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി, അതതു കാലത്തെ ജീവിത പരിസരത്തില്‍ നിന്ന് ബീജാവാപം ചെയ്ത മിക്ക കേരളീയ കലകളെയും പരിശോധിച്ചാല്‍ സ്ത്രീയ്ക്ക് സ്വാതന്ത്ര്യവും ഇടവും നല്‍കിയ കലാരൂപങ്ങള്‍ അധികമില്ലെന്നു കാണാം. പെണ്മയുടെയുടെ പകര്‍ന്നാട്ടം എന്തുകൊണ്ട് ഇത്ര കുറഞ്ഞുപോയെന്ന് ചിന്തിക്കുമ്പോള്‍ അതിന് കാലാനുബന്ധവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

 

അടുക്കളയുടെയും അകത്തളത്തിന്റെയും ഇരുള്‍പ്പടര്‍പ്പും അരങ്ങിന്റെ വെളിച്ചവും തമ്മിലുള്ള സമരമാണ് സ്ത്രീയുടെ കലാജീവിതത്തെ നിര്‍ണയിക്കുന്നത്. കാലമെത്ര മാറിയാലും, സ്ത്രീ അഭിസംബോധന ചെയ്യുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുപോലെയായിരിക്കും; സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ കലാകാരിയുടെ ജീവിതത്തിന്റെ പിന്നില്‍ എത്രവേണമെങ്കിലും കണ്ടെടുക്കാം.

കേരളീയ കലകളിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ചുള്ള ചിന്തകള്‍ ഈ ദിശയിലാണ് പ്രസക്തമാകുന്നത്. കഥകളി, മാര്‍ഗ്ഗംകളി, ചാക്യാര്‍ക്കൂത്ത്, തെയ്യം, ചവിട്ടു നാടകം, മോഹിനിയാട്ടം, ആട്ടക്കഥ, ഓട്ടം തുള്ളല്‍, കേരള നടനം, നങ്ങ്യാര്‍ക്കൂത്ത്, തിറ, കളരിപ്പയറ്റ്, കുമ്മാട്ടി, പൂരക്കളി, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന തുടങ്ങിയവയാണ് പ്രധാന കേരളീയ കലകള്‍. ക്ഷേത്രകലകളാണ് ഇവയില്‍ അധികവും. തനതായ കേരളീയ കലകളെ ദൃശ്യം, ശ്രവ്യം എന്നീ കൈവഴികളായാണ് വിലയിരുത്താറുള്ളത്. ചിത്രകലാരൂപങ്ങള്‍ മുതല്‍ നൃത്തരൂപങ്ങള്‍ വരെ ദൃശ്യമെന്ന പരിഗണനയില്‍ വരുമ്പോള്‍ ശ്രവ്യകലയില്‍ സംഗീതവും കഥാപ്രസംഗവും സമ്മേളിക്കുന്നു. രണ്ട് ധാരകളിലും സ്ത്രീ കലാകാരികള്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യം ലഭിച്ചെന്നത് ചരിത്രപരമായ ചോദ്യം കൂടിയാണ്.

യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം പിടിച്ച കൂടിയാട്ടം പോലുള്ള ചുരുക്കം കേരളീയ കലകളില്‍ സ്ത്രീയ്ക്ക് മാന്യവും തുല്യവുമായ സ്ഥാനം നല്‍കിപ്പോന്നിരുന്നെന്നത് വസ്തുതയാണ്. ചാക്യാര്‍മാരും നങ്ങ്യാര്‍മാരും കൂടി സംസ്‌കൃതനാടകം അവതരിപ്പിക്കുന്ന കൂടിയാട്ടമെന്ന ക്ഷേത്രകലയില്‍ സ്ത്രീയ്ക്ക് ലഭിച്ച പ്രാമുഖ്യം ചരിത്രത്തില്‍ അടയാളപ്പെടുത്തിയതാണ്. കുരുത്തോലയും നിറപറയും കുലവാഴയും അലങ്കരിച്ച കൂത്തമ്പലത്തില്‍ മൂന്നു തിരിയിട്ടു കത്തിച്ച വിളക്കിനു മുമ്പില്‍ സ്ത്രീകഥാപാത്രമായ് സ്ത്രീകള്‍ തന്നെ രംഗപ്രവേശനം ചെയ്തതിലൂടെ ലിംഗപരമായ നീതികൂടി പിറക്കുകയായിരുന്നു. വേഷത്തിനൊപ്പം അരങ്ങില്‍ താളം പിടിക്കാനും ശ്ലോകം പാടാനും അവര്‍ക്ക് അവസരം കൈവന്നു. കേരളത്തിലെ നൃത്തകലകളില്‍ സ്ത്രീകലാകാരികള്‍ക്ക് മാന്യമായ സ്ഥാനം ലഭിച്ചത് കൂടിയാട്ടത്തില്‍ മാത്രമാണെന്ന നിരീക്ഷണം അസ്ഥാനത്തല്ല.

ചാക്യാര്‍കൂത്ത് അവതരിപ്പിക്കുമ്പോള്‍ നമ്പ്യാര്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ച അവസരമാണ് താളംപിടിക്കല്‍. അതായത് ശ്ലോകവാസനം മിഴാവ് കൊട്ടുന്നത് നമ്പ്യാര്‍ സമുദായക്കാരാണ്; താളം പിടിക്കുന്നതാവട്ടെ നമ്പ്യാര്‍ കുടുംബങ്ങളിലെ സ്ത്രീകളും. ഇവരെ നങ്ങ്യാര്‍ എന്നാണ് വിളിക്കുക. കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നതും നങ്ങ്യാര്‍മാരാണ്. ഇവരുടെ മറ്റൊരു കലാപ്രകടനമായിരുന്നു നങ്ങ്യാര്‍കൂത്ത്. സ്ത്രീകള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ക്ഷേത്രകലയാണല്ലോ നങ്ങ്യാര്‍കൂത്ത്. സ്ത്രീകളിലെ കലാരൂപങ്ങളില്‍ നിഷിദ്ധമെന്ന് പാരമ്പര്യമായി കരുതപ്പെട്ട വീരം, രൗദ്രം, ബീഭത്സം, ഹാസ്യം തുടങ്ങിയ രസങ്ങള്‍ അവതരിപ്പിക്കാന്‍ നങ്ങ്യാര്‍ക്കൂത്തില്‍ സ്ത്രീക്ക് അവസരം ലഭിച്ചെന്നത് എടുത്തു പറയേണ്ടതാണ്. ഒരുപക്ഷെ, ഭാവാഭിനയത്തില്‍ ഒരുകാലത്ത് സ്ത്രീക്ക് ലഭിച്ച ഏക പൊതുഇടവും ഇതായിരിക്കാം.

 

കൂടിയാട്ടത്തിലും നങ്ങ്യാര്‍ക്കൂത്തിലും കൈമുദ്രചാര്‍ത്തിയ മാര്‍ഗി സതിയെപ്പോലുള്ളവര്‍ ഈ പൈതൃകത്തിന്റെ നേരവകാശികളാണ്. കൂടിയാട്ടത്തിന്റെ ആണ്‍പോരിമയില്‍ മാര്‍ഗി സതി പതിച്ച സ്ത്രീമുദ്ര എന്നും പ്രചോദനാത്മകമാണ്. ശ്രീരാമചരിതത്തിലുള്‍പ്പെടെ സ്ത്രീയുടെ കണ്ണിലൂടെയുള്ള പുരുഷകഥയായിരുന്നു മാര്‍ഗി സതി അവതരിപ്പിച്ചത്.  ആദ്യകാലത്ത് സ്ത്രീകളെ അകറ്റിനിര്‍ത്തിയ കലാരൂപമായിരുന്നു യക്ഷഗാനം. പുരുഷന്മാര്‍ തന്നെയാണ് സ്ത്രീവേഷവും കെട്ടിയത്. അതിനു വേണ്ടി മാത്രം പുരുഷന്മാര്‍ മുടി നീട്ടിവളര്‍ത്തിയിരുന്നതായി ചരിത്ര രേഖകളില്‍ കാണാം. പിന്നീട് സ്ത്രീകള്‍ ചെറിയതോതില്‍ യക്ഷഗാനം അവതരിപ്പിച്ചുവന്നു.


അതിജീവനത്തിന്റെ വഴികള്‍ തേടുന്ന കുറത്തിയാട്ടമെന്ന കലാരൂപത്തില്‍ ആദ്യകാലത്ത് സ്ത്രീ വേഷങ്ങള്‍ കെട്ടിയത് പുരുഷന്മാര്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീടിതിന് ചെറിയ തോതില്‍ മാറ്റം വന്നു. സദസ്സിന് മുമ്പില്‍ ശിവപത്‌നിയായ പാര്‍വതിയുടെയും വിഷ്ണുപത്‌നിയായ മഹാലക്ഷ്മിയുടെയും സങ്കല്‍പ്പത്തിലുള്ള കുറത്തി വേഷത്തിലും സരസ്വതി സങ്കല്പമായ മുത്തിയമ്മയുടെ വേഷത്തിലും പ്രത്യക്ഷപ്പെടുന്നവര്‍ സ്ത്രീകള്‍ തന്നെയായപ്പോള്‍ അതിന് സ്വാഭാവികത കൂടി.

പതിനഞ്ചാം നൂറ്റാണ്ടിന് അപ്പുറത്ത് നമ്മുടെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ നടമാടിയ ദേവദാസി സമ്പ്രദായമെന്ന ദുരാചാരം ബാക്കിവെച്ചുപോയത് ഒരു നൃത്തസംസ്‌കാരമായിരുന്നു. അതില്‍നിന്ന് രൂപാന്തരം പ്രാപിച്ചതാണ് മോഹിനിയാട്ടമെന്ന് വിശ്വസിക്കുന്നു.  കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടം സ്വാതന്ത്ര്യം പ്രാപിച്ച് വിശ്വപ്രശസ്തമായി. സ്ത്രീയുടെ പ്രണയം, ഭക്തി, വിരഹം, പരിഭവം, ശോകം തുടങ്ങിയ വികാരങ്ങളെ ആണ്‍കോയ്മയുടെ കണ്ണിലൂടെ ആവിഷ്‌കരിക്കുകയെന്നത് ജന്മിത്വകാലത്തിന്റെ ഗൂഢതാത്പര്യമായിരുന്നു. അതില്‍ നിന്ന് കാലാനുസൃതമായി മാറി സ്ത്രീയുടെ സ്ഥായിയായ വികാരങ്ങളെ അവളുടെ സ്വാതന്ത്ര്യത്തില്‍ അവതരിപ്പിക്കാനായെന്നത് മോഹിനിയാട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത.

മോഹിനായാട്ടം ലാസ്യാത്മകമാണെങ്കിലും അത് വിധേയകലയല്ലെന്ന പ്രത്യേകത സ്ത്രീയുടെ സ്വത്വപ്രകാശനത്തിന് മാറ്റേകുന്നു. മോഹിനിയാട്ടത്തില്‍ വന്ന രൂപപരവും ഭാവപരവുമായ മാറ്റങ്ങള്‍ ‘മോഹിനി’യായ നാട്യക്കാരി എന്ന പുരുഷകേന്ദ്രീകൃത ധാരണയെ തല്ലിതകര്‍ക്കുന്നതാണ്. കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെയും കലാമണ്ഡലം സത്യഭാമയുടെയും ശൈലികളാണ് മോഹിനായാട്ടത്തില്‍ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഇടയാക്കിയത്. കേരളീയ തനതു കലകളില്‍ തിരുവാതിരക്കളി സ്ത്രീത്വത്തെ ആഴത്തിലും വ്യാപ്തിയിലും അടയാളപ്പെടുത്തിയവയാണ്. വീടിന്റെ അകത്തളങ്ങളാണ് പെണ്ണിടങ്ങളെന്നും വികാരവിചാരങ്ങളെ മൂടിവെച്ച് പുരുഷമേല്‍ക്കോയ്മ അനുസരിച്ച് ജീവിക്കണമെന്നുമുള്ള ശാസനകളില്‍ നിന്ന് മലയാളി മങ്കമാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ദിനങ്ങളാണ് ധനുമാസത്തിലെ തിരുവാതിര.

 

മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തിലെ സ്ത്രീയുടെ പകര്‍ന്നാട്ടങ്ങളെ ഉത്സവമാക്കിയ രണ്ട് തനത് കലാരൂപങ്ങളാണ് യഥാക്രമം ഒപ്പനയും മാര്‍ഗം കളിയും. പത്തോ പതിനഞ്ചോ പേരുള്‍പ്പെടുന്ന സംഘങ്ങള്‍ വിവാഹ തലേന്ന് അവതരിപ്പിച്ചുവന്ന ഒപ്പനയില്‍ പെണ്ണിന്റെ ഖല്‍ബും കിനാവും മാത്രമല്ല, കൂടെയുള്ള സഖികളുടെ സ്വാതന്ത്ര്യവും പ്രകാശിതമായിരുന്നു. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളില്‍ പ്രാമുഖ്യം നേടിയ മാര്‍ഗ്ഗംകളിയില്‍ ഇവിടം സന്ദര്‍ശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഇതിവൃത്തം. മുമ്പ് പുരുഷന്മാര്‍ മാത്രം കളിച്ച മാര്‍ഗ്ഗംകളി ഇന്ന് വ്യാപകമായി സ്ത്രീകള്‍ അവതരിപ്പിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.


അഷ്ടപദി ആട്ടമായാലും കഥകളിയായാലും സ്ത്രീനാമധാരിയായ കഥാപാത്രത്തിന് മാത്രമാണ് പ്രാമുഖ്യം കിട്ടിയത്. പുരാണത്തിലെ മഹിളാരത്‌നങ്ങളെ കളിവിളക്കിന്റെ മുമ്പില്‍ അവതരിപ്പിച്ചു പോന്നത് പുരുഷന്മാര്‍ തന്നെയാണ്.  കഥകളിയുടെ ആഹാര്യവും ചിട്ടകളുമൊക്കെ പുരുഷന്മാരുടെ ഘടനയ്ക്കാണ് കൂടുതല്‍ ചേരുകയെന്ന ധാരണയാണ് ഇതിന് പിന്നില്‍. സ്ത്രീ വേഷം ചെയ്യാന്‍ പോലും സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് നല്ലതെന്ന ചിന്തയും ഈ രംഗത്തുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കഥകളിയിലെ സ്ത്രീവേഷങ്ങള്‍ പോലും പുരുഷന്മാരുടെയുള്ളിലെ സ്ത്രീത്വത്തെ വികാരപരമായി ആവിഷ്‌കരിക്കാന്‍ പറ്റിയവിധത്തില്‍ ചിട്ടപ്പെടുത്തിയതാണത്രെ. ചിട്ടപ്രധാനങ്ങളായ കഥാപാത്രങ്ങളെ പകര്‍ന്നാടാനുള്ള കളരിയഭ്യാസത്തിന് സ്ത്രീകളുടെ ശാരീരികപ്രകൃതം അനുയോജ്യമല്ലെന്ന വാദഗതിയും അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ധാരണയ്ക്ക് അപവാദമായി ചവറ പാറുക്കുട്ടിയമ്മയെപ്പോലുള്ള കഥകളി കലാകാരികളുടെ ജീവിതം നമുക്ക് മുമ്പിലുണ്ട്.

കേരളത്തിന്റെ തനത് കലകള്‍ അതിജീവനത്തിന് ശ്രമിക്കുമ്പോള്‍, സ്വതം അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ ആത്മപ്രകാശനത്തിന് അവയെ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാലത്തോടും കലയോടും ചെയ്യുന്ന കാവ്യനീതി കൂടിയാവും അത്.

Spread the love
Previous മനുഷ്യന്‍ ഇനി പറക്കും; പരീക്ഷണം വിജയകരം
Next അശ്വതിയും അപരനും ജീവിതത്തിലേക്കെത്തിയ ദിവസം; ഓര്‍മകള്‍ പങ്കുവച്ച് ജയറാം

You might also like

Special Story

അലങ്കരത്തിനു മാത്രമല്ല, വരുമാനത്തിനും പൂക്കള്‍

ഏതൊരു വിശേഷ പരിപാടികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് പൂക്കള്‍. ഭംഗിയുള്ളതും ഫ്രഷ് ആയതുമായ പൂക്കള്‍ ലഭ്യമാക്കുന്ന സേ്‌റ്റോറുകളെത്തേടി എന്നും ഉപഭോക്താക്കളെത്തും. തമിഴ്‌നാട്ടില്‍ നിന്നോ കര്‍മാടകയില്‍ നിന്നോ പൂക്കള്‍ ഇറക്കുമതി ചെയ്യാം. ഇത് തികച്ചും ലാഭകരമായിത്തന്നെ കേരളത്തില്‍ വിറ്റഴിക്കുകയും ചെയ്യാം. എന്നാല്‍ ഈ

Spread the love
Home Slider

ശുദ്ധജലം ഉറപ്പാക്കിയ സംരംഭം

ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിയാണ് അക്വാഫ്രഷ് ക്യാപിറ്റയുടെ എല്ലാ പ്രവര്‍ത്തനവും. സാരഥി – നോബിമോന്‍ ജേക്കബ് സ്ഥാപനം – ഓസ്റ്റിന്റോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് – അക്വാഫ്രഷ് ക്യാപിറ്റ   ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നതാണ് അക്വാഫ്രഷിനെ വിപണിയിലെ താരമാക്കി

Spread the love
Home Slider

നിര്‍മ്മാണരംഗത്തെ വിശ്വസ്ത സംരംഭം; കസാഡല്‍ ഡവലപ്പേഴ്‌സ്

നഗരജീവിതത്തിന്റെ തിരക്കുകളിലലിയുമ്പോഴും സ്വസ്ഥമായി ചേക്കേറാന്‍ കൊതിക്കുന്നയിടങ്ങളാണു വീടുകള്‍. അത്തരത്തില്‍ ഓരോ താമസയിടവും ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കണമെന്നു നിര്‍ബന്ധമുള്ളതു കൊണ്ടാണു കൊച്ചി ആസ്ഥാനമായുള്ള കസാഡല്‍ ഡവലപ്പേഴ്‌സ് പ്രകൃതിസൗഹാര്‍ദ്ദ വീടുകള്‍ക്ക് അടിത്തറയൊരുക്കുന്നത്.  സ്റ്റേ ഹാപ്പി എന്ന ടാഗ് ലൈന്‍ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണു കസാഡലിന്റെ പ്രവര്‍ത്തനം. സന്തോഷത്തോടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply